Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സസ്‌പെൻഷൻ എങ്കിലും ഉണ്ടാകുമെന്ന കെ.സുധാകരന്റെ പ്രതീക്ഷ വെറുതെയായി; കെ.വി.തോമസിനോട് മൃദുസമീപനം സ്വീകരിച്ച് അച്ചടക്ക സമിതി; എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും തോമസിനെ നീക്കാൻ ശുപാർശ

സസ്‌പെൻഷൻ എങ്കിലും ഉണ്ടാകുമെന്ന കെ.സുധാകരന്റെ പ്രതീക്ഷ വെറുതെയായി; കെ.വി.തോമസിനോട് മൃദുസമീപനം സ്വീകരിച്ച് അച്ചടക്ക സമിതി; എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും തോമസിനെ നീക്കാൻ ശുപാർശ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കെ.വി.തോമസിന് ആത്മവിശ്വാസം തുണയായി. തോമസിനെ പുറത്താക്കുന്നത് അടക്കം കടുത്ത നടപടികളിലേക്ക് കടക്കാതെ അച്ചടക്ക സമിതി മൃദുസമീപനം സ്വീകരിച്ചു. പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട കെപിസിസി ചുരുങ്ങിയത് സസ്‌പെൻഷൻ എങ്കിലും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പദവികളിൽ നിന്നൊഴിവാക്കാനും, താക്കീത് ചെയ്യാനും ആണ് അച്ചടക്ക സമിതി ശുപാർശ.

എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് ശുപാർശ. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷയ്ക്ക് കൈമാറും. കെ വി തോമസിനെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

അച്ചടക്ക സമിതിയുടെ ശുപാർശകളിൽ അന്തിമ തരുമാനം എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധിയുടേത് ആണ്. അച്ചടക്കം ലംഘിച്ച സുനിൽ ജാക്കറിന് രണ്ട് വർഷം സസ്‌പെൻഷനുംം അച്ചടക്ക സമിതി ശുപാർശ ചെയ്തു. അതേസമയം നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി.

പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്‌ത്തിയതിനുമെതിരെയാണ് നടപടി വരുന്നത്. അതേസമയം, തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചിയിൽ സ്വാധീനമുള്ള കെ വി തോമസിനെ പിണക്കുന്നത് തിരിച്ചടയാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് താക്കീതിലും പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കി നടപടി നേർപ്പിക്കുകയായിരുന്നു.

പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിനും കെ വി തോമസിനുമാണ് സി പി എമ്മിൽ നിന്ന് ക്ഷണം ഉണ്ടായിരുന്നത്. കെ പി സി സിയുടെ എതിർപ്പും എ ഐ സി സിയുടെ നിർദ്ദേശവും പരിഗണിച്ച് ശശി തരൂർ സെമിനാറിൽ പങ്കെടുത്തില്ല. എന്നാൽ കെ വി തോമസ് സെമിനാറിൽ പങ്കെടുത്തുവെന്ന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി പ്രസംഗിക്കുകയും ചെയ്തു.

ഇതെല്ലാം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു. മാത്രവുമല്ല സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ കെ വി തോമസും പരസ്യ നിലപാട് എടുത്തിരുന്നു. സെമിനാറിൽ പങ്കെടുത്തത് തെറ്റല്ലെന്ന് ഇപ്പോഴും ആവർത്തിക്കുന്ന തോമസിനെ ദേശീയ നേതൃത്വം ഇങ്ങനെ സംരക്ഷിക്കുന്നതെന്തിനാണെന്ന വികാരവും സംസ്ഥാാന നേതൃത്വത്തിനുണ്ട്.

നിലപാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ വി തോമസ്

താനെന്നും കോൺഗ്രസുകാരനായി തുടരും, എന്നാൽ ഇതുവരെ സ്വീകരിച്ച നിലപാടുകളിലൊക്കെ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്ന് കെ വി തോമസ് പ്രതികരിച്ചു. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആർക്കുമാകില്ല. കോൺഗ്രസ് തന്റെ വികാരമാണ്.
അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമമാണ്, അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷയുടേതാണെന്നും കെ വി തോമസ് പറഞ്ഞു. സോണിയാ ഗാന്ധിയെ നേരിൽ കാണാൻ അനുമതി തേടിയിട്ടുണ്ട്. കണ്ണൂരിൽ കാലുകുത്തിയാൽ വെട്ടുമെന്നായിരുന്നു ഭീഷണി. എന്നാൽ താൻ സെമിനാറിൽ പങ്കെടുത്ത് മടങ്ങി വന്നല്ലോയെന്നും കെ വി തോമസ് തുറന്നടിച്ചു.

ഏപ്രിൽ 11 ന് ചേർന്ന അച്ചടക്ക സമിതി യോഗമാണ് കെവി തോമസിനെതിരായ പരാതി പരിശോധിച്ചതും വിശദീകരണം ആവശ്യപ്പെട്ടതും. സിപിഐഎം സെമിനാറിൽ പങ്കെടുത്തത് കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ വിഭജന രാഷ്ട്രീയം തുറന്നുകാട്ടാനായിരുന്നെന്നാണ് കെവി തോമസിന്റെ നിലപാട്. കെപിസിസി നേതൃത്വത്തെ വിമർശിക്കുന്നതിലും കെവി തോമസ് വിശദീകരണം നൽകിയിരുന്നു. വി എം സുധീരൻ അടക്കമുള്ള നേതാക്കൾ മുൻ കാലങ്ങളിൽ പാർട്ടിക്കെതിരെ നടത്തിയ പ്രസ്താവനകളായിരുന്നു കെവി തോമസ് വിശദീകരണത്തിൽ ചൂണ്ടിക്കാട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP