Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീരോചിത പോരാട്ടവുമായി അമ്പാട്ടി റായുഡു; ഉജ്ജ്വല യോർക്കറിലൂടെ മത്സരത്തിന്റെ ഗതിമാറ്റി കഗീസോ റബാഡ; 'ഫിനിഷ്' ചെയ്യാതെ ധോണിയും; ചെന്നൈയെ 11 റൺസിന് വീഴ്‌ത്തി പഞ്ചാബ്; സീസണിലെ നാലാം ജയം

വീരോചിത പോരാട്ടവുമായി അമ്പാട്ടി റായുഡു; ഉജ്ജ്വല യോർക്കറിലൂടെ മത്സരത്തിന്റെ ഗതിമാറ്റി കഗീസോ റബാഡ; 'ഫിനിഷ്' ചെയ്യാതെ ധോണിയും; ചെന്നൈയെ 11 റൺസിന് വീഴ്‌ത്തി പഞ്ചാബ്; സീസണിലെ നാലാം ജയം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 11 റൺസിന്റെ തോൽവി. അമ്പാട്ടി റായുഡുവിന്റെ വീരോചിത പോരാട്ടത്തിനും ചെന്നൈയെ രക്ഷിക്കാനായില്ല! റായുഡു ഒഴികെയുള്ള ബാറ്റർമാരെ പിടിച്ചുകെട്ടാനായതാണ് പഞ്ചാബ് ബോളർമാർക്ക് ടീമിന് ജയമൊരുക്കാൻ വഴിയൊരുങ്ങിയത്. അർദ്ധസെഞ്ച്വറിയുമായി പഞ്ചാബിന് മികച്ച സ്‌കോർ സമ്മാനിച്ച ശിഖർ ധവാനാണ് കളിയിലെ താരം. പഞ്ചാബ് സീസണിലെ നാലാം വിജയമാണ് സ്വന്തമാക്കിയത്. സ്‌കോർ: പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റിന് 187 റൺസ്; ചെന്നൈ 20 ഓവറിൽ ആറ് വിക്കറ്റിന് 176 റൺസ്.

188 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ടീമിന് തുടക്കത്തിൽ ഓപ്പണർ റോബിൻ ഉത്തപ്പയെ (1 റൺസ്) നഷ്ടമായി. മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ച മിച്ചൽ സാന്റ്‌നർ (16 പന്തിൽ 9 റൺസ്) കാര്യമായൊന്നും ചെയ്യാതെ മടങ്ങി. കൂറ്റനടിക്കാരൻ ശിവം ദുബെയും (8 റൺസ്) വേഗം മടങ്ങിയതോടെ ചെന്നൈ ഏഴ് ഓവറിൽ മൂന്ന് വിക്കറ്റിന് 40 റൺസ് എന്ന നിലയിൽ കൂപ്പുകുത്തി. ഓപ്പണർ ഋതുരാജ് ഗെയ്ക്ക്വാദ് ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും (30) വലിയ സ്‌കോർ നേടാനാവാതെ പുറത്തായി.

എന്നാൽ പ്രതീക്ഷ കൈവിടാതെ ഒരറ്റത്തു പൊരുതിയ അമ്പാട്ടി റായുഡുവാണ് ചെന്നൈയെ മത്സരത്തിൽ നിലനിർത്തിയത്. 29 പന്തിൽ അർധശതകം തികച്ച റായുഡു ചെന്നൈ ടീമിന്റെ സ്‌കോർ ഉയർത്താൻ ഒറ്റയ്ക്ക് ശ്രമിച്ചു. സന്ദീപ് ശർമ്മ എറിഞ്ഞ പതിനാറാം ഓവറിൽ മൂന്ന് സിക്സറുകൾ പായിച്ചു ചെന്നൈയെ മൽസരത്തിൽ തിരികെയെത്തിച്ചു. തുടക്കത്തിൽ മെല്ലെ കളിച്ച ക്യാപ്റ്റൻ ജഡേജയും താളം കണ്ടെത്തിയതോടെ ചെന്നൈ മത്സരത്തിൽ തിരിച്ചുവന്നു.

എന്നാൽ പതിനെട്ടാം ഓവറിൽ ഒരുജ്ജ്വലൻ യോർക്കറിലൂടെ കഗീസോ റബാഡ റായുഡുവിനെ മടക്കിയയച്ചു. പേശീവലിവ് അനുഭവപ്പെട്ടെങ്കിലും അത് വകവയ്ക്കാതെ വീരോചിത പോരാട്ടം നടത്തിയ റായുഡുവിന്റെ മടക്കത്തോടെ കഴിഞ്ഞ മത്സരത്തിലെ വിജയശില്പിയായ ധോണി ക്രീസിലെത്തി.

അവസാന ഓവറിൽ 27 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ധോണിയും ജഡേജയുമായിരുന്നു ക്രീസിൽ. റിഷി ധവാൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് നേരിട്ട ധോണി സിക്‌സിന് പറത്തി വീണ്ടും കഴിഞ്ഞ മത്സരത്തിലെ ഓർമകളുണർത്തി. രണ്ടാം പന്ത് വൈഡായി. അടുത്ത പന്തിൽ ധോണിക്ക് റണ്ണെടുക്കാനായില്ല. മൂന്നാം പന്തിൽ സിക്‌സിനുള്ള ധോണിയുടെ ശ്രമം ജോണി ബെയർ‌സ്റ്റോയുടെ കൈകളിലെത്തിയതോടെ ചെന്നൈ തോൽവി ഉറപ്പിച്ചു. അഞ്ചാം പന്തിൽ സിക്‌സടിച്ച് ജഡേജ ചെന്നൈയുടെ തോൽവിഭാരം കുറച്ചു. 39 പന്തിൽ 78 റൺസടിച്ച അംബാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.

അർദ്ധ സെഞ്ചുറിയുമായി ഓപ്പണർ ശിഖർ ധവാനും (പുറത്താകാതെ 88 റൺസ്) ഉറച്ച പിന്തുണയുമായി മൂന്നാം നമ്പർ ബാറ്റർ ഭാനുക രാജപക്‌സയും (42) നിറഞ്ഞാടിയതോടെ പഞ്ചാബ് കിങ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി.

തീക്ഷണയുടെ പന്തിൽ പഞ്ചാബ് നായകൻ മയാങ്ക് അഗർവാൾ (21 പന്തിൽ 18 റൺസ്) ആറാം ഓവറിൽ പുറത്തായി. തുടർന്ന് ഒത്തുചേർന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും ഭാനുക രാജപക്‌സയും ചേർന്ന് സ്‌കോർബോർഡ് ചലിപ്പിച്ചു. മുകേഷ് ചൗധരി എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ മൂന്ന് ബൗണ്ടറികളോടെ ധവാൻ പഞ്ചാബ് ആക്രമണത്തിന് തുടക്കമിട്ടു. മധ്യ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ റൺനിരക്ക് ഉയർത്താൻ ഇരുവർക്കും സാധിച്ചു. ഇതിനിടെ നിരവധി അവസരങ്ങൾ വിട്ടുകളഞ്ഞും ആവർത്തിച്ചുള്ള ഫീൽഡിങ് പിഴവുകളിലൂടെയും ചെന്നൈ ഫീൽഡർമാർ ബോളർമാരെ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജയുടെ ഓവറിൽ രാജപക്‌സയുടെ രണ്ടു അവസരങ്ങൾ ചെന്നൈ ഫീൽഡർമാർ നഷ്ടപ്പെടുത്തി.

വാങ്കഡെ വിക്കറ്റിന്റെ വേഗക്കുറവ് മനസ്സിലാക്കി തുടക്കത്തിൽ ക്ഷമയോടെ ബാറ്റ് ചെയ്ത ധവാൻ നിലയുറപ്പിച്ചതോടെ ചെന്നൈ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. മറുവശത്ത് രാജപക്സയും സ്‌കോറിങ് അവസരങ്ങൾ മുതലാക്കിയതോടെ ചെന്നൈ ടീമിന് താളം തെറ്റി. കേവലം 63 പന്തുകളിൽ ധവാൻ-രാജപക്‌സ കൂട്ടുകെട്ട് 100 റൺസ് പൂർത്തിയാക്കി. പതിനെട്ടാം ഓവറിൽ ഡ്വെയ്ൻ ബ്രാവോ രാജപക്‌സയെ പുറത്താക്കിയെങ്കിലും പഞ്ചാബ് അതിനകം മികച്ച നിലയിൽ എത്തിച്ചേർന്നിരുന്നു. തുടർന്ന് കളത്തിലിറങ്ങിയ ലിയാം ലിവിങ്സ്റ്റൺ സ്വതസിദ്ധമായ പവർ ഹിറ്റിങ്ങിലൂടെ പഞ്ചാബ് ടോട്ടൽ ഉയർത്തി. നാല് ഓവറിൽ അൻപത് റൺസ് വഴങ്ങിയ ഡ്വെയ്ൻ പ്രിറ്റോറിയസാണ് ലിവിങ്സ്റ്റണിന്റെ കടന്നാക്രമണത്തിന് മുന്നിൽ ഏറ്റവും പതറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP