Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിന് പരമാവധി സൗകര്യമെന്ന് മന്ത്രി പി.രാജീവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിന് പരമാവധി സൗകര്യം ഒരുക്കുക എന്നതാണ് സംസ്ഥാനത്തിന്റെ കാഴ്ചപ്പാടെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ്. കളമശേരിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുള്ള ചാർജിങ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് മുന്നേ സഞ്ചരിച്ച് 'ഇ വി പോളിസി' അംഗീകരിച്ച സംസ്ഥാനമാണ് കേരളമെന്നും വൈദ്യുത വാഹനങ്ങൾക്ക് വേണ്ടി സംസ്ഥാനത്ത് സ്വന്തമായി ബാറ്ററികൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ പവർ കട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്ന വസ്തുതക്ക് കെ എസ്ഇ ബി തന്നെ പ്രചാരണം നൽകണമെന്നും വ്യവസായ മേഖലക്കും അത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിൽ ഓരോ എംഎൽഎമാരും നിർദേശിച്ച അഞ്ചു സ്ഥലങ്ങളിൽ വീതമാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി സ്വയംപര്യാപ്തതയാണ് സംസ്ഥാന സർക്കാരും വൈദ്യുതി വകുപ്പും വൈദ്യുതി ബോർഡും ലക്ഷ്യമിടുന്നതെന്നും ഇതിനായി സോളാർ ഉൾപ്പെടെയുള്ള റിന്യൂവബിൾ എനർജി വഴി സാധ്യമായ മാർഗങ്ങളാണ് തേടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കളമശേരിയിലെ ചാർജിങ് സ്റ്റേഷന് പുറമേ ഗാന്ധിനഗർ, നോർത്ത് പറവൂർ, കലൂർ, വൈറ്റില, അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു. പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ് ഇവിടങ്ങളിൽ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. ഫാസ്റ്റ് ചാർജിങ് സൗകര്യമുള്ളതിനാൽ വാഹനങ്ങൾ വീടുകളിൽ ചാർജ് ചെയ്യുന്നതിന്റെ നാലിലൊന്ന് സമയം പോലും ആവശ്യമില്ല.

ആദ്യഘട്ടത്തിൽ ജില്ലയിലെ 136 സ്ഥലങ്ങളിലായി വിപുലമായ ചാർജിങ് ശൃംഖലയാണ് കെഎസ്ഇബി ഒരുക്കുന്നത്. നിലവിൽ ചാർജിങ് സ്റ്റേഷനുകളിൽ കാറുകൾക്കുള്ള സൗകര്യം മാത്രമാണ് ഉള്ളത്. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ 125 പോൾ മൗണ്ടഡ് ചാർജ് സെൻസറുകൾ സ്ഥാപിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.

കളമശേരി കെഎസ്ഇബി വളപ്പിൽ നടന്ന പരിപാടിയിൽ കെഎസ്ഇബി സ്വതന്ത്ര ഡയറക്ടർ അഡ്വക്കേറ്റ് വി. മുരുകദാസ് അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ ബി അശോക്, ഡയറക്ടർ ആർ സുകു, കളമശേരി നഗരസഭ പ്രതിപക്ഷ നേതാവ് ടി എ അസൈനാർ, വാർഡ് കൗൺസിലർ മിനി കരീം, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ ബി വർഗീസ്, എസ് രമേശൻ, പി കെ നിയാസ്, ജമാൽ മണക്കാടൻ, പി എം എ ലത്തീഫ്, പ്രമോദ് കുമാർ, ചീഫ് എൻജിനീയർ എംഎ ടെൻസൻ എന്നിവർ സംസാരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP