Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തമിഴ് മോട്ടിവേഷനൽ സ്പീക്കർ ശബരിമല ജയകാന്തൻ ഇസ്ലാം സ്വീകരിച്ചു; മക്കയിലെത്തി മതംമാറ്റ പ്രഖ്യാപനം; ഫാത്തിമ ശബരിമല എന്ന പേരും സ്വീകരിച്ചു; നിഷ്പക്ഷമായ മനസോടെ ഖുർആൻ വായിക്കാൻ തുടങ്ങിയതോടെ സത്യത്തിലേക്ക് എത്തി; ഇന്ന് എന്നേക്കാൾ ഇസ്ലാമിനെ സ്നേഹിക്കുന്നുവെന്ന് ശബരിമല

തമിഴ് മോട്ടിവേഷനൽ സ്പീക്കർ ശബരിമല ജയകാന്തൻ ഇസ്ലാം സ്വീകരിച്ചു; മക്കയിലെത്തി മതംമാറ്റ പ്രഖ്യാപനം; ഫാത്തിമ ശബരിമല എന്ന പേരും സ്വീകരിച്ചു; നിഷ്പക്ഷമായ മനസോടെ ഖുർആൻ വായിക്കാൻ തുടങ്ങിയതോടെ സത്യത്തിലേക്ക് എത്തി; ഇന്ന് എന്നേക്കാൾ ഇസ്ലാമിനെ സ്നേഹിക്കുന്നുവെന്ന് ശബരിമല

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴകത്തു നിന്നും പ്രമുഖർ ഇസ്ലാംമതം സ്വീകരിക്കുന്നത് അടുത്തകാലത്തായി പതിവായിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ മകൻ യുവാൻ ശങ്കർരാജ കുറച്ചുകാലം മുമ്പാണ് ഇസ്ലാമിലേക്ക് മതം മാറിയത്. നടി മോണിക്കയും അടുത്തിടെ ഇസ്ലാമിനെ ആശ്ലേഷിച്ചിരുന്നു. യുവാന്റെയും മോണിക്കയുടെയും പാതയിൽ തമിഴകത്ത് ഇപ്പോൾ ഉണ്ടായിരിക്കുന്നത് പ്രശസ്തയായ മറ്റൊരു വ്യക്തിയുടെ മതം മാറ്റമാണ്. തമിഴകത്തെ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ കൂടിയായ സാമൂഹിക പ്രവർത്തകയുമായ ശബരിമല ജയകാന്തൻ ഇസ്ലാം സ്വീകരിച്ചിരിക്കുന്നത്.

സൗദി സന്ദർശനത്തിനെത്തിയ അവർ മക്കയിലെ ഹറം പള്ളിയിൽ കഅ്ബയ്ക്ക് മുന്നിൽനിന്നാണ് ഇസ്ലാം ആശ്ലേഷം പ്രഖ്യാപിച്ചത്. ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഖുർആൻ വായിച്ചപ്പോൾ ലഭിച്ച പ്രചോദനമാണ് താൻ മതം മാറാൻ ഇടയാക്കിയതെന്നാണ് ഇവർ പറയുന്നത്. ''എന്തുകൊണ്ടാണ് ലോകത്തെങ്ങും മുസ്ലിംകളോട് ഇത്രയും വിദ്വേഷമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. തുടർന്ന് നിഷ്പക്ഷ മനസോടെ ഖുർആൻ വായിച്ചുതുടങ്ങി. അങ്ങനെയാണ് ആ സത്യം ഞാൻ മനസിലാക്കുന്നത്. ഇപ്പോൾ എന്നെക്കാളും ഞാൻ ഇസ്ലാമിനെ സ്നേഹിക്കുന്നു.''- അവർ പറഞ്ഞു.

മുസ്ലിമായിരിക്കുന്നത് വലിയൊരു ആദരവും ബഹുമതിയുമാണെന്ന് സൂചിപ്പിച്ച ഫാത്തിമ ശബരിമല ഖുർആൻ എല്ലാവർക്കും പരിചയപ്പെടുത്തണമെന്ന് മുസ്ലിംകളോട് ആവശ്യപ്പെടുകയും ചെയ്തു. ''വിസ്മയകരമായൊരു ഗ്രന്ഥം നിങ്ങളുടെ കൈയിലുണ്ട്. എന്തിനാണ് അത് വീട്ടിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ലോകം അതു വായിക്കണം..'' ഹറം പള്ളിയിൽനിന്നുള്ള വിഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു.

പ്രവാചകൻ മുഹമ്മദ് നബിയോടുള്ള ആദരവും സ്നേഹവും കാരണമാണ് അദ്ദേഹത്തിന്റെ മകൾ ഫാത്തിമയുടെ പേരുതന്നെ സ്വീകരിക്കാൻ കാരണമെന്നും ശബരിമല വ്യക്തമാക്കി. കഅ്ബയെ പുതപ്പിക്കുന്ന പ്രത്യേക വിരിപ്പായ കിസ്വ നിർമ്മാണ കേന്ദ്രത്തിൽ പ്രത്യേക അതിഥിയായി സന്ദർശിക്കാനും അവർക്ക് അവസരം ലഭിച്ചിരുന്നു. കേന്ദ്രം സന്ദർശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

1982ൽ മധുരയിലെ അളഗസ്വാമി-കലൈയരസി ദമ്പതികളുടെ മകളായിട്ടാണ് ശബരിമല ജനിച്ചത്. ജയകാന്തൻ ആണ് ഭർത്താവ്. മകന്റെ പേര് ജയചോളൻ. ദിണ്ഡിഗലിൽ ആയിരുന്നു വിദ്യാഭ്യാസം. 2002ലാണ് കൂഡല്ലൂരിലെ കാട്ടുമണ്ണാർഗുഡിക്കടുത്ത എല്ലേരി സ്‌കൂളിൽ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയത്. ജോലിയേക്കാൾ വലുത് രാജ്യമാണ് എന്ന് ചൂണ്ടിക്കാട്ടി പിന്നീട് സർക്കാർ ജോലി രാജിവച്ചു. ദേശീയതലത്തിൽ ഒരു വിദ്യാഭ്യാസ സമ്പ്രദായം വേണമെന്നായിരുന്നു അവരുടെ നിലപാട്. നീറ്റ് പരീക്ഷയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു.

നീറ്റ് പരീക്ഷയിൽ പ്രതിഷേധിച്ച് 2017ൽ സർക്കാർ ജോലി രാജിവച്ച് ശബരിമല വാർത്തകളിൽ നിറഞ്ഞിരുന്നു ശബരിമല. പ്ലസ്ടു റാങ്കുകാരിയായിരുന്ന എസ്. അനിത എന്ന വിദ്യാർത്ഥിനി മെഡിക്കൽ പ്രവേശം ലഭിക്കാതെ ആത്മഹത്യ ചെയ്തതിനു പിന്നാലെയായിരുന്നു രാജി. കൂഡല്ലൂറിൽ കാട്ടുമന്നാർഗുഡിയിലുള്ള ഗവ. സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു അവർ. ജോലിയെക്കാളും പ്രധാനം രാജ്യമാണെന്നു പ്രഖ്യാപിച്ച ശബരിമല ഗ്രാമീണമേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സാമൂഹിക പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. മോട്ടിവേഷനൽ സ്പീക്കറായി മാറുന്നതും അങ്ങനെയായിരുന്നു.

2020ൽ സ്ത്രീ അവകാശങ്ങൾക്കായി 'പെൺ വിടുതലൈ കച്ചി' എന്ന പേരിൽ പുതിയൊരു രാഷ്ട്രീയ പാർട്ടിക്കും തുടക്കമിട്ടു. 2002 മുതൽ തന്നെ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു ശബരിമല. വിദ്യാഭ്യാസനീതിയും പെൺകുട്ടികളുടെ സുരക്ഷയും സ്ത്രീ അവകാശങ്ങളും മുൻനിർത്തിയായിരുന്നു അവരുടെ പോരാട്ടം. 2017ൽ 'വിഷൻ 2040' എന്ന പേരിൽ പുതിയൊരു സംഘടനയ്ക്ക് തുടക്കമിട്ടു. പെൺകുട്ടികളുടെ സുരക്ഷയും ഏക വിദ്യാഭ്യാസ സംവിധാനവും പ്രമേയമാക്കിയായിരുന്നു സംഘടന രൂപീകരിച്ചത്.

പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആറുലക്ഷത്തോളം വിദ്യാർത്ഥികളെ നേരിൽകണ്ട് ബോധവൽക്കരണം നടത്തി. ഇതേ വിഷയത്തിൽ പുസ്തകവുമെഴുതി 5,000ത്തോളം സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. കോയമ്പത്തൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട റിതന്യശ്രീയുടെ കുടുംബത്തിന് ഒരു ലക്ഷത്തോളം രൂപ കൈമാറിയും വാർത്തകളിൽ നിറഞ്ഞിരുന്നു.

മോട്ടിവേഷൻ പ്രസംഗരംഗത്ത് സജീവമായതോടെ നിരവധി വേദികളാണ് ശബരിമലയെ തേടിയെത്തിയത്. 200ലേറെ പ്ലാറ്റ്ഫോമുകളിൽ പാനലിസ്റ്റായി. ന്യൂസ്7 ടി.വി, ജയ ടി.വി, വേന്ദർ ടി.വി അടക്കമുള്ള ചാനലുകളിൽ നിരവധി പ്രോഗ്രാമുകളുടെ അവതാരകയായും നിറഞ്ഞുനിന്നു അവർ. സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളെ പൊതുസമൂഹത്തെ ബോധവൽക്കരിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തമിഴ്‌നാട്ടിലെ വിവിധ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കായി ശിൽപ്പശാലകൾ സംഘടിപ്പിച്ചുവരികയാണ്. അടുക്കളയിൽ നിന്ന് സ്ത്രീകൾ നിയമസഭയിലേക്ക് എത്തേണ്ടത് ആവശ്യമാണെന്ന് ശബരിമല പറയുന്നു. വുമൺ ലിബറേഷൻപാർട്ടി എന്ന പേരിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ശബരിമല തുടങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP