Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഗസ്സിയുടെ സ്റ്റെഫി ഗ്രാഫ്; പോണ്ടിങ്ങിന്റെ റിയാന; കാർത്തിക്കിന് അതിജീവനത്തിന് കരുത്തായത് ദീപികയും; കരിയറിന്റെ 'രണ്ടാം ഇന്നിങ്‌സിൽ' കത്തിജ്വലിച്ച് താരം; ധോണിയുടെ യഥാർത്ഥ പിൻകാമിയെ തേടുന്ന ടീം ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിൽ അവസരം ഒരുങ്ങുമോ; അനുകൂലിച്ചും എതിർത്തും മുൻതാരങ്ങൾ; ഐപിഎല്ലിന്റെ ആദ്യ പകുതി നൽകുന്ന സൂചനകൾ ഇങ്ങനെ

അഗസ്സിയുടെ സ്റ്റെഫി ഗ്രാഫ്; പോണ്ടിങ്ങിന്റെ റിയാന; കാർത്തിക്കിന് അതിജീവനത്തിന് കരുത്തായത് ദീപികയും; കരിയറിന്റെ 'രണ്ടാം ഇന്നിങ്‌സിൽ' കത്തിജ്വലിച്ച് താരം; ധോണിയുടെ യഥാർത്ഥ പിൻകാമിയെ തേടുന്ന ടീം ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിൽ അവസരം ഒരുങ്ങുമോ; അനുകൂലിച്ചും എതിർത്തും മുൻതാരങ്ങൾ; ഐപിഎല്ലിന്റെ ആദ്യ പകുതി നൽകുന്ന സൂചനകൾ ഇങ്ങനെ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഇന്ത്യൻ സ്‌ക്വാഡിനെക്കുറിച്ച് മുൻ താരങ്ങളും ആരാധകരും ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. നിലവിൽ ഇന്ത്യൻ ടീമിലെ ഓരോ താരങ്ങളുടേയും പ്രകടനങ്ങളെ വിലയിരുത്തിയാണ് അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങളും ഉയരുന്നത്. വലിയ പ്രതീക്ഷയോടെ നോക്കിക്കണ്ട യുവതാരങ്ങളിൽ പലരും സീസണിൽ നിറം മങ്ങിയതും അപ്രതീക്ഷിതമായ ചില താരോദയങ്ങളും വെറ്ററൻ താരങ്ങളുടെ മിന്നുന്ന പ്രകടനങ്ങളും ചർച്ചകൾക്ക് കൊഴുപ്പുകൂട്ടുന്നുണ്ട്.

എം എസ് ധോണി എന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫിനിഷർ വിരമിച്ചതോടെ അ വിടവ് ഇപ്പോഴും നികത്താതെ കിടക്കുകയാണ്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന് മുമ്പും അതിന് ശേഷവും പല യുവ താരങ്ങളെയും പരീക്ഷിച്ച് നോക്കിയെങ്കിലും ഇതുവരെ തൃപ്തികരമായ രീതിയിൽ ഒരു താരത്തെ കണ്ടെത്താനായിട്ടില്ല. പ്രത്യേകിച്ചും ട്വന്റി മത്സരങ്ങളിൽ. കഴിഞ്ഞ ലോകകപ്പിൽ ഹർദ്ദിക് പാണ്ഡ്യ ഈ റോളിലേക്ക് എത്തുമെന്ന് സ്വയം പ്രഖ്യാപിച്ചെങ്കിലും കളിക്കളത്തിൽ ഒന്നും പ്രകടമായില്ല. പരിക്കാണ് താരത്തെ അലട്ടുന്ന പ്രധാന പ്രശ്‌നം.

ഈ വർഷം ഓസ്‌ട്രേലിയയിൽ ട്വന്റി 20 ലോകകപ്പിന് അരങ്ങൊരുങ്ങവെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ ഫിനിഷർ സ്ഥാനം തന്നെയാണ്.എന്നാൽ ഐപിഎല്ലിലെ ഒരാളുടെ പ്രകടനം ഇന്ത്യയുടെ ഈ ആശങ്കകൾക്ക് ആശ്വാസമാകുന്നതാണ്.. മറ്റാരുടെതുമല്ല.. ദിനേഷ് കാർത്തിക്കിന്റെ തന്നെ.. തന്റെ കരിയറിന്റെ അവസാനഘട്ടത്തിലും അത്രകമേൽ പ്രതീക്ഷയുള്ള പ്രകടനമാണ് ഈ വെറ്ററൻതാരത്തിന്റെത്..



നിലവിലെ സീസണിൽ പ്രകടന മികവ് കൊണ്ട് ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മധ്യനിരയുടെ രക്ഷകനായി മാറിക്കഴിഞ്ഞ ദിനേഷ് കാർത്തിക്കാണ്. എ ബി ഡിവില്ലിയേഴ്‌സ് വിരമിച്ചപ്പോൾ ടീമിന് നഷ്ടമാകുമെന്ന് കരുതിയ ടീമിന്റെ ബാറ്റിംഗിലെ നട്ടെല്ലാണ് കാർത്തിക്കിലൂടെ വീണ്ടെടുത്തിരിക്കുന്നത്. ഫ്രാഞ്ചൈസിനായി മികച്ച പ്രകടനം പുറത്തെടുത്ത കാർത്തിക്ക് ബാറ്റിങ്ങിനിറങ്ങിയ ഏഴ് ഇന്നിങ്‌സുകളിൽ രണ്ടുതവണ മാത്രമാണ് പുറത്തായത്.

ഈ സീസണിൽ ഇതുവരെ 200നോടടുത്ത് പ്രഹരശേഷിയിലാണ് കാർത്തിക്ക് 210 റൺസ് അടിച്ചുകൂട്ടിയത്. പുറത്താകാതെ 66 റൺസ് നേടിയതാണ് ഉയർന്ന സ്‌കോർ. അവസാന കളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ താരം പൂജ്യത്തിന് പുറത്തായിരുന്നു. ചൊവ്വാഴ്ച പൂണെയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ ഫോമിലേക്ക് മടങ്ങിയെത്താനാകും കാർത്തിക്കിന്റെ ശ്രമം.

കാർത്തിക്ക് വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ നേരിട്ട തിരിച്ചടികളെ അതിജീവിച്ചതും ചർച്ചയാകുന്നുണ്ട്. ജീവിതത്തിൽ നേരിട്ട സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്ന് പറക്കുന്ന കാർത്തിന്റെ ജീവിതം ക്രിക്കറ്റിലും അദ്ദേഹത്തിന് കരുത്ത് പകരുമെന്നാണ് ആരാധകരുടെ പക്ഷം. ഒരു ഘട്ടത്തിൽ കരിയർ അവസാനിച്ചെന്നു കരുതിയിടത്തു നിന്നും ജീവിതത്തിലെ രണ്ടാം ഇന്നിങ്ങ്സിനു കരുത്തായ രണ്ടാം ഭാര്യയും സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലിന്റെ പിന്തുണയും ഉൾക്കരുത്തുമാണ് ദിനേശ് കാർത്തിക്കിനും തിരിച്ചുവരവിന് വഴിയൊരുക്കിയത്.



തന്റെ പത്നി ഗർഭിണിയാണെന്നും അവളുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ തന്റെ സഹപ്രവർത്തകനാണെന്നും പത്നിയുടെ വായിൽ നിന്ന് കേൾക്കേണ്ടി വരുന്ന ദുരനുഭവം നേരിട്ട കാർത്തിക്കിന് ജീവിതത്തിനൊപ്പം തന്റെ കരിയറും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ നിന്നുമാണ് ദീപികയുടെ സാന്നിദ്ധ്യം തിരിച്ചുവരവിന് വഴിയൊരുക്കിയത്.

ഓസ്‌ട്രേലിയയുടെ ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റർ ആയിരുന്നിട്ടും കരിയറിന്റെ തുടക്കത്തിൽ തന്റെ കയ്യിലിരിപ്പുകൊണ്ട് സർവതും നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്നും റിക്കി പോണ്ടിംഗിനെ ഓസിസ് കണ്ട ഏറ്റവും മികച്ച നായകൻ എന്ന നിലയിലേക്ക് വഴി നടത്തിയ റിയാന ക്യാന്റ്‌ററിൻ എന്ന ജീവിത സഖിയെപ്പോലെ, മുൻ ടെന്നീസ് താരം ആൻഡ്രേ അഗസ്സിയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയ സ്റ്റെഫി ഗ്രാഫിനെ പോലെ, ദിനേശ് കാർത്തിക്കും ദീപികയുടെ പ്രചോദനത്താലാണ് ജീവിതത്തിൽ രണ്ടാം ഇന്നിങ്‌സിന് തുടക്കമിട്ടത്.

2019ലെ ഏകദിന ലോകകപ്പിന് ശേഷം ദേശീയ ടീമിൽ കളിക്കാത്ത കാർത്തിക് 36-ാം വയസിൽ തിരിച്ചെത്തുമോ എന്ന ആകാംഷയിലാണ് ആരാധകർ. സീസണിൽ ബാറ്റിങ്ങിനിറങ്ങിയപ്പോൾ കാർത്തിക് അഞ്ചു തവണയും പുറത്താകാതെ നിന്നു. ഡൽഹി കാപ്പിറ്റൽസിനെതിരെ 34 പന്തിൽ നേടിയ 66 റൺസ് അടിച്ചെടുത്ത് ടീമിന്റെ വിജയശിൽപിയുമായി.

2019ലെ ഏകദിന ലോകകപ്പിലാണ് കാർത്തിക് ഒടുവിലായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. പിന്നീട് ടീമിൽ നിന്നും തഴയപ്പെട്ട താരം ഐപിഎല്ലിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. കഴിഞ്ഞ ചില സീസണുകളിൽ കൊൽക്കത്തയ്ക്കുവേണ്ടി കളിച്ചിരുന്ന കാർത്തിക്കിനെ ഇത്തവണ 5.50 കോടി രൂപയ്ക്കാണ് ആർസിബി സ്വന്തമാക്കിയത്. ആദ്യ കളി മുതൽ കാർത്തിക് ടീമിനായി വീറുറ്റ പോരാട്ടം നടത്തുകയാണ്. ഏതു ഘട്ടത്തിലും ടീമിനെ തോളിലേറ്റാനും വിജയംവരെ ബാറ്റു ചെയ്യാനും കാർത്തിക്കിന് സാധിക്കുന്നു. 

ഐപിഎല്ലിൽ മിന്നും ഫോമിൽ കളിക്കുന്ന ദിനേഷ് കാർത്തികിന് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്നാണ് മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൗൾ പറയുന്നത്. ഓസ്ട്രേലിയയിലേക്ക് പോകുമ്പോൾ ദിനേഷ് കാർത്തിക്കിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഡൗൾ പറഞ്ഞു. ഋഷഭ് പന്ത്, കെഎൽ രാഹുൽ എന്നിവർ ടീമിൽ ഉള്ളതിനാൽ വിക്കറ്റ് കീപ്പറായി താരത്തെ ഉൾപ്പെടുത്തുക ബുദ്ധിമുട്ടാണ്. എന്നാൽ, ബാറ്ററെന്ന നിലയിൽ കാർത്തിക്കിന് ഇടം നൽകാവുന്നതാണ്. 5, 6, 7 സ്ഥാനങ്ങളിൽ കാർത്തിക്കിന് കളിക്കാൻ സാധിക്കും. ആത്മവിശ്വാസത്തോടെയുള്ള ബാറ്റിങ്ങാണ് കാർത്തിക്കിന്റേതെന്നും അദ്ദേഹം വിലയിരുത്തി.



 മികച്ച ഫിനിഷറെന്ന നിലയിലെ ആർസിബിയുടെ മാച്ച് വിന്നറായി മാറിയതോടെ താരത്തെ ദേശീയ ടീമിലെടുക്കണമെന്ന് ആരാധകർ നിർദ്ദേശിക്കുന്നു. ഇന്ത്യയ്ക്കായി ലോകകപ്പ് കളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കാർത്തിക്കും പ്രഖ്യാപിച്ചുകഴിഞ്ഞു. കാർത്തികിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുമായി കാർത്തിക്കിനെ ആരാധകർ താരതമ്യം ചെയ്യുന്നതും വെറുതെയല്ല.

അതേ സമയം ദിനേഷ് കാർത്തിക്ക് ഇത്ര മികച്ച ഫോമിൽ കളിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ലോകകപ്പ് ടീമിന്റെ വിക്കറ്റ് കീപ്പറായി ഇന്ത്യ തിരഞ്ഞെടുക്കണമെന്ന ആവശ്യമാണ് ആരാധകർക്കിടയിൽ ഉയരുന്നത് അതിന് ബിസിസിഐ തയ്യാറായാൽ യുവ വിക്കറ്റ് കീപ്പർ ബാറ്റർമാരായ ഋഷഭ് പന്ത്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവർക്ക് പുറത്തിരിക്കേണ്ടി വരും.

എന്നാൽ നിലവിലെ പ്രകടനം മതിയാകില്ലെന്നാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ആസ്‌ട്രേലിയയിൽ വച്ചാണ് ട്വന്റി20 ലോകകപ്പ്. എന്നിരുന്നാലും, നിലവിലെ ഫോം നിലനിർത്തിയാൽ കാർത്തിക്ക് ലോകകപ്പ് ടീമിൽ ഇടംപിടിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മഞ്ജരേക്കർ.

'നിലവിലെ ഫോം നിലനിർത്തിയാൽ മാത്രം മതി. ഞാൻ കുറച്ചുകൂടി പ്രായോഗികത പുലർത്താൻ പോകുന്നു. ഈ ഐ.പി.എല്ലിന്റെ പാതിവഴിയിലാണ് നമ്മൾ. ലീഗിന്റെ അവസാനം വരെ കാത്തിരിക്കാം. ഫോം നിലനിൽക്കുമോ എന്ന് നോക്കാം. ഞങ്ങൾക്ക് ഡി.കെ ടീമിൽ വേണമെന്ന് നിങ്ങൾ പറയുമ്പോൾ ഒരാളെ പുറത്താക്കേണ്ടതായി വരും'-മഞ്ജരേക്കർ ഇ.എസ്‌പി.എൻ ക്രിക്ഇൻഫോയോട് പറഞ്ഞു.

'നിലവിലെ മത്സരാർഥികളെ നോക്കുമ്പോൾ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടുക ബുദ്ധിമുട്ടാണ്. കാരണം അവൻ നോക്കുന്നത് 5, 6, 7 എന്നീ സ്ഥാനങ്ങൾ മാത്രമാണ്. മുൻനിരയിലല്ല അവൻ ബാറ്റ് ചെയ്യുന്നത്. അത് പരിഗണിക്കപ്പെടുന്നില്ല എന്ന് ഞാൻ കരുതുന്നു. ഋഷഭ് പന്തിനെ മാറ്റിനിർത്തേണ്ടി വരും. ഹാർദിക് പാണ്ഡ്യ ദിനേശ് കാർത്തിക് എന്ന നിലയിൽ നോക്കാൻ തുടങ്ങണം. അത് എളുപ്പമായിരിക്കില്ല'-ഇന്ത്യയുടെ മുൻ താരം കൂട്ടിച്ചേർത്തു.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനായി കളിക്കാനുള്ള ആഗ്രഹം ദിനേഷ് കാർത്തിക്ക് പ്രകടിപ്പിച്ചു കഴിഞ്ഞു. 'അടുത്ത് ഒരു ലോകകപ്പ് നടക്കാനിരിക്കുന്നു, ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു ടൂർണമെന്റ് ഇന്ത്യ വിജയിച്ചിട്ട് കാലമേറെയായി. എനിക്ക് ഇന്ത്യയെ ആ കിരീട നേട്ടത്തിനായി സഹായിക്കണം.

അതിനു വേണ്ടി ഇയാൾക്കു ചിലതൊക്കെ സാധിക്കുമെന്ന് ആളുകളെക്കൊണ്ടു പറയിക്കണം ഡൽഹിക്കെതിരായ മത്സരശേഷം വിരാട് കോലിക്കൊപ്പമുള്ള അഭിമുഖത്തിൽ ദിനേഷ് കാർത്തിക്ക് പറഞ്ഞു. ഫിറ്റായി ഇരിക്കാനുള്ള കഠിനാധ്വാനത്തിലാണു താനെന്നും ദിനേഷ് കാർത്തിക്ക് പറഞ്ഞു. ആ ഒരു ലക്ഷ്യവുമായാണ് എല്ലാ ദിവസവും ഞാൻ പരിശീലിക്കുന്നത്. പ്രായം കൂടി വരുമ്പോൾ ഫിറ്റായി ഇരിക്കുകയെന്നതു പ്രധാനമാണ്. ഏറ്റവും മികച്ച രീതിയിൽ തന്നെ കാര്യങ്ങൾ ചെയ്യാനാണു ശ്രമമെന്നും ദിനേഷ് കാർത്തിക്ക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP