Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാം നമ്പർ മെമ്പർഷിപ്പുകാരൻ അട്ടിമറിയിലൂടെ വൈസ് പ്രസിഡന്റായി; പിന്നാലെ ഒന്നാം നമ്പറുകാരനും 'അമ്മ'യിൽ തിരികേ; ഉണർവ്വിൽ മുഖ്യാതിഥി സുരേഷ് ഗോപി; മണിയൻപിള്ള ഇഫ്കടിൽ താരസംഘടനയ്ക്ക് ഇനി ആക്ഷൻ ഹീറോയും സ്വന്തം; ശിക്ഷ വാങ്ങി പോയ നായകൻ മടങ്ങിയെത്തുമ്പോൾ

മൂന്നാം നമ്പർ മെമ്പർഷിപ്പുകാരൻ അട്ടിമറിയിലൂടെ വൈസ് പ്രസിഡന്റായി; പിന്നാലെ ഒന്നാം നമ്പറുകാരനും 'അമ്മ'യിൽ തിരികേ; ഉണർവ്വിൽ മുഖ്യാതിഥി സുരേഷ് ഗോപി; മണിയൻപിള്ള ഇഫ്കടിൽ താരസംഘടനയ്ക്ക് ഇനി ആക്ഷൻ ഹീറോയും സ്വന്തം; ശിക്ഷ വാങ്ങി പോയ നായകൻ മടങ്ങിയെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അമ്മയിലെ ലൈഫ് മെമ്പർഷിപ്പിൽ ആദ്യ പേരുകാരൻ സുരേഷ് ഗോപിയാണ്. രണ്ടാമൻ കെബി ഗണേശ് കുമാറും. മൂന്നാമത് മണിയൻ പിള്ള രാജുവും. അമ്മയിലെ വാശിയേറിയ തെരഞ്ഞെടുപ്പിൽ മണിയൻ പിള്ള രാജു അട്ടിമറി വിജയം നേടിയത് ഈ പ്രചരണ കരുത്തിലാണ്. അമ്മയുടെ ഭാരവാഹിയായി മണിയൻ പിള്ള രാജു ജയിച്ചെത്തിയതിന് പിന്നാലെ സുരേഷ് ഗോപി മടങ്ങി എത്തുകയാണ്. ഏറെ നാളായി അമ്മയുടെ പരിപാടിക്കൊന്നും ആക്ഷൻ ഹീറോ എത്താറില്ലായിരുന്നു. പലരും സുരേഷ് ഗോപി അമ്മയിൽ അംഗമല്ലേ എന്നു പോലും സംശയിച്ചിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിയാണ് ആദ്യ ലൈഫ് മെമ്പറെന്ന് മണിയൻ പിള്ള വെളിപ്പെടുത്തിയത്. ഇത് അമ്മയിലെ തെരഞ്ഞെടുപ്പിൽ പോലും ചലനമായി. ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച് മണിയൻപിള്ള കരുത്ത് കാട്ടി.

അതിന് ശേഷം മാറ്റത്തിന്റെ പാതയിലായി അമ്മയുടെ യാത്ര. അതിന്റെ സൂചനകാണ് ഉണർവ്വ് എന്ന പരിപാടിയിലും നിറയുന്നത്. അമ്മ അംഗങ്ങളുടെ ഒത്തുചേരലും ആരോഗ്യ പരിശോധനാ ക്യാമ്പുമാണ് ഉണർവ്വ് എന്ന പദ്ധതി. ഇതിൽ മുഖ്യാതിഥി സുരേഷ് ഗോപിയാണ്. അങ്ങനെ അമ്മയുടെ ആസ്ഥാനത്തേക്ക് വീണ്ടും സുരേഷ് ഗോപി കാലെടുത്തു വയ്ക്കുകയാണ്. സുരേഷ് ഗോപി എന്നും അമ്മയുടെ അംഗമാണെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബുവും മറുനാടനോട് പ്രതികരിച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സുരേഷ് ഗോപി പോസ്റ്ററിനും സ്ഥിരീകരണമായി. സുരേഷ് ഗോപിയുടെ മാത്രം ചിത്രം വച്ചാണ് പോസ്റ്റർ. ഈ ചടങ്ങിൽ സുരേഷ് ഗോപിയെത്തുമ്പോൾ അത് മലയാള സിനിമയിലെ ത്രിമൂർത്തി സംഗമ വേദിയാകും.

മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമാണ് മലയാള സിനിമയിലെ യഥാർത്ഥ സൂപ്പർ താരങ്ങൾ. മോഹൻലാലാണ് അമ്മയുടെ പ്രസിഡന്റ്. മമ്മൂട്ടിയും എല്ലാ പരിപാടിയുമായി സഹകരിക്കാറുണ്ട്. ഇതിനൊപ്പം സുരേഷ് ഗോപിയും കൂടെയെത്തുമ്പോൾ മലയാള സിനിമയിലെ സൂപ്പർ താര സംഗമ വേദിയായി അത് മാറും. അമ്മയുടെ ക്ഷണത്തോട് പോസിറ്റീവായാണ് സുരേഷ് ഗോപിയും പ്രതികരിച്ചതെന്നാണ് സൂചന. എല്ലാവരേയും സഹകരിപ്പിച്ച് കൊണ്ടു പോകാനുള്ള മോഹൻലാലിന്റെ ശ്രമത്തിന് തുടക്കമാണ് ഉണർവ്വ്. വിവാദങ്ങളില്ലാതെ അമ്മയിൽ ഭരണമാണ് ലാലിന്റെ മനസ്സിലുള്ളത്. സുരേഷ് ഗോപി എത്തുന്നതോടെ അമ്മയിൽ ചില കേന്ദ്രങ്ങൾ ഉയർത്തുന്ന എതിർപ്പുകളും അപ്രസക്തമാകുമെന്നാണ് വിലയിരുത്തൽ.

വനിതകളുടെ ആവശ്യം പരിഗണിച്ച് കൂടുതൽ വനിതകളെ ഇത്തവണ ഭരണ സമിതിയിൽ മോഹൻലാൽ കൊണ്ടു വന്നിരുന്നു. പതിനൊന്ന് എക്സിക്യൂട്ടീവ് സമിതിയിൽ നാലുപേർ വനിതകളാണ്. വൈസ് പ്രസിഡന്റായി ഒരു വനിതയും. അതായത് ആറു ഭാരവാഹികളും പതിനൊന്ന് എക്സിക്യൂട്ടീവ് സമിതിയും കൂടെ കൂട്ടിയാൽ വരുന്ന 17 പേരിൽ ആഞ്ചു പേർ വനിതകളായി. വനിതകളിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് സുരഭി ലക്ഷ്മിക്കാണ്. 236 വോട്ടുമായി സുരഭി ലക്ഷ്മി എക്സിക്യൂട്ടീവിലെ മൂന്നാം സ്ഥാനക്കാരിയായി. ഈ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയക്കാരെ ഭരണ സമിതിയിൽ നിന്നും മോഹൻലാൽ ഒഴിവാക്കിയെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇതിന് പിന്നാലെയാണ് എല്ലാവരേയും സഹകരിപ്പിക്കാനുള്ള നീക്കം. സുരേഷ് ഗോപി കൂടി എത്തുന്നതോടെ മലയാള സിനിമ ഒറ്റക്കെടാണെന്ന സന്ദേശം പുറം ലോകത്തിന് കിട്ടുമെന്നാണ് അമ്മയിലെ ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ.

രാഷ്ട്രീയക്കാരെ അമ്മയിൽ നിന്ന് ഒഴിവാക്കാൻ വൈസ് പ്രസിഡന്റ് സ്ഥാനം വനിതകൾക്ക് വേണ്ടി അനൗദ്യോഗികമായി സംവരണം ചെയ്യുകയായിരുന്നു ആദ്യം ചെയ്തത്. സംഘടനയിൽ അനാവശ്യമായി രാഷ്ട്രീയം കൊണ്ടു വരാൻ ചില ശ്രമങ്ങൾ നടക്കുന്നുവെന്ന സംശയം പലർക്കുമുണ്ടായിരുന്നു. ബിനീഷ് കോടിയേരിയുടെ വിഷയം നേരത്തെ അമ്മ ചർച്ച ചെയ്തപ്പോൾ അതിശക്തമായ എതിർപ്പാണ് മുകേഷ് ഉന്നയിച്ചത്. ഇതിന് പിന്നാൽ രാഷ്ട്രീയമുണ്ടായിരുന്നു. എംഎൽഎ എന്ന നിലയിൽ ഗണേശ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും സമൂഹം ഏറ്റെടുത്തു. ജോജു വിഷയത്തിൽ അടക്കം അമ്മയെ ഗണേശ് വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട് എംഎൽഎമാരേയും ഒഴിവാക്കാനായി വനിതാ സംവരണമെന്ന നിർദ്ദേശം അവതരിപ്പിക്കുകയായിരുന്നു ഔദ്യോഗിക നേതൃത്വം. മോഹൻലാലിന്റെ പാനലിനെ അട്ടിമറിക്കാൻ കഴിയില്ലെന്ന പൊതു ധാരണയും ഉണ്ടാക്കിയെടുത്തു. ഇതാണ് മുകേഷിനെ മത്സര രംഗത്തു നിന്ന് പിന്മാറ്റിച്ചത്.

എന്തുവന്നാലും മത്സര രംഗത്ത് തുടരുമെന്ന നിലപാടിലായിരുന്നു മുകേഷ്. ഇതോടെ മണിയൻപിള്ള രാജുവും ജഗദീഷും അടക്കം മത്സരത്തിന് എത്തി. മുകേഷ് മത്സരിച്ചാൽ തങ്ങളും മത്സരിക്കുമെന്നായിരുന്നു മണിയൻപിള്ള രാജുവിന്റേയും ജഗദീഷിന്റേയും നിലപാട്. സിപിഎം നിർദ്ദേശ പ്രകാരമാണ് താൻ മത്സരിക്കുന്നതെന്ന് മുകേഷും പറഞ്ഞു. എന്നാൽ വനിതാ സംവരണത്തെ അട്ടിമറിക്കാൻ കൊല്ലം എംഎൽഎ ശ്രമിക്കുന്നുവെന്ന തരത്തിലെ ചർച്ചകൾ മുകേഷിന് പ്രതിസന്ധിയായി. മുകേഷ് മത്സരത്തിൽ നിന്ന് പിന്മാറി. തോൽവി കൂടി ഭയന്നായിരുന്നു ഇത്. എന്നാൽ അമ്മയിൽ വിമതന്മാർക്കും ജയിച്ചു കയറാമെന്ന സ്ഥിതി മണിയൻപിള്ള രാജു സാധ്യമാക്കി. ഇതിനൊപ്പം എക്സിക്യൂട്ടീവിലേക്ക് വിജയ് ബാബുവും ലാലും ജയിച്ചു. ഫലത്തിൽ രാഷ്ട്രീയക്കാർ പുറത്തായി. മണിയൻപിള്ള രാജുവിന് കിട്ടിയ വമ്പൻ ഭൂരിപക്ഷം ഔദ്യോഗിക പാനലിലെ രഹസ്യ പിന്തുണയുടെ കൂടെ ഫലമാണെന്ന് ചിലരെങ്കിലും വിലയിരുത്തിയിരുന്നു.

എന്നാൽ ആരു ജയിച്ചാലും അമ്മയിലെ രാഷ്ട്രീയക്കാർ ഒഴിവായതിന്റെ ആശ്വാസത്തിലാണ് മോഹൻലാൽ. തീരുമാനങ്ങളിൽ ആരുടേയും രാഷ്ട്രീയം ഇനി കടന്നു വരില്ല. വിമതരായി ജയിച്ചവർ ലാലിനെ അംഗീകരിക്കുന്നു. ഇടവേള ബാബുവിനോടും ഇവർക്ക് വ്യക്തിപരമായ പ്രശ്നങ്ങളില്ല. അതുകൊണ്ട് തന്നെ മുമ്പോട്ടുള്ള പ്രവർത്തനത്തിന് തടസ്സമില്ല. ഇതു തന്നെയാണ് ബിജെപിയുടെ മുഖമായ സുരേഷ് ഗോപിയെ അമ്മയുടെ പരിപാടിയിൽ മുഖ്യാതിഥിയായി അവതരിപ്പിക്കാൻ ലാലിന്റെ ഭരണ സമിതിക്ക് അവസരമാകുന്നതും.

ശിക്ഷ വാങ്ങിയ സുരേഷ് ഗോപി

സുരേഷ് ഗോപി താരസംഘടനയായ അമ്മയിൽ നിന്നും അകന്നു നില്ക്കാൻ ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. ഇതിന് കാരണവും സുരേഷ് ഗോപി തന്നെ തുറന്നു പറഞ്ഞിരുന്നു. 1997ൽ ഗൾഫിൽ അവതരിപ്പിച്ച പരിപാടിയായിരുന്നു 'അറേബ്യൻ ഡ്രീംസ്'. നാട്ടിൽ എത്തിയപ്പോൾ തിരുവനന്തപുരത്ത് കാൻസർ സെന്റർ, കണ്ണൂർ കളക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാൻ വേണ്ടി, പാലക്കാട് കലക്ടറുടെ ധനശേഖരണ പരിപാടിയായി അഞ്ച് സ്റ്റേജ് കളിച്ചു ഒരു പൈസ പോലും ശമ്പളം വാങ്ങാതെ ഈ ഷോ ഇവിടങ്ങളിൽ അവതരിപ്പിച്ചു. ഷോ നടത്തുന്നയാൾ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്കു തരുമെന്ന് സുരേഷ് ഗോപി അമ്മ സംഘടനയെ അറിയിച്ചു. കൽപ്പനയും, ബിജു മേനോനും താനും പ്രതിഫലം വാങ്ങിയില്ല. ഈ അഞ്ചു സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗിൽ ചോദ്യം വന്നു

'ജഗദീഷേട്ടനും അമ്പിളിച്ചേട്ടനും (ജഗതി ശ്രീകുമാർ) എന്നെ മീറ്റിംഗിൽ ഇരുത്തി പൊരിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാൻ ശരിക്കും പാവമാ. 'അങ്ങേര് അടയ്ക്കാത്തിടത്ത് താൻ അടക്കുമോ' എന്ന് അമ്പിളി ചേട്ടൻ ചോദിച്ചു. ആ 'താൻ' ഞാൻ പൊറുക്കില്ല. എനിക്ക് വലിയ വിഷമമായി.. തിരിച്ചു പറയേണ്ടി വന്നു. അയാൾ അടച്ചില്ലെങ്കിൽ ഞാൻ അടക്കും എന്ന് പറഞ്ഞിട്ട് ഇറങ്ങി പോയി. എന്നിട്ടും അയാൾ അത് അടച്ചില്ല. അപ്പോൾ അമ്മയിൽ നിന്നും രണ്ടു ലക്ഷം പിഴയടക്കാൻ നോട്ടിസ് വന്നു. എന്റെ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള പണമെടുത്തടച്ചു. 'പക്ഷെ അന്ന് ഞാൻ പറഞ്ഞു. ഞാൻ ശിക്ഷിക്കപ്പെട്ടവനാണ്. ഇനി ഒരു ഭാരവാഹിത്വവും ഞാൻ അവിടെ ഏറ്റെടുക്കില്ല. ഞാൻ മാറി നിൽക്കും. പക്ഷെ അമ്മയിൽ നിന്നും അന്വേഷിക്കും. ഇപ്പോഴും, 1999 മുതൽ ഒരു തീരുമാനമെടുക്കുമെങ്കിൽ എന്നോട് ചർച്ച ചെയ്തിട്ടേ എടുക്കൂ.'-ഇതായിരുന്നു സുരേഷ് ഗോപി മുമ്പ് പറഞ്ഞിരുന്നത്.

പ്രസിഡന്റ് ആവണമെന്ന് ഇന്നസെന്റ് പല തവണ പറഞ്ഞപ്പോഴും സുരേഷ് ഗോപി പറ്റില്ലെന്നറിയിച്ചു. 'ഞാൻ ശിക്ഷ വാങ്ങിപ്പോയി. എനിക്കിനി അവിടെ പറ്റില്ല. ഞാൻ ഇങ്ങനെ നിന്നോളാം. അവിടെ വരുന്നില്ല. അമ്മയുടെ എന്തെല്ലാം പദ്ധതികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. '2004ൽ അമ്മയും ടെക്‌നിക്കൽ വിഭാഗവുമായി യുദ്ധം നടക്കുമ്പോൾ ഞാൻ ഒരു വിമതനാണ്, എന്നെ പിടിച്ചാൽ അമ്മയെ ഉടയ്ക്കാൻ കഴിയുമെന്ന് പോലും ചിലർ വിചാരിച്ചു. പലരെയും കൊണ്ടുപോയില്ലേ? ഞാൻ അതിൽ ഉണ്ടായിരുന്നില്ലല്ലോ. ഞാൻ ഇപ്പോഴും സംഘടനയുടെ ഭാഗമാണ്. ഹൃദയംകൊണ്ട് അവർക്കൊപ്പമുണ്ട്. ടെക്‌നിക്കലായി ഒരു പ്രശ്‌നമുണ്ടെന്നു മാത്രം. അവർ എന്നെ നിർബന്ധിക്കുന്നുമില്ല,'സുരേഷ് ഗോപി പറഞ്ഞിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP