Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം കോട്ടയിൽ ചിരിച്ച മുഖവുമായി രാഷ്ട്രീയ എതിരാളികളെ നേരിട്ട നേതാവ്; അണികളുടെ പ്രിയ ശങ്കരേട്ടനായി വളർന്നപ്പോൾ വെട്ടാൻ ശ്രമിച്ചവരിൽ സാക്ഷാൽ കെ കരുണാകരനും; ലീഡറുടെ നോട്ടപ്പുള്ളി ആയെങ്കിലും രാഷ്ട്രീയമായി അതിജീവനം ജനപിന്തുണയോടെ; ശങ്കരനാരായണൻ മുഖ്യമന്ത്രി പദവിക്ക് പിറകേ പോകാത്ത നേതാവ്

സിപിഎം കോട്ടയിൽ ചിരിച്ച മുഖവുമായി രാഷ്ട്രീയ എതിരാളികളെ നേരിട്ട നേതാവ്; അണികളുടെ പ്രിയ ശങ്കരേട്ടനായി വളർന്നപ്പോൾ വെട്ടാൻ ശ്രമിച്ചവരിൽ സാക്ഷാൽ കെ കരുണാകരനും; ലീഡറുടെ നോട്ടപ്പുള്ളി ആയെങ്കിലും രാഷ്ട്രീയമായി അതിജീവനം ജനപിന്തുണയോടെ; ശങ്കരനാരായണൻ മുഖ്യമന്ത്രി പദവിക്ക് പിറകേ പോകാത്ത നേതാവ്

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: മുഖ്യമന്ത്രി ആകണം എന്നത് കെ ശങ്കരാനാരായണന്റെ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു. എന്നാൽ അതിന് വേണ്ടി ആത്മർഥമായി അദ്ദേഹം ശ്രമിച്ചിരുന്നില്ല. ശ്രമിച്ചിരുന്നെങ്കിൽ നടക്കുമായിരുന്നു എന്നാണ് കെ ശങ്കരനാരായണൻ തന്റെ ആത്മകഥയിൽ പറഞ്ഞിരുന്നത്. സിപിഎമ്മിന്റെ കോട്ടയിൽ അവരെ നേരിട്ടു വളർന്ന നേതാവായിരുന്നു കെ ശങ്കരനാരായണൻ. പാലക്കാട് ജില്ലയിലെ കോൺഗ്രസിന്റെ ഗോഡ്ഫാദറായിരുന്നു അദ്ദേഹം. പാലക്കാടന് ജനതയുടെ പൾസ് അറിയുന്ന നേതാവായിരുന്നു അദ്ദേഹം. കോൺഗ്രസ് രാഷ്ട്രീയത്തിലെ വിവിധ തലമുറകളിലുള്ളവരുടെ ഗുരുനാഥനായ ഇദ്ദേഹം കോൺഗ്രസിലെ മികച്ച പ്രാസംഗികരിലൊരാളായിരുന്നു.

വിദ്യാഭ്യാസ കാലത്ത് തുടങ്ങിയതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം. ഇത് പടിപടിയായി ഉയരുകയാരുന്നു. കേരളത്തിൽ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്സൈസ്, തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായിരുന്നു. തൃത്താല, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തി. കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള ജില്ലയിൽ കോൺഗ്രസ് വേരോട്ടത്തിനായി ശങ്കരനാരായണൻ അക്ഷീണം യത്‌നിച്ചു.

1968ൽ 36ാം വയസ്സിൽ കെപിസിസി ജനറൽ സെക്രട്ടറി പദത്തിലെത്തി. കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിനൊപ്പം നിലകൊണ്ടു. അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോൾ അതുല്യഘോഷ്, എസ്.കെ.പാട്ടീൽ, കാമരാജ് എന്നിവരോടൊപ്പംസംഘടനാ കോൺഗ്രസിന്റെ പ്രവർത്തകസമിതിയംഗമായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തു. അടിയന്തരാവസ്ഥക്കാലത്തു സംഘടനാ കോൺഗ്രസിന്റെ സംസ്ഥാനപ്രസിഡന്റായിരുന്ന (1971 76)

ശങ്കരനാരായണൻ പൊലീസ് അറസ്റ്റിലായി. പൂജപ്പുര ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. മാപ്പെഴുതി കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. അന്ന് കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. തന്റെ മാനസഗുരു കൂടിയായിരുന്ന കാമരാജിന്റെ സംസ്‌കാരചടങ്ങിന് ജയിലിൽ നിന്നാണ് ശങ്കരനാരായണൻ പോയത്. 1976-ൽ ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കുകയായിരുന്നു.

കെ കരുണാകരൻ രാഷ്ട്രീയ വളർച്ചക്ക് തടസമായി

കെ കരുണാകരൻ തന്നെ വ്യക്തിപരമായി നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് കെ ശങ്കരനാരായണൻ വെളിപ്പെടുത്തിയിട്ടുണ്ട. 'അനുപമം ജീവിതം' എന്ന ആത്മകഥയിലാണ് കെ കരുണാകരൻ തന്നെ ഒരുപാടു വട്ടം നശിപ്പിക്കാൻ ശ്രമിച്ചതായി ശങ്കരനാരായണൻ വെളിപ്പെടുത്തിയത്. തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് തടസം നിൽക്കുന്ന ഇടപെടലുകൾ കരുണാകരന്റെ ഭാഗത്തു നിന്നും ഉണ്ടായെന്നാണ് ശങ്കരനാരായണൻ ആത്മകഥയിൽ പറയുന്നത്. 1984 ൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ആദ്യം പരിഗണിച്ചിരുന്നത് ശങ്കരനാരായണനെയായിരുന്നു. ഹൈക്കമാന്റ് ഉൾപ്പടെ ഇതിന് അംഗീകാരം നൽകി.

എന്നാൽ കരുണാകരൻ ഇടപെട്ട് ഈ സീറ്റ് പിഎ ആന്റണിക്ക് നൽകേണ്ടി വന്നതായും ശങ്കരനാരായണൻ പറയുന്നു. ശങ്കരനാരായണനു വേണ്ടി ചുവരെഴുത്ത് വരെ നടന്നിരുന്നു. അതിനു ശേഷമാണ് കരുണാകരന്റെ ഇടപെടൽ ഉണ്ടായത്. ഇതേക്കുറിച്ച് ശങ്കരനാരായണൻ ഇങ്ങനെ പറയുന്നു, 'അപ്രതീക്ഷിതമായിരുന്നു ... ആ കരുനീക്കം. ഞാൻ ഡൽഹിക്ക് പോയാൽ എന്റെ രാഷ്ട്രീയ മേൽവിലാസം തന്നെ മാറിയേക്കുമെന്ന ഭയപ്പാടായിരിക്കാം കരുണാകരനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. ഒടുവിൽ പെട്ടിയും തൂക്കി കെ ആർ നാരായണന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കാൻ ഒറ്റപ്പാലത്തേക്ക് മടങ്ങുമ്പോൾ വഴിയോര ചുവരിൽ ' കെ ശങ്കരനാരായണൻ നമ്മുടെ സ്ഥാനാർത്ഥി ' എന്നെഴുതിക്കണ്ടത് എന്റെ ഉള്ളിലുണ്ടാക്കിയ ദുഃഖം ആർക്കും തിരിച്ചറിയാവുന്നതിനുമപ്പുറമായിരുന്നു. '

തനിയ്‌ക്കെതിരെ കരുണാകരൻ നടത്തിയ നീക്കങ്ങളോരോന്നും ശങ്കരനാരായണൻ ആത്മകഥയിൽ വിമർശിക്കുന്നുണ്ട്. മറ്റൊരു നേതാവിനുമെതിരെ ഇത്രയേറെ വിമർശന ശരങ്ങൾ ഇല്ല. 1987 ൽ പ്രതിപക്ഷ നേതാവാകാൻ കോൺഗ്രസ് എം എൽ എ മാരുടെ പിന്തുണയുണ്ടായിട്ടും ആ സ്ഥാനത്തേക്ക് കരുണാകരൻ വന്നത്, 1993 ൽ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ചതും, ഒടുവിൽ മുസ്ലിംലീഗിലെ അബ്ദുസമദ് സമദാനിയെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയതുമെല്ലാം ശങ്കരനാരായണൻ വിവരിക്കുന്നു.

രാജ്യസഭാ സീറ്റ് നൽകാതെ വെട്ടിയതോടെ ശങ്കരനാരായണനും കരുണാകരനും അകന്നു. അതിനെക്കുറിച്ച് ശങ്കര നാരായണൻ ഇങ്ങനെയെഴുതി, 'ഈ സംഭവത്തോടെയാണ് ഞങ്ങൾ തുറന്ന പോരിലേക്ക് നീങ്ങുന്നത്. ഒരിക്കലല്ല, ഒരുപാടു വട്ടം എന്നെ വ്യക്തിപരമായി നശിപ്പിക്കാനെന്നോളം ശ്രമിച്ചത് സഹിക്കാനായില്ലെന്നും ശങ്കരനാരായണൻ ആത്മകഥയിൽ പറയുന്നു. അടിയന്തിരാവസ്ഥ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ഈ കാലത്ത് ചില കോൺഗ്രസ് നേതാക്കൾ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചതായും ശങ്കരനാരായണൻ ആത്മകഥയിൽ വിവരിച്ചിരുന്നു.

അതേസമയം കോൺഗ്രസ് പ്രസ്ഥാനം വീണ്ടും തിരിച്ചുവരണം എന്ന് അവസാന കാലത്തും അദ്ദേഹം ആഗ്രഹിച്ചിരുന്നു. കെ കരുണാകരന്റെ നോട്ടപ്പുള്ളി ആണെങ്കിലും ജനപിന്തുണയോടെയാണ് അദ്ദേഹം രാഷ്ട്രീയമായി മുന്നേറിയത്. അണികളായിരുന്നു എക്കാലത്തത്തും അദ്ദേഹത്തിന്റെ ശക്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP