Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുണ്ട് മാത്രമല്ല, വള്ളി ചെരുപ്പുമിട്ട് മലയാളി ലുക്കിൽ ജോസേട്ടൻ; 'സഞ്ജുവേ കിടിലം ജോസേട്ടൻ മലയാളിയായി' എന്ന് ആരാധകർ; വമ്പന്മാരെ മുട്ടുകുത്തിച്ച് ഐപിഎല്ലിൽ കുതിക്കുന്ന സഞ്ജുവും കൂട്ടർക്കും അഭിനന്ദന പ്രവാഹം

മുണ്ട് മാത്രമല്ല, വള്ളി ചെരുപ്പുമിട്ട് മലയാളി ലുക്കിൽ ജോസേട്ടൻ; 'സഞ്ജുവേ കിടിലം ജോസേട്ടൻ മലയാളിയായി' എന്ന് ആരാധകർ; വമ്പന്മാരെ മുട്ടുകുത്തിച്ച് ഐപിഎല്ലിൽ കുതിക്കുന്ന സഞ്ജുവും കൂട്ടർക്കും അഭിനന്ദന പ്രവാഹം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐ പി എൽ സീസണിൽ വമ്പന്മാരായ ടീമുകളെ മുട്ടുകുത്തിച്ച് മുന്നേറുന്ന രാജസ്ഥാൻ റോയൽസിന് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം അഭിനന്ദനങ്ങൾ നിറയുകയാണ്. കഴിഞ്ഞ ദിവസം
ഡൽഹി ക്യാപ്പിറ്റൽസിനെതിരെയും റൺമല തീർത്താണ് സഞ്ജുവും സംഘവും വിജയത്തിലേക്ക് മുന്നേറിയത്. ജോസ് ബട്ട്‌ലറിന്റെ തകർപ്പൻ ബാറ്റിംഗിനൊപ്പം മുന്നിൽ നിന്ന് നയിക്കുന്ന സഞ്ജുവുമാണ് വിജയത്തിന്റെ കാതൽ.

ടീം മീറ്റിംഗിലേതടക്കം ചിത്രങ്ങൾ അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ തനി മലയാളി ലുക്കിൽ സഞ്ജു സാംസൺ ജോസ് ബട്‌ലർക്കൊപ്പം പങ്കുവച്ച് ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടീം ബസിന്റെ പശ്ചാത്തലത്തിൽ കറുത്ത മുണ്ടും പിങ്ക് നിറത്തിലുള്ള ടീം ജഴ്‌സിയും അണിഞ്ഞ് നിൽക്കുന്ന ഇരുവരുടേയും ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ 'ഹ്യൂമേട്ടനെ' ഏറ്റെടുത്തതിന് സമാനമായി രാജസ്ഥാന്റെ മലയാളി ആരാധകർ ജോസേട്ടനെ ഏറ്റെടുത്തു കഴിഞ്ഞു. 'ജോസേട്ടൻ മുണ്ട് മാത്രമല്ല, വള്ളി ചെരുപ്പുമിട്ട് പൊളിച്ചു'...... സഞ്ജുവേ കിടിലം ജോസേട്ടൻ മലയാളിആയി...... ജോസേട്ടൻ ലുക്ക് പൊളി..... സഞ്ജു മോനെ, ആ കപ്പ് ഇങ്ങു കൊണ്ട് വന്നേക്ക് , ജോസേട്ടാ നിങ്ങൾ മാസ്സ് ഇങ്ങനെ പോകുന്നു സഞ്ജു ഫേസ്‌ബുക്കിൽ പങ്കുവച്ച് ഫോട്ടോയ്ക്കുള്ള കമന്റുകൾ.

491 റൺസോടെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള ജോസ് ബട്ലർ ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം കറുത്ത മുണ്ടുടുത്തു നിൽക്കുന്ന വൈറൽ ചിത്രം 'അടിപൊളി ബട്ലർ ചേട്ടൻ' എന്ന ടാഗ്ലൈനോടെ ക്ലബ് അധികൃതർ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു.

പിന്നാവെ യുസ്വേന്ദ്ര ചെഹൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മയർ, ഡാർയിൽ മിച്ചെൽ എന്നിവരും സഞ്ജുവിനൊപ്പം മുണ്ടുടുത്തു നിൽക്കുന്ന ചിത്രവും എത്തി. അതിനു മുൻപുതന്നെ, ക്ലബ് അധികൃതർ മറ്റൊരു വിഡിയോയും സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു. ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനും ജോസ് ബട്ലറും പരസ്പരം ചോദ്യങ്ങൾ ചോദിക്കുന്ന തരത്തിലാണു വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

 

രവിചന്ദ്രൻ അശ്വിൻ പഞ്ചാബിൽ കളിച്ചിരുന്ന കാലത്ത് വിവാദ മങ്കാദിങ്ങിലൂടെ ബട്ലറെ പുറത്താക്കിയിരുന്നു. ഇതാണ് ഇരുവരെയും ആദ്യമായി ബന്ധപ്പെടുത്തിയ സംഭവം. പിന്നാലെ ഗ്രൗണ്ടിൽ ഇരു താരങ്ങളും തർക്കത്തിലും ഏർപ്പെട്ടിരുന്നു. സീസണിൽ അശ്വിൻ രാജസ്ഥാനൊപ്പം ചേർന്നതോടെയാണ് ഇരുവരുടെയും ബന്ധം മെച്ചപ്പെട്ടത്.

രാജസ്ഥാൻ അധികൃതർ പങ്കുവച്ച വിഡിയോയിൽ അശ്വിന്റെ ഒരു ചോദ്യം ഇങ്ങനെ, 'എന്നെപ്പറ്റിയുള്ള താങ്കളുടെ ആദ്യ അഭിപ്രായമെന്ത്'? മങ്കാദിങ് വിവാദം മനസ്സിലേക്ക് ഓടിയെത്തിയതുകൊണ്ടാകണം, ചെറു ചിരിയോടെ ബട്ലർ പറഞ്ഞു 'അക്കാര്യം ഇപ്പോൾ ഇവിടെ പറയാനാകില്ല'. പിന്നാലെ അൽപം ആലോചിച്ചതിനു ശേഷം, 'കളി നന്നായി നിരീക്ഷിക്കുന്ന, മനസ്സിലാക്കുന്ന ആൾ. ബോളിങ് എങ്ങനെ മെച്ചപ്പെടുത്താം, കൂടുതൽ വ്യത്യസ്തമായ പന്തുകൾ എങ്ങനെ എറിയാം തുടങ്ങിയ കാര്യങ്ങളാകും എപ്പോഴും ആലോചിക്കുക'- ബട്ലറുടെ മറുപടി.

രാജസ്ഥാൻ റോയൽസ് ബോളർമാരിൽ, ഏറ്റവും ഒഴിവാക്കാൻ ശ്രമിക്കുന്നത് കുൽദീപ് സെന്നിനെയാണെന്നും വളരെ വേഗത്തിലാണു സെൻ പന്തുകൾ എറിയുന്നതെന്നും ബട്ലർ പറയുന്നുണ്ട്.

ഐപിഎല്ലിൽ സിക്‌സർ അടിക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ഇംഗ്ലണ്ട് സഹതാരം മോയിൻ അലിയെയാണെന്നും ഇങ്ങനെ പറഞ്ഞ നിലയ്ക്ക് ഇനി മോയിൻ എന്നെ ഉറപ്പായും ഔട്ടാക്കുമെന്നും ബട്ലർ ചിരിയോടെ പറഞ്ഞു. ക്രിക്കറ്റ് താരം ആയില്ലായിരുന്നെങ്കിൽ ഉറപ്പായും പോസ്റ്റ്മാൻ ആകുമായിരുന്നു. രാവിലെ കത്തുകൾ എത്തിച്ചു നൽകിയതിനു ശേഷം ഉച്ചകഴിഞ്ഞ് ഗോൾഫ് കളിക്കാമെന്നതാണ് ഇതിനു കാരണമെന്നും ബട്ലർ പറയുന്നു.

കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഒട്ടേറെ നാഴികകല്ലുകളാണ് ക്യാപ്റ്റൻ സഞ്ജു സ്വന്തമാക്കിയത്. ഐ പി എല്ലിൽ 100 ാം മത്സരത്തിനിറങ്ങിയ മലയാളി താരം 5000 റൺസ് എന്ന കടമ്പ പിന്നിടുന്ന ചുരുക്കം ചിലരിൽ ഒരാളായി മാറുകയും ചെയ്തു.

രാജസ്ഥാന് കുറ്റൻ സ്‌കോർ സമ്മാനിക്കുന്നതിൽ 19 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്ന നായകൻ വലിയ പങ്കാണ് വഹിച്ചത്. മത്സര ശേഷം നടന്ന ടീം മീറ്റിംഗിൽ സഞ്ജുവിന് അഭിനന്ദന പ്രവാഹമായിരുന്നു. പരിശീലകനും ശ്രീലങ്കയുടെ ഇതിഹാസ താരവുമായ കുമാർ സംഗക്കാരയടക്കമുള്ളവർ മലയാളി താരത്തെ അഭിനന്ദനം കൊണ്ട് മൂടി. മൂന്നാമനായി ക്രീസിലെത്തി ശര വേഗത്തിൽ റൺസ് അടിച്ചു കൂട്ടിയത് ചൂണ്ടികാട്ടി ഇതാണ് സഞ്ജു എന്നായിരുന്നു സംഗക്കാര ടീം മീറ്റിംഗിൽ പറഞ്ഞുവച്ചത്.

ടീം മീറ്റിംഗിലെ അഭിനന്ദന പ്രവാഹം മസിൽ കാട്ടിയാണ് സഞ്ജു വരവേറ്റത്. ബട്ട്‌ലറടക്കമുള്ളവർ കൈയടിച്ചും ചിരിച്ചുമാണ് സഞ്ജുവിന്റെ മസിൽ കാട്ടലിനെ സ്വീകരിച്ചത്. ഇതിന്റെ വീഡിയോ രാജസ്ഥാൻ റോയൽസ് തന്നെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

വീഡിയോ കാണാം

റൺമല തീർത്തു, നാടകീയത, വിവാദം, ഒടുവിൽ ത്രസിപ്പിക്കുന്ന ജയം

നാടകീയ സംഭവങ്ങൾക്കൊടുവിലായിരുന്നു ഡൽഹി കാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ വിജയം. അംപയർ നോബാൾ വിളിക്കാത്തതിൽ ഡൽഹി താരങ്ങൾ ഉയർത്തിയ പ്രതിഷേധമാണ് വിവാദത്തിലേക്ക് നയിച്ചത്. അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ വേണ്ടത് 36 റൺസ്. രാജസ്ഥാൻ പേസർ ഓബദ് മക്കോയുടെ ആദ്യ മൂന്ന് പന്തും റോവ്മാൻ പവൽ ഗാലറിയിലെത്തിച്ചു. എന്നാൽ മൂന്നാം പന്ത് നോബാളാണെന്ന വാദമുയർന്നു.

ഫുൾടോസാണെന്ന മറുവാദവുമുണ്ടായി. അംപയർ നോബോൾ വിളിക്കാതിരുന്നതോടെ ഡൽഹി നായകൻ റിഷഭ് പന്തിന്റെ നിയന്ത്രണം വിട്ടു. ബാറ്റർമാരോട് തിരികെ വരാൻ ആവശ്യപ്പെട്ടു. ഇതിനിടെ ഡൽഹി കോച്ചിങ് സ്റ്റാഫ് ഷെയ്ൻ വാട്സൺ പന്തിനെ വിലക്കുന്നുണ്ടായിരുന്നു. പന്തിനെ എതിർത്ത് രാജസ്ഥാൻ താരം ജോസ് ബട്ലറുമെത്തി. അംപയർ ഡൽഹി താരങ്ങളെ ശാന്തരാക്കുന്നതിനിടെ ബാറ്റിങ് കോച്ച് പ്രവീൺ ആംറെ ഗ്രൗണ്ടിലേക്കെത്തി.

തർക്കത്തിലൂടെ സമയം പോയപ്പോൾ പവലിന്റെ താളംനഷ്ടമായി. 15 റൺസകലെ ഡൽഹിയുടെ പോരാട്ടത്തിന് അവസാനം. മത്സരശേഷവും പന്ത് ക്ഷുഭിതനായി കാണപ്പെട്ടു. അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്നാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസണും അഭിപ്രായപ്പെട്ടു. ആംറേ ഗ്രൗണ്ടിലേക്കിറങ്ങിയത് അംഗീകരിക്കാനാവില്ലെന്ന് മുൻതാരം കെവിൻ പീറ്റേഴ്സണും വ്യക്തമാക്കി.

രാജസ്ഥാനെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന് മാച്ച് ഫീയുടെ നൂറ് ശതമാനം പിഴ ചുമത്തി. അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറേയ്ക്കും മാച്ച് ഫീയുടെ 100 ശതമാനമാണ് പിഴ ചുമത്തിയത്. ആംറേയ്ക്കും ഒരു മത്സര വിലക്കുമുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ക്യാപിറ്റൽസിന്റെ പേസർ ശാർദുൽ താക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്.

ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.7 പ്രകാരമുള്ള ലെവൽ 2 കുറ്റം പന്ത് ഏറ്റുപറഞ്ഞിട്ടുണ്ട്. ശർദ്ദുൽ താക്കൂർ ആർട്ടിക്കിൾ 2.8 പ്രകാരം ലെവൽ 2 കുറ്റവും, ആർട്ടിക്കിൾ 2.2 പ്രകാരം ലെവൽ 2 കുറ്റം ആംരെയും ഏറ്റുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങാൻ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP