Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൗളർമാർ എറിഞ്ഞിട്ടു.. അടിച്ചൊതുക്കി ബാറ്റ്‌സ്മാന്മാരും; ബാംഗ്ലൂരിനെ ഒൻപത് വിക്കറ്റിന് തകർത്ത് ഹൈദരാബാദ്; കൂറ്റൻ ജയത്തോടെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സൺറൈസേർസ്; ബംഗ്ലൂർ അഞ്ചാംസ്ഥാനത്തേക്ക് വീണു

ബൗളർമാർ എറിഞ്ഞിട്ടു.. അടിച്ചൊതുക്കി ബാറ്റ്‌സ്മാന്മാരും;  ബാംഗ്ലൂരിനെ ഒൻപത് വിക്കറ്റിന് തകർത്ത് ഹൈദരാബാദ്; കൂറ്റൻ ജയത്തോടെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സൺറൈസേർസ്; ബംഗ്ലൂർ അഞ്ചാംസ്ഥാനത്തേക്ക് വീണു

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി വിജയക്കുതിപ്പ് തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 68 റൺസിന് പുറത്താക്കിയ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തിൽ എട്ടോവറിൽ ലക്ഷ്യം അടിച്ചെടുത്തു. 28 പന്തിൽ 47 റൺസെടുത്ത് വിജയത്തിനടുത്ത് പുറത്തായ ഓപ്പണർ അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്. സ്‌കോർ റോൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 16.1 ഓവറിൽ 68ന് ഓൾ ഔട്ട്, സൺറൈസേഴ്‌സ് ഹൈദരാബാദ് 8 ഓവറിൽ 72-1.

ആർസിബിയുടെ 68 റൺസ് പിന്തുടർന്ന അവർ 8 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ അഭിഷേക് ശർമ 28 പന്തിൽ 47 റൺസെടുത്ത് പുറത്തായി. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (17 പന്തിൽ 16*), രാഹുൽ ത്രിപാഠി ( 3 പന്തിൽ 7*) എന്നിവർ പുറത്താകാതെ നിന്നു.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറെന്ന 'സ്വന്തം' നാണക്കേട് 'പുതുക്കാതെ' റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ കഷ്ടിച്ച് രക്ഷപ്പെട്ടു. ഈ സീസണിലെ ഏറ്റവും വലിയ ബാറ്റിങ് തകർച്ച കണ്ട ഐപിഎൽ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ് വെറും 68 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ 16.1 ഓവറിലാണ് 68 റൺസിന് എല്ലാവരും പുറത്തായത്. 20 പന്തിൽ ഒരു ഫോർ സഹിതം 15 റൺസെടുത്ത സായുഷ് പ്രഭുദേശായിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്‌കോറാണ് ബാംഗ്ലൂരിന്റെ 68 റൺസ്. ഏറ്റവും ചെറിയ സ്‌കോറായ 49 റൺസും ബാംഗ്ലൂരിന്റെ പേരിലാണ്.

ദേശായിക്കു പുറമെ ബാംഗ്ലൂർ നിരയിൽ രണ്ടക്കം കണ്ടത് ഒരാൾ മാത്രമാണ്. 11 പന്തിൽ രണ്ടു ഫോറുകളോടെ 12 റൺസെടുത്ത ഗ്ലെൻ മാക്‌സ്വെൽ. സൺറൈസേഴ്‌സ് ബോളിങ് ആക്രമണത്തിനു മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്ന ബാംഗ്ലൂർ ഇന്നിങ്‌സിൽ ആകെ പിറന്നത് ആറു ഫോറുകൾ മാത്രം.

ബാംഗ്ലൂർ ഇന്നിങ്‌സിലെ രണ്ടാം ഓവറിൽത്തന്നെ വെറും മൂന്നു റൺസ് വിട്ടുകൊടുത്ത് വിരാട് കോലിയും ഫാഫ് ഡുപ്ലേസി ഉൾപ്പെടെ മൂന്നു പേരെ പുറത്താക്കി ദക്ഷിണാഫ്രിക്കൻ താരം മാർക്കോ ജാൻസൻ ഏൽപ്പിച്ച പ്രഹരം മറികടക്കാനാകാതെയാണ് ബാംഗ്ലൂർ ചെറിയ സ്‌കോറിൽ പുറത്തായത്. മോശം ഫോം തുടരുന്ന വിരാട് കോലി ഒരിക്കൽക്കൂടി ഗോൾഡൻ ഡക്കായി. കഴിഞ്ഞ മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയും കോലി ഗോൾഡൻ ഡക്കായിരുന്നു.

കോലിക്കു പുറമേ ഓപ്പണർമാരായ അനൂജ് റാവത്ത് (0), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (ഏഴു പന്തിൽ ഒരു ഫോർ സഹിതം അഞ്ച്) എന്നിവരെയാണ് ജാൻസൻ ആദ്യ ഓവറിൽത്തന്നെ മടക്കിയത്. ഷഹബാസ് അഹമ്മദ് (12 പന്തിൽ ഏഴ്), ദിനേഷ് കാർത്തിക് (0), ഹർഷൽ പട്ടേൽ (എട്ടു പന്തിൽ നാല്), വാനിന്ദു ഹസരംഗ (19 പന്തിൽ എട്ട്), മുഹമ്മദ് സിറാജ് (നാലു പന്തിൽ രണ്ട്) എന്നിവരും തീർത്തും നിരാശപ്പെടുത്തി. ജോഷ് ഹെയ്‌സൽവുഡ് 11 പന്തിൽ മൂന്ന് റൺസുമായി പുറത്താകാതെ നിന്നു.

സൺറൈസേഴ്‌സിനായി ടി.നടരാജൻ മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങിയും മാർക്കോ ജാൻസൻ നാല് ഓവറിൽ 25 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി. ജെ. സുചിത് മൂന്ന് ഓവറിൽ 12 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. നാല് ഓവറിൽ 13 റൺസ് വഴങ്ങിയ ഉംറാൻ മാലിക്കിനും 2.1 ഓവറിൽ എട്ട് റൺസ് വഴങ്ങി ഭുവനേശ്വർ കുമാറിനും ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ, ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ താരങ്ങളുമായാണ് ഇരു ടീമുകളും കളിക്കുന്നത്. ഏഴു കളികളിൽനിന്ന് അഞ്ച് വിജയം സഹിതം 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ. മുന്നിലുള്ള രണ്ടു ടീമുകൾക്കും 10 പോയിന്റ് വീതമാണെങ്കിലും നെറ്റ് റൺറേറ്റിൽ പിന്നിലായതാണ് ബാംഗ്ലൂരിനെ മൂന്നാമത് നിർത്തുന്നത്. ആദ്യ രണ്ടു കളികൾ തോറ്റെങ്കിലും പിന്നീട് നാലു മത്സരങ്ങൾ തുടർച്ചയായി ജയിച്ച സൺറൈസേഴ്‌സ് എട്ടു പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP