Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓഫിസർമാർക്കു ട്രേഡ് യൂണിയൻ അവകാശങ്ങൾ ഇല്ല എന്നിരിക്കെ കെഎസ്ഇബി ഓഫിസർമാർക്ക് സമരം ചെയ്യാനാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി; ചാരിറ്റി സംഘടനയെന്ന വസ്തുതയിൽ പ്രതിഷേധമെല്ലാം തകർന്നടിയുമോ? കെ എസ് ഇ ബിയിൽ സമവായമാകുന്നില്ല; വൈദ്യുത ബോർഡിൽ ഇനി കടുത്ത നടപടികൾ

ഓഫിസർമാർക്കു ട്രേഡ് യൂണിയൻ അവകാശങ്ങൾ ഇല്ല എന്നിരിക്കെ കെഎസ്ഇബി ഓഫിസർമാർക്ക് സമരം ചെയ്യാനാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി; ചാരിറ്റി സംഘടനയെന്ന വസ്തുതയിൽ പ്രതിഷേധമെല്ലാം തകർന്നടിയുമോ? കെ എസ് ഇ ബിയിൽ സമവായമാകുന്നില്ല; വൈദ്യുത ബോർഡിൽ ഇനി കടുത്ത നടപടികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒടുവിൽ ആ സത്യം ഹൈക്കോടതി ചോദിച്ചു.... ഓഫിസർമാർക്കു ട്രേഡ് യൂണിയൻ അവകാശങ്ങൾ ഇല്ല എന്നിരിക്കെ കെഎസ്ഇബി ഓഫിസർമാർക്ക് സമരം ചെയ്യാനാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതിയുടെ ചോദ്യം അതിനിർണ്ണായകമാണ്. ഓഫീസർമാരുടെ സംഘടനയ്ക്ക് ചാരിറ്റി സ്വഭാവം മാത്രമാണുള്ളത്. അംഗങ്ങളുടെ ക്ഷേമ കാര്യങ്ങളിൽ മാത്രമേ ഇടപെടൽ നടത്താനാകൂ. ഇതാണ് ഹൈക്കോടിതയും ചർച്ചയാക്കുന്നത്. ഇതോടെ കെ എസ് ഇ ബിയിലെ സമരം തന്നെ നിയമ വിരുദ്ധമായേക്കും.

കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ സമരം നടത്തുന്നതു ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദത്തിനിടെയാണു ജസ്റ്റിസ് സി.എസ്.ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർണ്ണായക ചോദ്യം ഉയർത്തിയത്. ഹർജികളിൽ സർക്കാരിനും കെഎസ്ഇബിക്കും വേണ്ടി അഭിഭാഷകർ നോട്ടിസ് എടുത്തു. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷനു പ്രത്യേക ദൂതൻ മുഖേന കോടതി നോട്ടിസ് പുറപ്പെടുവിച്ചു. 26നു കേസ് വീണ്ടും പരിഗണിക്കും.

കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ നടത്തുന്ന സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺ ജോസ് നൽകിയ പൊതുതാൽപര്യ ഹർജിയും സമരം തുടരുമെന്നു പ്രഖ്യാപിച്ച സംഘടനാ നേതാവ് എം.ജി.സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ.വി.ജയചന്ദ്രൻ നായർ നൽകിയ ഹർജിയുമാണ് കോടതി പരിഗണിച്ചത്. സംഘടനാ നേതാവിന്റെ പ്രഖ്യാപനം സർക്കാർ ജീവനക്കാരുടെ പണിമുടക്കു വിലക്കിയ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ആരോപിച്ചാണു ജയചന്ദ്രൻ നായരുടെ ഹർജി. ഇതിനൊപ്പമാണ് ഓഫീസർമാരുടെ സംഘടനയ്ക്ക് സമരം പ്രഖ്യാപിക്കാൻ കഴിയുമോ എന്ന ചർച്ച കൂടി എത്തുന്നത്.

അതിനിടെ കെ എസ് ഇ ബിയിൽ പ്രശ്‌ന പരിഹാരം നീളുകയാണ്. വൈദ്യുതി ബോർഡിൽ സസ്‌പെൻഷനിൽ ആയിരുന്ന ഓഫിസർമാർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്നു ബോർഡ് മാനേജ്‌മെന്റും അക്കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നു ഓഫിസർമാരും നിലപാട് സ്വീകരിച്ചതാണ് ഇതിന് കാരണം. സസ്‌പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ തിരികെ ജോലിയിൽ പ്രവേശിക്കുകയും കുറ്റപത്രത്തിനു മറുപടി നൽകുകയും ചെയ്താൽ പ്രശ്‌നം അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. എന്നാൽ ഇതിന് ഓഫീസർമാർ തയ്യാറല്ല. ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് അവരുടെ നിലപാട്. എന്നാൽ അഭിഭാഷകനുമായി ആലോചിച്ചു മാത്രമേ കുറ്റപത്രത്തിനു മറുപടി നൽകുകയുള്ളൂവെന്നും തിരക്കിട്ട് ജോലിയിൽ പ്രവേശിക്കാൻ ഇല്ലെന്നും സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷൻ നേതാക്കൾ പറയുന്നു.

അനധികൃതമായി ബോർഡിന്റെ വാഹനം ഉപയോഗിച്ചതിന് 6.72 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറിനു ലഭിച്ച നോട്ടിസിനു മറുപടി നൽകുന്നതും തീരുമാനിച്ചിട്ടില്ല. സർക്കാരിനാണോ ബോർഡിന് ആണോ മറുപടി നൽകേണ്ടത് എന്നു പരിശോധിക്കുമെന്ന് അസോസിയേഷൻ നേതാക്കൾ അറിയിച്ചു. സമരവുമായി മുന്നോട്ടു പോകുന്ന അസോസിയേഷൻ, ബി.അശോക് ചെയർമാനായി ചുമതലയേറ്റ ശേഷമുള്ള ബോർഡിലെ സാഹചര്യം വിശദീകരിക്കുന്ന ലഘുലേഖ തയാറാക്കി ജനപ്രതിനിധികൾക്കു നൽകുന്നുണ്ട്. ഇതു ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ലഘുലേഖയിൽ ബോർഡ് മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിയാൽ പ്രശ്‌നം കൂടുതൽ വഷളാകും. സസ്‌പെൻഷന്റെ ഭാഗമായി നൽകിയ കുറ്റപത്രത്തിന് ഇതുവരെ അവർ മറുപടി നൽകിയിട്ടില്ലെന്നും വേഗത്തിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ 45 ദിവസം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ബോർഡ് മാനേജ്‌മെന്റ് പറയുന്നു. ഇനി കൂടുതൽ കടുത്ത നടപടികൾ സമരം ചെയ്യുന്നവർക്കെതിരെ എടുക്കും.

സുരേഷ്‌കുമാറിന്റെ മോശമായ പെരുമാറ്റമാണ് കുറ്റപത്രത്തിലും സസ്‌പെൻഷൻ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവിലും ബോർഡ് മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്. പൊതു പണിമുടക്കിനോട് അനുബന്ധിച്ചു ചാനലിൽ പ്രത്യക്ഷപ്പെട്ടു ഹൈക്കോടതിയെയും സർക്കാർ ഉത്തരവിനെയും വിമർശിച്ചു, മാധ്യമങ്ങളിലൂടെ മേലധികാരികളെയും റഗുലേറ്ററി കമ്മിഷനെയും കോടതിയെയും മന്ത്രിയെയും വിമർശിച്ചു, ഡയറിയും കലണ്ടറും അച്ചടിക്കാൻ കമ്പനികളിൽ നിന്നു കോടിക്കണക്കിനു രൂപയുടെ പരസ്യം പിടിച്ചു എന്നതടക്കമുള്ള ആരോപണങ്ങളുണ്ട്.

ബോർഡിൽ നിലവിലില്ലാത്ത തസ്തികകളിൽ ഓഫിസർമാരെ നിയമിച്ചു, ബോർഡിന്റെ വാഹനങ്ങൾ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു, വിലക്കു ലംഘിച്ചു സത്യഗ്രഹം നടത്തി, എക്‌സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിനെതിരെയുള്ള അച്ചടക്ക നടപടിയിൽ ഇടപെട്ടു, ചെയർമാന്റെ ചേംബറിൽ തള്ളിക്കയറി, ഓഫിസർ എന്ന നിലയിൽ സമരം ചെയ്യാൻ അവകാശമില്ലെങ്കിലും ചെയ്തു, മന്ത്രി,ചെയർമാൻ,ഡയറക്ടർമാർ എന്നിവർക്കെതിരെ നിരന്തരം പ്രസ്താവനകളും ലഘുലേഖകളും ഇറക്കിയെന്നും ആരോപിക്കുന്നു.

ഡയറക്ടർ ആർ.സുകുവിനോടു മോശമായി പെരുമാറി, മറ്റൊരു ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയപ്പോൾ കറുത്ത മാസ്‌ക് ധരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് സുരേഷ് കുമാറിനെതിരെ ബോർഡ് ഉന്നയിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP