Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യാക്കാർക്ക് കൂടുതൽ വിസ ഇളവുകളുമായി ബ്രിട്ടൻ; ഒക്ടോബറോടെ ശതകോടികളുടെ വ്യാപാര കരാർ ഒപ്പിടാൻ ധാരണ; അദാനിയെ കണ്ടു ബോറിസ് ഉറപ്പിച്ചത് മിടുക്കരായ പ്രതിഭകൾക്കുള്ള എക്സ്ചേഞ്ച് പ്രോഗ്രാം; ഇന്ത്യയ്ക്ക് വൻ ഓഫറുകൾ നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി മടങ്ങുമ്പോൾ

ഇന്ത്യാക്കാർക്ക് കൂടുതൽ വിസ ഇളവുകളുമായി ബ്രിട്ടൻ; ഒക്ടോബറോടെ ശതകോടികളുടെ വ്യാപാര കരാർ ഒപ്പിടാൻ ധാരണ; അദാനിയെ കണ്ടു ബോറിസ് ഉറപ്പിച്ചത് മിടുക്കരായ പ്രതിഭകൾക്കുള്ള എക്സ്ചേഞ്ച് പ്രോഗ്രാം; ഇന്ത്യയ്ക്ക് വൻ ഓഫറുകൾ നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലക്ഷക്കണക്കിന് പൗണ്ടിന്റെ ഉഭയകഷി വ്യാപാരം ഉറപ്പാക്കുന്ന സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിനു പകരമായിഇന്ത്യാക്കാർക്ക് കൂടുതൽ വിസ നൽകുവാൻ ബ്രിട്ടൻ തയ്യാറാണെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. നേരത്തേ ഇന്ത്യയിലേക്ക് യാത്രപോകുന്നതിനിടയിൽ വിമാനത്തിൽ വെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു ബോറിസ് ഇത് പറഞ്ഞത്. സമർത്ഥരായവർ രാജ്യത്തിലേക്ക് വരുന്നതിനെ താൻ എക്കാലവും പ്രോത്സാഹിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏതായാലും ബോറിസ് ജോൺസന്റെ ഇന്ത്യൻ സന്ദർശനം വിജയമായിരുന്നു എന്നു മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്ന തരത്തിലുള്ള ചർച്ചകൾ നടക്കുകയും ചെയ്തു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വരുന്ന ഒക്ടോബറിൽ ദീപാവലിയോടനുബന്ധിച്ച് ഒപ്പുവയ്ക്കാൻ നരേന്ദ്ര മോദിയും ബോറിസ് ജോൺസനും തീരുമാനിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറാകും ഇത്. ഏതാണ്ട് ഒരു വർഷത്തോളമായിരുന്നു ഇതിനായി ഇരുവിഭാഗങ്ങളും ചർച്ചകൾ നടത്തിയിരുന്നതും പദ്ധതികൾ ചിട്ടപ്പെടുത്തിയിരുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർദ്ധിക്കുമെന്നും, 2030 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഇത് ഉപഭോഗ വസ്തുക്കളുടെ വിലക്കുറവിനും സഹായിക്കും.

ഒക്ടോബർ 24 ന് ദീപാവലി ദിനത്തിൽ ഒരു പുതിയ ലോകത്തിലേക്കുള്ള, പുതിയ ഭാവിയിലേക്കുള്ള തിരിനാളമായിരിക്കും ഈ കരാറിലൂടെ തെളിയുക. ഇരു രാജ്യങ്ങളിലും ഇതോടെ വർദ്ധിച്ച നിക്ഷേപ സാദ്ധ്യതകൾ ഉണ്ടാവുകയും സ്വാഭാവികമായും ഉദ്പാദനം വർദ്ധിക്കുകയും ചെയ്യും. ഇത് വേതന വർദ്ധനവിനും ഉദ്പന്നങ്ങളുടെ വിലക്കുറവിനും ഇടയാക്കും.

അതേസമയം, ഈ കരാറിലെത്തുന്നതിനുള്ള ചർച്ചകൾ വളരെയേറെ സങ്കീർണ്ണമായിരുന്നു എന്നാണ് അതുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളിൽ നിന്നും അറിയുന്നത്. സ്‌കോച്ച് വിസ്‌കി പോലെ ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ബ്രിട്ടീഷ് നിർമ്മിത മദ്യത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള ചർച്ച അതുപോലെ സങ്കീർണ്ണമായ ഒന്നായിരുന്നു. ഇതിന്റെ തീരുവ കുറച്ചതോടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി വർദ്ധിക്കും. അതിനു പകരമായി ഇന്ത്യൻ അരിയുടെയും തുണിത്തരങ്ങളുടെയും ഇറക്കുമതി തീരുവ ബ്രിട്ടനും നീക്കും.

അതുപോലെ വിവിധ മേഖലകളിൽ നൈപുണ്യം നേടിയ ഇന്ത്യാക്കാരുടെ സേവനം ബ്രിട്ടനു വേണ്ടി ഉപയോഗിക്കുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഇതിനായി ഇന്ത്യയിൽ നിന്നുള്ള, ഉയർന്ന വിദ്യാഭ്യാസവും നൈപുണികളും ഉള്ളവരുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചത്. 26 അദ്ധ്യായങ്ങളുള്ള കരാറിലെ നാല് അദ്ധ്യായങ്ങൾ ആദ്യ രണ്ടു വട്ട ചർച്ചകളിൽ തന്നെ ഇരുവിഭാഗവും അംഗീകരിച്ചു. ബാക്കിയുള്ള 22 അദ്ധ്യായങ്ങളുടെ കാര്യത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.

ഇതിന്റെ മൂന്നാം വട്ട ചർച്ച അടുത്തയാഴ്‌ച്ച ന്യുഡൽഹിയിൽ ആരംഭിക്കും. ഇപ്പോൾ തന്നെ ഇന്ത്യൻ നിക്ഷേപങ്ങൾ ബ്രിട്ടനിൽ അഞ്ച ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി, അമേരിക്കയേക്കാളും, യൂറോപ്യൻ യൂണിയനെക്കാളും ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് ഇൻഡോ-ബ്രിട്ടീഷ് കരാരില്ലൊടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർത്താൻ കഴിയും എന്നും പറഞ്ഞു.

കേവലം ഒരു വ്യാപാര കരാർ മാത്രമായിരിക്കില്ല ഇത്. പ്രതിരോധം, ദേശ സുരക്ഷ തുടങ്ങിയ മേഖലകളെ കൂടു ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഒരുകരാർ ആയിരിക്കും ഇത്. ഇരു രാജ്യങ്ങളുടെ സുരക്ഷയ്ക്കൊപ്പം ഇൻഡോ-പസഫിക് മേഖലയിൽ ഇരു രാഷ്ട്രങ്ങളുടെയും താത്പര്യം സംരക്ഷിക്കുക കൂടിയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. പ്രതിരോധ മേഖലയിലെ സഹകരിച്ചുള്ള പ്രവർത്തനം ഭാവിയിൽ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇൻഡോ-പസിഫിക് മേഖലയിലെ സമുദ്രാന്തര പ്രതിരോധം വർദ്ധിപ്പിക്കുക,. അതുപോലെ ഇന്ത്യൻ നിർമ്മിത യുദ്ധവിമാനങ്ങൾ വികസിപ്പിക്കുക തുടങ്ങിയ മേഖലകളിലെല്ലാം ബ്രിട്ടന്റെ സഹായം ഇതുവഴി ലഭിക്കും.

അതിനിടെ തന്റെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയേയും സന്ദർശിച്ചു. അഹമ്മദാബാദ് നഗരത്തിനോട് ചേർന്നു കിടക്കുന്ന ശാന്തിഗ്രാമിലെ അദാനി ഗ്രൂപ്പിന്റെ ഗ്ലോബൽ ആസ്ഥാനത്തുവച്ചായിരുന്നു കൂടിക്കാഴ്‌ച്ച നടന്നത്. ബ്രിട്ടീഷ പ്രധാനമന്ത്രിക്ക് ആഥിതേയത്വം അരുളാൻ ആയതിൽ സന്തോഷമുണ്ടെന്ന് ട്വീറ്റ് ചെയ്ത അദാനി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം,പുനരുപയോഗയോഗ്യമായ ഊർജ്ജം എന്നീ മേഖലകളിൽ ബ്രിട്ടീഷ് സർക്കാർ നടത്തുന്ന ശരമങ്ങൾക്ക് പിന്തുണ നൽകുമെന്നും കൂട്ടിച്ചേർത്തു.

അതുപോലെ പ്രതിരോധ-വ്യോമയാന സാങ്കേതിക രംഗങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുമെന്നും അദാനി വ്യക്തമാക്കി. 2030 ഓടെ പ്രതിരോധ രംഗത്ത് ഏകദേശം 300 ബില്യന്റെ നിക്ഷേപം നടത്താൻ ഇന്ത്യ തയ്യാറായിരിക്കുന്ന സന്ദർഭത്തിൽ ബോറിസ് ജോൺസനും അദാനിയും തമ്മിലുള്ള ഈ കൂടിക്കാഴ്‌ച്ചക്ക് ഏറേ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രിട്ടീഷ് കമ്പനികളും അദാനിഗ്രൂപ്പുമായി സഹകരിച്ച് പുതിയവ്യോമയാനങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും രൂപ കൽപന ചെയ്യുക എന്നതായിരിക്കും പദ്ധതി എന്നാണ് കരുതപ്പെടുന്നത് ആത്മനിർഭർ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP