Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'മഞ്ജു ഡാൻസ് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് വിളിച്ചു; തന്നോട് ആക്രോശിച്ചു'; ചാനൽ ചർച്ചയിലെ ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ മുഖവിലയ്‌ക്കെടുത്ത് ക്രൈംബ്രാഞ്ച്; മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

'മഞ്ജു ഡാൻസ് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് വിളിച്ചു; തന്നോട് ആക്രോശിച്ചു'; ചാനൽ ചർച്ചയിലെ ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ മുഖവിലയ്‌ക്കെടുത്ത് ക്രൈംബ്രാഞ്ച്; മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ നീക്കവുമായി ക്രൈംബ്രാഞ്ച്. നടി ഭാഗ്യലക്ഷ്മി ഒരു ന്യൂസ് ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലിൽ വ്യക്തത തേടിയാണ് അന്വേഷണ സംഘത്തിന്റെ നടപടി. അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ നൃത്ത വേദികളിൽ തിരികെ വരാനുണ്ടായ സാഹചര്യം ഭാഗ്യലക്ഷ്മി ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു.

മഞ്ജു ഡാൻസ് കളിക്കാൻ പോകുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ലെന്നും ഇക്കാര്യം പറഞ്ഞുകൊണ്ട് രാത്രി ഒന്നരയ്ക്ക് തന്നെ വിളിച്ചിരുന്നുവെന്നും ആക്രോശിച്ചിരുന്നുവെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ.

കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിയിൽ മഞ്ജു വാര്യർ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടാണ് ദിലീപ് തന്നെ വിളിച്ചതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. എന്നാൽ ഇക്കാര്യം താൻ മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ദിലീപ് തന്നോട് ആക്രോശിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സ്റ്റേജിൽ കയറുന്നതിന് മുന്നേ അനുഗ്രഹം ചോദിച്ച് വിളിച്ച മഞ്ജുവിനോട് വളരെ മോശമായ ഭാഷയിൽ ദിലീപ് സംസാരിച്ചു. തന്റെ കൈയിൽ പൈസ ഇല്ലെന്നും ഡാൻസ് കളിച്ചേ പറ്റൂ എന്നും മഞ്ജു പറഞ്ഞിരുന്നു. തന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തതും മഞ്ജു ചൂണ്ടിക്കാട്ടി. മഞ്ജു വാര്യരുടെ അനുവാദം വാങ്ങിയാണ് താനീ വെളിപ്പെടുത്തൽ നടത്തുന്നതെന്നും ഭാഗ്യലക്ഷ്മി ചർച്ചയ്ക്കിടെ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് മുന്നിലുള്ള നിർണായക സാഹചര്യ തെളിവാണ് മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായ അകൽച്ച. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഭാഗ്യ ലക്ഷ്മി വെളിപ്പെടുത്തൽ നടത്തിയത്. ദിലീപിന്റെ സഹോദരനും നടി ആക്രമിക്കപ്പെട്ട കേസിൽ അനൂപിനെ, അഭിഭാഷകൻ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു.

കോടതിയിൽ മഞ്ജുവിനെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെന്ന് വിലയിരുത്തലുണ്ട്. 'മഞ്ജു സ്വാർത്ഥ ചിന്താഗതിക്കാരിയാണ്, മീനാക്ഷിയോടും വീട്ടിലെ മറ്റ് കുട്ടികളോടും സ്നേഹമില്ല, മദ്യപിച്ച് വീട്ടിലെത്തും, സംശയരോഗമുണ്ട്, ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദിലീപിനോട് അനുവാദം ചോദിക്കാതെ തന്നിഷ്ടപ്രകാരം മുന്നോട്ടുപോയി, അതിനേത്തുടർന്ന് ദിലീപിൽ നിന്നും കുടുംബത്തിൽ നിന്നും അകന്നു,' തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നതായാണ് ശബ്ദരേഖയിലുള്ളത്.

മഞ്ജു വാര്യർ കരിക്കകം ക്ഷേത്രത്തിൽ നൃത്തം ചെയ്യാൻ കൂടുതൽ പണം ചോദിച്ചെന്ന് അനൂപിനേക്കൊണ്ട് പറയിപ്പിക്കാൻ അഭിഭാഷകൻ ശ്രമിക്കുന്നതും ശബ്ദരേഖയിലുണ്ട്. '10 ലക്ഷം രൂപ പ്രതിഫലമെന്നതിൽ കുറവ് വരുത്തണമെന്ന് അഭ്യർത്ഥിച്ച് ദിലീപിനെ കരിക്കകം ക്ഷേത്രക്കാർ വിളിച്ചെന്ന് പറയണം. ഇതനുസരിച്ച് ദിലീപേട്ടൻ മഞ്ജുച്ചേച്ചിയെ വിളിച്ചു. തന്റെ കാര്യത്തിൽ ഇടപെടേണ്ടെന്ന് പറഞ്ഞ് മഞ്ജു വാര്യർ തുക കുറയ്ക്കാൻ തയ്യാറായില്ലെന്ന് പറയണം' എന്നും ശബ്ദരേഖയിലുണ്ട്.

ഭാഗ്യലക്ഷ്മി ചാനൽ ചർച്ചയിൽ പറഞ്ഞത്

പറയാതെ ഡാൻസിന് പോയി അതുകൊണ്ട് ഏട്ടന് ദേഷ്യം വന്നു എന്നുള്ള രീതിയിൽ ഒരിടത്ത് പറഞ്ഞ് അനൂപ് കേട്ടിരുന്നു. ഇതിൽ ഒരു വിഷയത്തിൽ ഞാനൊരു ദൃക്സാക്ഷിയാണ്. ദൃക്സാക്ഷിയെന്ന് വച്ചാൽ ഞാനൊരു ഭാഗമാണ് ആ വിഷയത്തിൽ. എനിക്ക് മഞ്ജു വാര്യരെ ഒരു പരിചയവും ഇല്ല. ഒരു പ്രാവശ്യം എന്തോ കണ്ടിട്ടേയുള്ളു ആ സമയത്ത്. അപ്പോ എനിക്ക് മഞ്ജുവിനോട് ഒരു അടുപ്പവുമില്ല. ദിലീപുമായി നല്ല അടുപ്പമുണ്ടായിരുന്നു താനും. അപ്പോ കരിക്കകം ക്ഷേത്രത്തിൽ ഡാൻസ് കളിച്ചതിനെ കുറിച്ച് എവിടെയോ ഒരിടത്ത് ഞാൻ വായിച്ചു. അനൂപ് പറഞ്ഞതായിട്ട് വായിച്ചിരുന്നു.

കരിക്കകം ക്ഷേത്ത്രിലുള്ളവർ എന്നെയാണ് അന്ന് വിളിച്ചത്. എന്നെ വിളിച്ചിട്ട് പറഞ്ഞു മാം, നിങ്ങൾ എങ്ങനെയെങ്കിലും മഞ്ജു വാര്യരെ സംഘടിപ്പിച്ചു തരുമോ ഞങ്ങളുടെ ഉത്സവകാലത്ത് ഡാൻസിന് എന്ന്. ഞാൻ പറഞ്ഞു എനിക്കൊരു പരിചയവുമില്ലെന്ന്. അയ്യോ അങ്ങനെ പറയരുത് മാഡം എങ്ങനെയെങ്കിലും ശരിയാക്കിത്തരണമെന്ന് പറഞ്ഞു. ഞാൻ ഗീതു മോഹൻദാസിനെയാണ് വിളിച്ചത്. എനിക്ക് മഞജു വാര്യരെ പരിചയം ഇല്ല. നമ്പറില്ല. അപ്പോ ഗീതു പറഞ്ഞു എന്റെ പൊന്നു ചേച്ചി, ചേച്ചിക്കെന്താ മഞ്ജുവിനെ വിളിച്ചാൽ, ഞാൻ നമ്പർ തരാം. ചേച്ചി മഞ്ജുവിനെ വിളിച്ച് നേരിട്ട് ചോദിക്കെന്ന്.അന്ന് ദിലീപും മഞ്ജുവും തമ്മിൽ പ്രശ്നമുള്ളതുകൊണ്ട് ദിലീപിനെ വിളിക്കാൻ തോന്നിയില്ല. ഞാൻ മഞ്ജുവിനെ വിളിച്ചു. മഞ്ജു ഡാൻസ് കളിക്കുവോ എന്ന് ചോദിച്ചു. കളിക്കും ചേച്ചി, എനിക്ക് കളിച്ചേ പറ്റൂ. ഞാൻ സാമ്പത്തികമായിട്ട് വളരെ പ്രശ്നത്തിലാണ്. കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. അപ്പോ പൈസയില്ല എന്റെ കയ്യില്, പൈസ വേണം എന്നിങ്ങനെ പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു. ഇങ്ങനെയൊരു അമ്പലം പറഞ്ഞിട്ടുണ്ട്. പേയ്മെന്റ് ഒന്നും പറഞ്ഞിട്ടില്ല. നേരിട്ട് സംസാരിച്ചോളൂ നമ്പർ കൊടുക്കാമെന്ന് പറഞ്ഞു. എന്റെ റോൾ അവിടെ കഴിഞ്ഞു. അവർ രണ്ട് പേരും തമ്മിൽ സംസാരിച്ചു. ചോദിച്ച പേയ്മെന്റ് തന്നെ അവർ ഓക്കെ പറഞ്ഞു. നല്ല രീതിയിൽ ഒരു പേയ്മെന്റ് പറഞ്ഞു. മഞ്ജു എന്നെ വിളിച്ച് പറഞ്ഞു. ഞാൻ ഇതുവരെയും ഇത് എവിടെയും പറയാത്ത കാര്യമാണ്. പക്ഷേ ഇതിനെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്.

അന്ന് രാത്രി ഒന്നരമണിയായപ്പോ എനിക്കൊരു കോൾ വന്നു. നോക്കുമ്പോൾ ദീലീപ് ആയിരുന്നു. അപ്പോ എനിക്ക് ദേഷ്യം വന്നു. എന്തിനാണ് ഈ രാത്രിയിലൊക്കെ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോ ഇവിടെ കുറച്ച് പ്രശ്നമാണ് ചേച്ചി, ചേച്ചിയാണോ അമ്പലത്തില് ഡാൻസ് ഫിക്സ് ചെയ്തുകൊടുത്തത് എന്ന് ചോദിച്ചു. ഡാൻസ് ഫിക്സ് ചെയ്തുകൊടുത്തതല്ല. രണ്ട് പേരെ കണക്റ്റ് ചെയ്തു കൊടുത്തു എന്ന് പറഞ്ഞു. അവൾ അത് കളിക്കാൻ പാടില്ല എന്ന് പറഞ്ഞു. അതിപ്പോ എന്നോട് പറഞ്ഞിട്ട് എന്താ കാര്യം അത് നിങ്ങള് നേരിട്ട് സംസാരിക്കൂ, നിങ്ങളുടെ ഭാര്യ അല്ലെ എന്ന് പറഞ്ഞു. അപ്പോ എന്റെയടുത്ത് പറഞ്ഞു.

ചേച്ചിയെ ഭയങ്കര സ്നേഹവും ബഹുമാനവുമാണ്. ചേച്ചി പറഞ്ഞാ കേൾക്കും എന്ന് പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു 14 വർഷം കൂടെ ജീവിച്ച നിങ്ങൾക്കവളെ സ്വാധീനിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്നലെ സംസാരിച്ച എനിക്ക് എങ്ങനെ സ്വാധീനിക്കാൻ കഴിയും, ഞാൻ സംസാരിക്കില്ല എന്ന് പറഞ്ഞു. അപ്പോ എന്റെ അടുത്ത് കുറച്ച് ഷൗട്ട് ചെയ്ത് സംസാരിച്ചു. കുറച്ച് രൂക്ഷമായി തന്നെ സംസാരിച്ചു. ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു. അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു.ഞാൻ അപ്പോ തന്നെ മഞ്ജുവിന് ഒരു മെസേജ് അയച്ചു, രാവിലെ എന്നെ വിളിക്കണം അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു.

രാവിലെ ആറ്- ആറര ആവുമ്പോ മഞ്ജു എന്നെ വിളിച്ചു.അപ്പോ ഞാൻ മഞ്ജുവിനോട് പറഞ്ഞു ഇന്നലെ രാത്രി ദിലീപ് വിളിച്ചിരുന്നു, കുറച്ച് രൂക്ഷമായി സംസാരിച്ചു. പ്രശ്നമാണങ്കിൽ ഡാൻസ് നിർത്തിക്കൂടേ ചോദിച്ചു. അപ്പോ എന്നോട് പറഞ്ഞു ചേച്ചി ഈ പ്രശ്നം ഞാൻ ഡീൽ ചെയ്തോളാം, ചേച്ചി ഇതിനെക്കുറിച്ച് ഒന്നും അറിയണ്ട. കുറച്ച് പ്രശ്നമുണ്ട് ചേച്ചി എന്ന് പറഞ്ഞു. ഇത് കഴിഞ്ഞ് അവർ ഡാൻസ് കളിച്ചു. ഇതാണ് ആ വിഷയത്തിൽ യഥാർത്ഥത്തിൽ നടന്നത്. അല്ലാതെ അവർ തോന്നിയത് പോലെ ആരോടും പറയാതെയും ഒന്നും ചോദിക്കാതെയും അങ്ങനെയൊക്കെയാണ് വാർത്തകൾ വന്നത്.

ഗുരുവായൂർ ഡാൻസ് കളിക്കാൻ പോവുന്നതിന് മുൻപ് ഒക്കെ ഞാൻ മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ട്. വ്യക്തമായി ചോദിച്ച് സമ്മതം ചോദിച്ചാണ് പോയതെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. ഡാൻസ് കളിക്കുന്നതിന് മുൻപ് ദീലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോൾ വളരെ മോശമായി സംസാരിച്ചതായും മഞ്ജു പറഞ്ഞിട്ടുണ്ട്. ഇതോന്നും മഞ്ജു എന്ന വ്യക്തി പുറത്ത് പറയാത്തതുകൊണ്ട്, ആരോടും ഒന്നും പറയാത്തതുകൊണ്ട് എന്ത് തോന്ന്യവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണ്. ഒരു സ്ത്രീയെക്കുറിച്ച് മോശം പറഞ്ഞ് തെറ്റായ ധാരണ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. മഞ്ജുവിന്റെ പെർമിഷനോട് കൂടി ഞാൻ ഇപ്പോൾ ഇത് പറയുകയാണ് , ഇങ്ങനെയുള്ള തെറ്റായ വാർത്തകൾ വരാതിരിക്കാനാണ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP