Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുപ്രചരണം നടത്തി സിൽവർ ലൈൻ പൊളിക്കാനുള്ള യുഡിഎഫ് 'ക്വട്ടേഷൻ' ഏറ്റെടുത്തെന്ന് ദേശാഭിമാനി ആരോപിക്കുന്ന അലോക് വർമയ്ക്ക് വരെ ക്ഷണം; എന്നിട്ടും മെട്രോമാൻ ശ്രീധരനെ കേൾക്കാൻ താൽപ്പര്യമില്ല; സിൽവർലൈൻ ചർച്ച സർക്കാരിന് അനുകൂലമാക്കാൻ മോഡറേറ്ററാകുന്നത് പ്രിൻസിപ്പൽ സെക്രട്ടറി! കെ റെയിലിൽ ഇനി 'മസ്‌കറ്റ്' നാടകം

കുപ്രചരണം നടത്തി സിൽവർ ലൈൻ പൊളിക്കാനുള്ള യുഡിഎഫ് 'ക്വട്ടേഷൻ' ഏറ്റെടുത്തെന്ന് ദേശാഭിമാനി ആരോപിക്കുന്ന അലോക് വർമയ്ക്ക് വരെ ക്ഷണം; എന്നിട്ടും മെട്രോമാൻ ശ്രീധരനെ കേൾക്കാൻ താൽപ്പര്യമില്ല; സിൽവർലൈൻ ചർച്ച സർക്കാരിന് അനുകൂലമാക്കാൻ മോഡറേറ്ററാകുന്നത് പ്രിൻസിപ്പൽ സെക്രട്ടറി! കെ റെയിലിൽ ഇനി 'മസ്‌കറ്റ്' നാടകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ചർച്ച നടത്താൻ സംസ്ഥാന സർക്കാർ. പദ്ധതിയെക്കുറിച്ച് എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി ഈ മാസം 28 നു ചർച്ച നടത്താനാണ് തീരുമാനം. അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ദരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, കെ റെയിൽ വിരുദ്ധ സമരക്കാർക്ക് ചർച്ചക്ക് ക്ഷണം ഇല്ല.

ഇ ശ്രീധരനെ പോലൊരു വിദഗ്ധനെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നതാണ് വസ്തുത. ആർ വി ജി മേനോൻ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ നേതാവാണ്. ജോസഫ് സി മാത്യു വി എസ് അച്യുതാനന്ദന്റെ അതിവിശ്വസ്തനും. കെ റെയിലിൽ അതിശക്തമായ വാദങ്ങളുയർത്തിയത് ഇ ശ്രീധരനാണ്. കേന്ദ്ര റെയിൽ മന്ത്രിയെ പോലും ശ്രീധരൻ കണ്ട് നിലപാട് വിശദീകരിച്ചു. സാങ്കേതികമായി കെ റെയിലിന്റെ എല്ലാ പോരായ്മകളും അറിയുന്നതും ശ്രീധരനാണ്. അങ്ങനെയുള്ള ശ്രീധരനെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. ഇടത് ആഭിമുഖ്യമുള്ള വ്യക്തികളെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ആലോക് വർമ്മയേയും മറ്റുള്ളവരേയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കെ റെയിലിൽ അനുകൂല തരംഗമുണ്ടാക്കാനാണ് സർക്കാർ നീക്കം.

സിൽവർലൈൻ പദ്ധതിക്കെതിരെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ പദ്ധതി നടത്തിപ്പുകാരായ കെറെയിൽ വിദഗ്ധരുടെ ചർച്ച സംഘടിപ്പിക്കുന്നത് സർക്കാരിന്റെ സമ്മതത്തോടെയാണ്. സർക്കാർ നിർദ്ദേശം അനുസരിച്ചാണ് ചർച്ച. സിൽവർലൈൻ പദ്ധതിയെ എതിർക്കുന്ന വിദഗ്ധരെയും ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. ഏപ്രിൽ 28ന് മാസ്‌കറ്റ് ഹോട്ടലാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. പദ്ധതിയെ എതിർക്കുന്ന 3 പേരും അനുകൂലിക്കുന്ന 3 പേരും ചർച്ചയിൽ സംസാരിക്കും. പദ്ധതിയെ എതിർക്കുന്ന, സിൽവർലൈൻ ഡിപിആർ തയാറാക്കുന്നതിനു രൂപീകരിച്ച സമിതിയിൽ ഉണ്ടായിരുന്ന റിട്ട. ചീഫ് ബ്രിഡ്ജ് എൻജിനീയർ അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി.മാത്യു എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

കെറെയിലിനു വേണ്ടി റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ, കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻനായർ തുടങ്ങിയവർ സംസാരിക്കും. സയൻസ് ആൻഡ് ടെക്‌നോളജി പ്രിൻസിപ്പൽ സെക്രട്ടറി കെ.പി.സുധീറാണ് മോഡറേറ്റർ. 2 മണിക്കൂർ ചർച്ച കേൾക്കാൻ 50 ക്ഷണിക്കപ്പെട്ട അതിഥികളുണ്ടാകും. മാധ്യമങ്ങൾക്കും ചർച്ചയിലേക്കു ക്ഷണമുണ്ട്. മോഡറേറ്റർ സർക്കാർ പ്രതിനിധിയാണ്. അതുകൊണ്ട് തന്നെ ചർച്ചയ്‌ക്കൊടുവിൽ മുമ്പോട്ട് വയ്ക്കുക സർക്കാർ അനുകൂല നിലപാട് തന്നെയാകും.

സാധ്യതാ പഠന സംഘത്തിലെ മുൻ അംഗമാണ് അലോക് വർമ്മ. കുപ്രചരണം നടത്തി സിൽവർ ലൈൻ പൊളിക്കാനുള്ള യുഡിഎഫ് 'ക്വട്ടേഷൻ' ഏറ്റെടുത്ത് അലോക് വർമ എന്നാണ് സിപിഎം പത്രമായ ദേശാഭിമാനിയുടെ വിമർശനം. സമരനാടകങ്ങളെല്ലാം പൊളിഞ്ഞതോടെയാണ് വിദഗ്ധനെന്ന വേഷംകെട്ടി അലോകിനെ യുഡിഎഫ് ഇറക്കിയിരിക്കുന്നത്. ഇതിനായി ചെല്ലും ചെലവും കൊടുത്ത് തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യിപ്പിക്കുകയാണ്. വൻ പിആർ സംഘവും ഒപ്പമുണ്ടെന്ന് ദേശാഭിമാനി പറയുന്നു. എന്നിട്ടും അലോക് വർമ്മയെ ചർച്ചയ്ക്ക് ക്ഷണിക്കുകയാണ് സർക്കാർ. അപ്പോഴും ശ്രീധരനെ പോലെയുള്ളവരെ ക്ഷണിക്കുന്നുമണ്ട്.

അലോകിന്റേതായി ഒട്ടുമിക്ക മാധ്യമത്തിലും വന്നുകൊണ്ടിരിക്കുന്നത് ഒരേ വാർത്തകളാണ്. ശാസ്ത്രീയതപോലും നോക്കാതെ തൊണ്ടതൊടാതെ നുണ വിഴുങ്ങുന്നു. സിൽവർ ലൈൻ വിരുദ്ധ വിശാലമുന്നണിയും ചില ശാസ്ത്ര-പരിസ്ഥിതി സംഘടനാ നേതാക്കളുടെയും ആസൂത്രണമാണ് 'വിദഗ്ദ'ന്റെ വരവിനുപിന്നിൽ. മൂന്നാംപാത സംബന്ധിച്ച് പ്രാഥമികപഠനത്തിന് കരാറെടുത്ത സിസ്ട്രയിൽ മൂന്നുമാസം പ്രവർത്തിച്ചത് മാത്രമാണ് അലോക് വർമയ്ക്ക് കേരളവുമായുള്ള ബന്ധം. ആ റിപ്പോർട്ട് തള്ളുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യവും തെകട്ടി വരുന്നുണ്ട്. 'നരകപദ്ധതി' എന്നാണ് സിൽവർ ലൈനിനെക്കുറിച്ച് ഇയാൾ പ്രതികരിച്ചത്. നേരത്തെ ജമ്മു താവി-ഉധംപുർ പാതയ്‌ക്കെതിരായി റിപ്പോർട്ട് നൽകിയതിന് റെയിൽവേ തന്നെ അലോകിനെതിരെ നടപടിയെടുത്തിരുന്നു-ഇതാണ് ദേശാഭിമാനിയുടെ അലോകിനെതിരായ ആരോപണങ്ങൾ.

ഇദ്ദേഹം കേരളത്തിൽ ക്യാമ്പ് ചെയ്ത് ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് വ്യാഴാഴ്ചത്തെ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമ്മതിച്ചു. തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങൾക്ക് സാധുത നൽകിയിരിക്കുകയാണ് വിദഗ്ധനായ അലോക് വർമയെന്നാണ് സതീശൻ പറഞ്ഞത്. കേരളത്തിലെ മണ്ണ് ലൂസാണെന്ന് ആവർത്തിച്ച സതീശൻ ബ്രോഡ്ഗേജ് പാത മതിയെന്ന അലോകിന്റെ വാദമാണ് ശരിയെന്നും പറഞ്ഞിരുന്നുവെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.

സിൽവർ ലൈന് ബദലായി സിസ്ട്രയിലെ പഴയ ഉദ്യോഗസ്ഥൻ അലോക്വർമ മുന്നോട്ടുവച്ച 'ടിൽടിങ് ട്രെയിൻ' ഇന്ത്യൻ റെയിൽവേക്കുപോലും വേണ്ടാത്തത് എന്നും ദേശാഭിമാനി പറയുന്നു. സ്പെയിനിലെ 'ടാൽഗോ' കമ്പനി നിർമ്മിച്ച ഈ ട്രെയിൻ 2015-16 കാലത്ത് മുംബൈ-ഡൽഹി, ബംഗളൂരു-മൈസൂരു പാതയിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 2018ൽത്തന്നെ ഇതിന്റെ സാങ്കേതികപ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞു. ഇവ ഇന്ത്യൻ ട്രാക്കിൽ പ്രായോഗികമല്ല. പ്ലാറ്റ്ഫോം, വീതി എന്നിവയൊക്കെ അടിമുടി മാറ്റണം-ദേശാഭിമാനി ആലോകിനെ വിമർശിക്കുന്നത് ഇങ്ങനെയാണ്.

സാങ്കേതികവിദ്യ വാങ്ങി ഇന്ത്യയിൽ നിർമ്മിക്കാമെങ്കിലും സ്പെയിനിൽ മാത്രമുള്ളതിനാൽ ഓപ്പൺടെൻഡർ പ്രായോഗികമല്ല. അവർ പറയുന്ന വില കൊടുക്കണം. കൂടാതെ, ശരാശരി വേഗം 90-100 കിലോമീറ്റർ ആണ്. നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കും ചെലവ് കൂടുതലും. സിൽവർ ലൈനെതിരെ എന്തെങ്കിലും തടസ്സവാദം ഉന്നയിക്കുക മാത്രമാണ് ടിൽറ്റിങ് ട്രെയിൻ നിർദ്ദേശമെന്ന് വ്യക്തം. ഇതൊഴികെ എല്ലാ ആരോപണങ്ങൾക്കും മുന്നേ കെ -റെയിൽ മറുപടി നൽകിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം എൺപതിനായിരത്തിനേക്കാൾ വർധിക്കും. ദീർഘദൂര യാത്രക്കാരെ മാത്രമാണ് ഡിപിആറിൽ കണക്കാക്കിയതെന്നും ദേശാഭിമാനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP