Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാങ്കിന്റെ സെക്രട്ടറി സഹകരണ വകുപ്പിലെ കോൺഗ്രസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്; സിപിഎം ഏരിയാ കമ്മറ്റി അംഗം പ്രസിഡന്റ്; സെക്രട്ടറിയും ക്രമക്കേടിൽ ഉൾപ്പെട്ടതിനാൽ കോൺഗ്രസ് സമരം നടത്തില്ലെന്ന ധാരണ തെറ്റി; മൈലപ്ര സഹകരണ ബാങ്കിലെ അഴിമതിയിൽ സമരം ശക്തമാകും

ബാങ്കിന്റെ സെക്രട്ടറി സഹകരണ വകുപ്പിലെ കോൺഗ്രസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്; സിപിഎം ഏരിയാ കമ്മറ്റി അംഗം പ്രസിഡന്റ്; സെക്രട്ടറിയും ക്രമക്കേടിൽ ഉൾപ്പെട്ടതിനാൽ കോൺഗ്രസ് സമരം നടത്തില്ലെന്ന ധാരണ തെറ്റി; മൈലപ്ര സഹകരണ ബാങ്കിലെ അഴിമതിയിൽ സമരം ശക്തമാകും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മുഖ്യധാരാ മാധ്യമങ്ങൾ ആരും ഏറ്റെടുക്കാതിരുന്നപ്പോഴാണ് സിപിഎം ഭരിക്കുന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും മറുനാടൻ മലയാളി പുറത്തു കൊണ്ടുവന്നത്. കോടികൾ വകമാറ്റി ചെലവിട്ട കഥ തെളിവു സഹിതം മറുനാടൻ വാർത്തയാക്കിയതോടെ നിക്ഷേപകർ തങ്ങളുടെ പണം പിൻവലിക്കാൻ ഓടിയെത്തി. എടുത്തു കൊടുക്കാൻ പണം കൈയിൽ തികയാതെ വന്നതോടെ ജീവനക്കാർ സമരം തുടങ്ങി.

എല്ലാ മാധ്യമങ്ങളും മൈലപ്ര ബാങ്കിലെ അഴിമതി ഏറ്റെടുത്തു. ഏറ്റവുമൊടുവിലായി ഗോതമ്പ് വാങ്ങിയതിൽ 3.94 കോടി രൂപയുടെ ക്രമക്കേട് നടത്തിയതിന്റെ പേരിൽ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ പേരിൽ പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. അറസ്റ്റ് ഭയന്ന സെക്രട്ടറി ഹൃദയസംബന്ധമായ അസുഖത്തിന്റെ പേര് പറഞ്ഞ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റാണ്. സഹകരണ വകുപ്പിലെ കോൺഗ്രസിന്റെ സംഘടനയായ കേരളാ കോ കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ (കെസിഇഎഫ്) സംസ്ഥാന പ്രസിഡന്റാണ് മൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു.

സെക്രട്ടറി സഹകരണ വകുപ്പിലെ കോൺഗ്രസ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റായതിനാൽ മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേടിൽ കോൺഗ്രസ് സമരം നടത്തില്ലെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. നിക്ഷേപകർക്ക് പണം മടക്കി നൽകുകയും ക്രമക്കേട് നടത്തിയവരെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന പക്ഷം കോൺഗ്രസ് സമരത്തിന് ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്ക് സെക്രട്ടറി കോൺഗ്രസുകാരനായതു കൊണ്ട് സംരക്ഷിക്കില്ല. അയാൾ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കട്ടെ എന്നാണ് പാർട്ടിയുടെ നിലപാടെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ബാങ്കിന്റെ കീഴിലുള്ള ധാന്യഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ സെക്രട്ടറിയെ പ്രതിയാക്കി കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മൂന്നു ദിവസം മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ട ജോഷ്വാമാത്യു പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ആൻജിയോ ഗ്രാമും ആൻജിയോ പ്ലാസ്റ്റിയും ചെയ്ത് ഇദ്ദേഹം വിശ്രമത്തിലാണെന്ന് പറയുന്നു.

സിപിഎം ഏരിയാ കമ്മിറ്റി അംഗം റെജി ഈശോ ഉമ്മനാണ് പ്രസിഡന്റ്.
ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിനെക്കുറിച്ചും ക്രമക്കേടിനെപ്പറ്റിയും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുവാൻ സർക്കാർ തയാറാകണമെന്ന് സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.

സിപിഎം ഭരണത്തിലുള്ള ജില്ലയിലെ സഹകരണ ബാങ്കുകളിൽ നടക്കുന്ന വ്യാപകമായ തട്ടിപ്പുകളിൽ ഏറ്റവും അവസാനത്തേതാണ് മൈലപ്രാ സഹകരണ ബാങ്ക് ക്രമക്കേടെന്നും സമാനമായ തട്ടിപ്പുകൾ നടന്ന സീതത്തോട്, കുമ്പളാംപൊയ്ക, വകയാർ, കോന്നി, കൊടുമൺ, ചന്ദനപ്പള്ളി എന്നീ ബാങ്കുകളെക്കുറിച്ച് സമഗ്രമായ അനേഷണം നടത്തി നടപടികൾ സ്വീകരിക്കാതിരുന്നതും സഹകരണ വകുപ്പിന്റെ ജാഗ്രതക്കുറവും ഒത്താശയുമാണ് മൈലപ്രയിൽ കോടികളുടെ തട്ടിപ്പ് നടത്തുവാൻ ബാങ്ക് പ്രസിഡന്റിനെയും സെക്രട്ടറിയെയും പ്രേരിപ്പിച്ചതെന്നും പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

പല പാർട്ടി എത്തിയ ആളാണ് ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ. തട്ടിപ്പിന് കുടപിടിക്കാൻ വേണ്ടിയാണ് അവസാനം സിപിഎമ്മിൽ വന്നടിഞ്ഞത് എന്നാണ് ആരോപണം. ഇയാളെ രക്ഷിക്കാൻ വേണ്ടി ജില്ലാ സെക്രട്ടറി അരയും തലയും മുറുക്കി രംഗത്തുണ്ട്. വർഷങ്ങളായി ജെറി ഈശോ ഉമ്മൻ കുത്തകയാക്കി വച്ചിരിക്കുന്ന മൈലപ്രാ സഹകരണ ബാങ്കിൽ സിപിഎം നേതാക്കളുടെയും ബന്ധപ്പെട്ട അധികൃതരുടെയും ഒത്താശയോടെയാണ് കോടികളുടെ തട്ടിപ്പ് നടന്നിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് അന്വേഷണം പ്രത്യേക ഏജൻസിക്ക് കൈമാറണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

സഹകരണ ബാങ്കിലെ സഹകാരികളുടെ കോടിക്കണക്കിന് നിക്ഷേപം അമൃത ഫാക്ടറിക്കുവേണ്ടി വകമാറ്റുകയും വായ്പ അനുവദിക്കുകയും പലിശ എഴുതി തള്ളുകയും ചെയ്തത് സിപിഎമ്മിലേയും സർക്കാരിലേയും ഉന്നതരുടെ അറിവോടെയാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

സിപിഎം നേതാക്കൾ ഭരിക്കുന്ന ജില്ലയിലെ പല സഹകരണ ബാങ്കുകളിലും വ്യാപകമായ ക്രമക്കേടുകളാണ് നടക്കുന്നത്. ഇത് മറച്ചുപിടിക്കുവാൻ സംഘം തെരഞ്ഞെടുപ്പുകളിൽ വ്യാപകമായി അക്രമം നടത്തി ഭരണസമിതി പിടിച്ചെടുക്കുന്ന സമീപനമാണ് സിപിഎം ജില്ലയിലൊട്ടാകെ സ്വീകരിച്ചിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.

മൈലപ്രാ സഹകരണ ബാങ്കിലെ ക്രമക്കേടിന് ഉത്തരവാദികളായ നിലവിലെ പ്രസിഡന്റ്, സെക്രട്ടറി, സഹകരണ സംഘം ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണം. നിക്ഷേപകരുടെ നിക്ഷേപ തുക മടക്കി നൽകുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP