Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം-എറണാകുളം സെക്ടറിൽ ട്രെയിനുകളിൽ കൂടുതൽ അൺറിസർവ്ഡ് കോച്ചുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം-എറണാകുളം സെക്ടറിൽ ട്രെയിൻ യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നിലവിലുള്ള ട്രെയിനുകളിൽ കൂടുതൽ അൺറിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തുവാൻ നടപടി സ്വീകരിക്കുമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജർ ബി.പി മല്ലയ്യ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ഉറപ്പ് നൽകി.

ചെന്നൈയിലെ സതേൺ റെയിൽവേ ആസ്ഥാനത്ത് ജനറൽ മാനേജരുമായും മറ്റ് ഉയർന്ന ഉദ്യോഗസ്ഥന്മാരുമായി എംപി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അൺറിസർവ്ഡ് കോച്ചുകൾ അനുവദിക്കാൻ തീരുമാനമായത്.വേണാട് എക്സ്‌പ്രസ്സിലെ നിലവിലെ 11 അൺറിസർവ്ഡ് കോച്ചുകൾക്ക് പുറമേ 6 അൺറിസർവ്ഡ് കോച്ചുകളും പരശുറാം എക്സ്‌പ്രസ്സിലെ നിലവിലെ 8 അൺറിസർവ്ഡ് കോച്ചുകൾക്ക് പുറമേ 7 അൺറിസർവ്ഡ് കോച്ചുകളും മെയ് 1 മുതൽ ഏർപ്പെടുത്തി നിലവിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജനറൽ മാനേജർ ഉറപ്പ് നൽകി.

എറണാകുളത്ത് നിന്നും കോട്ടയം-കൊല്ലം- ചെങ്കോട്ട, വിരുദുനഗർ, കാരക്കുടി, തിരുവാറൂർ വഴിയുള്ള വേളാങ്കണ്ണി എക്സ്‌പ്രസ്സ് ട്രെയിൻ സ്‌പെഷ്യൽ ട്രെയിനായി നാഗപട്ടണം വരെ ഓടിക്കുന്നതിന് വേണ്ടി റെയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്ന് യോഗത്തിൽ അറിയിച്ചു. നാഗപട്ടണം- വേളാങ്കണ്ണി റൂട്ടിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ഈ ട്രെയിൻ നാഗപട്ടണം വരെ മാത്രമേ സർവ്വീസ് നടത്താൻ കഴിയുകയുള്ളൂ. കാലക്രമേണ എറണാകുളം-വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിനിന് പകരം സ്ഥിരം ട്രെയിനാക്കി മാറ്റുമെന്നും ജനറൽ മാനേജർ ഉറപ്പ് നൽകി.

66317-കോട്ടയം-കൊല്ലം, 66318-കൊല്ലം- കോട്ടയം പാസഞ്ചർ ട്രെയിനുകൾ മെമു സർവ്വീസാക്കാൻ റെയിൽവേ ബോർഡിന്റെ അംഗീകാരം തേടിയിട്ടുണ്ടെന്നും അറിയിച്ചു. കൊല്ലം-പുനലൂർ, പുനലൂർ-കൊല്ലം പാസഞ്ചർ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി സർവ്വീസ് നടത്താൻ നടപടികൾ ആരംഭിച്ചതായി അറിയിച്ചു.കോവിഡ് മൂലം നിർത്തി വെച്ചിരുന്ന പാസഞ്ചർ, മെമു,ട്രെയിനുകൾ ഭാഗികമായി മാത്രമേ സർവ്വീസ് ആരംഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള പാസഞ്ചർ,മെമു ട്രെയിനുകൾ റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ സർവ്വീസ് ആരംഭിക്കുമെന്ന് ജനറൽ മാനേജർ ഉറപ്പ് നൽകി.

കോവിഡ് കാലത്ത് പാസഞ്ചർ,മെമു,എക്സ്‌പ്രസ്സ് ട്രെയിനുകൾ സ്‌പെഷ്യൽ ട്രെയിനുകളായി സർവ്വീസ് നടത്തിയപ്പോൾ ക്യാൻസൽ ചെയ്ത സ്റ്റോപ്പുകൾ വീണ്ടും പുനഃസ്ഥാപിക്കണമെന്നും പാസഞ്ചർ,മെമു ട്രെയിനുകളി ൽ സ്‌പെഷ്യൽ ട്രെയിനുകളുടെ ചാർജ്ജ് ഈടാക്കുന്ന നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ റെയിൽവേ ബോർഡാണ് അന്തിമ തീരുമാനമെടു ക്കേണ്ടതെന്നും റെയിൽവേ ബോർഡിന്റെ തീരുമാനം വന്നാലുടൻ തന്നെ സതേൺ റെയിൽവേ ഇത് നടപ്പിലാക്കുമെന്നും ജനറൽ മാനേജർ പറഞ്ഞു.

ആലപ്പുഴ വഴിയുള്ള കായങ്കുളം- എറണാകുളം പാതയുടെ ഇരട്ടിപ്പിക്കലിന് അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള സെക്ഷനിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജനറൽ മാനേജർ വിശദീകരിച്ചു. അമ്പലപ്പുഴ മുതൽ സ്ഥലം ഏറ്റെടുത്തുകൊടുക്കുന്ന മുറയ്ക്ക് റെയിൽവേ ഫണ്ട് ഉപയോഗിച്ച് തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്ന് ജനറൽ മാനേജരും നിർമ്മാണ വിഭാഗത്തിലെ ചീഫ് എഞ്ചിനീയറും വ്യക്തമാക്കി. അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് സംസ്ഥാന സർക്കാരിനോട് സംസ്ഥാന വിഹിതം ആവശ്യപ്പെട്ടതായുള്ള വാർത്തകൾ മനഃപൂർവ്വം ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതാണെന്ന് റെയിൽവേ വ്യക്തമാക്കി.

2016-17-ൽ പാത ഇരട്ടിപ്പിക്കൽ ആരംഭിച്ച ആലപ്പുഴ-എറണാകുളം ലൈനിൽ നിർമ്മാണത്തിനിടയിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള ഭാഗത്തിന് വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഈ പാതയുടെ നിർമ്മാണം വേഗത്തിലാക്കുന്ന തിനും സ്ഥലം ഏറ്റെടുക്കുന്നതിന് ഫാസ്റ്റ് ട്രാക്കിൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തി വരികയാണ്.
അങ്കമാലി-ശബരി റെയിൽപാതയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ ഇതുവരെയും തയ്യാറാക്കി നൽകിയിട്ടില്ല. എന്നാൽ വിശദമായ ഡി.പി.ആർ കിട്ടിയാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ജനറൽ മാനേജർ അറിയിച്ചു.

സ്ഥലം ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം യോഗത്തിൽ ഉന്നയിച്ചു.
കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ തള്ളിക്കളഞ്ഞതായി ജനറൽ മാനേജർ അറിയിച്ചു. കെ-റെയിൽ സിൽവർ ലൈനിന്റെ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റെയിൽവേ മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നും ജനറൽ മാനേജർ ചർച്ചയിൽ വ്യക്തമാക്കി.

എറണാകുളം റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പിറ്റ് ലൈനിന്റെ നിർമ്മാണം പൂർത്തിയാക്കിയതായും പാലക്കാട് പിറ്റ്‌ലൈനിന് 9 കോടി രൂപയുടെ അനുമതി റെയിൽവേ ബോർഡിൽ നിന്നും ലഭിച്ചതായും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു. കൊച്ചുവേളി കോച്ചിങ് ടെർമിനലിന് 40 കോടി രൂപ അനുവദിച്ചതിൽ 10 കോടിയുടെ നിർമ്മാണം പൂർത്തിയാക്കി യതായും യോഗത്തിൽ അറിയിച്ചു. 166 കോടി രൂപയുടെ നേമം ടെർമിനൽ കോച്ചിന്റെ ഡി.പി.ആർ തയ്യാറാക്കി റെയിൽവേ ബോർഡിന് സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണെന്നും ജനറൽ മാനേജർ അറിയിച്ചു.

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ 4 ലെവൽക്രോസുകൾക്ക് പകരം ഓവർബ്രിഡ്ജുകൾ നിർമ്മിക്കുന്നതിനുള്ള അനുമതി റെയിൽവേ നൽകിയിട്ടുണ്ട്. നിർമ്മാണത്തിന് ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സർക്കാർ വിഹിതമായി അടയ്ക്കാത്തത് മൂലമാണ് ആവണീശ്വരം (ലെവൽക്രോസ് നം.519), മൈനാഗപ്പള്ളി (ലെവൽക്രോസ് നം.61),മാവേലിക്കര കല്ലുമല (ലെവൽക്രോസ് നം.28), ചങ്ങനാശ്ശേരി നാലുകോടി (ലെവൽക്രോസ് നം.7)എന്നിവയുടെ നിർമ്മാണം ആരംഭിക്കാൻ കാലതാമസം ഉണ്ടാകുന്ന തെന്നും യോഗത്തിൽ റെയിൽവേ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ വിഹിതം അടയ്ക്കുവാൻ മുന്നോട്ടു വന്നാൽ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം ആരംഭിക്കുമെന്ന് ജനറൽ മാനേജർ എംപി യെ അറിയിച്ചു.

സി.എ.ഒ കൺസ്ട്രക്ഷന്‌സ് പ്രഫുല്ല വർമ്മ, ആർ.കെ മേത്ത, ഗൗതം ഗുപ്ത, ആർ.പി.ജിൻജർ,ആർ.മുകുന്ദ്, പി.ആനന്ദ്, നിതിൻ ബാൻസൾ, റ്റി.ശിവകുമാർ, ആർ.എസ്.ഗെലോട്ട്, സെന്തമിൽ സെൽവൻ എന്നീ ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥരും ജനറൽമാനേജരോടൊപ്പം യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP