Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ ഇഫ്താറിൽ പങ്കെടുത്ത വി.ഡി.സതീശൻ സിപിഎമ്മിൽ പോകുമോ? ഇഫ്താർ സംഗമവും വിഷ്ണുനാഥ് എഐഎസ്എഫ് സെമിനാറിൽ പങ്കെടുത്തതും ചൂണ്ടിക്കാട്ടി ഗോളടിച്ച് കെ വി തോമസ്; ഇഫ്താറിന്റെ അർത്ഥം അറിയാത്തവരോട് എന്തുപറയാൻ എന്ന് പ്രതിപക്ഷ നേതാവും

മുഖ്യമന്ത്രിയുടെ ഇഫ്താറിൽ പങ്കെടുത്ത വി.ഡി.സതീശൻ സിപിഎമ്മിൽ പോകുമോ? ഇഫ്താർ സംഗമവും വിഷ്ണുനാഥ് എഐഎസ്എഫ് സെമിനാറിൽ പങ്കെടുത്തതും ചൂണ്ടിക്കാട്ടി ഗോളടിച്ച് കെ വി തോമസ്; ഇഫ്താറിന്റെ അർത്ഥം അറിയാത്തവരോട് എന്തുപറയാൻ എന്ന് പ്രതിപക്ഷ നേതാവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അച്ചടക്ക നടപടിയിൽ നിന്ന് രക്ഷ നേടാൻ ഇഫ്താർ വിരുന്നിനെ ആയുധമാക്കിയിരിക്കുകയാണ് ഹൈക്കമാൻഡിന്റെ നോട്ടീസ് കിട്ടിയ മുതിർന്ന നേതാവ് കെ വി തോമസ്. ഹൈക്കമാൻഡിന് അയച്ച കത്തിൽ, രണ്ടുഅച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടി തനിക്കെതിരെ വരാൻ ഇടയുള്ള അച്ചടക്ക നടപടിയെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. സിപിഐ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റെ സെമിനാറിൽ പി സി വിഷ്ണുനാഥ് പങ്കെടുത്തതും, ഇഫ്താർ വിരുന്നിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതുമാണ് ഉന്നയിച്ച രണ്ടുവിഷയങ്ങൾ. വി ഡി സതീശൻ മുഖ്യമന്ത്രിയോട് അടുത്ത് ഇടപഴകിയത് ശരിയോ എന്നും കെ വി തോമസ് ചോദിക്കുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, അച്ചടക്ക സമിതി അധ്യക്ഷൻ എ കെ ആന്റണി എന്നിവർക്കാണ് കത്തയച്ചത്.

സിപിഎം സെമിനാറിൽ പങ്കെടുത്തതിന് തനിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് കെപിസിസി വാദിക്കുമ്പോൾ, അതേ കുറ്റം തന്നെയല്ലേ പിസി വിഷ്ണുനാഥും ചെയ്തതെന്നും കെ വി തോമസ് കത്തിൽ ചോദിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാൻ പി സി വിഷ്ണുനാഥ് മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്നും കെ വി തോമസ് ആരാഞ്ഞിട്ടുണ്ട്.

തനിക്ക് ഒരു നീതി, മറ്റു ചിലർക്ക് മറ്റൊരു നീതി എന്നത് ശരിയാണോയെന്ന് കെ വി തോമസ് ചോദിച്ചു. വിഷ്ണുനാഥ് പോയത് കെപിസിസി നേതൃത്വത്തിന്റെ അറിവോടും അനുവാദത്തോടും കൂടിയാണോ എന്ന് വ്യക്തമാക്കണം. കെ റെയിൽ സമരം അവസാനിപ്പിച്ചോ?. പൊലീസിന്റെ നിലപാട് സൗഹൃദപരമായി മാറിയോ? അതുകൊണ്ടാണോ മുഖ്യമന്ത്രി വിളിച്ച പരിപാടിയിൽ പങ്കെടുത്തത്? അച്ചടക്ക നടപടിയെക്കുറിച്ച് ആലോചിക്കുമ്പോൾ ഈ കത്ത് കൂടി പരിഗണിക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു.

കെപിസിസി നേതൃത്വത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തു നൽകുമോ എന്ന ചോദ്യത്തിന്, അതിന്റെ കാര്യമില്ലെന്നും തന്റെ വിഷയം ഇപ്പോൽ കൈകാര്യം ചെയ്യുന്നത് ഹൈക്കമാൻഡ് ആണെന്നും അതിനാലാണ് ദേശീയ നേതൃത്വത്തിന് കത്തയച്ചതെന്നും കെ വി തോമസ് വിശദീകരിച്ചു. സിപിഎം വിളിച്ചിട്ടാണ് സെമിനാറിൽ പങ്കെടുക്കാൻ പോയത്. അങ്ങനെയാണെങ്കിൽ പ്രതിപക്ഷ നേതാവും എൽഡിഎഫിലേക്ക് പോകുമോയെന്ന് ഇഫ്താറിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തത് സൂചിപ്പിച്ച് കെ വി തോമസ് ചോദിച്ചു.

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വിളിച്ചില്ലേ, മുഖ്യമന്ത്രി വിളിച്ച വിരുന്നിന് പ്രതിപക്ഷ നേതാവും പോയില്ലേയെന്ന് കെ വി തോമസ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിന് കെ വി തോമസിനെയും ക്ഷണിച്ചിരുന്നു. ഞാൻ വന്നത് സതീശന് അറിയില്ല. മുഖ്യമന്ത്രിയുമായി താൻ കുറേ നേരം സംസാരിച്ചു. കോടിയേരി ബാലകൃഷ്ണനെയും എംഎ ബേബിയെയും കണ്ടിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു. സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

മറുപടിയുമായി വി ഡി സതീശൻ

ഇഫ്താർ സംഗമം എന്താണെന്ന് അറിയാത്ത ഒരാളോട് എന്തു മറുപടി പറയാനാണെന്ന് വി ഡി സതീശൻ ചോദിച്ചു. അതിന്റെ ലക്ഷ്യമറിയാത്ത ആളോട് എന്ത് മറുപടിയാണ് കൊടുക്കേണ്ടത്? ഇഫ്താറിൽ പങ്കെടുക്കാൻ പാർട്ടി വിലക്ക് ഉണ്ടായിരുന്നില്ല.

തന്റെ പാർട്ടി നേതാക്കൾക്ക് ഒപ്പമാണ് പരിപാടി നടത്തിയത്. കോൺഗ്രസ് പാർട്ടിയാണ് ഇഫ്താർ സംഗമം നടത്തിയത്. കെപിസിസി പ്രസിഡന്റും ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. കെ കരുണാകരൻ ആരംഭിച്ച പാരമ്പര്യമാണ്. താനത് തുടരുക മാത്രമാണ് ചെയ്തത്.

സാമൂഹ്യ-വർഗീയ സംഘർഷങ്ങൾ വളരുന്ന കാലത്ത് എല്ലാവരെയും ഒരു വേദിയിൽ എത്തിക്കുക എന്നത് വലിയ കാര്യമാണ്. അതിന്റെ അർത്ഥം അറിയാത്തവർ പുലമ്പുന്നതിനോട് എന്ത് പ്രതികരിക്കാനാണ് എന്ന് അദ്ദേഹം ചോദിച്ചു. വിഷ്ണുനാഥ് എഐഎസ്എഫ് സെമിനാറിൽ പങ്കെടുത്തത് കെപിസിസി നേതൃത്വുമായി ആലോചിച്ചതിന് ശേഷമാകുമെന്നും അതേപ്പറ്റി തനിക്ക് അറിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP