Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുഹൃത്ത് നീരജയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ നിർമ്മിച്ചത് സ്മിതാ മേനോൻ എന്ന പേരിൽ; സ്മിതാ മേനോന്റെ പേരിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ; വാർത്ത പുറത്തു കൊണ്ടു വന്ന മറുനാടനെതിരേ കേസെടുക്കാൻ തട്ടിപ്പുകാരിക്ക് തിരുവല്ല പൊലീസിന്റെ കൂട്ട്; നടപടി ക്രമങ്ങൾ പാലിക്കാത്ത കേസ് കോടതി തള്ളി; തട്ടിപ്പുകാരി സീമാ സജിക്ക് കുരുക്കു മുറുകുന്നു

സുഹൃത്ത് നീരജയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ നിർമ്മിച്ചത് സ്മിതാ മേനോൻ എന്ന പേരിൽ; സ്മിതാ മേനോന്റെ പേരിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ; വാർത്ത പുറത്തു കൊണ്ടു വന്ന മറുനാടനെതിരേ കേസെടുക്കാൻ തട്ടിപ്പുകാരിക്ക് തിരുവല്ല പൊലീസിന്റെ കൂട്ട്; നടപടി ക്രമങ്ങൾ പാലിക്കാത്ത കേസ് കോടതി തള്ളി; തട്ടിപ്പുകാരി സീമാ സജിക്ക് കുരുക്കു മുറുകുന്നു

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: ആത്മാർഥ സുഹൃത്തിന്റെ പടം ഉപയോഗിച്ച് വ്യാജഫേസ്‌ബുക്ക് പ്രൊഫൈൽ നിർമ്മിച്ച് ഒപ്പം നടക്കുന്ന കൂട്ടുകാരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി, ഈ സംഭവം പുറത്തു കൊണ്ടു വന്ന മറുനാടൻ മലയാളിക്കെതിരേ നൽകിയ കേസ് കോടതി തള്ളി. കുന്നന്താനം കവല എന്ന സൗഹൃദ കൂട്ടായ്മയിൽ നിന്ന് പണം തട്ടിയതിനും കൂട്ടുകാരിയുടെ ചിത്രം ഉപയോഗിച്ച് വ്യാജഫേസ് ബുക്ക് പ്രൊഫൈൽ നിർമ്മിച്ചതിനും രണ്ടു കേസുകളിൽ വിചാരണ നേരിടുന്ന

സീമ സജി എന്ന തട്ടിപ്പുകാരി തിരുവല്ല പൊലീസിന്റെ സഹായത്തോടെ ചമച്ച കള്ളക്കേസാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. നടപടി ക്രമങ്ങൾ പാലിക്കാതെ എടുത്ത കേസ് നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. തനിക്കെതിരായി രണ്ടു തട്ടിപ്പു കേസുകൾ നിലനിൽക്കുന്ന വിവരം മറച്ചു വച്ചാണ് സീമാ സജി കോടതിയെ സമീപിച്ചതും കേസ് എടുപ്പിച്ചതും. ഇതൊന്നും നടപടി ക്രമങ്ങൾ പാലിച്ചല്ലെന്ന മറുനാടന്റെ അഭിഭാഷകരായ എസ്എൻ ഹരികൃഷ്ണന്റെയും എവി അരുൺ പ്രകാശിന്റെയും വാദങ്ങൾ അംഗീകരിച്ച കോടതി കേസ് തള്ളുകയാണെന്ന് അറിയിച്ചു.

കുന്നന്താനം ചരിവുപുരയിടത്തിൽ സീമ സജിയുടെ ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി തിരുവല്ല പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഡിവൈഎസ്‌പിയായിരുന്ന ജെ ഉമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. തുടർന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സീമ സജിക്കെതിരേ സാമ്പത്തിക തട്ടിപ്പ് അടക്കം രണ്ടു പൊലീസ് സ്റ്റേഷനുകളിൽ രണ്ടു ക്രിമിനൽ കേസുണ്ടെന്നതും അതിന്റെ വിചാരണ തിരുവല്ല കോടതിയിൽ നടക്കുന്നുണ്ടെന്നതുമായ വിവരങ്ങൾ പൊലീസ് മറച്ചു വച്ചു. കോടതി പൊലീസിനോട് ആവശ്യപ്പെട്ടത് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു.

എന്നാൽ, അമിത ഉത്സാഹം കാണിച്ച പൊലീസ് തെളിവുകൾ സിഡിയിലാക്കി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഹർജിക്കാരി നൽകേണ്ട തെളിവുകളാണ് അനാവശ്യ തിടുക്കം കാട്ടി പൊലീസ് സമർപ്പിച്ചത്. പുറമേ നിന്നുള്ള സമ്മർദം കാരണമാണ് പൊലീസ് ഇത്രയും തിടുക്കം കാണിച്ചതെന്ന് വ്യക്തമായിരുന്നു. മറുനാടന് എതിരേ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല ഇടപെടൽ ഉണ്ടായെന്നും സൂചനയുണ്ട്. പൊലീസ് ആസ്ഥാനത്ത് നിന്നുമുള്ള സമ്മർദം ഉദ്യോഗസ്ഥർക്ക് മേൽ ഉണ്ടായിരുന്നുവെന്നും പറയുന്നു.

പക്ഷേ, നടപടി ക്രമങ്ങൾ പാലിക്കാതെ എടുത്ത കേസ് കോടതി തള്ളി. ഇതിനെതിരേ അപ്പീൽ പോകുമെന്ന് പറഞ്ഞ് ഉറച്ചു നിൽക്കുകയാണ് ഹർജിക്കാരി. മറുനാടന്റെ അഭിഭാഷകരായ ഹരികൃഷ്ണനും അരുൺ പ്രകാശും നൽകിയ ഡിസ്ചാർജ് പെറ്റീഷൻ കോടതി അംഗീകരിക്കുകയായിരുന്നു. കേസ് നിലനിൽക്കില്ലെന്ന കാര്യം ആദ്യമേ തന്നെ വ്യക്തമായിരുന്നുവെന്ന് അഡ്വ. അരുൺ പ്രകാശ് പറഞ്ഞു. കോടതി നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ സീമ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് സമ്പാദിച്ചിരുന്നു. ഇത് തുണയായത് മറുനാടന് ആണെന്നു മാത്രം. തനിക്കെതിരേ രണ്ടു തട്ടിപ്പ് കേസുകൾ നിലനിൽക്കുമ്പോൾ കോടതിയെ സമീപിച്ച് അപകീർത്തിക്കേസ് ഫയൽ ചെയ്യാൻ സീമയെ പ്രേരിപ്പിച്ചത് അമിത ആത്മവിശ്വാസമാണെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും അരുൺ പ്രകാശ് ചൂണ്ടിക്കാട്ടി.

ആത്മസുഹൃത്ത് നീരജയെ സീമ വഞ്ചിച്ചത് കൂളായി

സീമ സജിക്കെതിരേ രണ്ടു ഗൗരവമേറിയ കേസുകളാണ് തിരുവല്ല കോടതിയിൽ നിലവിലുള്ളത്. കീഴ്‌വായ്പൂര്, തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ പ്രതിയാണ് സീമാ സജി. ഉറ്റസുഹൃത്തായിരുന്ന നീരജ ശരത് എന്ന പെൺകുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് അവർ അറിയാതെ ഫേസ് ബുക് പ്രൊഫൈൽ ഉണ്ടാക്കുകയും അതുപയോഗിച്ച് പണം തട്ടുകയും ചെയ്തുവെന്ന കേസാണ് തിരുവല്ല സ്റ്റേഷനിലുള്ളത്. പൊലീസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം കൊടുത്ത കേസിൽ വിചാരണ നടക്കുന്നു. കേസ് പിൻവലിക്കാൻ നീരജയുടെ മേൽ ശക്തമായ സമ്മർദമുണ്ട്. സിനിമ മേഖലയിലുള്ള ചിലരാണ് ഇതിന് പിന്നിൽ.

കുന്നന്താനം കവല എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ അംഗമാവുകയും പിന്നീട് വ്യാജപ്രൊഫൈൽ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയുമാണ് സീമ ചെയ്തത്. കീഴ്‌വായ്പൂരിൽ വഞ്ചനാ കേസാണ് രജിസ്റ്റർ ചെയ്തത്. കുന്നന്താനത്തെ ഒരു പറ്റം യുവാക്കളുടെ പരാതിയിലായിരുന്നു കേസ്. കുന്നന്താനം കേന്ദ്രമാക്കി നവീന ആശയമുള്ള ഒരു പറ്റം യുവാക്കൾ രൂപം കൊടുത്ത ഫേസ് ബുക്ക് കൂട്ടായ്മ ആയിരുന്നു കവല. ഇരുപത്തഞ്ചോളം യുവതിയുവാക്കളാണ് കൂട്ടായ്മയിൽ ഉണ്ടായിരുന്നത്. ഇതിൽ ഉൾപ്പെട്ട സീമ സജി ഗ്രൂപ്പിൽ തന്നെയുള്ള യുവാക്കളിൽ നിന്ന് വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് പണം തട്ടിയത്.

ഗ്രൂപ്പിൽ അംഗമായ ശേഷം എല്ലാവരുടെയും വിശ്വസ്തത നേടാൻ സീമയ്ക്ക് കഴിഞ്ഞിരുന്നു. നിർമ്മാതാവും നടനുമായ സുരേഷ് കുമാറിന്റെ കെയർ ഓഫിൽ സിനിമ സെറ്റുകളിൽ സ്ഥിരം സാന്നിധ്യമാണ് സീമ. ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും നിന്ന് ചിത്രമെടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് ഇവരുടെ പതിവായിരുന്നു. മോഹൻലാലും നിർമ്മാതാവ് സുരേഷ്‌കുമാറും തന്റെ ഉറ്റചങ്ങാതിമാരാണ് എന്നാണ് ഇവർ ഗ്രൂപ്പിലുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. സുരേഷ് കുമാർ സീമയുടെ വീട്ടിലെ പതിവു സന്ദർശകനുമാണ്. സിനിമാ നടന്മാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് ഗ്രൂപ്പിലെ ചെറുപ്പക്കാരുടെ വിശ്വാസം സീമ ആർജിച്ചത്.

അതു കഴിഞ്ഞാണ് സീമ തട്ടിപ്പിന് കരുക്കൾ നീക്കിയത്. അയൽവാസിയും അടുത്ത സുഹൃത്തുമായ നീരജ ശരത് എന്ന യുവതിയുടെ ചിത്രം ഉപയോഗിച്ച് സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈൽ നിർമ്മിക്കുകയാണ് സീമ ആദ്യം ചെയ്തത്. അതിന് ശേഷം ഈ പ്രൊഫൈൽ മുഖേനെ ഗ്രൂപ്പിലുള്ള, സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്ന യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചു. സ്മിത മേനോൻ എന്ന യുവതി തന്റെ അടുത്ത സുഹൃത്താണെന്നും അവൾക്ക് ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിൽസയിലാണെന്നും സീമ തന്നെ യുവാക്കളെ ധരിപ്പിക്കുകയും ചെയ്തു. പഴ്സണൽ ചാറ്റിലൂടെയായിരുന്നു ഇത്. അവൾക്ക് ചികിൽസാ സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന് ശേഷം സ്മിത മേനോൻ ഓരോ യുവാക്കളുടെയും മെസഞ്ചറിലെത്തി സഹായം അഭ്യർത്ഥിച്ചു.

കാലുപിടിച്ച് കരയുന്ന സ്മിത മേനോന് വേണ്ടി പണം നൽകാൻ തങ്ങൾ തയാറായി എന്നാണ് യുവാക്കൾ പറയുന്നത്. സ്വന്തമായി ഒരു ജീവിത സാഹചര്യം പോലുമില്ലാത്ത യുവാക്കൾ കൈയിലുള്ള പണം സ്മിത മേനോന് നൽകാൻ തയാറായി. പണം കൈമാറാൻ നൽകിയത് സീമ സജിയുടെ അക്കൗണ്ട് നമ്പരായിരുന്നു. താൻ പണം അവൾക്ക് കൊടുത്തു കൊള്ളാമെന്ന് സീമ യുവാക്കൾക്ക് ഉറപ്പും നൽകി. ഇതിൻ പ്രകാരം നാലുപേരിൽ നിന്നായി 57,000 രൂപ സീമ സജി കൈപ്പറ്റി. ഇതിനിടെ വിശ്വാസ്യത ഉറപ്പിക്കാനായി സ്മിത മേനോൻ യുവാക്കളെ നേരിട്ട് ഫോണിൽ വിളിക്കുകയും ചെയ്തു.

ഇതു കൂടി ആയതോടെ പണം നൽകുന്നതിന് ഒരു തടസവും പിന്നീട് ഉണ്ടായില്ല. ഒരേ സമയം തങ്ങൾ നാലുപേരുമായി സ്മിത മേനോൻ ചാറ്റ് ചെയ്യുന്ന വിവരം യുവാക്കൾ പരസ്പരം അറിയുന്നുണ്ടായിരുന്നില്ല. ഒരാളുടെ പണം പോവുകയും അയാൾക്ക് സംശയം തോന്നി വിവരം പങ്കു വയ്ക്കുകയും ചെയ്തപ്പോൾ മാത്രമാണ് തട്ടിപ്പാണ് ഇതെന്ന് മനസിലായത്. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് സ്മിത മേനോൻ വ്യാജപ്രൊഫൈലാണെന്നും നീരജ ശരത് എന്ന യുവതിയുടെ പടമാണ് പ്രൊഫൈലിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തിയത്.

തട്ടിപ്പിന് ഇരയായ യുവാക്കൾ കാര്യം മനസിലാക്കി പൊലീസിൽ പരാതി നൽകി. പൊലീസ് വിളിച്ചു വരുത്തുമ്പോഴാണ് തന്റെ ചിത്രം ഉപയോഗിച്ച് സീമ സജി തട്ടിപ്പ് നടത്തിയ വിവരം നീരജ മനസിലാക്കിയത്. കേസിൽ താനും പ്രതിയാകുമെന്ന് മനസിലാക്കിയ നീരജ ശരത് തന്റെ ചിത്രം ദുർവിനിയോഗം ചെയ്തുവെന്ന് കാട്ടി സീമ സജിക്കെതിരേ തിരുവല്ല പൊലീസിൽ പരാതി നൽകി. താൻ നിരപരാധിയാണെന്നും സീമ താൻ അറിയാതെയതാണ് എല്ലാം ചെയ്തതെന്നും നീരജ പൊലീസിന് മൊഴി നൽകി. എന്നാൽ സീമയ്ക്ക് എതിരേ നീരജയുടെ പരാതിയിൽ
ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ബാഹ്യസമ്മർദത്തെ തുടർന്നായിരുന്നു തിരുവല്ല ഇൻസ്പെക്ടറുടെ നടപടി. വിവരം അറിഞ്ഞ ജില്ലാ പൊലീസ് മേധാവി തിരുവല്ല ഇൻസ്പെക്ടർക്ക് കണക്കിന് കൊടുത്തു. ഏതു വകുപ്പിട്ട് കേസെടുക്കണമെന്ന് അറിയാതെ നിന്ന ഇൻസ്പെക്ടറെ രക്ഷിച്ചത് പരാതിക്കാരായ യുവാക്കളാണ്. ഇവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പ്രകാരം കീഴ്‌വായ്പൂർ പൊലീസ് കേസെടുത്തു. തട്ടിപ്പിന്റെ ഗൗരവം മനസിലാക്കിയ കീഴ്‌വായ്പൂർ എസ്എച്ച്ഓ 420 ഇട്ടാണ് കേസെടുത്തത്. സിനിമാ താരങ്ങളെ കാണിച്ചാണ് തന്നെയും വലയിൽ വീഴ്‌ത്തിയത് എന്നാണ് നീരജ പൊലീസിനോട് പറഞ്ഞത്.

മോഹൻലാലിന്റെ സെറ്റിൽ തന്നെയും കുടുംബാംഗങ്ങളെയും എല്ലാം കൊണ്ടുപോയത് സീമ സജിയാണ്. അങ്ങനെ വിശ്വാസം നേടി എടുത്ത ശേഷം തന്റെ പടം ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് നീരജയുടെ വാദം. ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള മറ്റൊരു സോഷ്യൽ മീഡിയ ഗ്രൂപ്പിലും സീമ സജി തട്ടിപ്പ് നടത്തിയെന്ന് പരാതി ഉയർന്നിട്ടുണ്ട്. ചെറുപ്പകാലം മുതൽ അറിയാവുന്ന നീരജ കേസിൽ തനിക്ക് അനുകൂലമായി നിൽക്കുമെന്നായിരുന്നു സീമയുടെ കണക്കു കൂട്ടൽ. എന്നാൽ, കേസിൽ പ്രതിയായി അഴിയെണ്ണേണ്ടി വരുമെന്ന് കണ്ടതോടെ സീമയുടെ തട്ടിപ്പുകൾ തുറന്നു പറഞ്ഞ് യുവതി രംഗത്തു വരികയായിരുന്നു. ഇവിടെയാണ് സീമയ്ക്ക് പിഴച്ചത്.

നീരജയുടെ വ്യാജപ്രൊഫൈൽ ഉണ്ടാക്കിയത് രണ്ടു തവണ

സീമ സജി തട്ടിപ്പ് നടത്തിയത് ക്രിമിനൽ ബുദ്ധി ഉപയോഗിച്ചാണ്. ഇതിന് കൃത്യമായ ആസൂത്രണവും ഉണ്ടായിരുന്നു. പുറമേ നിന്നുള്ള സഹായം ഇക്കാര്യത്തിൽ സീമയ്ക്ക് ലഭിച്ചെന്ന് വേണം കരുതാൻ. രണ്ടു തവണ നീരജയുടെ ഫോട്ടോ ഉപയോഗിച്ച് സീമ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി. ആദ്യം ഉണ്ടാക്കിയ പ്രൊഫൈലിൽ നിന്ന് തട്ടിപ്പ് നടത്തിയ ശേഷം അത് ഡിലീറ്റ് ചെയ്തു. ഇടവേളയ്ക്ക് ശേഷം രണ്ടാമത് അത് ക്രിയേറ്റ് ചെയ്തു. രണ്ടാമത്തെ പ്രൊഫൈലിൽ നിന്ന് തട്ടിപ്പ് നടത്താതിരുന്നതിനാൽ താൻ രക്ഷപ്പെടുമെന്നായിരുന്നു കണക്കു കൂട്ടൽ. ഈ വിശ്വാസത്തിലാണ് നല്ലപിള്ള ചമഞ്ഞ് ഫേസ് ബുക്കിൽ നിറഞ്ഞു നിന്നതും ആപ്തവാക്യങ്ങൾ ഉരുവിട്ടതും. എന്നാൽ, കീഴ്‌വായ്പൂർ എസ്എച്ച്ഓ ആയിരുന്ന സി ടി സഞ്ജയ് സൈബർ സെല്ലിന്റെ സഹായത്തോടെ രണ്ടു പ്രൊഫൈലും വീണ്ടെടുത്തു. ഇതോടെ രണ്ടാമത്തെ പ്രൊഫൈൽ മാത്രം കാട്ടി രക്ഷപ്പെടാമെന്ന സീമയുടെ മോഹം പൊലിഞ്ഞു. ഒളിവിൽപ്പോയ തട്ടിപ്പുകാരി പിന്നീട് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷമാണ് പുറംലോകം കണ്ടത്.

കേസന്വേഷിച്ച ഇൻസ്പെക്ടർക്കെതിരേയും കള്ളപ്പരാതി

സീമയ്ക്ക് എതിരായ കേസ് അന്വേഷിച്ച കീഴ്‌വായ്പൂർ പൊലീസ് ഇൻസ്പെക്ടർ സിടി സഞ്ജയ്ക്കെതിരേ നിരവധി പരാതികളാണ് അയച്ചത്. ഇതിന്റെ പേരിൽ ഇൻസ്പെക്ടറെ സീമ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. മറുനാടനും കേസിലെ വാദികൾക്കും വാർത്തയും ചിത്രങ്ങളും ചോർത്തി നൽകി എന്നായിരുന്നു ആരോപണം. ഡിജിപിക്ക് തന്നെ ഒന്നിലധികം തവണ പരാതി കൊടുത്തു. പത്തനംതിട്ട എസ്‌പിക്ക് കൈമാറിയ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസുദ്യോഗസ്ഥരെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണ് ഇവർ ചെയ്തത്. തനിക്കെതിരായ കേസ് കോടതിയിൽ നടക്കുന്ന വിവരം മറച്ചു വച്ചാണ് എവിടെയും ഇവർ പരാതിയുമായി പോയിരുന്നത്. പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയിൽ നൽകിയിരുന്ന പരാതി ഇവർ തന്നെ പിന്നീട് പിൻവലിച്ചു. ഇൻസ്പെക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്ന് മേലുദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ സീമ താൽക്കാലികമായി പിൻവാങ്ങി. നല്ല പിള്ള ചമയാനുള്ള ഒരു മോഹം കൂടി ഇവിടെ തിരിച്ചടിക്കുകയായിരുന്നു.

മറുനാടനെതിരേ കോടതിയിൽ പോയത് നല്ല പിള്ള ചമയാൻ

സീമ സജിയുടെ തട്ടിപ്പ് പുറത്തു കൊണ്ടു വന്നത് മറുനാടൻ ആയിരുന്നു. കേസിന്റെ തുടക്കം മുതൽ കൃത്യമായ വാർത്തകളാണ് മറുനാടൻ നൽകിയത്. ഇതോടെ ഫേസ് ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ത്യാഗത്തിന്റെ ദേവതയായി നില കൊണ്ട സീമയുടെ പൊയ്മുഖം അഴിഞ്ഞു വീണു. തട്ടിപ്പുകാരിയുടെ യഥാർഥ മുഖം നാട്ടുകാർ മനസിലാക്കി. തനിക്കെതിരായുള്ള രണ്ട് ക്രിമിനൽ കേസുകൾ മറച്ചു വച്ച് സീമ ഫേസ്‌ബുക്കിൽ സജീവമായെങ്കിലും മറുനാടൻ വാർത്തകൾ തിരിച്ചടിയായി. തന്റെ ഇമേജ് നഷ്ടപ്പെടാൻ കാരണമായ മറുനാടനെതിരേ കേസ് എടുത്താൽ ഒരു പരിധി വരെ അത് തിരിച്ചു പിടിക്കാമെന്നായിരുന്നു സീമയുടെ കണക്കു കൂട്ടൽ.

കോടതി നിർദ്ദേശ പ്രകാരം കേസ് എടുത്തത് സീമയും കൂട്ടരും ഫേസ് ബുക്കിൽ ആഘോഷിച്ചു. ഇതിന്റെ പേരിൽ പലരെയും കള്ളക്കഥ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ, കേസ് കോടതി തള്ളിയത് വീണ്ടും തിരിച്ചടിയായി. ഇതു സംബന്ധിച്ച് മറുനാടൻ ഇട്ട വീഡിയോയ്ക്ക് ചുവട്ടിൽ വന്ന കമന്റുകളിൽ നിന്ന് സീമയുടെ മറ്റൊരു വമ്പൻ തട്ടിപ്പു കൂടി പുറത്തു വന്നു. സീമയുടെ പിതാവിന്റെ സഹോദരന്റെ മകളുടേതായിരുന്നു ആ കമന്റ്. വീട്ടിൽ പൂജ ചെയ്യാമെന്ന് പേരിൽ ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു അവരുടെ കമന്റ്. ക്രൂശിക്കപ്പെട്ട സ്ത്രീജന്മം എന്ന തരത്തിൽ ഫേസ്‌ബുക്കിൽ നിറഞ്ഞാടിക്കൊണ്ടിരുന്ന സീമയ്ക്ക് ഈ കമന്റ് വെള്ളിടിയായി. ഇവരിൽ നിന്ന് തട്ടിച്ചെടുത്ത പണം തിരികെ നൽകി സീമ തലയൂരിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP