Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂറോപ്പ് അര ദിവസം വാങ്ങുന്ന എണ്ണയേക്കാൾ കുറവാണെന്ന് ജയശങ്കറിന്റെ പഞ്ച് ഡയലോഗ് ആദ്യം; പിന്നാലെ, മാസ്സായി ആക്ഷനും! യൂറോപ്യൻ യൂണിയനും ഉത്തരം മുട്ടിയപ്പോൾ കുറഞ്ഞ വിലയ്ക്ക് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ; മോദിയുടെ നീക്കത്തിൽ മനസ്സു നിറഞ്ഞ് പുടിനും

യൂറോപ്പ് അര ദിവസം വാങ്ങുന്ന എണ്ണയേക്കാൾ കുറവാണെന്ന് ജയശങ്കറിന്റെ പഞ്ച് ഡയലോഗ് ആദ്യം; പിന്നാലെ, മാസ്സായി ആക്ഷനും! യൂറോപ്യൻ യൂണിയനും ഉത്തരം മുട്ടിയപ്പോൾ കുറഞ്ഞ വിലയ്ക്ക് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ; മോദിയുടെ നീക്കത്തിൽ മനസ്സു നിറഞ്ഞ് പുടിനും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആദ്യം പഞ്ച് ഡയലോഗ്. പിന്നാലെ മാസ്സായി പ്രവർത്തിയും. അതാണ് അടുത്തിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നിലപാട്. ലോകാ രാജ്യങ്ങൾ മുഴുവൻ റഷ്യക്കെതിരെ തിരിഞ്ഞിട്ടും ഇന്ത്യ അവരെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ല. റഷ്യൻ ഉപരോധവുമായി യൂറോപ്യൻ യൂണിയൻ അടക്കം മുന്നോട്ടു പോകുമ്പോൾ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന നിലപാടിലാണ് ഇന്ത്യ.

റഷ്യയുടെ പക്കൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെക്കുറിച്ച് അമേരിക്ക നടത്തിയ പ്രസ്താവനക്കെതിരെയും എസ് ജയശങ്കർ തിരിച്ചടിച്ചിരുന്നു. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''റഷ്യയിൽ നിന്നുള്ള ഊർജ്ജ കയറ്റുമതിയെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ നിങ്ങളുടെ ശ്രദ്ധ യൂറോപ്പിലായിരിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. ഞങ്ങളുടെ ഊർജ്ജ സുരക്ഷക്ക് ആവശ്യമായ ഇന്ധനം ഞങ്ങൾ വാങ്ങുന്നുണ്ട്. പക്ഷേ, കണക്കുകളിൽ ചില പൊരുത്തക്കേടുകളുണ്ട്. ഞങ്ങൾ ഒരു മാസം വാങ്ങുന്നത് യൂറോപ്പ് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം വാങ്ങുന്നതിനേക്കാൾ കുറവായിരിക്കും'', ഇത് സംബന്ധിച്ച അമേരിക്കൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞു.

റഷ്യയെ ഉപരോധിക്കണം എന്നാവശ്യപ്പെട്ട ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ലിസ് ട്രസ്സിനും ഉരുളക്കുപ്പേരി പോലെ ജയശങ്കർ മറുപടി നൽകിയിരുന്നു. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങളാണെന്നായിരുന്നു ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം. ഇങ്ങനെ മാസ് ഡയലോഗുകൾക്ക് പിന്നാലെ ഇന്ത്യ പ്രവർത്തിയിലേക്കും കടക്കുകയാണ്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടെ, റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇരട്ടിയാക്കി ഇന്ത്യ.

യുക്രെയ്‌നിൽ റഷ്യ നടത്തുന്ന ആക്രമണം രണ്ടു മാസം പിന്നിടുമ്പോഴാണ് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ ഇരട്ടിയാക്കിയത്. യുക്രെയ്‌നെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസും യൂറോപ്യൻ രാജ്യങ്ങളും കടുത്ത ഉപരോധം ഏർപ്പെടുത്തിയതോടെ, ഇതിനെ എതിരിടാനുള്ള റഷ്യയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് ഇന്ത്യയുടെ നീക്കം.

ആയുധ ഇടപാടുകൾ ഉൾപ്പെടെ റഷ്യയുമായി അടുത്ത ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ, ഇന്ധന ഇറക്കുമതിയിൽ ഇന്ത്യയെ സഹായിക്കാനുള്ള സന്നദ്ധത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പരസ്യമാക്കിയിരുന്നു. അതേസമയം, റഷ്യൻ ക്രൂഡ് ഓയിലിന് ഒട്ടേറെ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയതോടെ താരതമ്യേന കുറഞ്ഞവിലയിൽ അവിടെനിന്ന് ക്രൂഡ് ഓയിൽ വാങ്ങാമെന്നതാണ് ഇന്ത്യയെ ആകർഷിക്കുന്ന ഘടകം. ഇക്കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് ഇന്ത്യൻ നിലപാടിനെ തുടർന്ന് മാറ്റേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

ഈ സാഹചര്യത്തിൽ റഷ്യയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ യൂറോപ്യൻ യൂണിയനുമേൽ കടുത്ത സമ്മർദമുണ്ട്. കോവിഡ് വ്യാപനം നിമിത്തം ചൈനയിൽ ഒട്ടേറെ നഗരങ്ങൾ ലോക്ഡൗണിലായതും ഇറക്കുമതിക്ക് തിരിച്ചടിയാണ്. യുഎസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്കുമേൽ കടുത്ത ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

റഷ്യ-യുക്രെയ്ൻ ചർച്ചകളുടെ വെളിച്ചത്തിൽ രണ്ടാഴ്‌ച്ച മുമ്പ് അമേരിക്കൻ ക്രൂഡിന്റെ വില ബാരലിന് 103 ഡോളർ വരെ ഇടിഞ്ഞിരുന്നു. കരുതൽ ശേഖരത്തിൽനിന്ന് പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ എടുക്കുമെന്നുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം കൂടി വന്നതോടെ അമേരിക്കൻ ക്രൂഡിന്റെ വില 100 ഡോളറിനും താഴെയെത്തി. സമാധാന ചർച്ച ബ്രെന്റ് ക്രൂഡിന്റെ വില 111 ഡോളറിലേക്കു കുറയാൻ കാരണമായെങ്കിൽ, അമേരിക്കയുടെ ഓയിൽ റിസർവ് തുറക്കാനുള്ള പ്രഖ്യാപനം വന്നതിനു ശേഷം വില 104 ഡോളറിലേക്കു കുറഞ്ഞു. റഷ്യയുക്രെയ്ൻ യുദ്ധം മൂലം രാജ്യാന്തര വിപണിയിലെ ക്രൂഡ്ഓയിൽ വില 139 ഡോളർ വരെ ഉയർന്നിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പായതിനാൽ ആ സമയങ്ങളിൽ ഇന്ത്യയിൽ എണ്ണവില വർധിപ്പിച്ചിരുന്നില്ല.

ചൈനയിൽ കോവിഡ് വ്യാപനത്തെത്തുടർന്നു പ്രഖ്യാപിച്ച ലോക്ഡൗൺ ക്രൂഡ്ഓയിൽ വിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ പ്രധാന എണ്ണ ഇറക്കുമതിക്കാരായ ചൈനയിൽനിന്നുള്ള ഡിമാൻഡ് കുറയുന്നതിനാലാണിത്. ഡിമാൻഡിൽ ഉണ്ടാകുന്ന ഉയർച്ച താഴ്ചകളാണ് ക്രൂഡ്ഓയിൽ വില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്. ചൈനയുടെ സാമ്പത്തിക ഹബ്ബായ ഷാങ്ഹായ് നഗരം അടക്കം അടച്ചിടേണ്ടിവരുന്നത് എണ്ണയുടെ ആഗോള ഡിമാൻഡിനെ സാരമായി ബാധിക്കും.

വിപണി വിലയേക്കാൾ 35 ഡോളർ വരെ കിഴിവിൽ ഇന്ത്യയ്ക്ക് എണ്ണ നൽകാമെന്നാണ് റഷ്യ പറയുന്നത്. ഈ റഷ്യൻ എണ്ണയാണ് ഇപ്പോൾ വരാനൊരുങ്ങുന്നത്. ഇത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമോ എന്ന് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നുമുണ്ട്. ഏതാണ്ട് 65 ഡോളറിൽ ഇന്ത്യയ്ക്ക് ഇപ്പോൾ എണ്ണ നൽകാനാകുമെന്നാണ് റഷ്യയുടെ വാഗ്ദാനം. എന്നാൽ 1.5 കോടി ബാരലെങ്കിലും ഇന്ത്യ വാങ്ങണമെന്നും റഷ്യ ആവശ്യപ്പെടുന്നുണ്ട്.

റഷ്യയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിൽനിന്ന് വ്‌ലാദിവോസ്‌ടോക് തുറമുഖത്ത് എത്തിച്ച് ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക് എണ്ണ കൊണ്ടുവരാമെന്നാണ് റഷ്യ പറയുന്നത്. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2021ൽ ഇന്ത്യ റഷ്യയിൽനിന്ന് 1.2 കോടി ബാരൽ എണ്ണയാണു വാങ്ങിയത്. ഇത് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വളരെ ചെറിയൊരംശം മാത്രമാണ്. ഉയർന്ന ചരക്കുകൂലിയാണ് റഷ്യൻ എണ്ണയിൽ നിന്ന് ഇന്ത്യൻ കമ്പനികളെ പിന്തിരിപ്പിക്കുന്നത്. എന്നാൽ 35 ഡോളർ വരെ വിലക്കിഴിവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.

രാജ്യാന്തര സാമ്പത്തിക വിനിമയ സംവിധാനമായ സ്വിഫ്റ്റിൽനിന്ന് റഷ്യയെ അമേരിക്കയും യൂറോപ്യൻ യൂണിയനും വിലക്കിയതോടെ ഏതു കറൻസി നൽകി എണ്ണക്കൈമാറ്റം നടത്തുമെന്നതിൽ ഇനിയും തീരുമാനമാകാനുണ്ട്. റഷ്യൻ കറൻസിയായ റൂബിൾ തന്നില്ലെങ്കിൽ എണ്ണ തരില്ലെന്ന് പുട്ടിൻ യൂറോപ്യൻ രാജ്യങ്ങളോടു വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾ റഷ്യൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങി റൂബിളിൽ എണ്ണ വാങ്ങണമെന്നാണു നിബന്ധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP