Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിന്റെ രണ്ട് ഗോളിന് മേഘാലയുടെ രണ്ട് ഗോൾ മറുപടി; വിനയായത് ലഭിച്ച പെനാൾട്ടി പാഴാക്കിയത്; മേഘാലയക്കെതിരെ കേരളത്തിന് സമനില; സെമിഫൈനൽ പ്രവേശനത്തിന് ഇനിയും കാത്തിരിക്കണം

കേരളത്തിന്റെ രണ്ട് ഗോളിന് മേഘാലയുടെ രണ്ട് ഗോൾ മറുപടി; വിനയായത് ലഭിച്ച പെനാൾട്ടി പാഴാക്കിയത്; മേഘാലയക്കെതിരെ കേരളത്തിന് സമനില; സെമിഫൈനൽ പ്രവേശനത്തിന് ഇനിയും കാത്തിരിക്കണം

സ്പോർട്സ് ഡെസ്ക്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ സെമിഫാനൽ പ്രവേശനത്തിന് കേരളത്തിന് ഇനിയും കാത്തിരിക്കണം.ഇന്ന് നടന്ന മത്സരത്തിൽ മേഘാലയയ്‌ക്കെതിരെ കേരളത്തിന് സമനില മാത്രം. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. കേരളത്തിനായി സഫ്‌നാദ് (17), സഹീഫ് (58) എന്നിവരാണ് ഗോൾ നേടിയത്. മേഘാലയയ്ക്കായി കിൻസെയ്‌ബോർ (40), ഫിഗോ സിൻഡായ് (55) എന്നിവർ ലക്ഷ്യം കണ്ടു. സിൻഡായിയുടെ ടൂർണമെന്റിലെ മൂന്നാം ഗോളാണ്.

മൂന്ന് മത്സരത്തിൽ രണ്ട് വിജയവും ഒരു സമനിലയും നേടി ഏഴ് പോയിന്റുമായി കേരളമാണ് ഗ്രൂപ്പ് എയിൽ ഒന്നാമത്. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റുമായി മേഘാലയയാണ് രണ്ടാമത്. 22 വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.

ഗ്രൂപ്പ് മത്സരത്തിൽ സസ്പെൻഷൻ മാറി കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ തിരിച്ചെത്തിയ ഷികിലിനെ പുറത്തിരുത്തി സഫ്നാദിനെ ഉൾപ്പെടുത്തിയാണ് കേരളം മേഘാലയയ്‌ക്കെതിരെ ഇറങ്ങിയത്. 10 ാം മിനിറ്റിൽ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. ബോക്സിന് മുമ്പിൽ നിന്ന് പ്രതിരോധ താരങ്ങളുടെ മുകളിലൂടെ അർജുൻ ജയരാജിനെ ലക്ഷ്യമാക്കി വിഘ്‌നേഷ് നൽകിയ പാസ് മേഘാലയ പ്രതിരോധ താരം വിൽബേർട്ട് ഡോൺബോക്കലാഗ് രക്ഷപ്പെടുത്തി. 15 ാം മിനിറ്റിൽ രണ്ടാം അവസരം. ബോക്സിനു മുമ്പിൽ നിന്ന് ഗോൾ ലക്ഷ്യമാക്കി അടിക്കാനിരുന്ന ക്യാപ്റ്റൻ ജിജോ ജോസഫിനെ പിന്നിൽ നിന്ന് ഒടിയെത്തി കിൻസായിബോർ ലൂയിഡ് അവസരം രക്ഷപ്പെടുത്തി.

17 ാം മിനിറ്റിൽ കേരളം ലീഡെടുത്തു. വലതു വിങ്ങിൽ നിന്ന് ഒരു പ്രതിരോധ താരത്തെ മറികടന്ന് നിജോ ഗിൽബേർട്ട് നൽക്കിയ പാസിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച മുഹമ്മദ് സഫ്നാദ് ഗോളാക്കി മാറ്റി. ഗോൾ വീണതിന് ശേഷം ഉണർന്നു കളിച്ച മേഘാലയയ്ക്ക് 25 ാം മിനിറ്റിൽ അവസരം ലഭിച്ചു. പിന്നിൽ നിന്ന് ഓടിയെത്തിയ പ്രതിരോധ താരം അജയ് അലക്സ് രക്ഷകനായി. 27 ാം മിനിറ്റിൽ സോയൽ ജോഷി നൽകിയ പാസിൽ വിഘ്‌നേഷ് ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

28 ാം മിനിറ്റിൽ പ്രതിരോധ താരങ്ങളുടെ മുകളിലൂടെ വിഘ്‌നേഷ് നൽക്കിയ പാസ് നിജോ ഗിൽബേർട്ട് ഓടിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 40 ാം മിനിറ്റിൽ മേഘാലയ സമനില പിടിച്ചു. വലതു വിങ്ങിൽ നിന്ന് അറ്റ്ലാൻസൺ ഫസ്റ്റ് ബോക്സിലേക്ക് നൽക്കിയ പാസിൽ ബോക്സിൽ നിലയുറപ്പിച്ചിരുന്ന കിൻസെയ്‌ബോർ ലൂയിഡ് ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ കേരളത്തിന് അവസരം ലഭിച്ചു.

രണ്ടാം പകുതിയിൽ പകരക്കാരായി എത്തിയ നൗഫലും ജെസിനും തമ്മിൽ നടത്തിയ മുന്നേറ്റത്തിൽ ജെസിൻ സെകന്റ് പോസ്റ്റിലേക്ക് നൽക്കിയ പാസ് സഫ്നാദ് ഓടിയെടുക്കാൻ ശ്രമിച്ചെങ്കിലും ചെറിയ വ്യത്യാസത്തിൽ നഷ്ടമായി. 49 ാം മിനിറ്റിൽ മേഘാലയ ബോക്സിലേക്ക് കുതിച്ച ജെസിനെ ബോക്സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ജിജോ ജോസഫ് ബാറിന് മുകളിലൂടെ പുറത്തേക്ക് അടിച്ചു. 55 ാം മിനിറ്റിൽ മേഘാലയ ലീഡ് നേടി. കോർണർ കിക്കിൽ നിന്ന് വന്ന പന്ത് ഫിഗോ സിൻഡായ് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

58 ാം മിനിറ്റിൽ കേരളം സമനില പിടിച്ചു. ഇടതു വിങ്ങിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് ബോക്സിൽ നിലയുറപ്പിച്ചിരുന്ന കേരള താരങ്ങളെ ലക്ഷ്യമാക്കി അടിച്ചു. മേഘാലയ താരങ്ങളുടെ തലയിൽ തട്ടിയ പന്ത് മുഹമ്മദ് ഷഹീഫിന് ലഭിച്ചു. ഷഹീഫ് അടിച്ച് ഗോളാക്കി മാറ്റുകയായിരുന്നു. തുടർന്ന് വലതു വിങ്ങിലൂടെ മൂന്നേറി നൗഫൽ ഗോളിനായി അവസരം ഒരുക്കിയെങ്കിലും ഗോൾ വിട്ടുനിന്നു.

88 ാം മിനിറ്റിൽ വലതു വിങ്ങിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് ഷഹീഫ് കൃത്യമായി സെകന്റ് പോസ്റ്റിലേക്ക് നൽകി. ബോക്സിൽ നിലയുറപ്പിച്ചിരുന്ന ബിബിൻ അജയൻ ഹെഡ് ചെയ്തെങ്കിലും ബാറിൽ തട്ടി. 90 ാം മിനിറ്റിൽ മറ്റൊരു അവസരം ലഭിച്ചു. വലതു വിങ്ങിലൂടെ നൗഫൽ അകത്തേക്ക് കടന്ന് സോയലിന് നൽകിയ ബോൾ സോയൽ ബോക്സിലേക്ക് നൽകി. പന്ത് സ്വീകരിച്ച ജിജോ ജോസഫ് ഗോളിന് ശ്രമിച്ചെങ്കിലും മേഘാലയ ഗോൾ കീപ്പർ തട്ടി അകറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP