Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബസിന്റെ ഗ്ലാസ് നീക്കാനെന്ന വ്യാജേന യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചമർത്തിയത് പരാതി ആയതോടെ ഭീഷണി; കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡ്രൈവർ ഷാജഹാന് സസ്‌പെൻഷൻ

ബസിന്റെ ഗ്ലാസ് നീക്കാനെന്ന വ്യാജേന യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചമർത്തിയത് പരാതി ആയതോടെ ഭീഷണി; കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡ്രൈവർ ഷാജഹാന് സസ്‌പെൻഷൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പത്തനംതിട്ട-ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസിൽ പിജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡ്രൈവർ പി.എ.ഷാജഹാനെ സസ്‌പെൻഡ് ചെയ്തു. പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ പിജി വിദ്യാർത്ഥിനിക്ക് നേരെ പ്രതിയായ ഡ്രൈവർ ഭീഷണി മുഴക്കിയിരുന്നു. പരാതിയുമായി മുന്നോട്ടു പോയാൽ കാണിച്ചു തരാമെന്നും നിന്നെ ഞാൻ കോടതി കയറ്റുമെന്നും ഷാജഹാൻ പരാതിക്കാരിയുടെ വാട്‌സാപ്പിലേക്ക് സന്ദേശമയച്ചു. യുവതി ഈ സന്ദേശം കെഎസ്ആർടിസി വിജിലൻസിന് കൈമാറി.

കഴിഞ്ഞ 16 ന് പുലർച്ചെ കൃഷ്ണഗിരിക്ക് സമീപം വച്ചാണ് യുവതി ബസിൽ പീഡിപ്പിക്കപ്പെട്ടത്. ഈ വാർത്ത ഇന്നലെ മറുനാടനാണ് പുറത്തു കൊണ്ടു വന്നത്. യാത്രക്കാരുടെ റിസർവേഷൻ ലിസ്റ്റ് നോക്കിയാണ് ഷാജഹാൻ യുവതിയുടെ നമ്പർ കൈക്കലാക്കിയത്. തനിക്കെതിരേ യുവതി പരാതി നൽകിയെന്ന് മനസിലാക്കിയായിരുന്നു ഷാജഹാന്റെ നീക്കം. തുടർന്ന് മൂന്നു തവണ ഇയാൾ യുവതിയെ വിളിക്കാൻ ശ്രമിച്ചു. എന്നാൽ യുവതി ഫോണെടുത്തില്ല. തുടർന്നാണ് വാട്‌സാപ്പിലേക്ക് ശബ്ദസന്ദേശം അയച്ചത്.

ഷാജഹാനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തെന്ന് കെഎസ്ആർടിസി ചെയർമാനും, എംഡിയുമായ ബിജു പ്രഭാകർ അറിയിച്ചു. അറിയിപ്പ് ഇങ്ങനെ:

കഴിഞ്ഞ 17 ന് പത്തംതിട്ട- ബാഗ്ലൂർ സർവ്വീസിൽ യാത്ര ചെയ്ത യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പി.എ ഷാജഹാനെ സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

സംഭവം നടന്ന സമയത്തിന് ശേഷം പരാതിക്കാരിയെ ഇയാൾ ഫോൺ മുഖാന്തിരം ബന്ധപ്പെടാൻ ശ്രമിക്കുകയും, യാത്രക്കാരി പ്രതികരിക്കാത്തതിനാൽ വാട്ട്‌സ് ആപ്പിൽ വോയിസ് മെസേജ് അയക്കുകയും, സ്ഥാപനത്തിന്റെ അറിവോ, സമ്മതമോ കൂടാതെ വാർത്താ മാധ്യമങ്ങളിൽ സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു.

വാട്ട്‌സ് ആപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുകയും, താൻ സസ്‌പെൻഡ് ചെയ്യപ്പെട്ടുവെന്ന് വോയിസ് മെസേജിലൂടെ പറഞ്ഞത് കളവാണെന്നും, താൻ കോടതിയിൽ പോകുമെന്നും, പ്രസ് മീറ്റ് നടത്തുമെന്നുമെല്ലാം വോയിസ് മെസേജിലൂടെ പറഞ്ഞത് ഭീഷണിയുടെ ഭാഗമാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാർത്താ മാധ്യമങ്ങളിൽ ഇയാൽ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ പരാതിക്കാരിക്കും, സ്ഥാപനത്തിനും അപകീർത്തി പരത്തുന്നതും, വസ്തുതാ വിരുദ്ധവുമാണ്. യാത്രക്കാരെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്ത് നിന്നുള്ള പ്രവർത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.

ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ പിജി വിദ്യാർത്ഥിനിയാണ് പരാതിക്കാരി. പത്തനംതിട്ട ഡിപ്പോയിൽ ജോലി ചെയ്യുന്ന ഡ്രൈവർ ഷാജഹാൻ ചിറ്റാർ സ്വദേശിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസിൽ കോട്ടയത്തു നിന്നാണ് പിജി വിദ്യാർത്ഥിനി കയറിയത്. ശനിയാഴ്ച പുലർച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. യുവതി ബംഗളൂരുവിൽ എത്തിയതിന് ശേഷം ഇമെയിലിലാണ് പരാതി നൽകിയത്.

ബസിന്റെ ജനൽപ്പാളി നീക്കാൻ സാധിക്കാതെ വന്നപ്പോൾ ഇവർ ഷാജഹാന്റെ സഹായം തേടുകയായിരുന്നു. ദീർഘദൂര സർവീസുകളിൽ രണ്ട്ഡ്രൈവർമാരാണ് ഉണ്ടാവുക.
. ഇരുവരും മാറി മാറി ഓടിക്കും. മറ്റൊരുഡ്രൈവർ ഓടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഷാജഹാന്റെ സഹായം യുവതി തേടിയത്. ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഷാജഹാൻ ജനനേന്ദ്രിയം തന്റെ തുടയിൽ ഉരസുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് അമർത്തുകയും ചെയ്തുവെന്നാണ് പരാതി. അപ്രതീക്ഷിതമായ നടപടിയിൽ ഭയന്നു പോയ തനിക്ക് ആ സമയം ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നൽകുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.

കെഎസ്ആർടിസി വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിടിഓയ്ക്കും വിജിലൻസ് ഓഫീസർ ഇൻ ചാർജിനും കൈമാറിയിട്ടുണ്ട്. ഇവർ ഷാജഹാന്റെ മൊഴി എടുത്തുവെന്നാണ് സൂചന. താൻ നിരപരാധിയാണെന്നാണ് ഷാജഹാൻ പറയുന്നത്.

ഷാജഹാൻ മുൻപ് നിരവധി തവണ അച്ചടക്ക നടപടി നേരിട്ടയാളാണ്. സ്ത്രീകൾ അടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാളെ പത്തനംതിട്ട ജില്ലയ്ക്ക് വെളിയിലേക്ക് വിട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച് തിരിച്ചെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP