Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി ശശി നല്ല ഭരണപരിചയമുള്ള ആൾ; ശശിയുടെ നിയമനം ഒറ്റക്കെട്ടായി എടുത്തത്; താനും കൂടി പങ്കാളിയായ തീരുമാനമാണത്; പുറത്ത് പ്രചരിക്കുന്നത് മാധ്യമസൃഷ്ടി; പാർട്ടി കമ്മിറ്റിക്കുള്ളിൽ നടന്ന ചർച്ചകൾ പുറത്തു പറയാനാകില്ല; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നിയമനത്തെ വിമർശിച്ചെന്ന വാർത്തയോട് പ്രതികരിച്ചു പി ജയരാജൻ

പി ശശി നല്ല ഭരണപരിചയമുള്ള ആൾ; ശശിയുടെ നിയമനം ഒറ്റക്കെട്ടായി എടുത്തത്; താനും കൂടി പങ്കാളിയായ തീരുമാനമാണത്; പുറത്ത് പ്രചരിക്കുന്നത് മാധ്യമസൃഷ്ടി; പാർട്ടി കമ്മിറ്റിക്കുള്ളിൽ നടന്ന ചർച്ചകൾ പുറത്തു പറയാനാകില്ല; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നിയമനത്തെ വിമർശിച്ചെന്ന വാർത്തയോട് പ്രതികരിച്ചു പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിക്കാനുള്ള തീരുമാനം പാർട്ടി ഒറ്റക്കെട്ടായി എടുത്തതെന്ന് പി ജയരാജൻ. താനും കൂടി പങ്കാളിയായ തീരുമാനമാണത്. പുറത്ത് പ്രചരിക്കുന്നത് മാധ്യമസൃഷ്ടിയാണ്. പാർട്ടി കമ്മിറ്റിക്കുള്ളിൽ നടന്ന ചർച്ചകൾ പുറത്തു പറയാനാകില്ലെന്നും പി ജയരാജൻ പറഞ്ഞു.

ശശിയെ നിയമിക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു. ഭരണരംഗത്ത് മികച്ച അനുഭവ പരിചയമുള്ള ആളാണ് പി ശശി. ആ നിലയ്ക്ക് അദ്ദേഹത്തിന് ഫലപ്രദമായി ഏൽപ്പിച്ച ചുമതല നിർവഹിക്കാനാകുമെന്നാണ് വിശ്വാസമെന്ന് പി ജയരാജൻ പറഞ്ഞു.

ശശി കഴിവുള്ള ആളുതന്നെയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, നേരത്തെ പറഞ്ഞല്ലോ, നല്ല ഭരണപരിചയമുള്ള ആളാണ് എന്നായിരുന്നു പി ജയരാജന്റെ മറുപടി. ശശിയെ നിയമിച്ചത് ഏകകണ്ഠമായിട്ടാണെന്നും, പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ ശശിക്ക് അയോഗ്യതയില്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു.

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെ പി ജയരാജൻ സംസ്ഥാന സമിതിയിൽ രൂക്ഷമായി എതിർത്തതായി വാർത്തകൾ പുറത്തു വന്നിരുന്നു. പൊളിറ്റിക്കൽ സെക്രട്ടറി നിയമനത്തിൽ കൂടുതൽ സൂക്ഷ്മത പുലർത്തണമായിരുന്നു. മുമ്പ് എന്ത് തെറ്റിന്റെ പേരിലാണ് ശശിക്കെതിരെ നടപടിയെടുത്തത്, ആ തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ട്. പാർട്ടിക്ക് മുമ്പ് കളങ്കമുണ്ടാക്കിയ സംഭവങ്ങൾ മറക്കരുതെന്നും ജയരാജൻ ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന നിയമനത്തിൽ പാർട്ടി ജാഗ്രതയും സൂക്ഷമതയും പുലർത്തണമെന്ന് പറഞ്ഞ ജയരാജൻ നേരിട്ട് പി ശശിക്കെതിരെ തിരിഞ്ഞിരുന്നു. ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ടെന്നും നിയമനത്തിൽ ജാഗ്രതയും സൂക്ഷ്മതയും വേണമെന്ന്പി ജയരാജൻ സംസ്ഥാന സമിതിയിൽ പറഞ്ഞു. എന്നാൽ നേരത്തെ വിവരങ്ങൾ അറിയിക്കണമായിരുന്നുവെന്നായിരുന്നു കോടിയേരി പറഞ്ഞത്. ജയരാജന്റെ എതിർപ്പ് നിൽക്കെയാണ് സംസ്ഥാന സമിതിയോഗം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തീരുമാനിച്ചത്.

ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. പാർട്ടി നടപടിയിൽ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. പൊലീസിൽ അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിടി അയയുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പി ശശിയുടെ കടന്ന് വരവ്.

സിപിഎം സംസ്ഥാന സമിതിയിലാണ് മുൻ കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ നിയമിക്കുന്നതിന്റെ സാധുതയും യോഗ്യതയും ചോദ്യം ചെയ്തത്. പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ ഇ.കെ. നായനാർ സർക്കാറിന്റെ കാലത്തെ ശശിയുടെ വിവാദ പ്രവർത്തനങ്ങളിലേക്ക് ജയരാജൻ സംസ്ഥാന സമിതിയുടെ ശ്രദ്ധ തിരിച്ചു. പി. ശശിയുടെ നിയമനം കോടിയേരി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ജയരാജന്റെ വിമർശനം.

ശശിക്ക് ഇത്തരമൊരു നിയമനം നൽകുന്നത് എന്തിന്റെ പേരിലെന്ന് വിശദീകരിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. ഈ നിയമനം സൂക്ഷ്മതയില്ലാത്തതാണ്. ഇതിന്റെ പേരിൽ വീഴ്ചകൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP