Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഘോഷങ്ങൾ ഇല്ലാതെ നാളെ എലിസബത്ത് രാജ്ഞിയുടെ 96-ാം ജന്മദിനം; കൊട്ടാരത്തെ വിഷമിപ്പിക്കാൻ മറ്റൊരു അഭിമുഖം കൂടി നൽകി ഹാരി; എല്ലാം പൊറുക്കുമെന്ന രാജ്ഞിയുടെ സൂചന ഹാരി ഉപയോഗിച്ചില്ലെങ്കിൽ ഉണ്ടാവുന്നത് നിത്യശത്രുത എന്ന് ബക്കിങ്ഹാം പാലസ് അധികൃതർ

ആഘോഷങ്ങൾ ഇല്ലാതെ നാളെ എലിസബത്ത് രാജ്ഞിയുടെ 96-ാം ജന്മദിനം; കൊട്ടാരത്തെ വിഷമിപ്പിക്കാൻ മറ്റൊരു അഭിമുഖം കൂടി നൽകി ഹാരി; എല്ലാം പൊറുക്കുമെന്ന രാജ്ഞിയുടെ സൂചന ഹാരി ഉപയോഗിച്ചില്ലെങ്കിൽ ഉണ്ടാവുന്നത് നിത്യശത്രുത എന്ന് ബക്കിങ്ഹാം പാലസ് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പൊതുജീവിതത്തിൽ നിന്നും വിരമിച്ചതിനുശേഷം താമസിക്കാൻ ഫിലിപ്പ് രാജകുമാരൻ തെരഞ്ഞെടുത്ത സൻഡ്രിങ്ങാം എസ്റ്റേറ്റിലെ തികച്ചും ലളിതമായ ഫാം ഹൗസിലായിരിക്കും വ്യാഴാഴ്‌ച്ച തന്റെ പിറന്നാൾ ദിനം രാജ്ഞി ചെലവിടുക. ഇന്ന് നോർഫോക്ക് എസ്റ്റേറ്റിലേക്ക് ഹെലികോപ്റ്റർ മാർഗ്ഗം പോകുന്ന രാജ്ഞി അടുത്തയാഴ്‌ച്ച ആദ്യംവരെ അവിടെ തുടരും. തന്റെ പ്രിയതമൻ അന്ത്യകാലം ചെലവഴിച്ച വുഡ് ഫാമിൽ പിറന്നാൾ ദിനം ചെലവഴിക്കുക എന്നത് തികച്ചും വൈകാരികമായ ഒരു തീരുമാനമായിരുന്നു എന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു.

രാജ്ഞിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടുത്ത ഏതാനും ദിവസങ്ങളിൽ അവിടെയെത്തി അവരെ സന്ദർശിക്കും എന്നാണ് കരുതുന്നത്. ഇവിടെ സമയം ചെലവഴിക്കുന്നതിനിടയിൽ രാജ്ഞി റോയൽ സ്റ്റഡ് സന്ദർശിക്കും എന്ന് കരുതുന്നു. മാത്രമല്ല, ഫിലിപ്പ് രാജകുമാരനും, പിന്നീട് അതിന്റെ ചുമതല ഏറ്റെടുത്ത ചാൾസ് രാജകുമാരനും ഏറെ ആധുനിക വത്ക്കരിച്ച തന്റെ 20,000 ഏക്കർ എസ്റ്റേറ്റിലാകെ രാജ്ഞി ചുറ്റി കാണുകയും ചെയ്യും.

രാജ്ഞിയുടെ പിറന്നാൾ ആഘോഷത്തിനായി ബക്കിങ്ഹാം കൊട്ടാരം ഔദ്യോഗിക പരിപാടികൾ ഒന്നും തന്നെ സംഘടിപ്പിക്കുന്നില്ല. എന്നിരുന്നാലും കുടുംബാംഗങ്ങളും രാജ്ഞി ഇടപെടുന്ന ചില സംഘടനകളുടെ പ്രതിനിധികളുമൊക്കെ അവിടെയെത്തി അവർക്ക് ജന്മദിനാശംസകൾ നേരും. അടുത്ത കാലത്ത് രാജ്ഞിയുടെ ആരോഗ്യസ്ഥിതിയുമായി പുറത്തുവന്ന റിപ്പോർട്ടുകൾ പരിഗണിക്കുമ്പോൾ, രാജ്ഞിയുടെ ഈ ഹ്രസ്വ ഒഴിവുകാലം തികച്ചും പ്രത്യാശാജനകമാണ്.

വീണ്ടും തലവേദനയുമായി ഹാരി

ഇൻവിക്ടസ് ഗെയിംസിനിടയിൽ ഹാരി തങ്ങൾക്ക് ഒരു അഭിമുഖം നൽകി എന്ന ഒരു പ്രമുഖ അമേരിക്കൻ ചാനലിന്റെ വെളിപ്പെടുത്തലോടെ അടുത്ത തീമഴയ്ക്കായി കാത്തിരിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം. നെതർലാൻഡ്സിൽ ഉണ്ടായിരുന്ന സമയത്ത് ഹാരി തങ്ങളുടെ അവതാരകൻ ഹോഡ കോബുമായി സംസാരിച്ചതായി എൻ ബി സി ടുഡേ യാണ് വെളിപ്പെടുത്തിയത്. ഇൻവിക്ടസ് ഗെയിംസിനെ കുറിച്ചും രാജ്ഞിയെ സന്ദർശിച്ചതിനെ കുറിച്ചും, മേഗൻ മെർക്കലിനൊപ്പമുള്ള തന്റെ ജീവിതത്തെ കുറിച്ചുമൊക്കെ ഹാരി സംസാരിച്ചതായി ചാനൽ പറയുന്നു.

ഇന്ന് ന്യുയോർക്ക് സമയം വൈകിട്ട് 6.30 ന് ഈ അഭിമുഖത്തിന്റെ പ്രീമിയർ സംപ്രേഷണം ചെയ്യും. നാളെയായിരിക്കും ഇതിന്റെ പൂർണ്ണരൂപം സംപ്രേഷണം ചെയ്യുക. ഇൻവിക്ടസ് ഗെയിംസിൽ പങ്കെടുക്കാൻ ഹേഗിലേക്ക് പോകുന്നവഴി തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഹാരി എലിസബത്ത് രാജ്ഞിയേയും തന്റെ പിതാവ് ചാൾസ് രാജകുമാരനെയും സന്ദർശിച്ചത്. രാജ്ഞിയെ സന്ദർശിച്ചത് ഒരു വലിയ അനുഭവമായിരുന്നെന്ന് ഹാരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മേഗൻ കാലിഫോർണീയയിലേക്ക് തിരിച്ചുപോയെങ്കിലും ഹാരി ഇപ്പോഴും ഹേഗിൽ തുടരുകയാണ്.

അതിനിടയിൽ, രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിൽ ആഘോഷവേളയിൽ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ സന്നിഹിതരാകാൻ ഹാരിക്കും മേഗനും ക്ഷണം ലഭിച്ചു എന്ന ചില റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ, ആഘോഷങ്ങളിൽ ഇവർക്ക് ഔപകാരികമായി എന്തെങ്കിലും പങ്കുണ്ടാവില്ലെന്നറിയുന്നു. അത്തരത്തിൽ അവർ ലണ്ടനിൽ എത്തുകയാണെങ്കിൽ കുടുംബ ചടങ്ങുകളിലും ബാൽക്കണിയിൽ രാജ്ഞി പൊതുജനങ്ങൾക്ക് ദർശനം നൽകുന്ന അവസരത്തിലും അതുപോലെ സെയിന്റ് പോൾ കത്തീഡ്രലിൽ നടക്കുന്ന പ്രത്യേക ചടങ്ങുകളിലും മാത്രമായിരിക്കും പങ്കെടുക്കാനാവുക.

ഹാരിക്ക് മുന്നറിയിപ്പുമായി രാജഭക്തർ

ഹാരിയുടെയും മേഗന്റെയും ബക്കിങ്ഹാം സന്ദർശനം വാർത്ത ആയതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങൾ പുറത്തുവരുന്നുണ്ട്. മുത്തച്ഛന്റെ ഓർമ്മദിന ചടങ്ങിൽ പങ്കെടുക്കാതെ മാറി നിന്ന് തന്റെ മുത്തശ്ശിയുടെ വികാരങ്ങളെ മാനിക്കാത്ത ഹാരി എന്തിനാണ് ഇപ്പോൾ ഒരു സന്ദർശനം നടത്തുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ഹാരിയും മേഗനും എവിടെ പ്രത്യക്ഷപ്പെടുന്നുവോ അതിന്റെ തൊട്ടടുത്തായി രാജകുടുംബത്തിന് ഒരു തലവേദന പ്രതീക്ഷിക്കാം എന്നാണ് പ്രമുഖ കോളമിസ്റ്റ് സാറാ വൈൻ എഴുതിയത്.

നെറ്റ്ഫ്ളിക്സിനു വേണ്ടിയുള്ള അഭിനമാണ് ഇതൊക്കെ എന്ന ആരോപണവും ഉയരുന്നുണ്ട്. ജൂബിൽ ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞിക്കൊപ്പം ബാൽക്കണിയിൽ പ്രത്യക്ഷപ്പെടാൻ ലഭിച്ച അവസരവും അവർ നെറ്റ്ഫ്ളിക്സിനു വേണ്ടിയായിരിക്കും ഉപയോഗിക്കുക എന്ന് ചിലർ പറയുന്നു. അതേസമയം, എന്നുംകുടുംബത്തെ ഒരുമിച്ചു നിർത്താൻ രാജ്ഞി എടുക്കുന്ന ശ്രമത്തെ ദുരുപയോഗം ചെയ്യരുതെന്ന് ചിലർ ഹാരിയോട് ആവശ്യപ്പെടുന്നു. ഇപ്പോൾ നൽകുന്ന സൂചനകൾ മാനിക്കാതെ വീണ്ടും ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണെങ്കിൽ അത്‌നിത്യശത്രുതയിലായിരിക്കും അവസാനിക്കുക എന്നും അവർ ഓർമ്മിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP