Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മികച്ച സ്‌കോർ ഉയർത്തി, മുന്നിൽ നിന്ന് നയിച്ച് ഫാഫ് ഡുപ്ലേസി; നാലു വിക്കറ്റുമായി ഹെയ്സൽവുഡും; ഐപിഎല്ലിൽ അഞ്ചാം ജയം കുറിച്ച് ബാംഗ്ലൂർ രണ്ടാമത്; ലഖ്‌നൗവിനെ കീഴടക്കിയത് 18 റൺസിന്

മികച്ച സ്‌കോർ ഉയർത്തി, മുന്നിൽ നിന്ന് നയിച്ച് ഫാഫ് ഡുപ്ലേസി; നാലു വിക്കറ്റുമായി ഹെയ്സൽവുഡും; ഐപിഎല്ലിൽ അഞ്ചാം ജയം കുറിച്ച് ബാംഗ്ലൂർ രണ്ടാമത്; ലഖ്‌നൗവിനെ കീഴടക്കിയത് 18 റൺസിന്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 18 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ രണ്ടാമത്. ബാംഗ്ലൂർ ടീം ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ ജയന്റ്സിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ സാധിച്ചുള്ളൂ.

സീസണിലെ ബാംഗ്ലൂരിന്റെ അഞ്ചാം ജയമാണിത്. നാല് ഓവറിൽ വെറും 25 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ഓസീസ് താരം ജോഷ് ഹെയ്സൽവുഡാണ് സൂപ്പർ ജയന്റ്സിനെ പിടിച്ചുകെട്ടിയത്.

ജയത്തോടെ ഏഴ് കളികളിൽ 10 പോയന്റുമായി ബാംഗ്ലൂർ പോയന്റ് പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. രാജസ്ഥാൻ റോയൽസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാംഗ്ലൂരിന്റെ മുന്നേറ്റം. തോൽവിയോടെ മൂന്നാം സ്ഥാനത്തായിരുന്ന ലഖ്‌നൗ നാലാം സ്ഥാനത്തേക്ക് വീണു. സ്‌കോർ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 20 ഓവറിൽ 181-6, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 20 ഓവറിൽ 163-8.

182 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സൂപ്പർ ജയന്റ്സിന് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ക്വിന്റൺ ഡിക്കോക്കിനെ (3) നഷ്ടമായി. തുടർന്നെത്തിയ മനീഷ് പാണ്ഡെയും (6) പരാജയമായതോടെ അവർ പതറി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ കെ.എൽ രാഹുൽ - ക്രുണാൽ പാണ്ഡ്യ സഖ്യം സ്‌കോർ 64 വരെയെത്തിച്ചു. 24 പന്തിൽ നിന്ന് 30 റൺസെടുത്ത രാഹുലിനെ മടക്കി ഹർഷൽ പട്ടേൽ ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു.

പിന്നാലെ 14 പന്തിൽ നിന്നും 13 റൺസെടുത്ത ഹൂഡയെ 13-ാം ഓവറിൽ മുഹമ്മദ് സിറാജ് പുറത്താക്കി. നിലയുറപ്പിച്ച ക്രുണാൽ തൊട്ടടുത്ത ഓവറിൽ മടങ്ങിയതോടെ സൂപ്പർ ജയന്റ്സ് ശരിക്കും പ്രതിരോധത്തിലായി. 28 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 42 റൺസെടുത്താണ് താരം മടങ്ങിയത്. ക്രുണാൽ പാണ്ഡ്യയാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറർ.

15 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 24 റൺസെടുത്ത മാർക്കസ് സ്റ്റോയ്നിസ് അപകടഭീഷണി ഉയർത്തിയെങ്കിലും 19-ാം ഓവറിൽ താരത്തെ മടക്കി ഹെയ്സൽവുഡ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി.

അവസാന ഓവറിൽ ഇരട്ട സിക്‌സറുമായി തിളങ്ങിയെങ്കിലും ജെയ്‌സൻ ഹോൾഡർ എട്ടു പന്തിൽ 16 റൺസുമായി അഞ്ചാം പന്തിൽ പുറത്തായി. ദുഷ്മന്ത ചമീര (1), രവി ബിഷ്‌ണോയ് (0) എന്നിവർ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയുടെ തകർപ്പൻ ബാറ്റിംഗിന്റെ മികവിലാണ് ബാംഗ്ലൂർ മികച്ച സ്‌കോറിലെത്തിയത്. ഫാഫ് ഡൂപ്ലെസി 64 പന്തിൽ 96 റൺസെടുത്തപ്പോൾ ഷഹബാസ് അഹമ്മദും(26) ഗ്ലെൻ മാക്‌സ്വെല്ലും(23) ഡൂപ്ലെസിക്ക് മികച്ച പിന്തുണ നൽകി.

പവർ പ്ലേയിലെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ അനുജ് റാവത്തിനെ(4) നഷ്ടമായ ബാംഗ്ലൂരിന് തൊട്ടടുത്ത പന്തിൽ ക്യാപ്റ്റൻ വിരാട് കോലി(0)യെയും നഷ്ടമായി. ചമീരയുടെ ഇരട്ടപ്രഹരത്തിൽ ഞെട്ടിയ ബാംഗ്ലൂരിന് പവർ പ്ലേ പിന്നിടും മുമ്പെ തകർപ്പൻ തുടക്കമിട്ട ഗ്ലെൻ മാക്‌സ്വെല്ലിനെയും(11 പന്തിൽ 23) നഷ്ടമായി.

പവർപ്ലേക്ക് പിന്നാലെ സുയാഷ് പ്രഭുദേശായിയെ(10) കൂടി നഷ്ടമായതോടെ 62-4 എന്ന നിലയിൽ തകർന്ന ബാംഗ്ലൂരിനെ ഡൂപ്ലെസിയും ഷഹബാസും ചേർന്നാണ് 100 കടത്തിയത്. 40 പന്തിൽ അർധസെഞ്ചുറി തികച്ച ഡൂപ്ലെസി ആറാം വിക്കറ്റിൽ ദിനേഷ് കാർത്തിക്കിനെ കൂട്ടുപിടിച്ച് 49 റൺസ് ബാംഗ്ലൂർ സ്‌കോറിലേക്ക് ചേർത്തു. കാർത്തിക്ക് എട്ടു പന്തിൽ നിന്ന് 13 റൺസോടെ പുറത്താകാതെ നിന്നു.

അവസാന ഓവറിൽ അർഹിച്ച സെഞ്ചുറിക്ക് നാലു റൺസകലെ ഹോൾഡറുടെ പന്തിൽ സ്റ്റോയ്‌നിസിന് ക്യാച്ച് നൽകി ഡൂപ്ലെസി മടങ്ങി. ലഖ്‌നൗവിനായി ദുഷ്മന്ത് ചമീര രണ്ട് വിക്കറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP