Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലക്കാട്ടെ കൊലപാതകങ്ങളിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുക ആർഎസ്എസ് -എസ്ഡിപിഐ ലക്ഷ്യം; ന്യൂനപക്ഷങ്ങളിലെ അരക്ഷിതാവസ്ഥ മുതലെടുക്കാൻ ഉള്ള എസ്ഡിപിഐ ശ്രമം ഭൂരിപക്ഷ വർഗീയത വളർത്തും; സിപിഎം ശക്തമായ പ്രചാരണത്തിന് എന്ന് കോടിയേരി

പാലക്കാട്ടെ കൊലപാതകങ്ങളിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുക ആർഎസ്എസ് -എസ്ഡിപിഐ ലക്ഷ്യം; ന്യൂനപക്ഷങ്ങളിലെ അരക്ഷിതാവസ്ഥ മുതലെടുക്കാൻ ഉള്ള എസ്ഡിപിഐ ശ്രമം ഭൂരിപക്ഷ വർഗീയത വളർത്തും; സിപിഎം ശക്തമായ പ്രചാരണത്തിന് എന്ന് കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പാലക്കാട്ടെ ആർഎസ്എസ് എസ്ഡിപിഐ പ്രവർത്തകരുടെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയ കലാപത്തിനുള്ള പരിശ്രമമാണ് ഇരു സംഘടനകളും നടത്തുന്നത്. വർഗീയതയ്ക്കെതിരെ ശക്തമായ ക്യാമ്പയ്ൻ സംഘടിപ്പിക്കും. ഏപ്രിൽ 25,26 തീയതികളിൽ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ബഹുജനങ്ങളെ പങ്കെടുപ്പിച്ച് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

പാലക്കാട്ടെ കൊലപാതകങ്ങളിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നതാണ് ആർഎസ്എസിന്റേയും എസ്ഡിപിഐയുടെയും ലക്ഷ്യം. മതസൗഹാർദം തകർക്കാനുള്ള ഗൂഢാലോചനയാണ്. ഭൂരിപക്ഷ, ന്യൂനപക്ഷം വർഗീയതകൾ ചൂണ്ടിക്കാണിച്ച് പരസ്പരം വളരാനുള്ള പരിശ്രമമാണ് നടക്കുന്നത്. വിവിധ മതവിശ്വാസികളിൽ ഭീതിപരത്തി രക്ഷകന്മാർ ഞങ്ങളാണ് എന്ന് വരുത്താൻ പരിശ്രമിക്കുകയാണ്. മതത്തിന്റെ പേരുപറഞ്ഞാണ് ജനങ്ങളെ തിരിക്കുന്നത്. യഥാർത്ഥ മതവിശ്വാസികൾ വർഗീയ തീവ്രവാദ നിലപാടുകൾക്കെതിരെ നിലപാട് സ്വീകരിക്കണം. മഹാഭൂരിപക്ഷം ജനങ്ങളും വർഗീയവാദത്തിനും കൊലപാതകത്തിനും എതിരാണ്.

ആർഎസ്എസിന്റെ നേൃത്വത്തിലുള്ള കേന്ദ്ര ഭരണം ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. എന്നാൽ ഇത് ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തും. വർഗീയ തീവ്രവാദ നിലപാടുകളെ ജനങ്ങൾ ഒറ്റപ്പെടുത്തണം.

കൊലപാതകങ്ങൾക്കുശേഷം ആർഎസ്എസും എസ്ഡിപിഐയും സർക്കാരിനും പൊലീസിനുമെതിരായാണ് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. നാട്ടിൽ കലാപം സൃഷ്ടിച്ച് സർക്കാരിനെ അസ്ഥിരമാക്കുക എന്നതാണ് ലക്ഷ്യം. ആലപ്പുഴ സംഭവങ്ങൾക്കുശേഷം സംസ്ഥാനത്താകെ പ്രകടനം നടത്തി കലാപം നടത്താനുള്ള ആർഎസ്എസ് ശ്രമം പൊലീസ് പ്രതിരോധിച്ചതാണ്. വർഗീയവാദികൾക്കെതിരെ സുശക്തമായ നിലപാടാണ് എൽഡിഎഫിനുള്ളത്. കലാപകാരികളെ അടിച്ചമർത്തണം. സമാധാന ജീവിതം ഉറപ്പാക്കുന്നതിനാണ് മുൻഗണന.

മുമ്പ് ആലപ്പുഴയിലും പാലക്കാടും യുഡിഎഫ് ഭരണകാലത്താണ് വർഗീയ കലാപങ്ങൾ നടന്നത്. ഇപ്പോൾ അത്തരമൊരു നിലയിലേക്ക് നീങ്ങാത്തത് എൽഡിഎഫ് സർക്കാർ ഭരിക്കുന്നതുകൊണ്ടാണ്. വർഗീയവാദികൾ നടത്തുന്ന കൊലപാതകങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ രോഷമുണ്ട്. ആ രോഷം സർക്കാരിനെതിരായി തിരിച്ചുവിടുകയാണ് ഇവരുടെ ലക്ഷ്യം.

ഈ വിഷയത്തിൽ യുഡിഎഫ് സ്വീകരിച്ച നിലപാട് അത്ഭുതകരമാണ്. രണ്ട് കൊലപാതകങ്ങളെയും അപലപിച്ചില്ല. തള്ളിപ്പറയാനോ അവരുടെ നിലപാട് തുറന്നുകാണിക്കാനോ തയ്യറായിട്ടില്ല. സങ്കുചിതമായ രാഷ്ട്രീയ നിലപാട് നമ്മുടെ നാടിന് അനുകൂലമല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും മതനിരപേക്ഷ പാരമ്പര്യം സ്വീകരിക്കണം. താൽക്കാലിക നേട്ടത്തിന് ഇത്തരം സന്ദർഭങ്ങൾ ഉപയോഗിക്കരുത്.

രാജ്യത്ത് രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഒമ്പത് സംസ്ഥാനത്ത് മുസ്ലിങ്ങൾക്കെതിരായ ആക്രമണം നടത്തി. മധ്യപ്രദേശിൽ മുസ്ലിം വിശ്വാസികളുടെ 50 കെട്ടിടങ്ങൾ ഘോഷയാത്രയുടെ പേരുപറഞ്ഞ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അവിടുത്തെ സർക്കാർ ഇതിനെല്ലാം അനുവാദം നൽകി. മാംസം വിറ്റതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഒരാളെ തല്ലിക്കൊന്നു. ഇതൊന്നും യാദൃശ്ചികമല്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് കലാപം നടത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അതുതന്നെയാണ് അവർ കേരളത്തിലും ലക്ഷ്യമിടുന്നത്.

അടുത്തകാലത്ത് സിപിഐ എമ്മിനെതിരായും ആർഎസ്എസ് കൊലപാതകം നടത്തി. തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ്, തലശ്ശേരിയിലെ മത്സ്യത്തൊഴിലാളി ഹരിദാസ് എന്നിവെരെ മൃഗീയമായി കൊലപ്പെടുത്തി. ഇതെല്ലാം സിപിഐ എമ്മിനെ പ്രകോപിപ്പിക്കാൻ ചെയ്തതായിരുന്നു. എന്നാൽ പാർട്ടി പ്രവർത്തകർ ആത്മസംയമനം പാലിച്ചു. വ്യാപകമായ കലാപം നടത്തുക, സിപിഐ എമ്മിനെ തകർക്കുക എന്നതായിരുന്നു ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ബിജെപിയിൽ കലാപം നടക്കുകയാണ്. അതിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണ് ലക്ഷ്യം. ബിജെപിക്ക് കയ്യിലുണ്ടായിരുന്നു ഒരു സീറ്റ് നഷ്ടമായത് വലിയ തിരിച്ചടിയായി. 35 സീറ്റ് നേടുമെന്ന് പറഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം തന്നെ കുറഞ്ഞു. ഈ സഹാചര്യത്തിൽനിന്ന് തിരിച്ചുവരാനാണ് കലാപം നടത്തുന്നത്. വർഗീയ ശക്തികൾക്കെതിരെ ശക്തമായ ബഹുജന ക്യാമ്പയ്ൻ സിപിഐ എം സംഘടിപ്പിക്കും. ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിരോധം തീർക്കും. ഇതിന്റെ ഭാഗമായി ഏപ്രിൽ 25,26 രണ്ട് ദിവസം ഏരിയയിൽ ഒരു കേന്ദ്രത്തിൽ റാലി, പ്രകടനം പൊതുയോഗം എന്നിവ സംഘടിപ്പിക്കും.

നവകേരള നിർമ്മിതി സംബന്ധിച്ച പാർട്ടി കാഴ്ചപ്പാട് വിപുലമായി പ്രചരിപ്പിക്കണം. മെയ് 30 വരെ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കും. നവകേരളം സംബന്ധിച്ചുള്ള കാഴ്ചപ്പാട് ജനങ്ങളോട് വിശദീകരിക്കും. കെ റെയിൽ കടന്നുപോകുന്ന ഇടങ്ങളിലെ വീടുകളിൽ പാർട്ടി നേതാക്കൾ നേരിട്ട് സന്ദർശിക്കണം. ചില പ്രദേശങ്ങളിൽ മന്ത്രിമാരടക്കം എത്തണം. സർക്കാരിന്റെ വികസന പദ്ധതി നിലപാട് ഇതിലൂടെ പ്രചരിപ്പിക്കണം - കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP