Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതാപിതാക്കളോട് സംസാരിക്കാൻ താൽപര്യമില്ല; പിന്നീട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം; വിവാദങ്ങൾ അവസാനിക്കുമെന്നാണ് കരുതുന്നതെന്ന് ജോയ്‌സന; മകളെ ബ്രെയിൻ വാഷ് ചെയ്തു, രാജ്യം വിടുമോയെന്ന് ആശങ്കയുണ്ടെന്ന പിതാവിന്റെ വാദവും മുഖവിലക്കെടുക്കാതെ കോടതി; മകൾക്ക് മുന്നിൽ തോൽക്കില്ലെന്ന് പിതാവ് ജോസഫ്

മാതാപിതാക്കളോട് സംസാരിക്കാൻ താൽപര്യമില്ല; പിന്നീട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം; വിവാദങ്ങൾ അവസാനിക്കുമെന്നാണ് കരുതുന്നതെന്ന് ജോയ്‌സന; മകളെ ബ്രെയിൻ വാഷ് ചെയ്തു, രാജ്യം വിടുമോയെന്ന് ആശങ്കയുണ്ടെന്ന പിതാവിന്റെ വാദവും മുഖവിലക്കെടുക്കാതെ കോടതി; മകൾക്ക് മുന്നിൽ തോൽക്കില്ലെന്ന് പിതാവ് ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ച കോടതി വിധിയിൽ സന്തോഷമെന്നും സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജോയ്‌സ്‌ന. ഇനിയെങ്കിലും വിവാദങ്ങൾ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും ജോയ്‌സ്‌ന പ്രതികരിച്ചു. കാമുകൻ ഷെജിനൊപ്പം പോകാമെന്ന ഹൈക്കോടതി വിധിക്കു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോയ്‌സന.

മാതാപിതാക്കളോടു സംസാരിക്കാൻ താത്പര്യമില്ലെന്നും ഷെജിനൊപ്പം പോകാനാണ് താത്പര്യമെന്നുമാണ് ജോയ്‌സന കോടതിയെ അറിയിച്ചത്. ഇതേത്തുടർന്ന് ജോയ്‌സനയ്ക്കു കാമുകൻ ഷെജിനൊപ്പം പോകാമെന്നു ഹൈക്കോടതി വിധിക്കുകയായിരുന്നു. മാതാപിതാക്കളോട് ഇപ്പോൾ സംസാരിക്കാന് ഇല്ലെന്നാണ് കോടതി വിധിക്ക് ശേഷവും ജോയസ്‌ന പ്രതികരിച്ചത്. ഇപ്പോൾ സംസാരിച്ചാൽ അവർ കൃത്യമായി എടുക്കില്ല, പിന്നീട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെന്നും ജോയ്‌സന പ്രതികരിച്ചു.

ജോയ്‌സനയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തീർപ്പാക്കിയത്. അതേസമയം നിയമ പോരാട്ടം തുടരുമെന്നാണ് പിതാവ് ജോസഫ് ആവർത്തിച്ചത്. എന്തുവന്നാലും മകൾക്ക് മുന്നിൽ തോൽക്കാൻ തയ്യാറല്ലെന്നും പിതാവ് പറഞ്ഞു. അതേസമയം മകളെ ബ്രെയിൻ വാഷ് ചെയ്തിരിക്കുകയാണ്. അതുകൊണ്ടാണ് മകൾ ഷെജിനെ വിവാഹം ചെയ്തെന്ന് അഭിഭാഷകൻ മുഖേനെ ജോസഫ് കോടതിയിയെ അറിയിച്ചത്.

മകൾ രാജ്യം വിടുമോ എന്ന് സംശയമുണ്ടെന്നും പിതാവ് കോടതിയിൽ ആശങ്കയായി പറഞ്ഞിരുന്നു. എന്നാൽ, പ്രായപൂർത്തിയായ പെൺകുട്ടിയുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു ഈ വാദം തള്ളുകയായിരുന്നു.
ജോയ്‌സനയ്ക്ക് ആവശ്യത്തിനു ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്നും നിരീക്ഷിച്ച കോടതി ഈ വിഷയത്തിൽ ഇടപെടാൻ കോടതിക്കു പരിമിതിയുണ്ടെന്നും വിലയിരുത്തി.

സ്‌പെഷൽ മാര്യേജ് ആക്ട്പ്രകാരം ഇവർ വിവാഹത്തിന് അപേക്ഷ സമർപ്പിച്ച സാഹചര്യവും കോടതി പരിഗണിച്ചു. ജോയ്‌സനയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തീർപ്പാക്കിയത്. താൻ ആരുടേയും തടങ്കലിൽ അല്ല, വിവാഹം കഴിച്ച് ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി ജോയ്സ്നയെ ഷെജിനൊപ്പം പോകാൻ അനുവദിച്ചത്.

ജസ്റ്റിസ് വി.ജി അരുൺ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജോയ്‌സ്‌നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. തുടർന്നാണ് ജോയ്‌സ്‌നയെ 19-ന് ഹാജരാക്കാൻ പൊലീസിനോട് ഹൈക്കോടതി നിർദ്ദേശിച്ചത്. ആദ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജോയ്‌സ്‌നയോട് നേരിട്ടാണ് സംസാരിച്ചത്. താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണെന്നും തനിക്ക് മേൽ ഒരുതരത്തിലുമുള്ള സമ്മർദ്ദവുമില്ല എന്നും ജോയ്‌സ്‌ന കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചു. തനിക്ക് മാതാപിതാക്കളോട് ഇപ്പോൾ സംസാരിക്കാൻ താത്പര്യമില്ല. അവരെ ഇപ്പോൾ കാണുന്നില്ലെന്നും പിന്നീട് വിശദമായി സംസാരിച്ചോളാമെന്നും ജോയ്‌സ്‌ന വ്യക്തമാക്കി.

നേരത്തേ താമരശ്ശേരി കോടതിയിൽ ഷിജിനൊപ്പം ഹാജരായ ജോയ്‌സ്‌ന താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ അന്ന് തന്നെ ഹേബിയസ് കോർപ്പസ് ഹർജിയുമായി ജോയ്‌സ്‌നയുടെ അച്ഛൻ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒരു കോടതിയിൽ തന്റെ നിലപാട് ജോയ്‌സ്‌ന പറഞ്ഞതാണ് എന്നതുകൊണ്ട് തന്നെ, നിലവിൽ ഹേബിയസ് കോർപ്പസ് ഹർജി നടപടികൾ വെറും സാങ്കേതികം മാത്രമാകുമെന്നുറപ്പായിരുന്നു.

പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ഷിജിനെ വിവാഹം ചെയ്ത ജോയ്‌സ്‌ന തൽക്കാലം വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. ജോയ്‌സ്‌നയെ പെണ്ണ് കാണാൻ ആളുകൾ വരുന്നതിന് തലേന്നാണ് അവർ ഷിജിനൊപ്പം ജീവിക്കാനായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. കടുത്ത എതിർപ്പ് ഭയന്ന് ഇക്കാര്യം ജോയ്‌സ്‌ന വീട്ടിൽ പറഞ്ഞിരുന്നില്ല. എന്നാൽ ജോയ്‌സ്‌നയുടെ സഹോദരിക്ക് ഷിജിനുമായുള്ള പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. ആദ്യം അച്ഛൻ ജോയ്‌സ്‌നയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. സഹോദരി വിളിച്ചപ്പോൾ, 'എന്നെ വിടെടാ' എന്ന് ഫോണിൽ തമാശയ്ക്ക് പറഞ്ഞത് കേട്ട് പേടിച്ചുപോയി. ഇതോടെ, ജോയ്‌സ്‌നയുടെ ഇളയ സഹോദരി ഷിജിൻ ജോയ്‌സ്‌നയെ പിടിച്ചുവച്ചിരിക്കുകയാണെന്ന് അച്ഛനമ്മമാരോട് പറഞ്ഞു. ഇത് സ്ഥലത്ത് വലിയ സാമുദായിക പ്രശ്‌നമായി മാറുകയും ചെയ്തു.

സംഭവം 'ലൗ ജിഹാദ്' ആണെന്നും, ഷിജിൻ ജോയ്‌സ്‌നയെ തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് സ്ഥലത്ത് ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധമുണ്ടായി. തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസ് ഈ വിവാഹം 'ലൗ ജിഹാദ്' ആണെന്നും, കേരളത്തിൽ ലൗ ജിഹാദ് ഒരു യാഥാർഥ്യമാണെന്നും പറഞ്ഞത് വലിയ വിവാദമായി. അവസാനം സിപിഎം ഇടപെട്ട് ജോർജ് എം തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് വ്യക്തമാക്കി. ഡിവൈഎഫ്‌ഐ, സിപിഎം നേതൃത്വത്തിലുള്ള പലരും ജോയ്‌സ്‌നയ്ക്കും ഷിജിനും തുറന്ന പിന്തുണയുമായി രംഗത്ത് വന്നു.

സംഭവം കൈവിട്ട് പോയതോടെ കോടഞ്ചേരി അങ്ങാടിയിൽ നടത്തിയ വിശദീകരണയോഗത്തിൽ ജോർജ് എം തോമസ് തെറ്റ് ഏറ്റുപറഞ്ഞു. ഷിജിന് എല്ലാം പാർട്ടിയെ അറിയിച്ച് മുന്നോട്ട് പോകാമായിരുന്നുവെന്നും, ഇക്കാര്യത്തിൽ ഇനി ചർച്ച വേണ്ടെന്നും അടഞ്ഞ അധ്യായമാണെന്നും പറഞ്ഞ് സിപിഎം പ്രശ്‌നം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ബിജെപിയും കോൺഗ്രസും സംഭവം വിവാദമാക്കി. ജോയ്‌സ്‌നയുടെ വീട് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശിക്കാനെത്തി. സ്ഥലത്ത് ഇടവക വികാരിയെയും താമരശ്ശേരി രൂപതാ അധ്യക്ഷനെയും അടക്കം ബിജെപി നേതാക്കൾ നേരിട്ടു കണ്ടു. പരോക്ഷമായി ഈ വിവാഹത്തിനെതിരെ കടുത്ത അതൃപ്തി സ്ഥലത്തെ ക്രിസ്ത്യൻ മതനേതൃത്വം രേഖപ്പെടുത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP