Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

25 വർഷം മുൻപ് മയ്യത്ത് കുളിപ്പിച്ച് ശിവരാമൻ; വർഷങ്ങൾക്കിപ്പുറം ശിവരാമന് ചിതയൊരുക്കാൻ സ്ഥലം വിട്ടു നൽകി ഷാഹുൽ ഹമീദ്

25 വർഷം മുൻപ് മയ്യത്ത് കുളിപ്പിച്ച് ശിവരാമൻ; വർഷങ്ങൾക്കിപ്പുറം ശിവരാമന് ചിതയൊരുക്കാൻ സ്ഥലം വിട്ടു നൽകി ഷാഹുൽ ഹമീദ്

സ്വന്തം ലേഖകൻ

തൃശൂർ: വർഷങ്ങൾക്ക് മുൻപ് ശിവരാമൻ ചെയ്ത നന്മ തിരികെ തേടി എത്തി. കാൽ നൂറ്റാണ്ട് മുമ്പാണ് കുട്ടമംഗലം മലയാറ്റിൽ ശിവരാമൻ (67) പിതാവിനു തുല്യം സ്‌നേഹിക്കുകയും ബാപ്പയെന്നു വിളിക്കുകയും ചെയ്തിരുന്ന അഹമ്മദ് മരിച്ചത്. അപ്പോൾ ശിവരാമൻ തന്റെ ഒരു ആഗ്രഹം അഹമ്മദിന്റെ മക്കളോട് പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം തനിക്ക് കുളിപ്പിക്കണമെന്ന്. മക്കൾ മനസോടെ അതിനുള്ള അനുവാദം നൽകുകയും ചെയ്തു. കാലങ്ങൾക്കുശേഷം ശിവരാമൻ കഴിഞ്ഞ ദിവസം മരണം വരിച്ചു. മരിച്ചതാവട്ടെ മറ്റൊരു മുസ്ലിം കുടുംബത്തിന്റെ വാടക വീട്ടിൽ കിടന്ന്. ചിതയൊരുക്കാൻ ആറടി മണ്ണു പോലും ഇല്ലെന്ന് മനസ്സിലാക്കിയ ആ വീട്ടുകാർ അവരുടെ വിഷമം മനസ്സിലാക്കി സ്വന്തം പറമ്പിൽ ചിതയ്ക്ക് ഇടം നൽകി.

ചികിത്സയ്ക്കായി സ്ഥലവും വീടുമെല്ലാം വിൽക്കേണ്ടി വന്ന ശിവരാമൻ ഏഴെട്ട് വർഷങ്ങൾക്ക് മുമ്പ് വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതോടെയാണ് ആറടി മണ്ണഅ പോലും സ്വന്തമായി ഇല്ലാത്ത ശവരാമന്റെ കുടുംബത്തിന് മറ്റൊരു മുസ്ലിം കുടുംബം തുണയായത്.സ്വന്തം മണ്ണിൽ ചിതയൊരുക്കിയത് കാട്ടൂർ പൊഞ്ഞനം ദുബായ്മൂല സ്വദേശിയും പൊഞ്ഞനം ജുമാ മസ്ജിദ് പ്രസിഡന്റ് പടവലപ്പറമ്പിൽ മുഹമ്മദാലിയുടെ മകനുമായ ഷാഹുൽ ഹമീദാണ്.

30 വർഷത്തോളം ഖത്തറിൽ ഡ്രൈവറായിരുന്ന ശിവരാമൻ വർഷങ്ങളായി വൃക്ക ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഉണ്ടായിരുന്ന പണവും സ്വത്തുമെല്ലാം ശിവരാമന്റെ ചികിത്സയ്ക്കായി ചിലവഴിച്ചു. എട്ട് വർഷമായി വാടകയ്ക്കാണു താമസം. അബുദാബിയിലായിരുന്ന ഷാഹുൽ ഹമീദ് ഒന്നര വർഷമായി നാട്ടിൽ വ്യാപാര സ്ഥാപനങ്ങൾ നോക്കിനടത്തുകയാണ്.

ശിവരാമന്റെ മരണവിവരം അറിയിച്ച ബന്ധുക്കൾ വടൂക്കരയിലെ ശ്മശാനത്തിൽ സംസ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഷാഹുൽ ഹമീദിനോട് പറഞ്ഞത്. എന്നാൽ, സ്വന്തം പറമ്പിൽ ചടങ്ങുകൾ ചെയ്യാൻ കഴിയാത്തതിൽ കുടുംബത്തിനു സങ്കടമുണ്ടെന്നു മനസ്സിലാക്കിയ ഷാഹുൽ ഹമീദ് വീടിനോടു ചേർന്ന പുരയിടത്തിൽ സംസ്‌കാരം നടത്താൻ അനുവദിച്ചു. ''ആ കുടുംബത്തിന്റെ വിശ്വാസമനുസരിച്ച് അവരുടെ പ്രിയപ്പെട്ടവനെ യാത്രയാക്കാൻ കഴിയണമെന്നു തോന്നി.'' ഷാഹുൽ ഹമീദ് പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു സംസ്‌കാരം. അതിനു ശേഷം ലഭിച്ച ഫോൺ കോളുകളിൽ നിന്നാണ് 25 വർഷം മുൻപ് ശിവരാമൻ, അഹമ്മദിന്റെ മൃതദേഹം കുളിപ്പിക്കാൻ സന്നദ്ധത അറിയിച്ചതും മറ്റും ഷാഹുൽ ഹമീദ് അറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP