Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ സ്വിഫ്റ്റ് ബസുകളുടെ കഷ്ടകാലം തുടരുന്നു; കോഴിക്കോട് ബസ് ടെർമിനലിൽ സ്വിഫ്റ്റ് ബസുകൾ കൂട്ടിയിടിച്ചു, ചില്ലുകൾ തകർന്നു; ബെംഗളൂരുവിലേക്ക് പോവാൻ നിർത്തിയിട്ട ബസിൽ വന്നിടിച്ചത് ബത്തേരിയിൽ നിന്നെത്തിയ ബസ്; ഡ്രൈവർമാർക്ക് പരിചയക്കുറവെന്ന് ആരോപണം

കെ സ്വിഫ്റ്റ് ബസുകളുടെ കഷ്ടകാലം തുടരുന്നു; കോഴിക്കോട് ബസ് ടെർമിനലിൽ സ്വിഫ്റ്റ് ബസുകൾ കൂട്ടിയിടിച്ചു, ചില്ലുകൾ തകർന്നു; ബെംഗളൂരുവിലേക്ക് പോവാൻ നിർത്തിയിട്ട ബസിൽ വന്നിടിച്ചത് ബത്തേരിയിൽ നിന്നെത്തിയ ബസ്; ഡ്രൈവർമാർക്ക് പരിചയക്കുറവെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കെ സ്വിഫ്റ്റ് ബസുകളുടെ കഷ്ടകാലം തുടരുന്നു. മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിലാണ് സ്വിഫ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപാകത്തിൽ ബസുകളുടെ ചില്ലുകൾ തകർന്നു. ബെംഗളൂരുവിലേക്ക് പോവാൻ നിർത്തിയിട്ട ബസിൽ, ബത്തേരിയിൽനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.

അതേസമയം കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് അപകടങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പരിചയമില്ലാത്തവരാണ് ബസ് ഓടിക്കുന്നതെന്നും സിഐടിയു നിയന്ത്രണത്തിലുള്ള കെ.എസ്.ആർ.ടി.ഇ വർക്കിങ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണൻ പറഞ്ഞിരുന്നു. അപകട വാർത്തകൾ ശുഭകരമല്ലെന്നും കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ. സ്വിഫ്റ്റ് അപകടത്തിന് കാരണം ഡ്രൈവർമാരുടെ പരിചയ കുറവാണെന്നും സ്വിഫ്റ്റ് തുടങ്ങിയത് കെഎസ്ആർടിസിയുടെ നാശത്തിന് കാരണം തൊഴിലാളി യൂണിയനുകളാണെന്ന് വരുത്തി തീർക്കാനാണെന്നും കെഎസ്ആർടിഇയു (എഐടിയുസി) ജനറൽ സെകട്ടറി എം.ജി രാഹുൽ ആരോപിച്ചിരുന്നു.

ഇതിന് മുമ്പ് താമരശേരി ചുരത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഭിത്തിയിലിടിച്ചിരുന്നു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് ഏയർ ബസാണ് താമരശേരി ചുരത്തിൽ ഭിത്തിയിലിടിച്ചത്. താമരശേരി ചുരത്തിലെ ആറാം വളവിൽ തിരുവനന്തപുരം - മാനന്തവാടി കെഎസ്ആർടിസി സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു.

നേരത്തെ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി- സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടിരുന്നു. സ്വിഫ്റ്റ് സർവ്വീസുകൾ തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നിരുന്നത്. തിരുവനന്തപുരം കല്ലമ്പലത്തും മലപ്പുറം ചങ്കുവട്ടിയിലുമാണ് കെ-സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടിരുന്നത്. കല്ലമ്പലത്ത് എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. പകരം കെ.എസ്.ആർ.ടി.സിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. ചങ്കുവട്ടിയിൽ കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിച്ച അന്നു തന്നെ അപകടത്തിൽപെട്ടിരുന്നു. ഏപ്രിൽ 11ന് തിരുവനന്തപുരം ഡിപ്പോ, കല്ലമ്പലം എന്നിവിടങ്ങളും ഏപ്രിൽ 12ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ വച്ചും അപകടം ഉണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP