Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസനോവാ അഥവാ വെക്കടാ വെടി; ലാലേട്ടൻ എത്രനാൾ കൂടി ഈ വിഡ്ഢി വേഷം കെട്ടും?

കാസനോവാ അഥവാ വെക്കടാ വെടി; ലാലേട്ടൻ എത്രനാൾ കൂടി ഈ വിഡ്ഢി വേഷം കെട്ടും?

രു പ്രതീക്ഷയോടെയാണ് സർക്കാർ തീയേറ്ററായ കൈരളിയിൽ ഇന്നലെ രാത്രിയിൽ പോയി കാസനോവ കണ്ടത്. മോഹൻലാൽ ഫാൻസിന്റെ സ്വന്തം തീയേറ്ററായ ശ്രീകുമാറിലും ശ്രീവിശാഖിലും ചെന്നാൽ ടിക്കറ്റ് കിട്ടിയേക്കില്ല എന്ന് ഭയന്നാണ് കൈരളിയിലേക്ക് പോയത്. രണ്ടാം ദിവസമായിരുന്നെങ്കിലും ശുപാർശകൾ ഒന്നുമില്ലാതെ തന്നെ ടിക്കറ്റ് ലഭിച്ചു. ബാൽക്കണി ഫുൾ ആയിരുന്നെങ്കിലും മറ്റ് ക്ലാസ്സുകളിൽ അവധി ദിവസമായിട്ടും ഇന്നലെ ഫസ്റ്റ് ഷോയ്ക്ക് സീറ്റ് ഏറെ ബാക്കിയുണ്ടായിരുന്നു.

ലാൽ-മമ്മൂട്ടി ചിത്രങ്ങൾക്ക് തിരുവനന്തപുരം കാർ നൽകുന്ന കയ്യടിയുടെയും കൂവലിന്റെയും അകമ്പടിയുണ്ടായിരുന്നു കാസനോവയ്ക്കും. എന്നാൽ കൂവലിനായിരുന്നു മുൻതൂക്കം. സിനിമ അവസാനിച്ച് കഴിഞ്ഞപ്പോൾ പിറകിൽ നിന്നും ഒരാൾ വിളിച്ച് പറഞ്ഞു-വെക്കടാ വെടി. കയ്യടിയോടെ അനേകം പേർ അത് ഏറ്റുപാടി. തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ ഒരു സന്തോഷ് പണ്ഡിറ്റ് സിനിമ കഴിഞ്ഞാണോ ഇറങ്ങിയത് എന്ന സംശയം ആയിരുന്നു.

ഇനി ആരോടെങ്കിലും ചോദിച്ച് അല്പം സഹിക്കാൻ പറ്റുന്ന പടമാണെങ്കിലേ എന്നെ കൊണ്ടുവരാവൂ എന്ന ഭാര്യയുടെ താക്കീത് എത്തി. ആകെ സന്തോഷം തോന്നിയത് ഏഴ് വയസ്സുകാരൻ മകന് ഈ സിനിമ കണ്ടുണ്ടായ ആവേശമാണ്. മുന്തിയ ഇനം പുത്തൻ കാറുകളുടെ മരണപ്പാച്ചിലും ബൈക്കുകളുടെ നിലം തൊടാതെയുള്ള പ്രകടനവും മകനെ ആവേശം കൊള്ളിച്ചു. 

അവസാനം തിയേറ്ററുകളിൽ ഉയർന്ന വെയ്‌ക്കെടാ വെടി തന്നെയാണ് കാസനോവയെക്കുറിച്ച് പറയാനുള്ള ഏറ്റവും നല്ല അഭിപ്രായം. ശ്രീനിവാസൻ മോഹൻലാലിനെക്കുറിച്ചെടുത്ത (ആരൊക്കെ നിഷേധിച്ചാലും) പത്മശ്രീ സരോജ്കുമാർ തുടങ്ങുന്നത് ഈ വെക്കടാ വെടിയിലൂടെയാണ്. സരോജ്കുമാറിന്റെ വെക്കടാ വെടി റിലീസ് ചെയ്ത സമയത്താണ് പത്മശ്രീ തുടങ്ങുന്നത്. കാസനോവ കണ്ട് കഴിയുമ്പോൾ വയ്‌ക്കെടാ വെടി എന്നു പറയാൻ തോന്നാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് സാരമായ എന്തോ കുഴപ്പമുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മോഹൻലാലിന്റെ സിനിമകളൊക്കെ കാണുമ്പോൾ ഈ ലാലേട്ടന് ഇതെന്തുപറ്റി എന്ന് ചങ്കുപൊട്ടി ചോദിക്കുന്ന അനേകം ലാൽ ആരാധകരിൽ ഒരാളാണ് ഞാനും. മലയാള സിനിമ കണ്ട ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് മോഹൻലാൽ എന്നൊരു സംശയം എനിക്ക് ഒരിക്കലുമില്ല. അസാധാരണവും അതിസ്വാഭാവികമായതും തീവ്രവുമായ എത്രയെത്ര സിനിമകളിലാണ് ലാൽ അഭിനയിച്ചിട്ടുള്ളത്. ആ വേഷങ്ങൾ ഒക്കെയും ലാലിന് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് നിസ്സംശയം അഭിമാനത്തോടെ ഓർത്ത് കരഞ്ഞിട്ടുണ്ട് ഞാൻ.

എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മോഹൻലാൽ ഒരു വിഡ്ഢി കൂഷ്മാണ്ഡത്തെപ്പോലെ പ്രായത്തിന് ചേരാത്ത വിഡ്ഢി വേഷങ്ങൾ കെട്ടി വായിൽക്കൊള്ളാത്ത ബോറൻ ഡയലോഗുകൾ അടിച്ച് മലയാളിയുടെ ക്ഷമ കെടുത്തുകയാണ്. എന്നെപ്പോലെയുള്ളവർ ലാലേട്ടന് എന്ത് പറ്റി എന്ന് ചോദിച്ച് ആരാധനയൊക്കെ ഉപേക്ഷിച്ച് പുതിയ പിള്ളേരുടെ പിറകേ പോയിത്തുടങ്ങിയതാണ്. അതിനിടയിൽ തന്മാത്ര എന്ന ഒരു ഒന്നാന്തരം പടത്തിലൂടെ ലാൽ വീണ്ടും പ്രതീക്ഷ കാത്തു. ഏറ്റവും ഒടുവിൽ പ്രണയത്തിലൂടെ മോഹൻലാലിന്റെ പ്രതിഭ മുഴുവൻ വെളിയിൽ എടുത്തു. പ്രണയം കണ്ടിരുന്ന ഞാൻ വീണ്ടും കരഞ്ഞു. മോഹൻലാലിന് മാത്രം കഴിയുന്ന അസാധാരണമായ അഭിനയ പാടവം കൊണ്ട് പ്രണയം എന്റെ ഹൃദയത്തെ തുടുപ്പിച്ചു.

പ്രണയത്തിന്റെ സവിശേഷമായ ഭാവമാണ് കാസനോവയെക്കുറിച്ച് നേരിയ പ്രതീക്ഷ പുലർത്താൻ എന്നെ പ്രേരിപ്പിച്ചത്. സിനിമ എന്നാൽ എല്ലാം തികഞ്ഞ ഒരു കലാരൂപമാകണമെന്ന് വിശ്വസിക്കുന്നവരുടെ കൂടെയല്ല ഞാൻ. സിനിമ കലയ്ക്കു വേണ്ടിയാകാം, ഒപ്പം വിനോദത്തിന് വേണ്ടിയും. കാസനോവ പോലെയുള്ള സിനിമകളിൽ നിന്നും ആരും കല പ്രതീക്ഷിക്കുകയില്ല. എന്നാൽ അല്പമെങ്കിലും വിനോദം നൽകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെ ഇതിനെ സിനിമ എന്നു വിളിക്കാൻ കഴിയും?

ഒരു മിനിക്കഥയുടെ വലിപ്പമുള്ള കഥപോലും ഇതിൽ ഇല്ല. സ്ത്രീകളെ മാത്രം ജോലിക്കെടുക്കുന്ന, രണ്ടായിരത്തോളം സുന്ദരികളെ ജോലിക്കാരാക്കി ഒപ്പം കൊണ്ടുനടക്കുന്ന സ്ത്രീലമ്പഡനായ ഒരു പൂക്കച്ചവടക്കാരൻ ലണ്ടനിൽ നിന്നും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിൽ എത്തുന്നു. ഓരോ തവണ അവധിക്ക് വരുമ്പോഴും ഇയാളുടെ 45-#ാ#ം നമ്പർ മുറിയിൽ എത്തി ഉടഞ്ഞുപോയിട്ടുള്ളത് അനേകം കൊച്ചു പെണ്ണുങ്ങളുടെ ജീവിതമാണ്. അക്കൂട്ടത്തിൽ ഒരുത്തിയോട് ഇയാൾക്ക് പ്രേമം തോന്നുന്നു. പ്രേമിച്ചവളെ കാണാൻ ഹോട്ടലിൽ ഇരിക്കുമ്പോൾ തസ്‌ക്കരന്മാരുടെ വെടിയേറ്റ് അവൾ മരിക്കുന്നു. അടുത്ത വർഷം കാസനോവ ദുബായിൽ എത്തുന്നത് തന്റെ പരിശുദ്ധ പ്രണയത്തെ ഇല്ലാതാക്കിയ തസ്‌ക്കരസംഘത്തെ പിടികൂടാനാണ്. അതിന് അയാൾ ഒരു ടിവി ഷോ നടത്തുന്നു. തസ്‌ക്കര സംഘടനാ നേതാവിനെ വെടിവച്ച് കൊല്ലുന്നു...... ഇതാണ് കഥ.

സിനിമയുടെ ആദ്യ പകുതി മുഴുവൻ പരസ്പര ബന്ധമില്ലാത്ത കുറേ നാടകങ്ങളും ഡയലോഗുകളുമാണ്. മുട്ടിന് മുട്ടിന് ആർക്കും മനസ്സിലാകാത്ത കുറെ പാട്ടുകൾ. പാതിഭാഗം മുതൽ ഏതാണ്ട് ഒടുവിൽ വരെ അറുബോറൻ ഡയലോഗുകൾ മാത്രം. ഒടുവിലാണ് എന്താണ് സ്‌ക്രീനിൽ നടക്കുന്നതെന്ന് ചെറിയ ധാരണയെങ്കിലും ഉണ്ടാകുന്നത്. അതിനെ ഒരു വലിയ വിഷയമാക്കി എടുക്കേണ്ട. കാരണം പ്രത്യേകിച്ച് ഒന്നും ഉണ്ടാവില്ല എന്ന ഉറപ്പ് ചൈനാടൗൺ കണ്ടവർക്ക് ഉണ്ടാകുമല്ലോ. എന്നാലും പറയുന്ന കഥയിൽ ഒരു സ്വാഭാവികത, വൃത്തിയുള്ള സംഭാഷണം, കേട്ടിരിക്കാൻ തോന്നുന്ന നാടകീയത, വല്ലപ്പോഴുമെങ്കിലും ചിരിപ്പിക്കാൻ പറ്റുന്ന ചില ഡയലോഗുകൾ ഇതൊക്കെ വേണ്ടേ ഒരു സിനിമയ്ക്ക്.

ആകെ ചിരിക്കാൻ തോന്നിയത് വയോധികയായ ഒരു സ്ത്രീയുടെ കൂടെ ലാൽ ഡാൻസ് കളിക്കുന്ന മിന്നൽ പോലെ വന്ന ഒരു പാട്ട്സീനിൽ മാത്രമാണ്. ചിരി വന്നതാകട്ടെ മോഹൻലാലിന്റെ പ്രായത്തിന് യോജിക്കുന്ന ജോടിയാണല്ലോ അവർ എന്നോർത്തപ്പോഴും. തന്റെ പ്രായത്തിന് ചേരാത്ത ഒരു ശരീരവും ചുമന്നു നടക്കുന്ന മോഹൻലാൽ 20 തികയാത്ത അഞ്ചാറ് പെൺകുട്ടികളെ പ്രേമിക്കുന്നു എന്നു കേൾക്കുമ്പോൾ തന്നെ ഒരു തരം മ്ലേച്ഛത്തരം തോന്നുന്നില്ലേ? കിഴവന്മാർ പ്രണയിക്കുന്നത് കണ്ടിരിക്കാൻ ആർക്കും ഒരു രസവും തോന്നില്ല. സരോജ്കുമാറിൽ ശ്രീനിവാസൻ ചാടി നടക്കുന്നതു പോലെ തന്നെയാണ് ഈ കാഴ്ചകൾ പ്രേക്ഷകർക്ക് നൽകുന്നത്.

അനേകം പെൺകുട്ടികളെ ഏതാണ്ട് മുഴുവൻ തുണിയും അഴിച്ചാണ് സംവിധായകൻ രംഗത്തിറക്കുന്നത്. ലാലിന്റെ വയോധിക ശരീരം കണ്ട് വെറുപ്പ് തോന്നുന്നവരെ പിടിച്ചിരുത്താനായിരിക്കും ഇത്. എന്നാൽ ഈ ശരീര പ്രദർശനം അല്പം അതിരുകടക്കുന്നില്ലേ എന്ന് തോന്നിപ്പോകും. എല്ലാ പോസ്റ്ററുകളിലും അത് ഉള്ളതുകൊണ്ട് അത് കാണാൻ മനസ്സുള്ളവർ സിനിമാതിയേറ്ററിലേക്ക് പോയാൽ മതിയെന്നു പറഞ്ഞു രക്ഷപ്പെടാം. എന്നാൽ കാസനോവ സ്ത്രീകളോട് നടത്തുന്ന ലൈംഗികച്ചുവയുള്ള വർത്തമാനം ആർക്കാണ് സഹിക്കാൻ കഴിയുക. സ്ത്രീയെ ഇത്രയും മോശമായി ചിത്രീകരിച്ചിട്ടുള്ള ഒരു മലയാള സിനിമയും ഈ അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടുണ്ടാവില്ല. ശാരീരികാവശ്യത്തിനായി ഉപയോഗിക്കുന്ന വെറും ചരക്കാണ് സ്ത്രീ എന്ന കഠിനമായ സ്ത്രീ വിരുദ്ധ ചിന്തയിലാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കാസനോവയുടെ കൂടെ കിടക്കുന്നത് ലോകത്തെ ഏറ്റവും മഹത്തായ കാര്യമെന്ന് പെണ്ണുങ്ങൾ ഒക്കെ ചിന്തിച്ച് പോകുന്ന വൃത്തികെട്ട സമീപനം. അറപ്പുളവാക്കുന്ന ആംഗ്യവിക്ഷേപങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് ഈ സത്രീ വിരുദ്ധൻ ഇതിൽ കുത്തി തിരുകിയിരിക്കുന്നത്.

എന്തെങ്കിലും നല്ലതു പറയാതെ ഈ ലേഖനം എങ്ങനെ അവസാനിപ്പിക്കും എന്നോർത്ത് ഞാൻ വിഷമിക്കുകയാണ്. അല്ലെങ്കിൽ ചില വായനക്കാർ എങ്കിലും പറയും പണം വാങ്ങി എഴുതുന്നതാണെന്ന്. ദുബായിയുടെ സൗന്ദര്യം നല്ലവണ്ണം ഒപ്പിയെടുത്തു ക്യാമറാമാൻ. അതുമാത്രമല്ല എല്ലാ സൗന്ദര്യവും ഒന്നാന്തരമായി ഈ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു. എത്ര ആലോചിച്ചിട്ടും മറ്റൊന്നും കണ്ടെത്താൻ കഴിയുന്നില്ല. അഭിനയ പ്രതിഭയായ ജഗതിയുടെ റോൾപോലും അർഹിക്കുന്നതല്ല.

മോഹൻലാൽ നിങ്ങൾ ഈ വിഡ്ഢിവേഷം അഴിച്ചുവയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങൾ അസാധാരണമായ പ്രതിഭയുള്ള നടനാണ്. പതിനാറ് തികയാത്ത പെൺപിള്ളേരോടൊപ്പം ചുറ്റിക്കറങ്ങുന്ന ഈ ഏർപ്പാട് നിർത്തി പ്രണയം പോലെ, തന്മാത്ര പോലെ കഥയും കഴമ്പുമുള്ള വേഷങ്ങൾ തേടി അതിൽ മാത്രം അഭിനയിക്കൂ. എത്ര കറുത്ത ഡൈ അടിച്ചാലും നിങ്ങളുടെ മുഖത്തെ ചുളിവുകൾ മാറ്റാനും ചിരിയുടെ വയോധികഭാവം ഇല്ലാതാക്കാനും ക്യാമറയ്ക്ക് കഴിയില്ല. അതുകൊണ്ട് പ്രായത്തിന് ചേർന്ന വേഷങ്ങൾ കണ്ടെത്തി നിങ്ങൾ സിനിമയിൽ തുടരണം. അല്ലെങ്കിൽ ഏറെ വൈകാതെ സരോജ്കുമാറിനെപ്പോലെ പ്രേക്ഷകരും വിളിച്ചു പറയും-വെക്കടാ വെടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP