Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹോമകുണ്ഡത്തിൽ നിന്നും ഉയർന്ന് വന്ന് അച്ഛന്റെ മഹാവ്യാധി സുഖപ്പെടുത്തി; മൂല ഭണ്ഡാരത്തിൽ നിന്നും ഇരുന്നാവൂരി തങ്കപ്പൊടി മകൾക്ക് നൽകിയ പരമശിവൻ; നിർദ്ദേശിച്ചത് ഭൂലോകത്തേക്ക് പോകാൻ; രൗദ്ര ഭാവത്തോടെ തിരുമുടിയിലും അരയിലും ആളിക്കത്തുന്ന പന്തങ്ങളുമായി പുതിയ ഭഗവതിയുടെ പുറപ്പാട്; ഇത് കുടകിലെ കളിയാട്ടക്കഥ

ഹോമകുണ്ഡത്തിൽ നിന്നും ഉയർന്ന് വന്ന് അച്ഛന്റെ മഹാവ്യാധി സുഖപ്പെടുത്തി; മൂല ഭണ്ഡാരത്തിൽ നിന്നും ഇരുന്നാവൂരി തങ്കപ്പൊടി മകൾക്ക് നൽകിയ പരമശിവൻ; നിർദ്ദേശിച്ചത് ഭൂലോകത്തേക്ക് പോകാൻ; രൗദ്ര ഭാവത്തോടെ തിരുമുടിയിലും അരയിലും ആളിക്കത്തുന്ന പന്തങ്ങളുമായി പുതിയ ഭഗവതിയുടെ പുറപ്പാട്; ഇത് കുടകിലെ കളിയാട്ടക്കഥ

രഞ്ജിത്ത് ബാബു

കുടക്: രൗദ്രഭാവത്തോടെ തിരുമുടിയിലും അരയിലും ആളിക്കത്തുന്ന പന്തങ്ങളുമായി പുതിയ ഭഗവതിയുടെ പുറപ്പാട്. നൂറ്റാണ്ടുകൾക്കു മുമ്പ് ഉത്തരകേരളത്തിൽ എങ്ങിനെ തെയ്യങ്ങൾക്ക് തുടക്കമിട്ടുവോ അതേ രീതിയിലാണ് കുടകിലെ പുതിയ ഭഗവതിയുടെ കളിയാട്ടം.

ഉത്തരകേരളത്തിലെ പുത്തൂരിൽ നിന്നും മണിയാണി സമുദായക്കാർക്കൊപ്പമാണ് പുതിയ ഭഗവതി കുടകിൽ സ്ഥാനം തേടിയത്. പുത്തൂരിലെ കോലെയണ്ട തറവാട്ടുകാരാണ് ഭഗവതിക്ക് സ്ഥാനം നൽകിയത്. കേരളീയരായ 12 മണിയാണി കുടുംബങ്ങളും അവരുടെ താവഴികളും ഇപ്പോൾ കുടകിലെ കുഞ്ചില ഗ്രാമത്തിലുണ്ട്. കുഞ്ചില ഗ്രാമത്തിന്റെ കുടകരുടേയും കാണപ്പെട്ട ദൈവമാണ് പുതിയ ഭഗവതി. ഭഗവതിക്കൊപ്പമെത്തിയ വീരനും വീരർകാളിയും ഭദ്രകാളിയും കോലത്തിൽ കോലമായി ഇവിടെ അവതരിക്കുന്നു.

ആചാരാനുഷ്ടാനങ്ങളിൽ മാറ്റങ്ങൾ ഉണ്ടെങ്കിലും വീരാളിയാണ് രാത്രിയിൽ കളിയാട്ടം നടത്തി ഭക്തരെ അനുഗ്രഹിക്കുന്നത്. എന്നാൽ പുതിയ ഭഗവതിയുടെ പുറപ്പാടോടെ ഭക്തജനങ്ങൾ ഭക്തിയുടെ പാരമ്യത്തിലെത്തുന്നു. കൈകളിൽ തിരുവായുങ്ങളേന്തി ആളിക്കത്തുന്ന പന്തവുമായാണ് ഭഗവതിയുടെ എഴുന്നള്ളത്ത്. സ്ത്രീ പുരുഷ ഭേദമെന്യേ കുടകരും മലയാളികൾക്കൊപ്പം ഭക്തി ലഹരിയിൽ ആറാടുന്നു.

കാവിൻ മുറ്റത്ത് ഒരുക്കിയ അഗ്‌നികുണ്ഡത്തിന് (മേലേരി) മുകളിലൂടെ ഭഗവതി പ്രദക്ഷിണം വെച്ചതോടെ നിവേദ്യമായി എത്തിച്ച കോഴിയെ അറുത്ത് ചോര കുടിക്കുന്നു. കളിയാട്ടം പാരമ്യത്തിലെത്തിയാൽ മുടിയഴിച്ച് ഭഗവതി ഭദ്രകാളി രൂപം പ്രാപിക്കുന്നു. അതോടെ നൂറ് കണക്കിന് ഭക്തജനങ്ങൾ ഭഗവതി പ്രീതിക്കുവേണ്ടി കോഴികളുമായി എത്തുന്നു. ഒരു വർഷത്തെ കഷ്ടപ്പാടുകളും ദുഃഖങ്ങളും പുതിയ ഭഗവതിക്കു മുന്നിൽ തുറന്ന് പറഞ്ഞ് എല്ലാം മറന്ന് ഭക്തർ സായൂജ്യമടയുന്നു.

പുതിയ ഭഗവതിയുടെ ഉത്ഭവകഥ ഇങ്ങിനെ

പരമശിവന്റെ ഹോമകുണ്ഡത്തിൽ നിന്നും ഉയർന്ന് വന്നതാണ് ഈ ഭഗവതിയെന്ന് വിശ്വാസം. അതിനാൽ പുതിയ ഭഗവതി മഹാദേവന്റെ പുത്രി കൂടിയാണ്. പുതിയ ഭഗവതിയുടെ ജന്മത്തിനു പിറകിലും കാരണമുണ്ട്. അത് ഇങ്ങിനെ. മഹാദേവന്റെ മൂത്ത പുത്രിയാണ് ചീർമ്പ. വസൂരി പോലുള്ള മഹാവ്യാധികൾ വാരി വിതറാനുള്ള ദൗത്യമാണ് ചീർമ്പയുടേത്. പരമശിവന്റെ മൂല ഭണ്ഡാരത്തിൽ നിന്നും പച്ച എന്ന രോഗത്തിന്റെ വിത്ത് ചീർമ്പ കൈപ്പറ്റി. ഇരുന്നാവൂരി വിത്താണ് അവൾ എടുത്തത്.

ഈ വിത്ത് നട്ടാൽ പൊടിക്കുമോ എന്നറിയാനുള്ള പരീക്ഷണം മഹാദേവനിൽ തന്നെ നടത്താൻ ചീർമ്പ തീരുമാനിച്ചു. വിത്തെടുത്ത് മഹാദേവന്റെ ദേഹത്ത് ചീർമ്പ വാരി വിതച്ചു. വസൂരി പോലുള്ള മഹാവ്യാധി പരമശിവനെ ഗ്രസിച്ചു. ദേവന്മാർ ഇതിൽ വിറളി പൂണ്ടു. പരമശിവനെ രോഗവിമുക്തനാക്കാൻ ദേവന്മാരും ഭൂമിയിലെ പത്തിലത്ത് ഭട്ടതിരിമാരും കൂടി ആലോചനയിൽ മുഴുകി. ഒടുവിൽ പരിഹാരമായി. മഹാദേവന്റെ മുടങ്ങിപ്പോയ ഹോമം വീണ്ടും തുടരാൻ നിശ്ചയിച്ചു. അത് പ്രകാരം നാല്പത്തൊന്ന് ദിവസത്തെ ഹോമം നടത്താൻ തീരുമാനിച്ചു. മുടങ്ങാതെ നാല്പത്തൊന്നാം ദിവസം ഹോമകുണ്ഡത്തിൽ അഗ്‌നി എരിഞ്ഞപ്പോൾ പുതിയ ഭഗവതി ഉദയം ചെയ്തു.

ശിവ ഭഗവാന്റെ മുന്നിൽ നില കൊണ്ട ഭഗവതി അച്ഛന്റെ മഹാവ്യാധി തടവി മാറ്റി സുഖപ്പെടുത്തി. തൃപ്തനായ ശിവൻ തന്റെ മൂല ഭണ്ഡാരത്തിൽ നിന്നും ഇരുന്നാവൂരി തങ്കപ്പൊടി മകൾക്ക് നൽകി. തുടർന്ന് നീ ഭൂലോകത്തേക്ക് പോകണമെന്ന് ഉരിയാടി. ഒപ്പം മൂത്തവൾ ചീർമ്പയോടും ഇതേ നിർദ്ദേശം നൽകി. യാത്രക്കായി ചീർമ്പക്ക് സ്വർണ്ണരഥവും പുതിയ ഭഗവതിക്ക് വെള്ളിരഥവും നൽകി. ഭൂമിയിലേക്ക് പുറപ്പെട്ട ചീർമ്പയുടെ രഥം കൊടുങ്ങല്ലൂരിലെ ശങ്കുപാല മുക്കുവന്റെ മരക്കലത്തിൽ പതിച്ചു. തുടർന്ന് മുക്കുവന്റെ പടിഞ്ഞാറ്റയിൽ പീഠവും നീരും പൂവും വാങ്ങി പ്രസാദിച്ചു.

പുതിയ ഭഗവതിക്ക് കൂട്ടായി പരമശിവൻ അയച്ച ആറ് കന്യകമാരും ഉത്തര ദേശത്തെ ഗോകർണ്ണത്തിന് അടുത്ത് വില്ലാപുരം കോട്ടയിൽ തേരിറങ്ങി. കേരളത്തിന് പുറത്താണ് പുതിയ ഭഗവതിയുടെ സഞ്ചാരം തുടങ്ങിയതെന്നാണ് അനുമാനം. മംഗലാപുരത്തിനും കുന്താപുരത്തിനുമടുത്താണ് പുതിയ ഭഗവതി രൂപപ്പെട്ട സ്ഥാനമെന്നും കരുതുന്നു. ഭഗവതിക്കൊപ്പം എത്തിയ ആറ് ദേവതമാരേയും കാർത്തികേശ്വരൻ കൊന്നൊടുക്കി. ഉഗ്ര കോപം പൂണ്ട ഭഗവതി കാർത്തികേയാസുരനെ ചുട്ടു കൊല്ലുകയും അരിശം തീരാതെ ചുടല ഭസ്മം കൊണ്ട് നെറ്റിയിൽ തിലകം തൊടുകയും ചെയ്തു. താൻ തനിച്ച് ഇനി ഇവിടെ താമസിക്കുകയില്ല എന്ന് നിശ്ചയിച്ച് നട്ടുച്ച നേരത്ത് എണ്ണ ഭരണിയിൽ നിന്നും എണ്ണയെടുത്ത് തലകുളിർക്കേ എണ്ണ തേച്ചു. കോട്ടപ്പടി വലിച്ചടച്ച് അഗ്‌നിക്കിരയാക്കുകയും ചെയ്തു. വില്ലാപുരത്തു നിന്നും തെക്കോട്ട് പ്രയാണം ആരംഭിച്ചു. ' ഞാൻ പോകുന്നത് നാടറിയണം. എന്ന് നിനച്ച് ആയുധങ്ങളേന്തി ഉച്ചത്തിൽ മൂന്ന് തവണ അട്ടഹസിച്ചാണ് ഭഗവതി യാത്ര ആരംഭിച്ചത്. മാർഗ്ഗമധ്യേ കോട്ടിക്കൊല്ലത്തെത്തിയപ്പോൾ നിരവധി തടസ്സങ്ങളുണ്ടായെങ്കിലും ശത്രുക്കളെയെല്ലാം അവർ വാളിനിരയാക്കി. തെക്കോട്ട് ലക്ഷ്യമാക്കി യാത്ര തുടർന്നു.

പാടാർ കുളങ്ങരയിൽ വീരർകാളി, ഭദ്രകാളി എന്നീ ഭഗവതിമാരുടെ ആസ്ഥാനത്തെത്തി. അതിനു മുമ്പേ പുതിയ ഭഗവതിയുടെ വീരകഥ അറിഞ്ഞ രണ്ട് കാളിമാരും ആളുകളെ അറും കൊല ചെയ്ത അസുരകാളിയെങ്കിൽ തങ്ങൾക്കൊപ്പം ചേരേണ്ടതില്ല എന്ന തടസ്സം പറഞ്ഞു. അതോടെ തന്റെ യഥാർത്ഥ ശക്തിവിശേഷം പുതിയ ഭഗവതി കാട്ടിക്കൊടുത്തു. പകലിനെ രാത്രിയാക്കി അവരെ അത്ഭുതപ്പെടുത്തി പുതിയോതി. അതോടെ പുതിയ ഭഗവതിയിൽ അവർ നേതൃത്വം കണ്ടു. എണ്ണതേച്ച് വില്ലാപുരത്തു നിന്നും പുറപ്പെട്ട ഭഗവതി അതുവരെ കുളിച്ചിരുന്നില്ല. പാടാർ കുളത്തിനരികെ എത്തിയപ്പോൾ ഭഗവതിക്ക് കുളിക്കാൻ തോന്നി. ഈ സമയത്ത് സഞ്ചാരിയായ ഒരു ബ്രാഹ്‌മണൻ അതു വഴിയെത്തി. യാത്രികനെ ഭഗവതി കുളിക്കാൻ ക്ഷണിച്ചു. ഒന്നിച്ച് യാത്ര ചെയ്യാമെന്നും അറിയിച്ചു. കുളിക്കുന്നതിനിടെ ബ്രാഹ്‌മണനെ കഴുത്തറുത്തുകൊല ചെയ്തു. പാടാർ കുളം ചോരയാൽ ചുവപ്പണിഞ്ഞു. ബ്രാഹ്‌മണനെ വീരം തെയ്യമായി പു:നർ സൃഷ്ടിച്ച് തനിക്കൊപ്പം കൂട്ടുകയും ചെയ്തു.

വീരനും വീരർ കാളിയും മുന്നിൽ. ഭദ്രകാളിയും കാരാഗണങ്ങളും പിന്നിൽ. നടുക്ക് പുതിയ ഭഗവതിയും. മടിയൻ കൂലോത്തേക്ക് സംഘമായവർ യാത്ര തിരിച്ചു. നേരം രാത്രിയായി. തങ്ങളെത്തിയ വിവരം അറിയിക്കാൻ കൂലോത്തുകാരെ വിളിച്ചു. എന്നാൽ വിളിച്ച വിളിക്കൊന്നും മറുപടിയില്ല. ഭഗവതി കോപിഷ്ടയായി. മടിയൻ കൂലോത്തെ അരയാൽ കൊമ്പ് അടർത്തിയിട്ടു. കൂലോത്തിന്റെ മതിൽ പൊളിക്കുകയും ചെയ്തു. തുടർന്ന് മൂലച്ചേരി കുറുപ്പിന്റെ വീട്ടിലേക്കു തന്നെ യാത്ര. അർദ്ധരാത്രി സ്ത്രീയുടെ വിളികേട്ട് ഭയന്ന് വിറച്ച മൂലച്ചേരി കുറുപ്പ് വാതിൽ തുറന്നു. ഭഗവതിയുടെ വിശ്വരൂപം കണ്ട കുറുപ്പ് ഞെട്ടിത്തരിച്ചു. കത്തിയെരിയുന്ന മേലേരിയിൽ നിന്നും കുറുപ്പിന്റെ മരുമകനെ യാതൊരു കോട്ടവും തട്ടാതെ മൂലച്ചേരിക്ക് തിരിച്ച് നൽകുന്നു. മായയാൽ ഭഗവതി സൃഷ്ടിച്ചതാണിത്. തനിക്ക് നീരും പൂവും കോലവും മേലേരിയും കൂട്ടണമെന്ന് ഭഗവതി കുറുപ്പിനോട് കൽപ്പിച്ചു. അഗ്‌നി കുണ്ഡം ഒരുക്കാനും ആഞ്ജാപിച്ചു. ഒന്നിലും ഒരു പിഴവും ഉണ്ടാകരുതെന്ന് കൽപ്പിക്കുന്നു. ഭഗവതിയുടെ വിശ്വരൂപം കണ്ട് ബോധ്യപ്പെട്ട മൂലച്ചേരി എല്ലാം നിർവ്വഹിക്കുന്നു. അടുത്ത ദിവസം നീരും പൂവും വാങ്ങി തെളിഞ്ഞ മനസ്സോടെ കുറുപ്പിന്റെ പടിഞ്ഞാറ്റയിൽ നിന്നും ഭഗവതിയും കൂട്ടാളികളും യാത്ര തിരിച്ചു.

കോലത്തിരി രാജാവിന് താൻ വന്ന കാര്യം ഭഗവതി നിദ്രയിൽ കാട്ടിക്കൊടുത്തു. ഭഗവതിയെ പരീക്ഷിക്കാൻ ഉറച്ച കോലത്തിരി നാല് കടവുകളും മുടക്കി. മേലേരി മുള്ളുവേലി കെട്ടി മാറ്റി നിർത്തി. ഇവയെല്ലാം ദിവ്യ ശക്തിയിൽ മറി കടന്ന് കോലത്തിരിക്ക് മുമ്പാകെ പുതിയ ഭഗവതി വിശ്വരൂപം കാട്ടിക്കൊടുത്തു. ഭഗവതിയെ സാഷ്ടാംഗം പ്രണമിച്ച കോലത്തിരി ഇങ്ങിനെ മൊഴിഞ്ഞു. പെറ്റാലും തീപ്പെട്ടാലും മുടക്കം കൂടാതെ മുന്നാഴി വാങ്ങി അനുഭവിക്കാൻ പുതിയ ഭഗവതിക്ക് സമ്മതവും നൽകി. പുതിയ ഭഗവതി പിന്നീട് മരക്കലത്തിലമ്മയും ഭഗവതിമാരും ഒരു മരക്കപ്പലിൽ വടക്കോട്ട് പോകുന്നതാണ് കണ്ടത്. അവരേയും കൂട്ടി കാപ്പോത്ത് തറയുടെ കാരണവരായ മുക്കോടി കാരണവരെ കണ്ട് പുതിയ ആരൂഢം നിർമ്മിക്കാൻ കൽപ്പിച്ചു. മുക്കോടി കാരണവർ പൂവും നീരും കോലവും ഒരുക്കി കപ്പോത്ത് കാവ് പുതിയ ഭഗവതിയുടെ ആദിമസ്ഥാനമായി മാറ്റുകയും ചെയ്തു. മറ്റൊരു കൈവഴി കൂടി പുതിയ ഭഗവതിക്ക് തോറ്റം പാട്ടിലൂടെ അനാവരണം ചെയ്യുന്നുണ്ട്. പുതിയ ഭഗവതിയും മണിയാണി സമുദായക്കാരുമായി ബന്ധപ്പെട്ടതാണത്. മൂലച്ചേരി കുറുപ്പിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ ഭഗവതി പുത്തൂർ മണിയാണി ഉൾപ്പെടെയുള്ള മണിയാണി ഗൃഹങ്ങളിലാണ് നീരും പൂവും സ്വീകരിച്ചത് എന്നും ഐതീഹ്യത്തിലുണ്ട്.

തുളുനാട്ടിൽ നിന്നും കോലത്തുനാട്ടിലെത്തിയ ദേവതമാരുടെ ആദിമാതാവാണ് പുതിയ ഭഗവതി. ഭഗവതിക്കൊപ്പം വീരനും വീരാളിയും ഭദ്രകാളിയും മാത്രമല്ല ഒട്ടേറെ ജനങ്ങൾത്തന്നെ വടക്കേ മലബാറിലെത്തിച്ചേർന്നിരിക്കാം. ആ ജനവിഭാഗം പിൽക്കാലത്ത് തീയ്യരായും മണിയാണിമാരായും വേർതിരിഞ്ഞുവെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. കർണാടകത്തിലെ ബില്ലവരും ഉത്തരകേരളത്തിലെ തീയ്യരും ഒരേ ജാതി സമൂഹമാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അവിഭക്ത ഭാരതത്തിലും സംഘകാലത്തെ ദക്ഷിണേന്ത്യയിലും അമ്മപൂജ നിലനിന്നിരുന്നു. മാതൃ രൂപത്തെ ആരാധിക്കുന്നതോടൊപ്പം ഓരോ ഗ്രാമത്തിലും ഒരു മാതൃദേവതയും അക്കാലത്തുണ്ടായിരുന്നു. പ്രാദേശിക നാമത്തോടുകൂടിയ ഗ്രാമ ദേവതകൾ സർവ്വാധികാരിയായിരുന്നു . അത്തരത്തിലുള്ള ഒരു ദേവിയാണ് പുതിയ ഭഗവതിയെന്ന് അനുമാനിക്കാം.

കുരുത്തോലകൊണ്ട് വിതാനിച്ച വട്ടമുടിയും കുരുത്തോല കൊണ്ട് തന്നെ വൃത്താകൃതിയിൽ ചുറ്റിക്കെട്ടിയ ഉടയുമാണ് ഭഗവതിയുടെ വേഷം. പുറത്തേക്ക് തള്ളിനിൽക്കും വിധം നാല് പന്തങ്ങളും ഇതോടൊപ്പമുണ്ട്. പന്തത്തിൽ എണ്ണയൊഴിച്ച് കത്തിക്കും. പന്തത്തിനും കോത്തിരിക്കും തീക്കൊടുക്കുമ്പോൾ വാദ്യമേളം ഉയരും. ഭഗവതി ഒരു കണ്ണാടി നോക്കി അട്ടഹസിക്കും. തുടർന്ന് കാവിന്റെ നടയിലെത്തി വെളിച്ചപ്പാടിനൊപ്പം കലാശം ചവിട്ടുന്നു. തിരുവായുധക്കാരനിൽ നിന്നും ആയുധം ഏറ്റുവാങ്ങി ഭക്തജനങ്ങൾക്ക് മുമ്പാകെ തിരുവായുധം പരിച മുകളിൽ മുട്ടിച്ച് അനുഷ്ടാന നിർവ്വഹണം നടത്തുന്നു. തുടർന്ന് സർവ്വ വിധ അകമ്പടിയോടും കൂടി മൂന്നുതവണ കാവുചുറ്റി കലശം സ്വീകരിക്കുകയും കോഴിയെ അറുത്ത് കുരുതി നടത്തുകയും ചെയ്യുന്നു. ഇതെല്ലാം കഴിഞ്ഞ് ഭക്ത ജനങ്ങൾക്ക് കനകപ്പൊടി നൽകി അനുഗ്രഹം നൽകുന്നു. പുതിയ ഭഗവതിക്കാവുകളിലെ വെളിച്ചപ്പാട് തിരുവായുധക്കാരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.എന്നാൽ മണിയാണിക്കാവിൽ ദർശനക്കാരൻ, തിരോളക്കാരൻ എന്ന സ്ഥാനമാണുള്ളത്. അവരെ സംബന്ധിച്ച് ആർക്കും ഈ അനുഷ്ടാനം നിർവ്വഹിക്കാം.

പുതിയ ഭഗവതിയുടെ കളിയാട്ട സമയത്ത് ആദ്യം വരുന്നതും വെളിച്ചപ്പാടാണ്. മേലേരി കയ്യേൽക്കുന്ന പതിവും ഈ വെളിച്ചപ്പാടിനുണ്ട്. വ്രത നിഷ്ടയോടെ എത്തുന്ന യുവാക്കൾ വെളിച്ചപ്പാടിനൊപ്പം മേലേരി കയ്യേൽക്കുകയും ചെയ്യുന്നു. ആർപ്പു വിളിയോടെ യുവാക്കൾ തീക്കനൽ തട്ടിത്തെറിപ്പിക്കുമ്പോൾ തന്നെ പുതിയ ഭഗവതിയുടെ പന്തത്തിന് തീക്കൊളുത്തും. വെളിച്ചപ്പാടും ഭഗവതിയും മുഖാമുഖം ഏറെ നേരം ചുവടുവച്ചശേഷമാണ് തിരുവായുധം ഭഗവതിക്ക് കൈമാറുന്നത്. അതോടെ ഭഗവൽ ചൈതന്യം പൂർണ്ണമായും തെയ്യത്തിലേക്ക് ആവാഹിക്കപ്പെടുന്നുവെന്നാണ് വിശ്വാസം. ഒരു ബ്രാഹ്‌മണനെ വധിക്കുകയും മറ്റൊരു ബ്രാഹ്‌മണകുടുംബത്തെ കുടിയിറക്കുകയും ചെയ്ത ഭഗവതിയാണ് പുതിയ ഭഗവതി. ഇത് ആര്യ ദ്രാവിഢ ചെറുത്തു നിൽപ്പുകൾ പുതിയ ഭഗവതിയിലൂടെ ആവിഷ്‌കൃതമാവുകയാണെന്ന് കരുതാവുന്നതാണ്. അമ്മ ദൈവങ്ങളുടെ ആദി രൂപവും ശക്തിയുടേയും ചെറുത്തു നിൽപ്പിന്റേയും രക്ഷകിയുടേയും സംയുക്തമായ പൂർത്തീകരണമാണ് പുതിയ ഭഗവതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP