Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഡേസ തീരത്തിനടുത്ത് റഷ്യൻ യുദ്ധപ്പക്കൽ യുക്രെയിൻ മിസൈൽ വിട്ടു മുക്കിയോ ? തീപിടിച്ച സ്വാഭാവിക അപകടമോ? കപ്പലിലെ 510 പേരും കൊല്ലപ്പെട്ടോ? യുക്രെയിൻ റഷ്യ യുദ്ധത്തിലെ വമ്പൻ ട്വിസ്റ്റിലെ സത്യമറിയാതെ ലോകം; കപ്പൽ മുങ്ങിയെന്ന് സമ്മതിക്കുമ്പോഴും ആക്രമണമെന്ന വാദം തള്ളി റഷ്യ

ഒഡേസ തീരത്തിനടുത്ത് റഷ്യൻ യുദ്ധപ്പക്കൽ യുക്രെയിൻ മിസൈൽ വിട്ടു മുക്കിയോ ? തീപിടിച്ച സ്വാഭാവിക അപകടമോ? കപ്പലിലെ 510 പേരും കൊല്ലപ്പെട്ടോ? യുക്രെയിൻ റഷ്യ യുദ്ധത്തിലെ വമ്പൻ ട്വിസ്റ്റിലെ സത്യമറിയാതെ ലോകം; കപ്പൽ മുങ്ങിയെന്ന് സമ്മതിക്കുമ്പോഴും ആക്രമണമെന്ന വാദം തള്ളി റഷ്യ

മറുനാടൻ മലയാളി ബ്യൂറോ

രിങ്കടലിൽ ഇന്നലെ കത്തിയെരിഞ്ഞ് താഴ്ന്നത് റഷ്യൻ നാവിക സേനയുടെ അഭിമാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന മോസ്‌ക്വാ എന്ന യുദ്ധക്കപ്പലായിരുന്നു. അതുകൊണ്ടു തന്നെ ഇത് റഷ്യയ്ക്ക് ഒരു വൻ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. കപ്പലിനൊപ്പം കടലിന്റെ ആഴങ്ങളിലേക്ക് യാത്രയായ 510സൈനികർക്കായി അവരുടെ ബന്ധുക്കൾ അനൗപചാരിക പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചു. അത്തരമൊരു ചടങ്ങിന് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടും, അത് അവഗണിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

തങ്ങളുടെ മിസൈൽ ആക്രമണത്തിൽ കപ്പൽ തകർന്നു എന്നായിരുന്നു യുക്രെയിൻ അവകാശപ്പെടുന്നത്. ഇത് ഇപ്പോൾ അമേരിക്ക സ്ഥിരീകരിച്ചിരിക്കുകയാണ്. കപ്പലിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് അത് മുങ്ങി എന്നാണ് റഷ്യൻ അധികൃതരുടെ ഭാഷ്യം. എന്നാൽ, മിസൈൽ ആക്രമണത്തിന് കപ്പൽ വിധേയമായി എന്നത് ഒരു വാസ്തവമാണെന്നാണ് അമേരിക്ക പറയുന്നത്.

മോസ്‌ക്വാ ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും, അതിൽ സംഭരിച്ചിരുന്ന വെടിക്കോപ്പുകൾക്ക് അബദ്ധത്തിൽ തീ പിടിച്ചതാണ് അഗ്‌നിബാധക്ക് കാരണമെന്നുമാണ് റഷ്യ വ്യക്തമാക്കിയിരുന്നത്. കപ്പൽ, അറ്റകുറ്റ പണികൾക്കായി തുറമുഖത്തേക്ക് മറ്റു കപ്പലുകളുടേ സഹായമില്ലാതെ തന്നെ നീങ്ങുകയാണെന്നും അവർ ആദ്യം പറഞ്ഞിരുന്നു. കപ്പലിലെ ജീവനക്കാരെ മുഴുവൻ സുരക്ഷിതമായി കരിങ്കടലിൽ തന്നെയുള്ള മറ്റൊരു കപ്പലിലേക്ക് മാറ്റിയതായും റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ മോശം കാലാവസ്ഥയും, അഗ്‌നിബധയും കാരണം കപ്പൽ മുങ്ങി എന്ന കാര്യം റഷ്യ സമ്മതിക്കുന്നു.

അതേസമയം രണ്ട് നെപ്ട്യുൺ കപ്പൽവേധ മിസൈലുകളാണ് മോസ്‌ക്വാ എന്ന കപ്പലിനെ തകർത്തതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. റഷ്യയുടെ ഭാഗത്ത് ആൾനാശമുണ്ടായിട്ടുണ്ടെന്നും അമേരിക്ക പറയുന്നു. പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് ഇപ്പോൾ മോസ്‌ക്വായിലെ നാവികർക്കായി ദുഃഖാചരണം നടത്തുന്നത്. മോസ്‌ക്വായുടെ ഹോം പോർട്ടായ സെവാസ്റ്റോപൊളിലാണ് ഈ ചടങ്ങുകൾ നടന്നത്.

തികച്ചും അനൗദ്യോഗികമായിരുന്നു ഈ ചടങ്ങ്. ഒരു പുരോഹിതന്റെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങ് കാണിക്കുന്നത് മരിച്ചവരുടെ എണ്ണം വലുതായിരിക്കും എന്നുതന്നെയാണ്. കപ്പലിനും നവികർക്കും എന്നെഴുതിയ ഒരു റീത്തും ചടങ്ങിൽ സമർപ്പിച്ചിരുന്നു. റഷ്യൻ നാവികസേനയുടെ കരിങ്കടൽ കപ്പൽ വ്യുഹത്തിന് നേതൃത്വം നൽകുന്ന കപ്പലിന് താങ്ങാവുന്നതിലും വലുതായിരുന്നു സ്ഫോടനമെന്നും മിനിറ്റുകൾക്കകം അത് കടലിൽ മുങ്ങിയെന്നും യുക്രെയിൻ ആഭ്യന്തര മന്ത്രാലയ വക്താവ് പറയുന്നു. കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പടെയുള്ളവർ മരണമടഞ്ഞതായും വക്താവ് അറിയിച്ചു.

മരണമടഞ്ഞ സൈനികരിൽ നിന്നും സത്യം റഷ്യ മറച്ചുവയ്ക്കുകയാണെന്നും യുക്രെയിൻ ആരോപിക്കുന്നു. എന്നാൽ, തുർക്കി കപ്പൽ 50 ഓളം റഷ്യൻ സൈനികരെ രക്ഷിച്ചു എന്ന് നേരത്തേ വന്ന റിപ്പോർട്ടിന് കടകവിരുദ്ധമാണ് ഈ അവകാശവാദം. കീവിന്റെ അവകാശവാദം ശരിയാണെങ്കിൽ, പുടിന്റെ സൈന്യത്തിന്, യുക്രെയിൻ അധിനിവേശം മൂലം കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 20,000 റഷ്യൻ സൈനികരെങ്കിലും യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്.

അതേസമയം, മുങ്ങിയ കപ്പലിൽ ഏറ്റവും ചുരുങ്ങിയത് രണ്ട് ആണവായുധങ്ങൾ എങ്കിലും ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പി-1000 മിസൈലിൽ ഘടിപ്പിക്കാൻ പാകത്തിലുള്ളവയായിരുന്നു ഇവ എന്നും അവർ പറയുന്നു. ഇത് സത്യമാണെങ്കിൽ, കപ്പലിനൊപ്പം സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മറഞ്ഞ ആണവായുധങ്ങൾകടുത്ത ഭീതി ഉണർത്തും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കപ്പലിലെ ആയുധശേഖരത്തിൽ സ്ഫോടനമുണ്ടായപ്പോൾ ഈ ആണവായുധങ്ങൾക്ക് എന്തു സംഭവിച്ചു എന്നും ഇപ്പോൾ അവ എവിടേയാണെന്നും റഷ്യയിൽ നിന്നും വിശദീകരണം തേടണമെന്ന് കരിങ്കടൽ തീരത്തുള്ള തുർക്കി, റോമേനിയ, ജോർജിയ, ബൾഗെറിയ തുടങ്ങിയ രാജ്യങ്ങളോട് ഈ മാധ്യമങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, 2014-ൽ പുടിന്റെ ക്രീമിയൻ അധിനിവേശത്തെ എതിർത്തതിനെ തുടർന്ന് നാടുവിടേണ്ടി വന്ന ഇല്യാ പൊനൊമറേവ് എന്ന രാഷ്ട്രീയ നേതാവ് പറയുന്നത്, 510 ജീവനക്കാരിൽ 58 പേർ മാത്രമാണ് രക്ഷപ്പെട്ടതായി റിപ്പോർട്ടുള്ളത് എന്നാണ്. അങ്ങനെയെങ്കിൽ 452 നാവികരായിരിക്കും കടലിൽ മറഞ്ഞിട്ടുള്ളത്. ഇത് റഷ്യയെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടി തന്നെയാണ്.

റഷ്യയുടെ പരാജയം ആരംഭിച്ചു കഴിഞ്ഞു എന്നതിന്റെ സൂചനയായിട്ടും ചിലർ ഈ കപ്പൽ അപകടത്തെ കാണുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് സുഷിമയിൽ ജപ്പാനെതിരെയുണ്ടായ പോരാട്ടത്തിനിടെ ബോറോഡിനോ എന്ന കപ്പലിൽ സ്ഫോടനമുണ്ടായതിനെ തുടർന്നായിരുന്നു അന്ന് സോവിയറ്റ് യൂണിയന് നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടതായി വന്നത്. മോസ്‌ക്വോയിലെ നാവികരെ മുഴുവൻ രക്ഷിച്ചെന്ന് റഷ്യ അവകാശപ്പെടുമ്പോഴും സെവാസ്റ്റോപോൾ തുറമുഖത്ത്, നിരനിരയായി കിടക്കുന്ന കാറുകൾ പറയുന്നത് അവയുടെ ഉടമസ്ഥർ കപ്പലിൽ നിന്നും തിരിച്ചെത്തിയിട്ടില്ല എന്നാണ്.

അതിനിടയിൽ മോസ്‌ക്വായുടെ നേതൃത്വത്തിലുള്ള കരിങ്കടൽ നാവികവ്യുഹത്തിന്റെ തലവൻ അഡ്‌മിറൽ ഇഗോർ ഓസിപോവ് അറസ്റ്റിലായെന്നുള്ള ഒരു വാർത്ത യുക്രെയിൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത് സത്യമാണെനെങ്കി, ഈ അധിനിവേശത്തിനു ശേഷം ഇതുവരെ അറാസ്റ്റിലായ ഉന്നത ഉദ്യോഗസ്ഥരുടെ നിരയിലേക്ക് ഒരാൾ കൂടി എത്തുകയാണ്. ഇതുവരെ 20 ജനറൽമാരോളം അറസ്റ്റിലായിട്ടുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല, ഒരു കൊലപാതക ശ്രമത്തെ തുടർന്ന് പുടിന്റെ അനുയായിയും പ്രതിരോധ മന്ത്രിയുമായ സെർജി ഷോയ്ഗു ഹൃദയാഘാതം വന്ന് ആശുപത്രിയിലാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP