Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'സിൽവർ ലൈൻ പ്രാരംഭഘട്ടത്തിൽ; കേന്ദ്രാനുമതിക്കായുള്ള ശ്രമം തുടരട്ടെ; പാർട്ടി കോൺഗ്രസ് അജണ്ടയിൽ പദ്ധതിയുണ്ടായിരുന്നില്ല; വരാത്ത തീവണ്ടിക്ക് എങ്ങനെ പച്ചക്കൊടി കാട്ടും?'; കെ റെയിലിൽ മുന്നോട്ടെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഏറ്റുപിടിക്കാതെ യെച്ചൂരി

'സിൽവർ ലൈൻ പ്രാരംഭഘട്ടത്തിൽ; കേന്ദ്രാനുമതിക്കായുള്ള ശ്രമം തുടരട്ടെ; പാർട്ടി കോൺഗ്രസ് അജണ്ടയിൽ പദ്ധതിയുണ്ടായിരുന്നില്ല; വരാത്ത തീവണ്ടിക്ക് എങ്ങനെ പച്ചക്കൊടി കാട്ടും?'; കെ റെയിലിൽ മുന്നോട്ടെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഏറ്റുപിടിക്കാതെ യെച്ചൂരി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ ഉറച്ച് മുഖ്യമന്ത്രി മുന്നോട്ട് പോകുമ്പോൾ പദ്ധതിയെ ഏറ്റുപിടിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും പദ്ധതിക്ക് പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടും എന്നാണ് യെച്ചൂരി ചോദിച്ചത്.

പാർട്ടി കോൺഗ്രസിന്റെ അജണ്ടയിലുണ്ടായിരുന്നില്ല സിൽവർ ലൈൻ എന്ന വാദമാണ് യെച്ചൂരി ഉന്നയിക്കുന്നത്. അതിനാൽത്തന്നെ ചർച്ച ചെയ്യേണ്ട ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും യെച്ചൂരി ഡൽഹിയിൽ പാർട്ടി കോൺഗ്രസിന് ശേഷം മടങ്ങിയെത്തി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

''കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും തമ്മിൽ നിലവിൽ പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടത്തി വരികയാണ്. അത് പ്രാരംഭഘട്ടത്തിലാണ്. ഇപ്പോഴതിന് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ല. പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ പദ്ധതിക്ക് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ല. പാർട്ടി കോൺഗ്രസ് അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ല. വരാത്ത തീവണ്ടിക്ക് എങ്ങനെ പച്ചക്കൊടി കാട്ടും?'', യെച്ചൂരി ചോദിക്കുന്നു.

പാർട്ടി കോൺഗ്രസിന്റെ സ്വാഗതപ്രസംഗം മുതൽ മുഖ്യമന്ത്രി സിൽവർ ലൈനിനെക്കുറിച്ചുള്ള ചർച്ച വേദിയിൽ ഔദ്യോഗികമായിത്തന്നെ തുടങ്ങിവച്ചിരുന്നു. അതിവേഗബുള്ളറ്റ് ട്രെയിനിനെതിരെ രൂക്ഷവിമർശനമുന്നയിക്കുന്ന പാർട്ടിയുടെ മഹാരാഷ്ട്ര ഘടകത്തിലെ അജീത് ധാവലെ അടക്കമുള്ള അംഗങ്ങൾ പങ്കെടുത്ത പ്രതിനിധിസമ്മേളനത്തിലാണ് മുഖ്യമന്ത്രി സിൽവർ ലൈനിനെക്കുറിച്ച് പരാമർശം നടത്തിയത്. േ

കന്ദ്ര, സംസ്ഥാനനേതൃത്വങ്ങൾ തമ്മിൽ സിൽവർ ലൈൻ പദ്ധതിയെച്ചൊല്ലി ഒരു ഭിന്നതയുമില്ലെന്ന് വാർത്താസമ്മേളനങ്ങളിൽ സിപിഎം കേന്ദ്രനേതൃത്വം പലപ്പോഴും ബോധപൂർവം ശ്രമിച്ചിരുന്നു. എന്നാൽ പാരിസ്ഥിതികാഘാതപഠന റിപ്പോർട്ട് വരാത്തതിനാൽ പദ്ധതി ആദ്യഘട്ടത്തിലാണ് എന്നാണ് നേതൃത്വം വ്യക്തമാക്കിയിരുന്നതും, ആവർത്തിച്ചതും.

സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സംസ്ഥാന നേതൃത്വത്തെ തൽക്കാലം തടയുന്നില്ല സിപിഎം ദേശീയനേതൃത്വം. സംസ്ഥാനസർക്കാർ കേന്ദ്രാനുമതിക്കായുള്ള ശ്രമം തുടരട്ടെ എന്ന് ദേശീയനേതൃത്വം നിലപാടെടുക്കുന്നു. എന്നാൽ ദേശീയ തലത്തിൽ പാർട്ടിയെടുക്കുന്ന പരിസ്ഥിതി നിലപാടിൽ വെള്ളം ചേർക്കേണ്ടതില്ലെന്നാണ് യച്ചൂരി ഉൾപ്പടെയുള്ളവരുടെ അഭിപ്രായം. വിവാദങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന പരസ്യ എതിർപ്പിന് ഇപ്പോഴില്ലെങ്കിലും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് വന്ന ശേഷം പൂർണ്ണ സമ്മതം നൽകാമെന്നാണ് യെച്ചൂരി ഉൾപ്പടെയുള്ളവർ പറയുന്നത്.

കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകവും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞ ബൃന്ദ കാരാട്ട് ജനങ്ങളുടെ വികാരം മനസ്സിലാക്കിയേ മുന്നോട്ട് പോകൂ എന്ന് വിശദീകരിച്ചു. സാമൂഹികാഘാതപഠനത്തിൽ ശുഭപ്രതീക്ഷയുണ്ട് എന്നാണ് പൊളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രൻ പിള്ള പറഞ്ഞത്.

എന്നാൽ, സിൽവർ ലൈൻ പദ്ധതി കേരളത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പാർട്ടി കോൺഗ്രസിനെ ബോധ്യപ്പെടുത്താനായിരുന്നു കേരള ഘടകത്തിന്റെ ശ്രമം. സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി തുടങ്ങിയ കെ റെയിൽ അനുകൂല നിലപാട് ചർച്ചയിൽ പങ്കെടുത്ത കേരളാ പ്രതിനിധികളും ആവർത്തിച്ചതും ഇതിന് തന്നെ.

സിൽവർ ലൈൻ പദ്ധതി ദേശീയ നേതൃത്വം ചർച്ച ചെയ്തിട്ടില്ലെന്ന് നേരത്തേ കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞിരുന്നു. സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത് സർക്കാരിന്റെ താത്പര്യമാണെന്നും യെച്ചൂരി പറഞ്ഞു. കെ റെയിലിൽ ഉറച്ച് മുഖ്യമന്ത്രി മുന്നോട്ട് പോകുമ്പോഴാണ് പദ്ധതിയെ ഏറ്റുപിടിക്കാതെയുള്ള യെച്ചൂരിയുടെ വാക്കുകൾ ശ്രദ്ധേയമായത്.

കെ റയിൽ വിഷയത്തിൽ മുഖ്യമന്ത്രിക്കുള്ള ആവേശം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കില്ലെന്ന് ശ്രദ്ധേയമാണ്. നയപരമായ ചോദ്യങ്ങൾ നേരിടുമ്പോൾ കേന്ദ്രനേതൃത്വം ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി കോൺഗ്രസ് വേദിയിൽ ചർച്ചയായിട്ടില്ലെന്നും തന്നെയാണ് യെച്ചൂരി നിലപാടെടുക്കുന്നത്.

മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിലും നഷ്ടപരിഹാരം നൽകുന്നതിലുമുള്ള വ്യവസ്ഥകൾ അടക്കമുള്ള കാര്യങ്ങളിലാണു സിപിഎം എതിർപ്പു പ്രകടിപ്പിക്കുന്നതെന്നും സിൽവർലൈൻ പദ്ധതിയുമായി അതിനെ യാന്ത്രികമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നുമാണ് നേരത്തെ യെച്ചൂരി പറഞ്ഞത്.

അതേ സമയം ലൗ ജിഹാദ് വിഷയത്തിൽ സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കി. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങൾക്ക് ഭരണഘടന നൽകുന്നുണ്ട്. ഭരണഘടന നൽകുന്ന അധികാരത്തെ ആർക്കും ചോദ്യംചെയ്യാനാകില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP