Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടികൾക്ക് പച്ചക്കൊടി; ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടികൾക്ക് പച്ചക്കൊടി; ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മായം കലർത്തുന്നത് ക്രിമിനൽ കുറ്റമാണ്. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് പ്രധാന കാര്യമാണ്. പൊതുജനങ്ങൾക്ക് അവബോധം നൽകി സുരക്ഷിതമായ ഭക്ഷണമാണ് ലക്ഷ്യമിടുന്നത്. അതിനാലാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് എഫ്.എസ്.എസ്.എ.ഐ.യുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കുള്ള മൊബൈൽ ലാബുകൾ സജ്ജമാക്കിയത്. ഇതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സജ്ജമായ 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവർത്തനോദ്ഘാടനവും ഫ്ളാഗോഫും തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്നതിന് ഈ മൊബൈൽ ലാബുകളെ കൃത്യമായി മോണിറ്ററിങ് ചെയ്യും. ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ജിപിഎസ് മുഖേന ഈ മൊബൈൽ ലാബുകളെ നിരീക്ഷിക്കുന്നതാണ്. അതത് ഫുഡ് സേഫ്റ്റി ഓഫീസർമാരെ കൂടി ചുമതലയേൽപ്പിക്കും. പരിശോധന, അവബോധം, പരിശീലനം എന്നിവയാണ് മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബുകളിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ ഒമ്പതര മുതൽ വൈകുന്നേരം അഞ്ചര വരെയായിരിക്കും ഈ ലാബുകൾ പ്രവർത്തിക്കുക. എന്തെല്ലാം പരിശോധനകൾ നടത്താനാകും എത്ര സമയം കൊണ്ട് പരിശോധനാഫലം ലഭിക്കും എന്നിവ സംബന്ധിച്ച ബോർഡ് സ്ഥാപിക്കും. പൊതുജനങ്ങൾ കൂടുതൽ ഒത്തുചേരുന്ന പൊതു മാർക്കറ്റുകൾ, റസിഡൻഷൽ ഏരിയകൾ തുടങ്ങിയ സ്ഥലങ്ങളിൽ മൊബൈൽ ലാബ് എത്തുന്ന സമയം മുൻകൂട്ടി അറിയിക്കുന്നതാണ്. അവിടത്തെ ജനങ്ങൾക്ക് അവബോധം നൽകുന്നതിനോടൊപ്പം അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഭക്ഷ്യ ഉത്പാദകർ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർക്ക് പരിശീലനവും നൽകും. വീട്ടിൽ മായം കണ്ടെത്താൻ കഴിയുന്ന മാജിക് കിറ്റുകളുടെ സഹായത്തോടെയാണ് പരിശീലനം. മായം കലരാത്ത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചികിത്സയേക്കാൾ പ്രധാനമാണ് രോഗപ്രതിരോധം. ഭക്ഷണമാണ് ആരോഗ്യത്തെ നിർണയിക്കുന്ന പ്രധാന ഘടകം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഭക്ഷണത്തിന് പങ്കുണ്ട്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി എത്രയുണ്ടെന്ന് എല്ലാവരും കണ്ടതാണ്. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കേരളം ഒന്നാമതാണ്. വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങൾക്കെതിരെ എല്ലാവരും ശ്രദ്ധിക്കണം. വ്യക്തി എന്ന നിലയിൽ അവരവർ തന്നെ ജീവിത ശൈലിയിൽ മാറ്റം വരുത്തിയാലേ ജീവിതശൈലീ രോഗങ്ങളെ കുറച്ച് കൊണ്ടുവരാൻ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ്, എഫ്.എസ്.എസ്.എ.ഐ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജസ്റ്റോ ജോർജ്, കൗൺസിലർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP