Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആധാരം എഴുത്ത് ലൈസൻസിലെ റൂൾ മൂന്നിൽ ഒന്നിൽ പറയുന്നതെല്ലാം കാറ്റിൽ പറത്തി; പാർട്ണർഷിപ്പ് ഡീഡിലുള്ളവരാണോ വസ്തു പ്രമാണം ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടത് ആധാരം തയ്യാറാക്കിയ ആളുടെ പ്രാഥമിക ഉത്തരവാദിത്തം; സിപിഎം ഭൂമി ഇടപാടിലെ നിയമവിരുദ്ധത കണ്ടില്ലെന്ന് നടിച്ചത് ശബരിമല 'അട്ടിമറിക്ക്' മുന്നിൽ നിന്നവർ

ആധാരം എഴുത്ത് ലൈസൻസിലെ റൂൾ മൂന്നിൽ ഒന്നിൽ പറയുന്നതെല്ലാം കാറ്റിൽ പറത്തി; പാർട്ണർഷിപ്പ് ഡീഡിലുള്ളവരാണോ വസ്തു പ്രമാണം ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടത് ആധാരം തയ്യാറാക്കിയ ആളുടെ പ്രാഥമിക ഉത്തരവാദിത്തം; സിപിഎം ഭൂമി ഇടപാടിലെ നിയമവിരുദ്ധത കണ്ടില്ലെന്ന് നടിച്ചത് ശബരിമല 'അട്ടിമറിക്ക്' മുന്നിൽ നിന്നവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുറച്ചു കാലം മുമ്പ് തിരുവനന്തപുരത്ത് ഒരു വിവാഹ രജിസ്ട്രേഷൻ നടന്നു. പട്ടം സബ് രജിസ്റ്റാർ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ട വിവാഹം. പക്ഷേ അതല്ല സംഭവിച്ചത്. അധികാരമുണ്ടെങ്കിൽ രജിസ്ട്രേഷൻ വകുപ്പ് എങ്ങോട്ടും തിരിയും. സിപിഎമ്മിന്റെ പുതിയ വസ്തു വാങ്ങലിലും നടന്നത് ഇതു തന്നെയാണ്. സിപിഎമ്മിന്റെ സംസ്ഥാന ആസ്ഥാനത്തിന്റെ പണി അവിടെ തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിയും മാറി മാറി കല്ലിട്ട് തുടങ്ങിയ നിർമ്മാണ്. പരാതികൾ ഉയർന്നില്ലെങ്കിൽ എല്ലാ രജിസ്ട്രേഷനും പൊതുവേ അംഗീകരിക്കപ്പെടും. എന്നാൽ പരാതി എത്തി പരിശോധനകൾ അനിവാര്യമായി വേണ്ടി വന്നാൽ എല്ലാ കള്ളവും പൊളിയും. സിപിഎമ്മിന്റെ വസ്തു വാങ്ങലിലും ദുരൂഹത ഏറെയാണ്. ഇതാണ് മറുനാടൻ അന്വേഷണം വ്യക്തമാക്കുന്നത്.

അതായത് ആധാരം എഴുത്ത് ലൈസൻസിനുള്ള ചട്ടത്തിൽ പറയുന്നതൊന്നും ഇവിടെ നടന്നിട്ടില്ല. സിപിഎമ്മിന്റെ വസ്തു വാങ്ങലിലെ നിയമ പ്രശ്നങ്ങൾ ചർച്ചയായാൽ ആധാരം എഴുതിയ അഭിഭാഷക പ്രമുഖനും കുടുങ്ങുമെന്ന് വിലയിരുത്തൽ. യഥാർത്ഥ ഭൂമി ഉടമകളുടെ പേരിലാണ് വസ്തുവിന്റെ ആധാരം എഴുതുന്നതെന്ന് ഉറപ്പിക്കേണ്ട ബാധ്യത ആധാരം എഴുതിയ ആൾക്കുണ്ട്. ഇതൊന്നും സിപിഎമ്മിന് വേണ്ടിയുള്ള വസ്തു വാങ്ങൽ ആധാരത്തിൽ പ്രതിഫലിക്കുന്നില്ലെന്നതാണ് വസ്തുത. ഒരു നിയമ സാധുതയുമില്ലാത്ത ആധാരം രജിസ്ട്രേഷനാണ് നടന്നതെന്ന വാദം ചർച്ചയാകുമ്പോൾ അഭിഭാഷനും കുടുക്കിലാകും. എന്നാൽ ഭരണ തുടർച്ചയിൽ സിപിഎം അധികാരം കൈയാളുമ്പോൾ ആരെങ്കിലും പരാതി കൊടുത്താലും അന്വേഷണത്തെ അട്ടിമറിക്കാമെന്നാണ് ഇതിന് പിന്നിലുള്ളവരുടെ പ്രതീക്ഷ.

ആധാരം എഴുത്ത് ലൈസൻസിന്റെ റൂൾ മൂന്നിൽ ഒന്നിൽ പറയുന്നത് ആധാരം എഴുതുന്ന ആൾ ആ വസ്തുവിന്റെ ആധികാരികത ഉറപ്പു വരുത്തണമെന്നാണ്. അതായത് വസ്തു വിൽക്കാൻ യഥാർത്ഥത്തിൽ അവകാശമുള്ള ആളാണോ വസ്തു വിൽക്കുന്നതെന്ന് ഉറപ്പാക്കണം. അഭിഭാഷകർക്കും ആധാരം എഴുതാനുള്ള അവകാശമുണ്ട്.  സാധാരണക്കാർ ആധാരം എഴുത്ത് പരീക്ഷ പാസാകണം ലൈസൻസിന് വേണ്ടി. അഭിഭാഷകർക്ക് അതിന്റെ ആവശ്യമില്ല. അതിനപ്പുറത്ത്‌ ആധാരം എഴുത്തുകാർക്ക് വേണ്ട എല്ലാ നടപടിക്രമങ്ങളും അഭിഭാഷകർക്കും ബാധകമാണ്. അതുകൊണ്ട് തന്നെ ആധാരത്തിലെ വ്യക്തത ഉറപ്പാക്കേണ്ട പ്രധാന ഉത്തരവാദിത്തം അഭിഭാഷകന്റേതാണ്.

എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിൽ നിന്നാണ് സിപിഎം വസ്തു വാങ്ങിയത്. 1967ൽ പ്രവർത്തനം അവസാനിച്ച സ്ഥാപനമാണ് ഇത്. ഈ പങ്കാളിത്ത സ്ഥാപനത്തിന് ഔദ്യോഗിക രേഖകൾ പ്രകാരം അഞ്ച് പാർട്ണർമാരാണുള്ളത്. ഈ അഞ്ചു പാർട്ണർമാർക്ക് മാത്രമേ ഈ വസ്തുവിൽ അവകാശം ഉണ്ടാകാനിടയുള്ളൂ. ഇത് മനസ്സിലാക്കേണ്ടത് ആധാരം എഴുതുന്ന വ്യക്തിയുടെ പ്രാഥമിക ചുമതലയാണ്. അതിവിടെ സംഭവിച്ചിട്ടില്ല. 34 പേരാണ് വസ്തു എഴുതി നൽകുന്നത്. ഇങ്ങനെ ആധാരം എഴുത്തുകാരൻ നൽകുന്ന ആധാരത്തിലെ വിവരങ്ങൾ രജിസ്‌ട്രേഷൻ നടത്തുന്ന ഉദ്യോഗസ്ഥനും പരിശോധിച്ച് ഉറപ്പാക്കണം. ഇവിടെ ഇത് നടന്നിട്ടില്ലെന്നതാണ് വസ്തുത.

സിപിഎമ്മിന്റെ വസ്തു വാങ്ങൽ ആദ്യം റിപ്പോർട്ട് ചെയ്തത് മനോരമയായിരുന്നു. നാലു മാസം മുമ്പ് വന്ന വാർത്തയിൽ എകെജി സെന്റിറിലാണ് രജിസ്ട്രേഷൻ എന്നും പറഞ്ഞിരുന്നു. ഈ രജിസ്ട്രേഷന്റെ ഭാഗമായ എല്ലാവരും ഈ ദിവസം അവിടെ എത്തിയോ എന്നതടക്കമുള്ള പല സംശയങ്ങൾ മറുനാടന്റെ അന്വേഷണത്തോടെ അതിശക്തമായി ഉയരും. മനോരമ വാർത്ത പറയുന്നത് പോലെ എകെജി സെന്ററിലായിരുന്നു രജിസ്ട്രേഷൻ എങ്കിൽ ഭരണത്തിലെ സ്വാധീനം ശരിക്കും ഈ ഇടപാടിൽ വ്യക്തമാണ്. കേരളത്തിലെ പ്രധാന അഭിഭാഷകരിൽ ഒരാളാണ് ഇത് തയ്യാറാക്കിയതെന്നതും ശ്രദ്ധേയമാണ്.

പ്രാക്ടീസിങ് ലോയർ എന്ന് പറഞ്ഞ് അഭിഷാകന്റെ പേര് കൃത്യമായി തന്നെ പ്രമാണത്തിൽ പറയുന്നുമുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ബോർഡിലെ ചെയർമാൻ സ്ഥാനത്തുള്ള വ്യക്തിയാണ് ഈ അഡ്വക്കേറ്റ്. സിപിഎമ്മുമായി അടുത്തു നിൽക്കുന്ന വ്യക്തി. സർക്കാരിൽ നിന്ന് ഹോണറേറിയം വാങ്ങുന്നതിനാൽ ഈ അഭിഭാകന് പ്രമാണം തയ്യാറാക്കാൻ നിയമപരമായി കഴിയുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഹോണറേറിയത്തിന് പകരം ശമ്പളം വാങ്ങിയിരുന്നുവെങ്കിൽ അതിനും കഴിയുമായിരുന്നില്ലെന്നതാണ് വസ്തുത. ശബരിമലിയിലെ വിശ്വാസ ചർച്ചാ കാലത്ത് സ്ത്രീ പ്രവേശനത്തിന് വേണ്ടി സർക്കാരിനെ ഉപദേശിച്ച് കുഴപ്പത്തിൽ ചാടിച്ചവരിലെ പ്രധാനികളും സിപിഎമ്മിന്റെ വസ്തു ഇടപാടിന്റെ ഇടനിലക്കാരായിട്ടുണ്ട്.

എറണാകുളം കമ്മേൽ സെന്ററിൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനിലെ രജിസ്‌ട്രേഷൻ രേഖകളിൽ 1961ന് ശേഷം മാറ്റമൊന്നും വന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. വിവരാവകാശ പ്രകാരം രജിസ്‌ട്രേഷൻ ഓഫ് ഫേമ്‌സിൽ നിന്ന് മറുനാടൻ കിട്ടിയ മറുപടിയിൽ ഞെട്ടിക്കുന്ന വസ്തുതയാണുള്ളത്. സീരിയൽ നമ്പർ 15/1962 എന്ന നമ്പറിലാണ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യുന്നത്. 1962 ജനുവരി മാസം നാലാം തീയതി നിലവിൽ വന്ന പങ്കാളിത്ത സ്ഥാപനം. ചങ്ങനാശ്ശേരിയാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനമെന്നും വ്യക്തം. 1961 ഓഗസ്റ്റിലാണ് അഞ്ചു പേർ ചേർന്ന് ഇത്തരത്തിലൊരു ധനകാര്യ സ്ഥാപനം രൂപീകരിച്ചത്. ചങ്ങനാശ്ശേരിയിലാണ് പ്രവർത്തന പരിധിയെന്നും ഈ രേഖയിലുണ്ട്.

സാധാരണ ഇത്തരം പങ്കാളിത്ത സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്കാണ് തുടങ്ങാറുള്ളത്. എന്നാൽ ജോസഫ് ജോസഫും വർക്കി തോമസും ചാണ്ടി മാത്യുവും തോമസ് ജോസഫും ചാണ്ടി തോമസും ഈ പങ്കാളിത്ത സ്ഥാപനം രജിസ്റ്റർ ചെയ്തത് വെറും അഞ്ചു വർഷത്തേക്കാണ്. അതായത് 1962 മുതൽ അഞ്ചു കൊല്ലം. 1967ന് ശേഷം ഈ സ്ഥാപനത്തിന്റെ നിയമപരമായ നിലനിൽപ്പിന് ഈ കാലാവധി നീട്ടി വാങ്ങേണ്ടതായിരുന്നു. എന്നാൽ അത് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ 1967 ഓടെ തന്നെ നിയമപരമായി ഈ സ്ഥാപനത്തിന് പ്രവർത്തനാനുമതി ഇല്ലാതെയായി.

ഈ കമ്പനിയാണ് പിന്നീടും പ്രവർത്തനം തുടങ്ങിയതും ലേല സർട്ടിഫിക്കറ്റുകൾ അടക്കം കോടതിയിൽ നിന്ന് സ്വന്തമാക്കിയതും. ഇതൊന്നും ആധാരമെഴുതിയവർ മനസ്സിലാക്കാക്കേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഈ ഭൂമിയുടെ ഇങ്ങനെയുള്ള രജിസ്ട്രേഷൻ പോലും സാധ്യമാകുമായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP