Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവേശ കൊടുമുടിയേറ്റിയ മാർക്കസ് സ്റ്റോയ്‌നിസ്; പവർഹിറ്ററെ ക്രീസിൽ തളച്ചിട്ട 'അരങ്ങേറ്റക്കാരൻ' കുൽദീപ് സെന്നും; വാംഖഡെയെ ത്രസിപ്പിച്ച പോരാട്ടത്തിനൊടുവിൽ ലക്‌നൗവിനെ മൂന്ന് റൺസിന് വീഴ്‌ത്തി രാജസ്ഥാൻ; 165 റൺസ് പ്രതിരോധിച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് സഞ്ജുവും സംഘവും

ആവേശ കൊടുമുടിയേറ്റിയ മാർക്കസ് സ്റ്റോയ്‌നിസ്; പവർഹിറ്ററെ ക്രീസിൽ തളച്ചിട്ട 'അരങ്ങേറ്റക്കാരൻ' കുൽദീപ് സെന്നും; വാംഖഡെയെ ത്രസിപ്പിച്ച പോരാട്ടത്തിനൊടുവിൽ ലക്‌നൗവിനെ മൂന്ന് റൺസിന് വീഴ്‌ത്തി രാജസ്ഥാൻ; 165 റൺസ് പ്രതിരോധിച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് സഞ്ജുവും സംഘവും

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐഎസ്എല്ലിൽ ഞായറാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരേ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 165 റൺസ് പ്രതിരോധിച്ച റോയൽസ് മൂന്ന് റൺസിന്റെ ജയം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ജയത്തോടെ ആറു പോയിന്റുമായാണ് റോയൽസ് ഒന്നാം സ്ഥാനത്തേക്കുയർന്നത്. 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനേ സാധിച്ചുള്ളൂ.

അരങ്ങേറ്റക്കാരന്റെ പതർച്ചയേതുമില്ലാതെ മാർക്കസ് സ്റ്റോയ്‌നിസെന്ന പവർഹിറ്ററെ ക്രീസിൽ നിഷ്പ്രഭനാക്കിയ കുൽദീപ് സെന്നെന്ന മധ്യപ്രദേശുകാരനാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. . ഒരിക്കൽക്കൂടി ആരാധകരെ ആവേശത്തിന്റെ കൊടുമുടിയേറ്റിയ സൂപ്പർ ക്ലൈമാക്‌സിനൊടുവിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് അവസാന ഓവറിൽ പിഴയ്ക്കുകയായിരുന്നു. ബാറ്റിങ് തകർച്ചയിൽ നിന്നും പൊരുതിക്കയറിയ ലക്‌നൗവിനെ മൂന്നു റൺസിന്റെ നേരിയ മാർജിനിലാണ് രാജസ്ഥാൻ തോൽപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസ്. ലക്‌നൗവിന്റെ മറുപടി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസിൽ അവസാനിച്ചു. സീസണിലെ ആദ്യ മത്സരം കളിച്ച സ്റ്റോയ്‌നിസ് എട്ടാമനായി ഇറങ്ങി 17 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു. 17 പന്തിൽ രണ്ടു ഫോറും നാലു സിക്‌സും സഹിതമാണിത്. ആവേശ് ഖാൻ രണ്ടു പന്തിൽ ഒരു സിക്‌സ് സഹിതം ഏഴു റൺസോടെയും പുറത്താകാതെ നിന്നു.

കൂട്ടത്തകർച്ചയെ ചെറുത്ത് 16ാം ഓവർ വരെ ക്രീസിൽനിന്ന ഓപ്പണർ ക്വിന്റൻ ഡികോക്കാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറർ. 32 പന്തുകൾ നേരിട്ട ഡികോക്ക് രണ്ടു ഫോറും ഒരു സിക്‌സും സഹിതം 39 റൺസെടുത്തു. ദീപക് ഹൂഡ 24 പന്തിൽ മൂന്നു ഫോർ സഹിതം 25 റൺസെടുത്തു. 14 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ലക്‌നൗവിന് നാലാം വിക്കറ്റിൽ ഡികോക്ക് ഹൂഡ സഖ്യം 34 പന്തിൽ കൂട്ടിച്ചേർത്ത 38 റൺസാണ് ബലമായത്. 15 പന്തിൽ രണ്ടു ഫോറുകളോടെ 22 റൺസെടുത്ത ക്രുണാൽ പാണ്ഡ്യയുടെ പ്രകടനവും ശ്രദ്ധേയമായി.

ലഖ്നൗവിന്റെ അവസാന പ്രതീക്ഷയായിരുന്ന മാർക്കസ് സ്റ്റോയ്നിസിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 19-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ 19 റൺസ് വഴങ്ങിയിട്ടും അവസാന ഓവറിൽ സ്റ്റോയ്നിസ് ക്രീസിൽ നിൽക്കേ 15 റൺസ് പ്രതിരോധിച്ച കുൽദീപ് സെൻ റോയൽസിന് ജയമൊരുക്കുകയായിരുന്നു.

166 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സൂപ്പർ ജയന്റ്സിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ട്രെന്റ് ബോൾട്ട്, ക്യാപ്റ്റന് കെ.എൽ രാഹുലിന്റെ (0) കുറ്റി തെറിപ്പിച്ചു. തൊട്ടടുത്ത പന്തിൽ കൃഷ്ണപ്പ ഗൗതത്തെ (1) വിക്കറ്റിന് മുന്നിൽ കുടുക്കി ബോൾട്ട് ലഖ്നൗവിന് ഇരട്ടപ്രഹരമേൽപ്പിച്ചു. നാലാം ഓവറിൽ ജേസൺ ഹോൾഡറെ (8) പ്രസിദ്ധ് കൃഷ്ണയും മടക്കിയതോടെ ലഖ്നൗ തകർച്ച മുന്നിൽ കണ്ടു.

എന്നാൽ തുടർന്ന് ക്രീസിലെത്തിയ ദീപക് ഹൂഡ പിടിച്ചു നിന്നത് അവർക്ക് ആശ്വാസമായി. ഹൂഡയും ഡിക്കോക്കും ചേർന്ന് സ്‌കോർ 52 വരെയെത്തിച്ചു. പത്താം ഓവറിലെ ആദ്യ പന്തിൽ ഹൂഡയുടെ കുറ്റി പിഴുത കുൽദീപ് സെൻ, റോയൽസ് ആഗ്രഹിച്ച ബ്രേക്ക് ത്രൂ സമ്മാനിച്ചു. 24 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 25 റൺസെടുത്ത ശേഷമാണ് ഹൂഡ മടങ്ങിയത്. പിന്നാലെ യുവപ്രതീക്ഷയായിരുന്ന ആയുഷ് ബദോനിയും (5) കാര്യമായ സംഭാവനകളില്ലാതെ പുറത്തായതോടെ ലഖ്നൗ വീണ്ടും പ്രതിരോധത്തിലായി.

തുടർന്ന് ക്രീസിൽ ഒന്നിച്ച ഡിക്കോക്കും ക്രുണാൽ പാണ്ഡ്യയും ചേർന്ന് സ്‌കോർ 100 കടത്തി. 16-ാം ഓവറിലെ മൂന്നാം പന്തിൽ ലഖ്നൗവിന്റെ പ്രതീക്ഷയായിരുന്ന ഡിക്കോക്കിനെ മടക്കി യുസ്വേന്ദ്ര ചാഹൽ റോയൽസിന് വീണ്ടും പ്രതീക്ഷയേകി. 32 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 39 റൺസെടുത്താണ് ഡിക്കോക്ക് പുറത്തായത്. അതേ ഓവറിലെ അഞ്ചാം പന്തിൽ ക്രുണാൽ പാണ്ഡ്യയുടെ കുറ്റി തെറിപ്പിച്ച ചാഹൽ റോയൽസിനെ വിജയത്തോടടുപ്പിച്ചു. 15 പന്തിൽ നിന്ന് 22 റൺസായിരുന്നു ക്രുണാലിന്റെ സമ്പാദ്യം. പിന്നാലെ ഏഴ് പന്തിൽ നിന്ന് 13 റൺസെടുത്ത ദുഷ്മാന്ത ചമീരയേയും മടക്കിയ ചാഹൽ ഐപിഎല്ലിൽ 150 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കി. മത്സരത്തിൽ ചാഹൽ നാലു വിക്കറ്റ് വീഴ്‌ത്തി. ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. മുൻനിര ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയ രാജസ്ഥാന്, അഞ്ചാം വിക്കറ്റിൽ രവിചന്ദ്രൻ അശ്വിനെ കൂട്ടുപിടിച്ച് ഷിമ്രോൺ ഹെറ്റ്‌മെയർ നടത്തിയ പോരാട്ടമാണ് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഹെറ്റ്‌മെയർ അർധസെഞ്ചുറി നേടി. രാജസ്ഥാന്റെ ടോപ് സ്‌കോററും ഹെറ്റ്‌മെയർ തന്നെ. 36 പന്തുകൾ നേരിട്ട ഹെറ്റ്‌മെയർ ഒരു ഫോറും ആറു സിക്‌സറും സഹിതം 59 റൺസുമായി പുറത്താകാതെ നിന്നു. വ്യക്തിഗത സ്‌കോർ 14ൽ നിൽക്കെ കൃഷ്ണപ്പ ഗൗതത്തിന്റെ പന്തിൽ ഹെറ്റ്‌മെയറിനെ ക്രുണാൽ പാണ്ഡ്യ കൈവിട്ടിരുന്നു.

അശ്വിൻ 23 പന്തിൽ രണ്ടു സിക്‌സറുകൾ സഹിതം 28 റൺസെടുത്ത് 19ാം ഓവറിൽ റിട്ടയേർഡ് ഹർട്ടായി മടങ്ങി. താരതമ്യേന പവർ ഹിറ്ററായ റിയാൻ പരാഗിന് അവസരം നൽകുന്നതിനായിരുന്നു ഇത്. അഞ്ചാം വിക്കറ്റിൽ ഹെറ്റ്‌മെയർ അശ്വിൻ സഖ്യം 51 പന്തിൽ 68 റൺസ് കൂട്ടിച്ചേർത്തു. പരാഗ് നാലു പന്തിൽ എട്ട് റൺസെടുത്ത് പുറത്തായി. ജോസ് ബട്‌ലർ (11 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 13), ദേവ്ദത്ത് പടിക്കൽ (29 പന്തിൽ നാലു ഫോറുകളോടെ 29), സഞ്ജു സാംസൺ (12 പന്തിൽ രണ്ടു ഫോറുകളോടെ 13), റാസ്സി വാൻഡർ ദസ്സൻ (നാലു പന്തിൽ നാല്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഓപ്പണിങ് വിക്കറ്റിൽ ജോസ് ബട്ലറും പുതിയ ഓപ്പണിങ് പങ്കാളി ദേവ്ദത്ത് പടിക്കലും ചേർന്ന് 31 പന്തിൽ 42 റൺസ് കൂട്ടിച്ചേർത്ത് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും, മധ്യ ഓവറുകളിൽ റൺനിരക്ക് കുത്തനെ ഇടിഞ്ഞതാണ് രാജസ്ഥാന് വിനയായത്. ആറു മുതൽ 15 വരെയുള്ള 10 ഓവറുകളിൽ രാജസ്ഥാന് ആകെ നേടാനായത് 48 റൺസ് മാത്രം. പിന്നീട് അവസാന അഞ്ച് ഓവറിൽനിന്ന് 73 റൺസ് അടിച്ചുകൂട്ടിയാണ് രാജസ്ഥാൻ ലക്‌നൗവിന് മുന്നിൽ ഭേദപ്പെട്ട വിജയലക്ഷ്യം ഉയർത്തിയത്. ആറാം വിക്കറ്റിൽ ഹെറ്റ്‌മെയർ പരാഗ് സഖ്യം വെറും ഒൻപതു പന്തിൽനിന്ന് 28 റൺസ് അടിച്ചുകൂട്ടി.

ലക്‌നൗവിനായി നാല് ഓളറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയ കൃഷ്ണപ്പ ഗൗതത്തിന്റെ പ്രകടനം ശ്രദ്ധേയമായി. ജെയ്‌സൻ ഹോൾഡറും രണ്ട് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും നാല് ഓവറിൽ 50 റൺസ് വഴങ്ങി. ആവേശ് ഖാൻ നാല് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP