Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മികച്ച തുടക്കത്തിന് പിന്നാലെ തകർച്ച; വീണ്ടും രക്ഷകനായി ഹെറ്റ്‌മെയർ; 36 പന്തിൽ 59 റൺസ്; പിന്തുണച്ച് അശ്വിനും പരാഗും; രാജസ്ഥാനെതിരെ ലഖ്‌നൗവിന് 166 റൺസ് വിജയലക്ഷ്യം

മികച്ച തുടക്കത്തിന് പിന്നാലെ തകർച്ച; വീണ്ടും രക്ഷകനായി ഹെറ്റ്‌മെയർ; 36 പന്തിൽ 59 റൺസ്; പിന്തുണച്ച് അശ്വിനും പരാഗും; രാജസ്ഥാനെതിരെ ലഖ്‌നൗവിന് 166 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരേ 166 റൺസ് വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽസ് തുടക്കത്തിലെ തകർച്ച മറികടന്ന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. 36 പന്തിൽ 59 റൺസെടുത്ത് പുറത്താകാതെ നിന്ന ഷിമ്രോൺ ഹെറ്റ്‌മെയറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ലഖ്‌നൗവിനായി കൃഷ്ണപ്പ ഗൗതമും ജേസൺ ഹോൾഡറും രണ്ട് വിക്കറ്റ് വീതമെടുത്തു.

അവസാന ഓവറുകളിൽ ഹെറ്റ്മയർ നടത്തിയ വെടിക്കെട്ടാണ് റോയൽസിനെ 150 കടത്തിയത്. ഒരു ഘട്ടത്തിൽ നാലിന് 67 റൺസെന്ന നിലയിലായിരുന്ന റോയൽസിനെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഹെറ്റ്മയർ - ആർ. അശ്വിൻ സഖ്യം ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് ദേവ്ദത്ത് പടിക്കലും ജോസ് ബട്ലറും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ചമീരയുടെ ആദ്യ ഓവറിൽ രണ്ട് ബൗണ്ടറി അടക്കം ഒമ്പത് റൺസടിച്ച് തുടങ്ങിയ രാജസ്ഥാൻ ജേസൺ ഹോൾഡർ എറിഞ്ഞ രണ്ടാം ഓവറിൽ സിക്‌സും ഫോറും പറത്തി ടോപ് ഗിയറിലായി. ചമീര എറിഞ്ഞ മൂന്നാം ഓവറിൽ എട്ട് റൺസെ രാജസ്ഥാന് നേടാനായുള്ളുവെങ്കിലും രവി ബിഷ്‌ണോയി എറിഞ്ഞ നാലാം ഓവറിൽ രണ്ട് ബൗണ്ടറിയടക്കം 12 റൺസ് അടിച്ച് ആ കുറവ് നികത്തി. ഇതിനിടെ പടിക്കൽ നൽകിയ അനായാസ ക്യാച്ച് ബിഷ്‌ണോയ് കൈവിട്ടത് ലഖ്‌നൗവിന് കനത്ത പ്രഹരമായി.

എന്നാൽ പവർപ്ലേയിലെ അവസാന രണ്ടോവറിൽ ബട്ലറുടെ വിക്കറ്റ് നഷ്ടമായ രാജസ്ഥാന് ആകെ അഞ്ച് റൺസെ നേടാനായുള്ളു. പവർ പ്ലേ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസെടുത്ത രജസ്ഥാൻ ഭേദപ്പട്ട തുടക്കമിട്ടു. ബട്ലർ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ രണ്ട് ബൗണ്ടരിയുമായി നല്ല തുടക്കമിട്ടെങ്കിലും ജേസൺ ഹോൾഡറുടെ ഫുൾട്ടോസിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. 12 പന്തിൽ 13 റൺസാണ് സഞ്ജുവിന്റെ നേട്ടം. പിന്നാലെ ദേവ്ദത്ത് പടിക്കലും(29 പന്തിൽ 29) റാസി വാൻഡർ ഡസ്സനും(4) മടങ്ങിയതോടെ 67-4 എന്ന സ്‌കോറിൽ രാജസ്ഥാൻ പതറി.

റിയാൻ പരാഗിന് മുമ്പെ ക്രീസിലെത്തിയ ആർ അശ്വിൻ ഷിമ്രോൺ ഹെറ്റ്‌മെയറിന് മികച്ച പിന്തുണ നൽകിയതോടെ രാജസ്ഥാൻ പതുക്കെ കരകയറി. കൃഷ്ണപ്പ ഗൗതമിനെ തുടർച്ചയായി സിക്‌സിന് പറത്തി അശ്വിൻ പതിനാറാം ഓവറിൽ രാജസ്ഥാനെ 100 കടത്തി. പതിനേഴാം ഓവർ തുടങ്ങുമ്പോൾ 115 റൺസായിരുന്നു രാജസ്ഥാൻ സ്‌കോർ. ജേസൺ ഹോൾഡർ എറിഞ്ഞ പതിനെട്ടാം ഓവറിൽ 18 റൺസടിച്ച് ഹെറ്റ്‌മെയർ വെടിക്കെട്ടിന് തിരികൊളുത്തി.

ആവേശ് ഖാൻ എറിഞ്ഞ പത്തൊമ്പാതാം ഓവറിലും രാജസ്ഥാൻ 16 റൺസടിച്ച് ടീം സ്‌കോർ 150 കടത്തി. 23 പന്തിൽ നിന്ന് രണ്ട് സിക്സടക്കം 28 റൺസെടുത്ത അശ്വിൻ ഇന്നിങ്സിനിടെ റിട്ടയർ ചെയ്യുകയായിരുന്നു. അശ്വിന് പകരമെത്തിയ റിയാൻ പരാഗ് നാലു പന്തിൽ നിന്ന് എട്ടു റൺസെടുത്തു

ജേസൺ ഹോൾഡർ എറിഞ്ഞ ഇന്നിങ്‌സിലെ അവസാന ഓവറിൽ ഹെറ്റ്‌മെയറും പരാഗും ചേർന്ന് 16 റൺസടിച്ച് രാജസ്ഥാന് മാന്യമായ സ്‌കോർ ഉറപ്പാക്കി. അവസാന മൂന്നോവറിൽ മാത്രം രാജസ്ഥാൻ 50 റൺസാണ് അടിച്ചു കൂട്ടിയത്. ലഖ്‌നൗവിനായി ജേസൺ ഹോൾഡറും കൃഷ്ണപ്പ ഗൗതമും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ആവേശ് കാൻ ഒരു വിക്കറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP