Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരന്തരം തഴഞ്ഞു, ഒടുവിൽ പുറത്താക്കി; കൊൽക്കത്തയെ ചുരുട്ടിക്കെട്ടി കുൽദീപിന്റെ മധുര പ്രതികാരം; 35 റൺസ് വഴങ്ങി 4 വിക്കറ്റ്; പിന്തുണച്ച് ഖലീൽ അഹമ്മദും; ഡൽഹി ക്യാപിറ്റൽസിന് 44 റൺസിന്റെ തകർപ്പൻ ജയം

നിരന്തരം തഴഞ്ഞു, ഒടുവിൽ പുറത്താക്കി; കൊൽക്കത്തയെ ചുരുട്ടിക്കെട്ടി കുൽദീപിന്റെ മധുര പ്രതികാരം; 35 റൺസ് വഴങ്ങി 4 വിക്കറ്റ്; പിന്തുണച്ച് ഖലീൽ അഹമ്മദും; ഡൽഹി ക്യാപിറ്റൽസിന് 44 റൺസിന്റെ തകർപ്പൻ ജയം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസ് ഉയർത്തിയ റൺമലയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 44 റൺസിനാണ് ഡൽഹി കൊൽക്കത്തയെ കീഴടക്കിയത്. 4 ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത കുൽദീപ് യാദവ്, 4 ഓവറിൽ 25 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ ഖലീൽ അഹമ്മദ് എന്നിവർ ചേർന്നാണു കൊൽക്കത്തയെ എറിഞ്ഞിട്ടത്. സ്‌കോർ ഡൽഹി: 20 ഓവറിൽ 215 - 5; കൊൽക്കത്ത 19.4 ഓവറിൽ 171നു പുറത്ത്. സീസണിൽ കൊൽക്കത്തയുടെ രണ്ടാം തോൽവിയാണിത്.

മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത 19.4 ഓവറിൽ 171ന് എല്ലാവരും പുറത്തായി. 54 റൺസ് നേടിയ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറർ. നേരത്തെ, ഡേവിഡ് വാർണർ (61), പൃഥ്വി ഷാ (51) എന്നിവരുടെ ഇന്നിങ്സാണ് ഡൽഹിക്ക് തുണയായത്. സുനിൽ നരെയ്ൻ കൊൽക്കത്തയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

കൊൽക്കത്തയ്‌ക്കെതിരായ ആദ്യ ഐപിഎൽ മത്സരത്തിൽത്തന്നെ കുൽദീപ് യാദവ് പഴയ ടീമിന്റെ 'അന്തകനാകുകയായിരുന്നു'. 2014 മുതൽ 2021 വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നു കുൽദീപ്. എന്നാൽ കഴിഞ്ഞ സീസണിൽ തുടർച്ചയായി ടീമിലെ സ്ഥാനം നഷ്ടമായതോടെ കുൽദീപും കൊൽക്കത്ത മാനേജ്‌മെന്റും തമ്മിൽ ഭിന്നതയിലാകുകയായിരുന്നു. പിന്നാലെ ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നത സ്ഥിരീകരിച്ച് കുൽദീപ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഒടുവിൽ ലേലത്തിന് വിട്ട് ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു.

അജിൻക്യ രഹാനെ (14 പന്തിൽ ഒരു പോർ അടക്കം 8), വെങ്കിടേഷ് അയ്യർ (8 പന്തിൽ ഒരു ഫോറും 2 സിക്‌സും അടക്കം 18) എന്നിവരെ പവർപ്ലേ ഓവറുകളിൽത്തന്നെ നഷ്ടമായ കൊൽക്കത്തയ്ക്കായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ (33 പന്തിൽ 5 ഫോറും 2 സിക്‌സും അടക്കം 54), നിതീഷ് റാണ (20 പന്തിൽ3 സിക്‌സ് അടക്കം 30) എന്നിവരാണു പൊരുതിയത്.

3ാം വിക്കറ്റിൽ ഇരുവരും 42 പന്തിൽ 69 റൺസ് ചേർത്തു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായതോടെ ഡൽഹി പിടിമുറുക്കി. നിതീഷ് റാണയെ ലളിത് യാദവാണു പുറത്താക്കിയത്. ശ്രേയസിനെ കുൽദീപ് യാദവിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. സാം ബില്ലിങ്‌സിനെ (9 പന്തിൽ ഒന്നു വീതം ഫോറും സിക്‌സും അടക്കം 15) ഖലീൽ അഹ്‌മ്മദ് പുറത്താക്കി.

മുംബൈയ്‌ക്കെതിരായ മത്സരത്തിലെ ഹീറോ പാറ്റ് കമ്മിൻസ് (3 പന്തിൽ ഒരു ഫോർ അടക്കം 4), സുനിൽ നരെയ്ൻ (2 പന്തിൽ ഒരു ഫോർ അടക്കം 4), ഉമേഷ് യാദവ് (ഒരു പന്തിൽ 0) എന്നിവരെ മടക്കിയ കുൽദീപ് യാദവിന്റെ 16ാം ഓവറിൽ കൊൽക്കത്തയുടെ വിദൂര പ്രതീക്ഷകളും അവസാനിച്ചു. ഡൽഹിക്കായി ശാർദൂൽ ഠാക്കൂർ 2.4 ഓവറിൽ 30 റൺസിന് 2 വിക്കറ്റെടുത്തപ്പോൾ ലളിത് യാദവ് ഒരോവറിൽ 8 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്‌ത്തി.

നേരത്തെ മോഹിപ്പിക്കുന്ന തുടക്കാണ് വാർണർ- പൃഥ്വി സഖ്യം ഡൽഹിക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ 84 റൺസ് പിറന്നു. ഒമ്പാതാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. 29 പന്തിൽ 51 റൺസെടുത്ത പൃഥ്വിയെ വരുൺ ചക്രവർത്തി ബൗൾഡാക്കി. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതാണ് പൃഥ്വിയുടെ ഇന്നിങ്സ്. മൂന്നാമനായി ക്രീസിലെത്തിയ റിഷഭ് പന്തും നിർണായക സംഭാവന നൽകി. 14 പന്ത് മാത്രം നേരിട്ട ക്യാപ്റ്റൻ നേടിയത് 27 റൺസ്. രണ്ട് വീതം സിക്സും ഫോറും ഇതിലുണ്ടായിരുന്നു. 55 റൺസാണ് വാർണർക്കൊപ്പം പന്ത് കൂട്ടിചേർത്തത്. എന്നാൽ ആന്ദ്രേ റസ്സലിന്റെ ബൗൺസർ കട്ട് ചെയ്യാനുള്ള ശ്രമത്തിൽ തേർഡ്മാനിൽ ഉമേഷിന് ക്യാച്ച് നൽകി.

ആദ്യ വിക്കറ്റിൽ വെറും 8.4 ഓവറിൽ ഡൽഹിയുടെ ഓപ്പണിങ് സഖ്യം 93 റൺസ് അടിച്ചെടുത്തു. ഐപിഎൽ കരിയറിലെ 12ാം സെഞ്ചുറിയാണു ഷാ കുറിച്ചത്. ഒടുവിൽ പൃഥ്വി ഷായെ ബോൾഡാക്കിയ വരുൺ ചക്രവർത്തിയാണു കൂട്ടുകെട്ടു പൊളിച്ചത്. പിന്നാലെ ആന്ദ്രെ റസ്സിലിനെ സിക്‌സറടിച്ച് 35 പന്തിൽ ഡേവിഡ് വാർണർ അർധ സെഞ്ചുറി തികച്ചു.

3ാം നമ്പറിൽ ഇറങ്ങിയ ക്യാപ്റ്റൻ ഋഷഭ് പന്തും മികച്ച ടച്ചിലായിരുന്നു. പക്ഷേ, വാർണർ അർധ സെഞ്ചുറി തികച്ച അതേ ഓവറിൽ പന്തിനെ (14 പന്തിൽ 2 വീതം ഫോറും സിക്‌സും അടക്കം 26) മടക്കി റസ്സൽ തന്നെ കൊൽക്കത്തയ്ക്കു ബ്രേക്ക് നൽകി. റസ്സലിന്റെ ഷോട്ട് ബോളിൽ ബാറ്റുവച്ച പന്ത് ഉമേഷ് യാദവിനു ക്യാച്ച് നൽകുകയായിരുന്നു.

ലളിത് യാദവിന്റെയും (4 പന്തിൽ 1) റോവ്മാൻ പവലിന്റെയും (6 പന്തിൽ ഒരു സിക്‌സ് അടക്കം 8) ഇന്നിങ്‌സുകൾ അധികം നീണ്ടില്ല. 17ാം ഓവറിൽ ഉമേഷ് യാദവാണു ഡേവിഡ് വാർണറെ മടക്കിയത്. പക്ഷേ, ഡെത്ത് ഓവറുകളിൽ ശാർദൂൽ ഠാക്കൂർ (11 പന്തിൽ 1 ഫോറും 3 സിക്‌സും അടക്കം 29 നോട്ടൗട്ട്), അക്ഷർ പട്ടേൽ (14 പന്തിൽ 2 ഫോറും 1 സിക്‌സം അടക്കം 22 നോട്ടൗട്ട്) എന്നിവർ തകർത്തടിച്ചതോടെ ടോട്ടൽ 200 കടന്നു.

പിന്നീടെത്തിയവരിൽ ലളിത് യാദവ് (1), റോവ്മാൻ പവൽ (8) എന്നിവർ നിരാശപ്പെടുത്തി. കൂടാതെ വാർണറും മടങ്ങി. ഇതോടെ അഞ്ചിന് 166 എന്ന നിലയിലായി ഡൽഹി. എന്നാൽ ക്രീസിൽ ഒത്തുചേർന്ന അക്സർ പട്ടേൽ (14 പന്തിൽ 22), ഷാർദുൽ ഠാക്കൂർ (11 പന്തിൽ 29) സഖ്യം ഡൽഹിയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 49 റൺസാണ് ടോട്ടലിനൊപ്പം ചേർത്തത്. ഇതോടെ സ്‌കോർ 215ലെത്തി. ഉമേഷ്, വരുൺ, റസ്സൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ 4 ഓവറിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. വരുൺ ചക്രവർത്തി 4 ഓവറിൽ 44 റൺസും ഉമേഷ് യാദവ് 48ഉം റൺസ് വഴങ്ങി ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. 2 ഓവറിൽ 16 റൺസ് വഴങ്ങിയ ആന്ദ്രെ റസ്സലിനും ഒരു വിക്കറ്റ് കിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP