Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പാർട്ടി തന്നെയാണ് പൊലീസും, പാർട്ടി തന്നെയാണ് കോടതിയും' എന്നു പറഞ്ഞ അടിമുടി പാർട്ടിക്കാരി; എല്ലാമായ പാർട്ടി വേദിയിൽ നിന്നു അന്ത്യയാത്രയും; എം സി ജോസഫൈന്റേത് സഫല ജീവിതമെന്ന് നേതാക്കളും; നേതൃനിരയിൽ ഒരുമിച്ചു നയിച്ച സഖാവിന്റെ വിയോഗത്തൽ പൊട്ടിക്കരഞ്ഞ് പി കെ ശ്രീമതി

'പാർട്ടി തന്നെയാണ് പൊലീസും, പാർട്ടി തന്നെയാണ് കോടതിയും' എന്നു പറഞ്ഞ അടിമുടി പാർട്ടിക്കാരി; എല്ലാമായ പാർട്ടി വേദിയിൽ നിന്നു അന്ത്യയാത്രയും; എം സി ജോസഫൈന്റേത് സഫല ജീവിതമെന്ന് നേതാക്കളും; നേതൃനിരയിൽ ഒരുമിച്ചു നയിച്ച സഖാവിന്റെ വിയോഗത്തൽ പൊട്ടിക്കരഞ്ഞ് പി കെ ശ്രീമതി

അനീഷ് കുമാർ

കണ്ണൂർ: സിപിഎമ്മിന്റെ കേരളരാഷ്ട്രീയത്തിലെ പോരാട്ടവീര്യത്തിന്റെവനിതാ മുഖങ്ങളിലൊന്നായിരുന്നു എം.സി ജോസഫൈനെന്ന എഴുപത്തിനാലുവയസുകാരി. മൂർച്ചയേറിയ ഭാഷയിൽ കാര്യങ്ങൾ വെട്ടിത്തുറന്നു സംസാരിക്കുന്ന ശൈലിയും ഒരോസിരയിലും അഗ്നിസ്ഫുലിംഗം പോലെ ജ്വലിച്ച പാർട്ടിക്കൂറും ജോസഫൈനെ അടുത്ത കാലത്ത് വനിതാകമ്മിഷൻ ചെയർപേഴ്സന്റെ അവസാന നാളുകളിൽ വിവാദങ്ങളിൽ ചാടിച്ചിരുന്നുവെങ്കിലും അവരുടെ ഉദ്ദ്യേശശുദ്ധിക്കും ആത്മാർത്ഥതയ്ക്കും പോറലേൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

വൈപ്പിൻ മുരിക്കുംപാടത്തുനിന്ന് വിവാഹിതയായി അങ്കമാലിയിൽ എത്തിയ എം സി ജോസഫൈൻ അന്നേ മികച്ച വാഗ്മിയും സാമൂഹ്യ പ്രവർത്തകയുമായിരുന്നു. പുരോഗമനവാദികളായ കോൺഗ്രസുകാർ എം എ ജോണിന്റെ നേതൃത്വത്തിൽ പരിവർത്തനവാദികളായി പ്രവർത്തിക്കുന്ന കാലം. ഭർത്താവ് പി എ മത്തായിയും പരിവർത്തനവാദി കോൺഗ്രസിലായിരുന്നു. ജോസഫൈൻ അക്കാലത്ത് പാരലൽ കോളേജ് അദ്ധ്യാപികയായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോട് വിദ്യാർത്ഥിയായിരിക്കെ കൂറുപുലർത്തിയ ജോസഫൈനെയും മത്തായിയെയും സിപി എമ്മിന്റെ പ്രധാന പ്രവർത്തകരാക്കാൻ മുൻകൈയെടുത്തത് പരേതനായ മുൻ സ്പീക്കർ എ പി കുര്യനാണ്.

1978ൽ ജോസഫൈൻ സിപി എം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചിൽ അംഗമായി. വനിതകൾക്ക് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിലേക്ക് കടന്നുവരാൻ കുടുംബപരവും സാമൂഹ്യവുമായ ഒത്തിരി എതിർപ്പുകൾ നേരിടേണ്ടിവന്ന അക്കാലത്ത് ജോസഫൈൻ മുഴുവൻ സമയ പ്രവർത്തകയായി മാറി. അവിടന്നങ്ങോട്ട് അങ്കമാലിയിലെ മാത്രമല്ല ജില്ലയിലെയാകെ കമ്യൂണിസ്റ്റ് പാർട്ടി യോഗങ്ങളിൽ ജോസഫൈന്റെ പ്രസംഗം പാർട്ടി പ്രവർത്തകരിൽ ആവേശകരമായി അലയടിച്ചുയർന്നു.

ജില്ലയുടെ കിഴക്കൻ കാർഷികമേഖലയിലും പടിഞ്ഞാറൻ തീരമേഖലയിലുമൊക്കെ സഞ്ചരിച്ച് മഹിളാ അസോസിയേഷൻ കെട്ടിപ്പടുത്ത ജോസഫൈൻ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുവരെയായി ഉയർന്നു. 2002 മുതൽ സി.പി. എം കേന്ദ്ര കമ്മിറ്റി അംഗവുമാണ്. തന്റെ പൊതുപ്രവർത്തന അനുഭവവും കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള പ്രതിബദ്ധതയും, ചുമതല വഹിച്ച മേഖലകളിലെല്ലാം മാതൃകാപ്രവർത്തനം കാഴ്ചവയ്ക്കാനും അവരെ സഹായിച്ചിട്ടുണ്ട്.

കേരള വനിത കമ്മിഷൻ അധ്യക്ഷ സ്ഥാനം വഹിക്കുമ്പോഴാണ് ജോസഫൈനെ വിവാദങ്ങൾ വേട്ടയാടിയത്. പല പ്രശ്‌നങ്ങളിലും ജോസഫൈൻ സ്വീകരിച്ച പ്രത്യക്ഷ നിലപാടുകളും പ്രസ്താവനകളും പരാമർശനങ്ങളും ഏകപക്ഷീയമായോ എന്ന തോന്നൽ പൊതുസമൂഹത്തിന് ഉണ്ടാക്കി. സിപിഎം നേതാവും മുൻ എംഎ‍ൽഎയുമായ പി.കെ. ശശിക്കെതിരെ ഡിവൈഎഫ്ഐ വനിത പ്രവർത്തക പരാതി നൽകിയതിനെക്കുറിച്ച് ജോസഫൈൻ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. സ്ത്രീകളുടെ നീതിക്കും അവകാശത്തിനും വേണ്ടി സ്ത്രീകൾക്കൊപ്പം നിൽക്കേണ്ട കമ്മിഷൻ അധ്യക്ഷ അന്ന് പറഞ്ഞത് 'പാർട്ടി തന്നെയാണ് പൊലീസും, പാർട്ടി തന്നെയാണ് കോടതിയും' എന്നായിരുന്നു. ഇത് വിമർശിക്കപ്പെട്ടെങ്കിലും അവരുടെ പാർട്ടി കൂറിന് തെളിവായി മാറുകയായിരുന്നു സംഭവം.

രമ്യ ഹരിദാസ് എംപിക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നടത്തിയ അശ്ലീല പരാമർശത്തെയും ജോസഫൈൻ പ്രതിരോധിച്ചത് പാർട്ടി പ്രവർത്തകയായി നിന്നായിരുന്നു. രമ്യ നൽകിയ പരാതി പോലും കമ്മിഷൻ പരിഗണിച്ചില്ല. പൊലീസ് സ്‌റ്റേഷനുനേരെ അക്രമികൾ കല്ലെറിഞ്ഞതിനെ തുടർന്ന് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത എസ്‌പി. ചൈത്ര തേരസ ജോണിനെതിരെ പ്രവർത്തകരും നേതാക്കളും അധിക്ഷേപം ചൊരിഞ്ഞപ്പോഴും 'ചൈത്ര തെറ്റ് ചെയ്തോയെന്ന് സർക്കാർ അന്വേഷിക്കട്ടേ'യെന്നായിരുന്നു പ്രതികരണം.

89 വയസ്സുകാരിയായ വയോധികയെ അയൽവാസി മർദിച്ചതുമായി ബന്ധപ്പെട്ട കേസിൽ കിടപ്പിലായ വയോധിക നേരിട്ട് ഹാജരാകണമെന്ന കമ്മിഷൻ തീരുമാനവും വിമർശിക്കപ്പെട്ടു. കിടപ്പുരോഗിയാണെന്നും അതിനാൽ നേരിട്ടല്ലാതെ പരാതി കേൾക്കാൻ മറ്റ് മാർഗമുണ്ടോ എന്നും ആരാഞ്ഞ ബന്ധുവിനായിരുന്നു അന്ന് ജോസഫൈന്റെ ശകാരവർഷം.

'89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരാണ് പറഞ്ഞത്. പരാതി കൊടുത്താൽ വിളിപ്പിക്കുന്നിടത്ത് എത്തണമെന്നും' ജോസഫൈൻ ആവശ്യപ്പെട്ടു. കമ്മിഷൻ അധ്യക്ഷയുടെ ഈ പ്രതികരണത്തോടും സാംസ്‌കാരിക കേരളം രൂക്ഷമായാണ് പ്രതികരിച്ചത്. കാറും ഉയർന്ന ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനായിരുന്നെന്നാണ് എഴുത്തുകാരൻ ടി. പത്മനാഭൻ ചോദിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ജോസഫൈൻ, താൻ മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് വിശദീകരിച്ചിരുന്നു. എന്നാൽ, പാർട്ടിയുടെയും സർക്കാറിന്റെയും മേൽ അപ്രതീക്ഷിതമായി പതിച്ച പ്രതിച്ഛായ കളങ്കത്തെ കഴുകിക്കളയാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അവരോട് രാജി ആവശ്യപ്പെടുകയായിരുന്നു.

അതേസമയം പാർട്ടി എല്ലാമെല്ലാം ആയിരുന്ന എം സി ജോസഫൈന്റെ മരണം സഫലമാണെന്നാണ് സഖാക്ഖൾ അഭിപ്രായപ്പെടുന്നത്. പാർട്ടിയെ നെഞ്ചോട് അടക്കിയ നേതാവ് പാർട്ടിയുടെ പരമോന്നത വേദയിയിൽ വച്ചാണ് മരണപ്പെട്ടത്. എം സി ജോസഫൈനുമായി വളരെ അടുപ്പമുണ്ടായിരുന്ന നേതാവ് പി കെ ശ്രീമതിക്ക് അവരുടെ വിയോഗം താങ്ങാൻ സാധിച്ചിട്ടില്ല. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു അവർ പ്രതികരിച്ചത്.

എം.സി ജോസഫൈന് എല്ലാം പാർട്ടിയായിരുന്നുവെന്ന് സി.പി. എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി.കെ ശ്രീമതി പറഞ്ഞു. 1978-മുതൽ ജനാധിപത്യ മഹിളാ അസോസിയേഷനിൽ ഒന്നിച്ചാണ് പ്രവർത്തിച്ചത്.പാർട്ടിയെ ജീവനപ്പോലെ കണ്ട നേതാവായിരുന്നു. സഹോദരി തുല്യയായ വ്യക്തിയെയാണ് നഷ്ട്ടമാണ് നഷ്ടമായതെന്നും പി.കെ ശ്രീമതി അനുസ്മരിച്ചു. കമ്യൂണിസ്റ്റ് ആശയങ്ങളോട് തികഞ്ഞ ആത്മാർഥതയുള്ള നേതാവായിരുന്നു ജോസഫൈനെന്ന് സി.പി. എം പി.ബി അംഗം വൃന്ദാകാരാട്ട് പറഞ്ഞു.

പാർട്ടി കോൺഗ്രസിൽ ഒരുമിച്ചുണ്ടായിരുന്ന സഖാവിന്റെ വിയോഗം അവിശ്വസിനിയീമാണെന്ന് വൃന്ദ പറഞ്ഞു.ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ച സഖാവിനെയാണ് നഷ്ടമായതെന്നു പാർട്ടി പി.ബി അംഗം സുഭാഷിണി അലി പറഞ്ഞു. ജോസഫൈൻ ഇനിയില്ലെന്നകാര്യം വിശ്വസിക്കാൻ കഴിയില്ലെന്നും സുഭാഷിണി അലി പറഞ്ഞു.

അന്തരിച്ച സിപിഐഎം നേതാവ് എംസി ജോസഫൈന്റെ ഭൗതിക ശരീരം കളമശേരി മെഡിക്കൽ കോളേജിന് കൈമാറും. പഠനാവശ്യത്തിനായാണ് മൃതദേഹം വിട്ടുനൽകുന്നത്. ജോസഫൈന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നത്. തിങ്കളാഴ്‌ച്ച ഉച്ചക്ക് 2 ന് മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP