Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി പ്രവർത്തിച്ച നേതാവ്; എം.സി. ജോസഫൈനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി പ്രവർത്തിച്ച നേതാവ്; എം.സി. ജോസഫൈനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി ജോസഫൈനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ സമുന്നത നേതാവ് എം.സി. ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് പിണറായി വിജയൻ അനുസ്മരിച്ചു. പാർട്ടിയുടെ 23-ാം കോൺഗ്രസിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അവർക്ക് ഹൃദയാഘാതമുണ്ടായത്. തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവാണ് ജോസഫൈൻ.

വിദ്യാർത്ഥി - യുവജന - മഹിളാ പ്രസ്ഥാനങ്ങളിൽ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യം ഉണ്ട്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്.

ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവ്, വനിതാ കമ്മിഷൻ അധ്യക്ഷ എന്നീ നിലകളിലുള്ള ജോസഫൈന്റെ ഇടപെടലുകൾ സ്ത്രീ സമൂഹത്തിന് നീതി ഉറപ്പാക്കുക, പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിയുള്ളതായിരുന്നു. വിവിധ തൊഴിലാളി യൂനിയനുകളുടെ നേതാവ്, വനിതാ വികസന കോർപറേഷന്റെയും വിശാലകൊച്ചി വികസന അഥോറിറ്റിയുടെയും നായിക എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകളാണ് അവർ നൽകിയത്.

ജോസഫൈന്റെ വേർപാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങൾക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നത്. സഖാവിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു -മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഇന്നലെയാണ് ജോസഫൈൻ പ്രതിനിധി സമ്മേളന വേദിയിൽ കുഴഞ്ഞ് വീണത്. കണ്ണൂർ എ കെ ജി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ഥാന വനിത കമ്മിഷന്റെയും ജി.സി.ഡി.എയുടെയും അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP