Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോട്ടലിലും ബേക്കറിയിലുമൊക്കെ തൊഴിലാളിയായി; പഠിപ്പിച്ചതും വളർത്തിയതും പാർട്ടി; എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായ തീപ്പൊരി നേതാവ്; വി എസിനെ തള്ളി പിണറായി പക്ഷത്തെത്തിയപ്പോൾ വെച്ചടി ഉയർച്ച; ബാലന്റെ മോഹങ്ങൾ വെട്ടി പിബിയിലും; എ വിജയരാഘവൻ ഇനി സിപിഎമ്മിലെ 'മൂന്നാമൻ'

ഹോട്ടലിലും ബേക്കറിയിലുമൊക്കെ തൊഴിലാളിയായി; പഠിപ്പിച്ചതും വളർത്തിയതും പാർട്ടി; എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായ തീപ്പൊരി നേതാവ്; വി എസിനെ തള്ളി പിണറായി പക്ഷത്തെത്തിയപ്പോൾ വെച്ചടി ഉയർച്ച; ബാലന്റെ മോഹങ്ങൾ വെട്ടി പിബിയിലും; എ വിജയരാഘവൻ ഇനി സിപിഎമ്മിലെ 'മൂന്നാമൻ'

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ: കേരളത്തിലെ സിപിഎമ്മിലെ പ്രധാനികളിൽ ഒരാളാണ് ഇനി എ വിജയരാഘവൻ. തുടർഭരണം കിട്ടിയ സിപിഎമ്മിലെ പ്രധാന നേതാവ്. പോളിറ്റ് ബ്യൂറോയിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയും കഴിഞ്ഞാൽ എ വിജയരാഘവൻ. എന്നാൽ ബേബിയോട് പിണറായിക്ക് താൽപ്പര്യക്കുറവ് ഏറെയാണ്. അതുകൊണ്ട് തന്നെ എ വിജയരാഘവന് പാർട്ടിയിൽ മൂന്നാമൻ എന്ന പരിവേഷമാകും ഉണ്ടാവുക. ഏതെങ്കിലും സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ എകെജി സെന്ററിന്റെ അമരക്കാരനാകും ഇനി വിജയരാഘവൻ.

ഭാര്യ ആർ ബിന്ദു പിണറായി മന്ത്രിസഭയിൽ അംഗമാണ്. പാലക്കാട്ടെ തരൂരിൽ എകെ ബാലന്റെ ഭാര്യ ഡോ ജമീല നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാൽ സിപിഎം സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ മത്സരിച്ചത് വിജരാഘവന്റെ ഭാര്യ ബിന്ദുവും. ഇരിങ്ങാലക്കുടയിലെ ആദ്യ മത്സര വിജയുമായി ബിന്ദു മന്ത്രിയുമായി. മുഖ്യമന്ത്രി പിണറായി വിജയന് വിജരാഘവനോടുള്ള കരുതലായിരുന്നു ഇതിന് കാരണം. വീണ്ടും ബാലനെ വിജയരാഘവൻ തോൽപ്പിച്ചു. പോളിറ്റ് ബ്യൂറോയിലെ ദളിത് മുഖമായി താൻ മാറുമെന്ന വിശ്വാസത്തിലാണ് ബാലൻ കണ്ണൂരിലെത്തിയത്. എന്നാൽ പിണറായിയുടെ ആശിർവാദത്തിൽ വിജയരാഘവൻ പോളിറ്റ് ബ്യൂറോയിൽ എത്തി.

അടുത്ത സമ്മേളനത്തിൽ സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയും. എന്ന് ജനറൽ സെക്രട്ടറിയാകാനുള്ള സാധ്യതയും വിജയരാഘവന് വന്നു ചേർന്നേക്കാം. ഇതിനെല്ലാം കാരണം പിണറായിക്കുള്ള വിശ്വസ്തത മാത്രമാണ്.

കഷ്ടപാടിൽ പൊരുതി നേടിയ വിജയം

'വിദ്യാഭ്യാസവും വിവേകവുമുള്ള എ വിജയരാഘവനെപ്പോലെത്തെ നേതാക്കളാണ് കേരളത്തിൽ ഇടതുപക്ഷത്തിന്റെ മുതൽക്കൂട്ട്. ഒരു എസ്എഫ്ഐ നേതാവിനെ പാർലിമെന്റിലേക്ക് മൽസരിപ്പിക്കുക വഴി കേരളത്തിന്റെ യുവത്വത്തിന്റെ പിന്തുണ ഇടതുമുന്നണി നേടിക്കഴിഞ്ഞു. അടിസ്ഥാന വർഗത്തിൽനിന്ന് പൊരുതിക്കയറിവരുന്ന ഇത്തരം ആളുകളാണ് ഈ സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുക. കേരളത്തിലെ വിദ്യാർത്ഥികൾ ഏറ്റെടുത്ത് നടത്തിയ ഒരു തെരഞ്ഞെുടുപ്പാണ് പാലക്കാട്ട് കാണാൻ കഴിയുന്നത്. '- 1989ലെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ റിപ്പോർട്ട് ചെയ്യുമ്പോൾ 'ശ്രദ്ധേയമായ ഒരു മാറ്റം' എന്ന തലക്കെട്ടിൽ ഇന്ത്യൻ എക്സപ്രസ് ദിനം പത്രം എഴുതിയ വാർത്തയിലെ വാചകങ്ങൾ ആണിത്.

ആ റിപ്പോർട്ട് അക്ഷരം പ്രതിശരിയായിരുന്നു. അന്ന് കേരളത്തിലെ യുവത്വത്തിന്റെ ആശയും ആവേശവുമായിരുന്നു എ വിജയരാഘവൻ എന്ന 32കാരൻ. എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ്. ഏറ്റവും താഴെക്കിടയിൽനിന്ന് പടിപടിയായി ഉയർന്ന് എത്തിയ നേതാവ്. അക്കാലത്ത് യുഡിഎഫിന്റെ കുത്തകയായിരുന്നു പാലക്കാട് സീറ്റിൽ വിജയരാഘവൻ ശരിക്കും കൊടുങ്കാറ്റായി. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള കാമ്പസുകളിൽനിന്ന് വിദ്യാർത്ഥികൾ പാലക്കാട്ടേക്ക് ഒഴുകിയെത്തി. തെരുവുനാടകങ്ങളും, കവിത ചൊല്ലലും വീടുകയറിയുള്ള കാമ്പയിനിങ്ങുമൊക്കെയായി അവർ രംഗം കൊഴുപ്പിച്ചു. ഫലം വന്നപ്പോൾ എ വിജയരാഘവന് അട്ടിമറി വിജയം.

ഇവിടെ ഇനീഷ്യൽ എടുത്തുപറയണം. കാരണം കോൺഗ്രസ് നേതാവ് വി എസ് വിജയരാഘവനെയാണ് ഈ യുവനേതാവ് അട്ടിമറിച്ചത്. ശക്തമായ ഇടതുവിരുദ്ധ തരംഗം വീശിയ തെരഞ്ഞെടുപ്പായിരുന്നു അത്. വെറും മൂന്നേ മൂന്ന് സീറ്റാണ് 89ലെ ലോക്സഭയിൽ ഇടതുമുന്നണിക്ക് കിട്ടിയത്. അവിടെയാണ് പാലക്കാട് സീറ്റ് പിടിച്ചെടുക്കുന്നത് എന്ന് അറിയുമ്പോഴാണ് വിജയരാഘവന്റെ വ്യക്തി പ്രഭാവത്തിന് മാർക്ക് വീഴുന്നത്. അന്ന് കേരളത്തിന്റെ ഇടതുയുവത്വങ്ങളുടെ ആശയും പ്രതീക്ഷയും ആയിരുന്നു വിജയരാഘവൻ. അദ്ദേഹം പടിപടിയാണ് വളർന്ന് രാജ്യസഭാംഗമായി, ഇടതുമുന്നണി കൺവീനറായി, സിപിഎം കേന്ദ്രകമ്മറി അംഗമായി. പാർട്ടി സെക്രട്ടറിയുടെ ചുമതലയും വിജയരാഘവന് താൽകാലികമായി വന്നു ചേർന്നു. ഇപ്പോൾ പിബിയിലും. ഇടതു മുന്നണി കൺവീനറുമാണ് വിജയരാഘവൻ.

89ൽ പരുഷമേധാവിത്വത്തത്തിനെതിരെ സംസാരിച്ച ആ മനുഷ്യൻ തന്നെ പിന്നീട് പല സ്ത്രീവിരുദ്ധ പ്രസംഗങ്ങൾ നടത്തി. വിജയരാഘവന്റെ വിടുവായത്തങ്ങൾ ചാനൽ ചർച്ചകളായി. ഇതൊന്നും പിബിയിലേക്കുള്ള യാത്രാ വഴിയിൽ വിജയരാഘവന് തടസ്സമായില്ല. വിജയരാഘവന്റെ ഭാര്യ ആർ ബിന്ദു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി. ഏത് മോട്ടിവേഷൻ ക്ലാസിലും ഉപയോഗിക്കാവുന്ന ഒന്നാണ് എ വിജയരാഘവന്റെ ജീവിതവും. ബേക്കറി-ഹോട്ടൽ തൊഴിലാളിയായൊക്കെ ജോലി നോക്കിയിരുന്നു, മലപ്പുറത്തെ കഷ്ടതകൾ നിറഞ്ഞ കുടുംബത്തിൽനിന്ന് സ്വ പ്രയത്നത്താൻ ഉയർന്നുവന്ന വ്യക്തിയാണ് അദ്ദേഹം.

എസ്എഫ്ഐയുടെ തീപ്പൊരി നേതാവ്

1956 മാർച്ച് 23ന് മലപ്പുറത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ പമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനായാണ് വിജയരാഘവൻ ജനിച്ചത്. ചെറുപ്പകാലത്ത് അദ്ദേഹവും സഹോദനും ചെറിയ ജോലികൾ ചെയ്താണ് കുടുംബം പോറ്റിയത്. ബേക്കറി- ഹോട്ടൽ തൊഴിലാളിയായൊക്കെ അദ്ദേഹം പ്രവർത്തിച്ചു. അക്കാലത്തും രാഷ്ട്രീയ പ്രവർത്തനം ശക്തമായിരുന്നു. എസ്ഫ്ഐയാണ് വിജയരാഘവനെ കൈപടിച്ച് ഉയർത്തിയത്. 1989ലെ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ദത്തുപുത്രൻ എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പക്ഷേ വിജയരാഘവൻ ഒരിക്കലും തന്റെ കഷ്ടതകൾ നിറഞ്ഞ ഭൂതകാലം മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഇത്രയും പൊരുതി വളർന്ന നേതാവാണ് അദ്ദേഹമെന്ന് അധികം ആർക്കും അറിയില്ല.

1986-93 കാലഘട്ടത്തിൽ അദ്ദേഹം ഡൽഹിയിൽ പ്രവർത്തിച്ചു. എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായിരിക്കേ തീപ്പൊരി പ്രാസംഗികനുമായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽതന്നെ പാർട്ടിയോട് ചേർന്ന് നിന്ന് ആർജ്ജിച്ചെടുത്ത മികവിന്റെ ബലത്തിൽ കിട്ടിയ സ്ഥാനമായിരുന്നു ഇത്. ഇസ്ലാമിക ചരിത്രത്തിലെ ബിരുദാനന്തര ബിരുദവും, പിന്നീട് നിയമ ബിരുദവും വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് മുതൽക്കൂട്ടായി. അങ്ങനെയിരിക്കെയാണ് 89ൽ എ വിജയരാഘവനെ പാർട്ടി വലിയ ദൗത്യം ഏൽപ്പിക്കുന്നത്. പാലക്കാട് ലോക്‌സഭ മണ്ഡലം തിരിച്ചുപിടിക്കുകയെന്നതായിരുന്നു ആ ഉത്തരവാദിത്തം. പാലക്കാട്ടെ കരുത്തൻ സിറ്റിംങ് എംപി വി എസ് വിജയരാഘവനായിരുന്നു എതിരാളി. അന്ന് കേരളത്തിലെ ക്യാമ്പസുകളിലെ എസ് എഫ് ഐ പ്രവർത്തകർ സംസ്ഥാനത്തെമ്പാടുനിന്നും ഫണ്ട് പിരിച്ചതും, പാലക്കാട് പ്രചാരണ പ്രവർത്തനങ്ങൾക്ക് പോയതുമെല്ലാം അന്നത്തെ സംഘടന പ്രവർത്തകർ ഓർക്കുന്നുണ്ട്. എ വിജയരാഘവൻ അന്ന് വിദ്യാർത്ഥികൾക്കിടിയൽ ആവേശമായിരുന്നു.

സിപിഎമ്മിന്റെ സ്വാഭാവിക സ്ഥാനകയറ്റ രീതി അനുസരിച്ച് ഡിവൈഎഫ്ഐയിലായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാൽ വർഗ രാഷ്ട്രീയ പ്രവർത്തനം കൂടുതൽ സാധ്യമാകുന്ന കർഷക സംഘത്തിലായിരുന്നു എ വിജയരാഘവൻ തെരഞ്ഞെടുത്തത്. പിന്നീട് സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലെത്തി. കേന്ദ്ര കമ്മിറ്റിക്കും, പൊളിറ്റ്ബ്യൂറോയ്ക്കും ഇടയിൽ ഇടക്കാലത്ത് കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിച്ചപ്പോൾ അതിലും സ്ഥാനം നേടി എ വിജയരാഘവൻ. കേരളത്തിൽനിന്ന് പിബി യിലേക്ക് പോലും എത്തുമെന്നുപോലും വാർത്തകൾ ഉണ്ടായി. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. കേന്ദ്ര സെക്രട്ടറിയേറ്റു പോലും പിന്നീട് പ്രവർത്തനം അവസാനിപ്പിക്കയാണ് ഉണ്ടായത്.

വി എസ് പക്ഷത്തുനിന്ന് പിണറായിയിലേക്ക്

കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി എന്ന നിലയിലായിരുന്നു എസ്എഫ്ഐക്കാലത്തിനുശേഷം വിജയരാഘവന്റെ പ്രവർത്തനം. 1998ൽ രാജ്യസഭാംഗമായി. രാജ്യസംഭയിലും ഏറെ ശോഭിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. വിജയരാഘവന്റെ എം പി ഫണ്ട് വിനിയോഗവും ആസൂത്രണവുമൊക്കെ ദേശീയ പത്രങ്ങളിലും വലിയ വാർത്തയായി. ഡോ സെബാസ്റ്റ്യൻപോളിനേപ്പോലുള്ളവർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടയിട്ടുണ്ട്. 2014 കോഴിക്കോടുനിന്ന് പതിനാറാം ലോകസഭയിലേക്ക് മൽസരിച്ചെങ്കിലും അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. അപ്പോഴേക്കും വിജയരാഘവന്റെ ഇമേജ് പതുക്കെ മാറുകയായിരുന്നു.

വിജയരാഘവന്റെ ഈ മാറ്റം ഞെട്ടിക്കുന്നത് തന്നെയാണെന്നാണ് എസ്എഫ്ഐക്കാലത്തെ സുഹൃത്തുക്കളും പറയുന്നത്. തുടക്കത്തിൽ വി എസ് പക്ഷക്കാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. പക്ഷേ സിപിഎമ്മിൽ രണ്ടായിരാമാണ്ടിന്റെ ആദ്യ വർഷങ്ങളിൽ രൂക്ഷമായ വി എസ്- പിണറായി വിഭാഗീയതയിൽ ഇദ്ദേഹവും ഔദ്യോഗിക പക്ഷത്തേക്ക് മാറി. വിജയരാഘവന്റെ വാക്കുകൾ രൂക്ഷമാവുന്നതും ഇക്കാലത്താണ്. 'സിപിഎം എന്നാൽ ഒരു മീറ്റർ നീളമുള്ള തുണിയോ, ഒരു കിലോ അരിയോ ഒന്നുമല്ല എന്നും, അരിക്കച്ചവടക്കാർക്കും മരക്കച്ചവടക്കാർക്കും വിലക്കെടുക്കാവുന്ന ഒന്നല്ല പാർട്ടി' എന്നുമുള്ള വിജയരാഘവന്റെ വിവാദ പ്രസംഗമാണ് ഇടതു എംഎൽഎ മഞ്ഞളാംകുഴി അലിയെ യുഡിഎഫിലെത്തിക്കുന്നതിൽ ഒരു പങ്ക് വഹിച്ചതെന്ന് പാർട്ടിക്കാർ തന്നെ പറയുന്നുണ്ട്. കടുത്ത വാക്കുകൾ ഉപയോഗിക്കുന്നതിൽ യാതൊരു പിശുക്കം അദ്ദേഹം കാട്ടാറില്ല.

പിണറായി വിജയന്റെ കേരള ജാഥകളിൽ വിജയരാഘവൻ അംഗമായി. പിണറായി വിജയന്റെ ജാഥയിൽ പങ്കെടുക്കുമ്പോൾ നടത്തിയ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധതയുണ്ടായതിനെ തുടർന്ന് വിവാദമായി. പുച്ഛവും പരിഹാസവും സ്ത്രീ വിരുദ്ധവുമായ സമീപനമാണ് വിജയരാഘവന്റെ പ്രസംഗങ്ങളിൽ സ്ഥിരമായി ഉണ്ടാകുന്നതെന്ന ആക്ഷേപം ഉണ്ടായി. തിരിച്ചടികളും ഉണ്ടാകുമ്പോഴും വിജയരാഘവന് രാഷ്ട്രീയ വളർച്ചയുണ്ടാവുന്നതിന് പിന്നിൽ ഔദ്യോഗികപക്ഷത്തിന് അദ്ദേഹത്തിനോടുള്ള അചഞ്ചല വിശ്വാസം തന്നെയാണ്.
'ഉത്തരം എഴുതിയാലേ അത് ഉത്തരക്കടലാസ് ആവൂ'

ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ നടത്തിയ അപകീർത്തി കരമായ പ്രസ്താവന അവരുടെ വിജയത്തിൽ ഒരു ഘടകമായി എന്നാണ് സിപിഎം പ്രവർത്തകർ തന്നെ പറയുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുമായി ചേർത്തായിരുന്നു രമ്യാ ഹരിദാസിനെതിരെ അപകീർത്തികരമായ പ്രസംഗം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ നടത്തിയ പ്രസംഗത്തെ ആദ്യം ന്യായീകരിക്കാനും പിന്നീട് ഖേദം പ്രകടിപ്പിക്കാനും അദ്ദേഹം തയ്യാറായെങ്കിലും രാഷ്ട്രീയമായ അപരിഹാര്യമായ തിരിച്ചടി അത് ഉണ്ടാക്കി കഴിഞ്ഞിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരക്കടലാസ് കത്തിക്കുത്ത് കേസിലെ പ്രതിയിൽ നിന്നു കണ്ടെടുത്തപ്പോൾ വിജയരാഘവൻ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഉത്തരമെഴുതിയാൽ മാത്രമെ അതു ഉത്തരക്കടലാസാകു എന്നും അല്ലെങ്കിൽ അതു വെറും കടലാസ് മാത്രമാണെന്നുമായിരുന്നു വിജയരാഘവന്റെ വാദം. ഒരുപാട് വിമർശനമുയർന്നപ്പോഴും ഈ വാക്കുകളൊന്നും പിൻവലിക്കാൻ അദ്ദേഹം തയ്യാറായതുമില്ല. അങ്ങനെ വിവാദങ്ങളും വിജയരാഘവനൊപ്പം യാത്ര ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP