Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചത് ബാലന് വിനയായി; തലയെടുപ്പുള്ള നേതാവെന്നത് എളമരത്തിനും; ആലപ്പുഴയിൽ വളരാതിരിക്കാൻ ഐസക്കിനേയും ഒതുക്കി; പിബിയിലേക്ക് വിജയരാഘവൻ എത്തുമെന്ന് റിപ്പോർട്ട്; മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയിലെത്തിക്കാൻ സമ്മർദ്ദം; യെച്ചൂരി ജനറൽ സെക്രട്ടറിയായി തുടരും; എല്ലാം നിശ്ചയിക്കുന്നത് പിണറായി

ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചത് ബാലന് വിനയായി; തലയെടുപ്പുള്ള നേതാവെന്നത് എളമരത്തിനും; ആലപ്പുഴയിൽ വളരാതിരിക്കാൻ ഐസക്കിനേയും ഒതുക്കി; പിബിയിലേക്ക് വിജയരാഘവൻ എത്തുമെന്ന് റിപ്പോർട്ട്; മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയിലെത്തിക്കാൻ സമ്മർദ്ദം; യെച്ചൂരി ജനറൽ സെക്രട്ടറിയായി തുടരും; എല്ലാം നിശ്ചയിക്കുന്നത് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരി തുടരും. പ്രായപരിധി വ്യവസ്ഥ ബാധകമാകുന്നതിനാൽ എസ്.രാമചന്ദ്രൻ പിള്ളയും ഹന്നൻ മൊള്ളയും ബിമൻ ബോസും പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിവാകും. എകെ ബാലനും എളമരം കരിമിനും വേദന നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പിബിയിലേക്ക് രണ്ടു നേതാക്കളും പ്രവേശനം ആഗ്രഹിച്ചിരുന്നു. മുതിർന്ന കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കിനേയും പിബിയിൽ എടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾക്ക് പാർട്ടി കോൺഗ്രസിൽ വലിയ അംഗീകാരം കിട്ടുകയാണ്. ഇതു കേന്ദ്ര കമ്മറ്റിയിലും പിബിയിലും പ്രതിഫലിക്കും.

കേരളത്തിൽ നിന്നുള്ള എസ്ആർപിക്കു പകരം എ.വിജയരാഘവൻ പിബിയിലെത്തും. ഹന്നൻ മൊള്ളയ്ക്കു പകരം അശോക് ദാവ്‌ളെയും (മഹാരാഷ്ട്ര), ബിമനു പകരം ബംഗാളിൽനിന്ന് ശ്രീദീപ് ഭട്ടചാര്യ, രാമചന്ദ്ര ദോം, സുജൻ ചക്രബർത്തി എന്നിവരിലൊരാളും എത്തിയേക്കും. യുസുഫ് തരിഗാമി (കശ്മീർ) യുടെ പേരും പരിഗണനയിലുണ്ട്. സിസി അംഗങ്ങളിൽ രാമചന്ദ്ര ദോം ദലിത് വിഭാഗത്തിൽനിന്നാണ്,  കേരള സിസി അംഗങ്ങളിൽ, എസ്ആർപിക്കു പുറമേ, വൈക്കം വിശ്വനും പി.കരുണാകരനും ഒഴിയും. പി.രാജീവും കെ.എൻ.ബാലഗോപാലുമാണ് പകരം പരിഗണിക്കപ്പെടുന്നത്. മുഹമ്മദ് റിയാസിന് വേണ്ടിയും ചരടു വലികളുണ്ട്.

എം.സി.ജോസഫൈനെ സിസിയിൽനിന്ന് ഒഴിവാക്കാനിടയുണ്ട്. ജോസഫൈനെ ഒഴിവാക്കിയാൽ പി.സതീദേവി, ടി.എൻ.സീമ, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവരിലൊരാളെ പരിഗണിച്ചേക്കും. ത്രിപുരയിൽനിന്നു ദലിത് വിഭാഗക്കാരിയായ മുൻ എംപി ജർണ ദാസ് ബൈദ്യ സിസിയിലെത്താം. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകുമോയെന്നതിൽ വ്യക്തതയില്ല. സെക്രട്ടേറിയറ്റ് അംഗങ്ങൾ ഡൽഹിയിൽ പ്രവർത്തിക്കേണ്ടതിനാൽ അതിലുൾപ്പെടാൻ താൽപര്യമില്ലെന്നു കേരളത്തിൽനിന്നുള്ള ചില സിസി അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ബാലനും എളമരം കരിമും പ്രെമോഷൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ടു പേരോടും പിണറായിക്ക് താൽപ്പര്യക്കുറവുണ്ട്.

എ വിജയരാഘവൻ പിബിയിൽ എത്തിയാൽ അത് പുതിയ സൂചനയാകും. കേരളത്തിലെ പാർട്ടിയിലെ മൂന്നാമനായി വിജയരാഘവൻ മാറും. കോടിയേരി ബാലകൃഷ്ണന് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യമുണ്ടായാൽ വിജയരാഘവൻ സെക്രട്ടറിയാകും. അതിന് വേണ്ടി കൂടിയാണ് പിബിയിൽ എടുക്കുന്നത്. രണ്ട് വർഷം കഴിയുമ്പോൾ പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും കോടിയേരിക്ക് ബാറ്റൺ കൈമാറുമെന്നും സൂചനകളുണ്ട്. അതുകൊണ്ട് തന്നെ സിപിഎമ്മിലെ കേരളത്തിലെ നേതൃത്വത്തിൽ വിജയരാഘവന്റെ സ്ഥാനക്കയറ്റമുണ്ടായാൽ അത് ഏറെ നിർണ്ണായകമാകും. മുഹമ്മദ് റിയാസ് കേന്ദ്ര കമ്മറ്റിയിൽ എത്തുമോ എന്നതും നിർണ്ണായകാണ്.

നിയസഭാ തെരഞ്ഞെടുപ്പ് കാലത്ത് മത്സരിക്കാൻ എകെ ബാലൻ ശ്രമിച്ചിരുന്നു. പിന്നീട് ഭാര്യ ജമീലയെ പകരം സ്ഥാനാർത്ഥിയാക്കാനും ശ്രമിച്ചു. അന്ന് തന്നെ മുഖ്യമന്ത്രിക്ക് ആലോസരമുണ്ടായി. ഇതാണ് പിബിയിലേക്ക് ബാലന് തടസ്സമായി മാറുന്നത്. എന്നാൽ അവസാന നിമിഷവും ചരടു വലികളുമായി ബാലൻ രംഗത്തുണ്ട്. സ്വന്തം നിലയിൽ സഞ്ചരിക്കുന്ന നേതാവാണ് എളമരം. അതുകൊണ്ടാണ് എളമരത്തിനേയും ഒഴിവാക്കുന്നത്. ആലപ്പുഴയിലെ സമവാക്യങ്ങളിൽ തോമസ് ഐസക് കടന്നു കയറാതിരിക്കാൻ ഐസക്കിനേയും വെട്ടി. കേരളവുമായി സഹകരിക്കുമെന്ന ഉറപ്പ് യെച്ചൂരി നൽകിയിട്ടുണ്ട്. ഈ സാഹചര്യമാണ് യെച്ചൂരിയെ വീണ്ടും ജനറൽ സെക്രട്ടറിയാക്കുന്നത്.

മഹാരാഷ്ട്രയിൽ നിന്നും അശോക് ധാവ്‌ലയും ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളിൽ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താൻ ധാരണയായി. എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തിൽ നിന്നും കേന്ദ്ര തലത്തിൽ പ്രവർത്തിക്കാൻ വിജയരാഘവൻ എത്തുന്നത്. നിലവിൽ എൽഡിഎഫ് കൺവീനറായ വിജയരാഘവൻ നേരത്ത സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. പിബിയിലേക്കെത്തുമ്പോൾ അദ്ദേഹത്തിന് കേന്ദ്ര തലത്തിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

പിബിയിലെ ദളിത് പ്രാതിനിധ്യം 23 ാം പാർട്ടി കോൺഗ്രസിൽ വളരെ പ്രധാന്യത്തോടെ പരിഗണിക്കപ്പെട്ടു. കേരളത്തിൽ നിന്നുള്ള ഒരംഗമായിരിക്കും ദളിത് പ്രാതിനിധ്യമായി പിബിയിലേക്കെത്തുകയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. കെ രാധാകൃഷ്ണൻ, എകെ ബാലൻ എന്നിവർ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ രാമചന്ദ്ര ഡോമിലേക്ക് ധാരണയാകുകയായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമാ യ രാമചന്ദ്ര ഡോം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ് അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്.

എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങൾ ഇന്നലെ നടന്ന യോഗത്തിൽ ഒഴിയാൻ സന്നദ്ധത അറിയിച്ചു. പ്രായം പരിഗണിച്ച് എസ് ആർപി പിബിയിൽ നിന്നും ഒഴിയുന്നത് അംഗീകരിക്കപ്പെടും. എന്നാൽ സൂര്യകാന്ത് മിശ്ര തുടരണമെന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്. ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധി സിപി എം നേരിടുമ്പോൾ പാർട്ടിയെ നയിക്കുകയെന്ന നിർണായക ദൗത്യമാണ് സീതാറാം യെച്ചൂരിയുടേത്. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാർട്ടി കോൺഗ്രസിലാണ് യെച്ചൂരി ജനറൽ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. എസ് രാമചന്ദ്രൻ പിള്ളയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും കേരളഘടകത്തിന്റെയും നീക്കത്തെ അതീജിവിച്ച് യെച്ചൂരി ജനറൽ സെക്രട്ടറിയായി.

ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാൾ ഘടകം മറികടന്നത് രഹസ്യ ബാലറ്റ് എന്ന നിർദ്ദേശത്തിലൂടെയാണ്. ഇത്തവണ പിണറായിയെ പിണക്കാതെ യെച്ചൂരി വീണ്ടും ജനറൽ സെക്രട്ടറിയാവുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP