Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ.വി.തോമസ് കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രു; പാർട്ടിയിൽ നിന്ന് പുറത്താക്കും; സിപിഎമ്മുമായി രാഷ്ട്രീയ കച്ചവടം നടത്തിയ ആളെ ഞങ്ങൾക്ക് വേണ്ട; ഇനിയൊന്നും കിട്ടാൻ ഇല്ലെന്ന് കണ്ടാണ് പിണറായി കൺകണ്ട ദൈവമായത്; രൂക്ഷ വിമർശനവുമായി കെ.സുധാകരൻ

കെ.വി.തോമസ് കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രു; പാർട്ടിയിൽ നിന്ന് പുറത്താക്കും; സിപിഎമ്മുമായി രാഷ്ട്രീയ കച്ചവടം നടത്തിയ ആളെ ഞങ്ങൾക്ക് വേണ്ട;  ഇനിയൊന്നും കിട്ടാൻ ഇല്ലെന്ന് കണ്ടാണ് പിണറായി കൺകണ്ട ദൈവമായത്; രൂക്ഷ വിമർശനവുമായി കെ.സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി.തോമസ് കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രുവെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. കെ.വി.തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കും. തോമസിനെ ഞങ്ങൾക്കു വേണ്ട. തോമസ് പാർട്ടിയിൽനിന്ന് പോയിക്കഴിഞ്ഞു. ഈ ചതിയും വഞ്ചനയും ജനം തിരിച്ചറിയും. എഐസിസി ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരൻ പറഞ്ഞു.

'കെ.വി.തോമസ് പിണറായി മഹത്വം പറഞ്ഞത് തറവാടിത്തമില്ലായ്മയാണ്. തോമസ് സിപിഎമ്മുമായി കച്ചവടം നടത്തി നിൽക്കുകയാണ്. അപ്പോൾ ഇല്ലാത്ത മഹത്വവും വിധേയത്വവും വരും. തോമസിന്റേത് നട്ടെല്ലില്ലായ്മയും വ്യക്തിത്വമില്ലായ്മയുമാണ്. മുക്കുവക്കുടിലിൽനിന്ന് വന്നെന്ന് പറഞ്ഞയാളുടെ ആസ്തി നോക്കണം. ഇനിയൊന്നും കിട്ടാൻ ഇല്ലെന്ന് കണ്ടാണ് പിണറായി കൺകണ്ട ദൈവമായത്.'സുധാകരൻ പറഞ്ഞു.

കൊള്ളാത്ത കൈകളിലാണു സ്ഥാനമാനങ്ങൾ നൽകിയതെന്ന ഖേദമുണ്ട്. തോമസിനെ തിരുത തോമയെന്ന് വിളിച്ചത് വി എസ്.അച്യുതാനന്ദനാണ്, കോൺഗ്രസുകാർ വിളിച്ചിട്ടില്ല. നാട്ടുകാർ വിളിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

സുധാകരന്റെ വാക്കുകൾ

കൂറ് അവിടേയും ശരീരം ഇവിടേയും വെച്ചിട്ടുള്ള ഒരു പ്രവർത്തകനും പാർട്ടിക്ക് നല്ലതല്ല. അദ്ദേഹം പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ്. അദ്ദേഹത്തിനോട് പരമമായ പുച്ഛമാണ് ഞങ്ങൾക്കുള്ളത്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെയാണ് അദ്ദേഹം വ്രണപ്പെടുത്തിയത്. കെ.വി. തോമസ് സിപിഎമ്മുമായി രാഷ്ട്രീയകച്ചവടം നടത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് അഭയം തേടിയ കെ.വി. തോമസിനെ ഇനി കോൺഗ്രസിന് ആവശ്യമില്ല. അർഹതയില്ലാത്ത കയ്യിലാണ് അധികാരവും പദവിയും വാരിക്കോരി കൊടുത്തതെന്ന് ഇപ്പോൾ ഞങ്ങൾ തിരിച്ചറിയുന്നുവെന്നും സുധാകരൻ പ്രതികരിച്ചു.

രാഷ്ട്രീയത്തിലെ തറവാടിത്തമില്ലായ്മയുടെ പ്രകടമായ ലക്ഷണമാണ് പിണറായി വിജയനെ പുകഴ്‌ത്തിക്കൊണ്ടുള്ള തോമസിന്റെ പ്രസംഗമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ എംഎ‍ൽഎ, മന്ത്രി, എംപി. , കേന്ദ്രമന്ത്രി, വർക്കിങ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ എന്തുകൊണ്ടാണ് അദ്ദേഹത്തിന് പിണറായി വിജയന്റെ മഹത്വം മനസ്സിലാക്കാൻ കഴിയാതിരുന്നത്. ഇപ്പോൾ രാഷ്ട്രീയ കച്ചവടം നടന്നുകഴിഞ്ഞു. അതിന്റെ പുറത്താണ് പിണറായിയെ അദ്ദേഹം പുകഴ്‌ത്തുന്നത്. ഇനി പിണറായിയോട് വിധേയത്വം വരും, മഹത്വം വരും. അത് സ്വാഭാവികമാണ്. നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരന്റെ ലക്ഷണമാണ് അത്.

ഒന്നുമില്ലാത്ത കുടിലിൽനിന്ന് കോൺഗ്രസ് പാർട്ടിക്കകത്തേക്ക് കടന്നുവന്ന കെ.വി. തോമസ് എന്ന നേതാവ് ഇന്ന് വളരെ സമ്പന്നനാണ്. മുക്കുവ കുടിലിൽനിന്ന് വന്ന അദ്ദേഹത്തിന്റെ ആസ്തി ഇന്ന് എത്രയാണെന്ന് പരിശോധിച്ചുനോക്കുക. ഇതൊക്കെ ഉണ്ടാക്കാൻ പറ്റിയപ്പോൾ കോൺഗ്രസ് നല്ലതായിരുന്നു. ഇനി കിട്ടാനില്ല, ഉണ്ടാക്കാൻ അവസരം ഇല്ലാതെ വന്നപ്പോൾ പിണറായി വിജയനാണ് അദ്ദേഹത്തിന്റെ കൺകണ്ട ദൈവമെങ്കിൽ അത് രാഷ്ട്രീയ നട്ടെല്ലില്ലാത്തതിന്റെ ഏറ്റവും വലിയ തെളിവാണ്. ഈ ചതിയും വഞ്ചനയും ജനങ്ങൾ തിരിച്ചറിയും. കെ റെയിൽ പദ്ധതിയെക്കുറിച്ച് കെ.വി. തോമസിന് വിവരമില്ലാത്തതു കൊണ്ടാണ് അദ്ദേഹം അതിനെ പിന്തുണയ്ക്കുന്നത്. അതിനെ കുറിച്ച് പഠിച്ച ആരും ആ പദ്ധതിയെ പിന്തുണയ്ക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം, തന്നെ കോൺഗ്രസിൽനിന്ന് പുറത്താക്കാനാകില്ലെന്ന് കെ.വി.തോമസ് പ്രതികരിച്ചു. വ്യക്തിപരമായ തീരുമാനത്തിന് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും തോമസ് പറഞ്ഞു.

കർശന നടപടി വേണമെന്ന് കെപി സി സി

പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി.തോമസിന് എതിരെ കർശനവും ഉചിതവുമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെപിസിസി കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രിയും, എഐസിസി അംഗവുമായ തോമസ് ശനിയാഴ്ച കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസം കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തെയും, രാഷ്ട്രീയ അജണ്ടയെയും തള്ളിപ്പറഞ്ഞുകൊണ്ട് അദ്ദേഹം വാർത്താ സമ്മേളനങ്ങൾ നടത്തിയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ അയച്ച കത്തിൽ പറയുന്നു.

മാധ്യമങ്ങളുമായുള്ള സംവാദത്തിൽ എഐസിസിയെയും, സംസ്ഥാന നേതൃത്വത്തെയും അദ്ദേഹം താറടിച്ചുകാണിക്കുന്ന പ്രസ്താവനകൾ നടത്തി. ഇത് പാർട്ടി കേഡർമാരെയും, പാർട്ടിയുടെ നിലനിൽപ്പിനായി ജീവൻ ബലി കൊടുത്ത രക്തസാക്ഷി കുടുംബങ്ങളെയും വേദനിപ്പിച്ചു.

സെമിനാറിൽ പങ്കെടുക്കരുതെന്ന് രണ്ടുദിവസം മുമ്പ് താനും സംസ്ഥാനത്തെ മുതിർന്ന നേതാക്കളും കെവി തോമസിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, സെമിനാറിൽ പങ്കെടുത്തതോടെ, അത് നേരത്തെ എടുത്ത തീരുമാനം ആയിരുന്നുവെന്നും, കഴിഞ്ഞ ഒരുവർഷമായി അദ്ദേഹം സിപിഎം നേതാക്കളുമായി സമ്പർക്കത്തിൽ ആയിരുന്നുവെന്നും തെളിയുകയാണ്. മുതിർന്ന നേതാക്കളുമായുള്ള കൂടിയാലോചനയിൽ അദ്ദേഹം പാർട്ടിയുടെ അന്തസിനെ ഹനിക്കുകയും, അച്ചടക്കം ലംഘിക്കുകയും, പാർട്ടി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തിരിക്കുകയാണ്.

കണ്ണൂരിൽ, കഴിഞ്ഞ കുറെ വർഷങ്ങളായി സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായത് 80 കോൺഗ്രസ് പ്രവർത്തകരാണ്. അവിടെ വച്ച് നടത്തുന്ന പാർട്ടി കോൺഗ്രസിലേക്കുള്ള ക്ഷണം സ്വീകരിക്കേണ്ടെന്ന് കെപിസിസി നേതൃത്വം ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. ഇത് കോൺഗ്രസുമായി കൂടിയാലോചിക്കാതെ സിപിഎം ക്ഷണിച്ച രണ്ടു പ്രമുഖ കോൺഗ്രസ് നേതാക്കളെയും അറിയിച്ചിരുന്നതുമാണ്. അവർ എഐസിസിയുടെ അനുമതി ചോദിച്ചെങ്കിലും, സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കാൻ ആയിരുന്നു നിർദ്ദേശം. ഈ പശ്ചാത്തലത്തിലാണ് കെ.വി.തോമസിനെതിരെ കർശന നടപടിക്ക് സുധാകരൻ ശുപാർശ ചെയ്തിരിക്കുന്നത്.

പിണറായിയെ വാഴ്‌ത്തി കെ വി തോമസ്

അതേസമയം, കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത് സംസാരിച്ച് കോൺഗ്രസ് നേതാവ് കെ വി തോമസ്. ചർച്ചയിലേക്ക് വിളിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കെ വി തോമസ് പ്രസംഗം തുടങ്ങിയത്. സെമിനാറിൽ പങ്കെടുക്കാൻ വന്നത് ശരിയായ തീരുമാനമെന്ന് തോമസ് വേദിയിൽ പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കാൻ ഉപദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

താൻ വന്നത് കോൺഗ്രസ് പ്രവർത്തകർക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ പാർലമെന്റിൽ പറഞ്ഞത് കോൺഗ്രസുകാർ ഓർക്കണം. രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കിൽ തള്ളിപ്പറയരുതെന്നും കെ വി തോമസ് പറഞ്ഞു.
പിണറായി കേരളത്തിന്റെ അഭിമാനമാണ്. പിണറായി നല്ല മുഖ്യമന്ത്രിയെന്നതിൽ തനിക്ക് അനുഭവമുണ്ട്. വൈപ്പിൻ പദ്ധതി പൂർത്തിയാക്കിയത് മുഖ്യമന്ത്രിയുടെ വിൽപവർ കൊണ്ടാണ്.

കൊവിഡിനെ ഏറ്റവും നന്നായി നേരിട്ട സംസ്ഥാനമാണ് കേരളം. കൊവിഡിലെ കേന്ദ്രസമീപനം നമ്മൾ കണ്ടതാണെന്നും കെ വി തോമസ് പറഞ്ഞു. കെ റെയിലിൽ സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിയാണെന്നും വികസനത്തിനായി ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ റെയിലിനെ എതിർക്കുകയാണോ ചെയ്യേണ്ടത്. പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിർക്കണമെന്നില്ലെന്നും കെ വി തോമസ് തുറന്നടിച്ചു. കെ-റെയിലിനെ പിന്തുണയ്ക്കും. വികസന പദ്ധതികളെ താൻ അംഗീകരിക്കും. പദ്ധതി മുന്നോട്ടുവെയ്ക്കുന്നത് പിണറായി ആണോ സ്റ്റാലിനാണോ എന്ന് നോക്കാറില്ല. വികസനത്തിൽ രാഷ്ട്രീയമില്ല. രാജ്യത്ത് വികസനം വേണം. വികസനം വരുമ്പോൾ ഭൂമി ഏറ്റെടുക്കേണ്ടി വരും. ദുഃഖകരമാണെങ്കിലും അങ്ങനെയാണ് പല വികസനപദ്ധതികളും ഇവിടെ നടപ്പിലായത്.

കുമ്പളങ്ങിയിലെ പ്രസിദ്ധമായ ഒരു കോൺഗ്രസ് കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. പാർട്ടി കോൺഗ്രസ് വേദിയിൽ എത്തിയതും ചർച്ചയിൽ പങ്കെടുക്കുന്നതും ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു. ഇത് കോൺഗ്രസിനേയും ശക്തിപ്പെടുത്തുമെന്ന് തന്റെ സഹപ്രവർത്തകരും മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സഖാക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കെവി തോമസ് തന്റെ പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ്, കേരളത്തിന്റെ അഭിമാനമായ പിണറായി വിജയൻ എന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച മാനസിക സമ്മർദമുണ്ടായപ്പോൾ തന്നെ ആശ്വസിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വളരെ അഭിമാനത്തോടെയാണ് പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കുന്നത്. ചർച്ചയിലേക്ക് ക്ഷണിച്ച സിപിഎം നേതാക്കളോട് നന്ദി പറയുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരേ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗം കെ.വി തോമസ് ഉദ്ധരിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കിൽ സംസ്ഥാനത്തിന്റെ വികസനത്തെ എതിർക്കുന്ന കേന്ദ്ര നിലപാടിനെതിരെ നടക്കുന്ന പരിപാടികളിൽ നിങ്ങളും പങ്കെടുക്കണമെന്നാണ് കോൺഗ്രസിലെ എന്റെ സഹപ്രവർത്തകരോട് താൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

കെ-റെയിലിനെ പിന്തുണയ്ക്കും. വികസന പദ്ധതികളെ താൻ അംഗീകരിക്കും. പദ്ധതി മുന്നോട്ടുവെയ്ക്കുന്നത് പിണറായി ആണോ സ്റ്റാലിനാണോ എന്ന് നോക്കാറില്ല. വികസനത്തിൽ രാഷ്ട്രീയമില്ല. രാജ്യത്ത് വികസനം വേണം. വികസനം വരുമ്പോൾ ഭൂമി ഏറ്റെടുക്കേണ്ടി വരും. ദുഃഖകരമാണെങ്കിലും അങ്ങനെയാണ് പല വികസനപദ്ധതികളും ഇവിടെ നടപ്പിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP