Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അർധസെഞ്ച്വറിയുമായി അഭിഷേക് ശർമ്മ; സീസണിലെ ആദ്യ ജയം നേടി സൺറൈസേർസ് ഹൈദരാബാദ്; ചെന്നൈയെ തകർത്തത് എട്ടുവിക്കറ്റിന്; തുടർച്ചയായ നാലാം തോൽവിയുമായി സൂപ്പർ ആകാതെ ചെന്നൈ

അർധസെഞ്ച്വറിയുമായി അഭിഷേക് ശർമ്മ; സീസണിലെ ആദ്യ ജയം നേടി സൺറൈസേർസ് ഹൈദരാബാദ്; ചെന്നൈയെ തകർത്തത് എട്ടുവിക്കറ്റിന്; തുടർച്ചയായ നാലാം തോൽവിയുമായി സൂപ്പർ ആകാതെ ചെന്നൈ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎൽ 2022 സീസണിൽ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്‌സിന് തുടർച്ചയായ നാലാം തോൽവി. ശനിയാഴ്ച നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് എട്ടു വിക്കറ്റിനാണ് ചെന്നൈയെ തകർത്തുവിട്ടത്. സീസണിൽ ഹൈദരാബാദിന്റെ ആദ്യ ജയമാണിത്.ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു.അർധ സെഞ്ചുറി നേടിയ ഓപ്പണർ അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ വിജയശിൽപി. 50 പന്തുകൾ നേരിട്ട അഭിഷേക് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 75 റൺസെടുത്തു.

ക്യാപ്റ്റൻ കെയ്ൻ വില്യംസനും (40 പന്തിൽ 32), രാഹുൽ ത്രിപാഠിയും (15 പന്തിൽ 39) നിലയുറപ്പിച്ചതോടെ അനായാസമായിരുന്നു ഹൈദരാബാദിന്റെ വിജയം.155 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദിന് അഭിഷേക് ശർമ- ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഓപ്പണിങ് കൂട്ടുകെട്ട് തന്നെ മികച്ച തുടക്കമാണ് നൽകിയത്. ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും 89 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി മികച്ച അടിത്തറയിട്ടു. 40 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 32 റൺസെടുത്ത വില്യംസൺ 13-ാം ഓവറിൽ മടങ്ങി.32 പന്തിൽ അഭിഷേക് അർധസെഞ്ചുറി തികച്ചു. 12ാം ഓവറിലാണ് ചെന്നൈ ഹൈദരാബാദിന്റെ ആദ്യ വിക്കറ്റ് വീഴ്‌ത്തുന്നത്. മുകേഷ് ചൗധരിയുടെ പന്തിൽ മൊയീൻ അലിക്കു ക്യാച്ച് നൽകി ഹൈദരാബാദ് ക്യാപ്റ്റൻ പുറത്തായി.

പിന്നാലെയെത്തിയ രാഹുൽ ത്രിപാഠിയും തകർത്തടിച്ചതോടെ ഹൈദരാബാദ് സ്‌കോർ 100 പിന്നിട്ടു. വെറും 15 പന്തിൽ നിന്ന് 2 സിക്സും 5 ഫോറുമടക്കം 39 റൺസെടുത്ത ത്രിപാഠി ഹൈദരാബാദിന്റെ ജയം എളുപ്പമാക്കി. വിജയത്തിനു തൊട്ടടുത്തെത്തിയപ്പോഴാണ് അഭിഷേകിന്റെ വിക്കറ്റ് വീണത്. ഡ്വെയ്ൻ ബ്രാവോയുടെ പന്തിൽ ക്രിസ് ജോർദാൻ ക്യാച്ചെടുത്തായിരുന്നു പുറത്താകൽ. തുടർന്ന് ത്രിപാഠിയും നിക്കോളാസ് പുരാനും ചേർന്ന് 14 പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു.നിക്കോളാസ് പുരൻ അഞ്ച് റൺസോടെ പുറത്താകാതെ നിന്നു. ജയിച്ചെങ്കിലും പോയിന്റ് പട്ടികയിലെ എട്ടാം സ്ഥാനക്കാരാണ് ഹൈദരാബാദ്. ചെന്നൈയാകട്ടെ ഒൻപതാം സ്ഥാനത്തും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 35 പന്തിൽ 48 റൺസെടുത്ത മൊയീൻ അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. അംബാട്ടി റായുഡുവും (27 പന്തിൽ 27), ക്യാപ്റ്റൻ രവീന്ദ്ര ജഡേജ (15 പന്തിൽ 23) യും ചെന്നൈയ്ക്കായി താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തി. ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ റോബിൻ ഉത്തപ്പയും ഋതുരാജ് ഗെയ്ക്വാദും ചെന്നൈയ്ക്കു നൽകിയത്.

സ്‌കോർ 25ൽ നിൽക്കെ ഹൈദരാബാദ് ആദ്യ വിക്കറ്റ് വീഴ്‌ത്തി. 11 പന്തിൽ 15 റൺസെടുത്ത റോബിൻ ഉത്തപ്പയെ വാഷിങ്ടൻ സുന്ദറിന്റെ പന്തിൽ എയ്ഡൻ മർക്‌റാം ക്യാച്ചെടുത്താണു പുറത്താക്കിയത്. അധികം വൈകാതെ ടി.നടരാജന്റെ പന്തിൽ ഋതുരാജ് ഗെയ്ക്വാദ് ബോൾഡായി. 13 പന്തുകൾ നേരിട്ട ഗെയ്ക്വാദ് 16 റൺസെടുത്തു. ഇംഗ്ലിഷ് താരം മൊയിൻ അലി റൺസ് കണ്ടെത്തിയതോടെ ചെന്നൈ സ്‌കോർ ഉയർന്നു. അംബാട്ടി റായുഡുവും പിന്തുണ നൽകി. ചെന്നൈ 98 ൽ നിൽക്കെ റായുഡുവിനെ മടക്കി വാഷിങ്ടൻ സുന്ദർ രണ്ടാം വിക്കറ്റും സ്വന്തമാക്കി. അർധസെഞ്ചുറിക്കു രണ്ടു റൺസ് മുൻപ് മൊയീൻ അലി പുറത്തായി.

യുവതാരം ശിവം ദുബെയെ ടി. നടരാജൻ ഉംറാൻ മാലിക്കിന്റെ കൈകളിലെത്തിച്ചു. അഞ്ച് പന്തിൽ ദുബെ നേടിയത് മൂന്ന് റൺസ്. ആറ് പന്തിൽ മൂന്ന് റൺസ് മാത്രമെടുത്ത എം.എസ്. ധോണിയുടെ വിക്കറ്റ് മാർകോ ജാൻസനാണ്. ഉംറാൻ മാലിക്ക് ക്യാച്ചെടുത്താണു ധോണിയെയും പുറത്താക്കിയത്.

സ്‌കോർ 147 ൽ നിൽക്കെ ക്യാപ്റ്റൻ ജഡേജ ഭുവനേശ്വർ കുമാറിന്റെ പന്തിൽ കെയ്ൻ വില്യംസനു ക്യാച്ച് നൽകി പുറത്തായി. ഡ്വെയ്ൻ ബ്രാവോയും (അഞ്ച് പന്തിൽ എട്ട്) ക്രിസ് ജോർദാനും (മൂന്ന് പന്തിൽ ആറ്) പുറത്താകാതെ നിന്നു. ഹൈദരാബാദിനായി വാഷിങ്ടൻ സുന്ദറും ടി. നടരാജനും രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി. ഭുവനേശ്വർ കുമാർ, മാർകോ ജാൻസെൻ, എയ്ഡൻ മർക്രാം എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP