Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ദു ഇന്ദിര നൽകിയ പരാതിയുണ്ട്; പരാതി ലഭിച്ചത് 2019 ജൂലൈ 19ന് മൂന്ന് മണിക്കെന്നും രേഖപ്പെടുത്തൽ; തണ്ടപ്പേർ കണക്ക് രജിസ്ട്രറിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടും പരാതി തീർപ്പാക്കാത്തെ വസ്തു വീണ്ടും പോക്കുവരുവ് ചെയ്തു; ഈ റവന്യൂ രേഖ തെളിയിക്കുന്നത് സിപിഎം ഭൂമി വാങ്ങലിലെ നിയമവിരുദ്ധത; മറുനാടൻ അന്വേഷണം തുടരുമ്പോൾ

ഇന്ദു ഇന്ദിര നൽകിയ പരാതിയുണ്ട്; പരാതി ലഭിച്ചത് 2019 ജൂലൈ 19ന് മൂന്ന് മണിക്കെന്നും രേഖപ്പെടുത്തൽ; തണ്ടപ്പേർ കണക്ക് രജിസ്ട്രറിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടും പരാതി തീർപ്പാക്കാത്തെ വസ്തു വീണ്ടും പോക്കുവരുവ് ചെയ്തു; ഈ റവന്യൂ രേഖ തെളിയിക്കുന്നത് സിപിഎം ഭൂമി വാങ്ങലിലെ നിയമവിരുദ്ധത; മറുനാടൻ അന്വേഷണം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ ഭൂമി വാങ്ങലിലെ ദുരൂഹത കൂട്ടുന്ന തണ്ടപേർ രജിസ്ട്രറിലെ പേജിന്റെ പകർപ്പും മറുനാടന്. 2019ൽ ഇന്ദു ഇന്ദിര ഈ വസ്തുവിൽ പരാതി ഉന്നയിച്ചിരുന്നു. ഈ പരാതി സ്വീകരിച്ചതായി റവന്യൂ രേഖകളിലുണ്ട്. എന്നാൽ ഈ പരാതിയിൽ തീർപ്പുണ്ടാക്കിയതായോ മറ്റ് വിശദാംശങ്ങളോ തണ്ടപേർ രജിസ്റ്ററിൽ ലഭ്യമല്ല. 2019 ജൂലൈ 19നാണ് ഈ പരാതി ലഭിച്ചതെന്നും തണ്ടപേർ കണക്ക് രജിസ്റ്ററിലെ പേജിൽ വ്യക്തമാണ്. ഇങ്ങനെ പരാതിയുള്ള വസ്തുവിൽ ഇടപാടുകളോ വിൽപ്പനയോ റവന്യൂ വകുപ്പ് പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ ഇവിടെ ഇത് സംഭവിച്ചിരിക്കുന്നുവെന്നതാണ് വസ്തുത.

ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷന്റെ പേരിലേക്ക് വസ്തു എത്തുമ്പോൾ തണ്ടപേർ നമ്പർ 14325 ആണ്. 14075 എന്ന തണ്ടപേർ നമ്പറിൽ നിന്നാണ് പുതിയതിലേക്കുള്ള മാറ്റം. ഇതും നടന്നിരിക്കുന്നത് 2019ലാണെന്നും വ്യക്തം. ഈ തണ്ട പേരിലേക്കുള്ള വസ്തു സിപിഎമ്മിന് മാറുകയാണ്. ടി 17441ലേക്കാണ് മാറ്റമെന്നും തണ്ടപേർ രജിസ്റ്ററിൽ വ്യക്തമാണ്. ഇതിനൊപ്പം ഇനി തണ്ടപേർ നമ്പർ 14325 എന്ന പേരിൽ നീക്കിയിരിപ്പൊന്നും ഇല്ലെന്നും സൂചിപ്പിക്കുന്നു. അതായത് ഭൂമി പൂർണ്ണമായും സിപിഎമ്മിന് പോക്കുവരവ് ചെയ്തു നൽകുന്നു. സാധാരണ ഗതിയിൽ പരാതിയുള്ള വസ്തുവിൽ പോക്കുവരവ് റവന്യു ഉദ്യോഗസ്ഥർ ചെയ്തു നൽകാറില്ല. ഇതാണ് ദുരൂഹത കൂട്ടുന്നത്. സർക്കാരിന്റെ സമ്മർദ്ദത്തിന് ഉദ്യോഗസ്ഥർ വഴങ്ങിയതാണ് ഇതിന് കാരണമെന്ന വിലയിരുത്തലും സജീവമാണ്.

ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനം കോടതി നടപടികളിലൂടെ സ്വന്തമാക്കിയ ഭൂമിയാണ് സിപിഎം വാങ്ങുന്നത്. ധനകാര്യ സ്ഥാപനത്തിന്റെ ഈ ഭൂമി എങ്ങനെ സിപിഎം വ്യക്തികളിൽ നിന്നും വിലയ്ക്ക് വാങ്ങിയെന്നതാണ് ഉയരുന്ന ചോദ്യം. വസ്തു വാങ്ങിയ വിൽപത്രത്തിൽ ഈ ധനകാര്യ സ്ഥാപനത്തിന്റെ പേരുണ്ട്. ഈ പങ്കാളിത്ത സ്ഥാപനവുമായി ബന്ധപ്പെട്ട് മറുനാടൻ ലഭിച്ച രേഖകളിൽ ഉടമകളായി ഇല്ലാത്തവരാണ് സിപിഎമ്മിന് വസ്തു ആധാരം ചെയ്തു കൊടുക്കുന്നത്. വിൽപത്ര അവകാശത്തിൽ കൂടി പ്രസ്തുത സ്ഥാപനത്തിന്റെ അവകാശികളായി മാറുന്നവർ പോലും അക്കാര്യം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കേണ്ടതാണ്.

അങ്ങനെ ആരും ചെയ്തിട്ടില്ല. സർക്കാർ രേഖകളിൽ സ്ഥാപനവുമായി യാതൊരു അവകാശവുമില്ലാത്തവരാണ് എകെജി സെന്ററിന് ഭൂമി വിൽപ്പന നടത്തിയതെന്നത് കഴിഞ്ഞ ദിവസം രേഖകൾ സഹിതം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അതിനെ വെറും സാങ്കേതികത്വമായി പറഞ്ഞ് തള്ളനാകില്ലെന്നതാണ് തണ്ടപേർ രജിസ്റ്ററിലെ പേജിലുള്ള പരാതിയുടെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. തണ്ടപേർ രജിസ്റ്ററിലെ നികുതി സംബന്ധിച്ച പേജ് ലഭ്യമായിട്ടില്ല. ഇത് പരിശോധിച്ചാൽ എന്നാണ് നികുതി അടച്ചതെന്നും മറ്റും വ്യക്തമാകുകയും ചെയ്യും. ഇതിലും അട്ടിമറികൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ഇന്ദിര എന്ന പരാതിക്കാരിയേയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

എകെജി സെന്ററിന്റെ മുൻവശത്തെ ഭൂമി കിട്ടാൻ സിപിഎം മുൻകൈയെടുത്തതിന്റെ ഭാഗമാണോ ഈ പരാതിയെന്ന സംശയവും ശക്തമാണ്. പ്രമാണ രേഖകളിൽ ഒന്നും ഇന്ദിരയെന്ന പേരുകാരിയെ കുറിച്ച് സൂചനകളുമില്ല. ഇത് പരാതിയുടേയും ദുരൂഹത കൂട്ടുന്ന ഘടകമാണ്. 34 പേരിൽ നിന്നാണ് ആറരക്കോടി രൂപ പ്രമാണത്തിൽ രേഖപ്പെടുത്തി 31.95 സെന്റ് സ്ഥലം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റിലായിരുന്നു തിരുവനന്തപുരം സബ് റജ്‌സ്ട്രാർ ഓഫീസിൽ സ്ഥലം രജിസ്റ്റർ ചെയ്തത്. എകെ ജി സെന്റിലായിരുന്നു നടപടിക്രമങ്ങൾ. ഇതിന് പിന്നാലെയാണ് ഈ ഭൂമി ഇടപാടിൽ അന്വേഷണത്തിന് മറുനാടൻ തയ്യാറായത്.

രജിസ്‌ട്രേഷന് ശേഷം റവന്യൂ രേഖകളിലും മാറ്റമുണ്ടായി. പരാതിയുള്ള ഭൂമിയിൽ ഇത്തരത്തിൽ മാറ്റങ്ങൾക്ക് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. വഞ്ചിയൂർ വില്ലേജ് ഓഫീസിലെ തണ്ടപേര് പേജിന്റെ പകർപ്പാണ് മറുനാടന് ലഭിച്ചത്. ഇത് വിവരാവകാശത്തിലൂടെയാണ് ലഭ്യമായത്. ഇത് പരിശോധിച്ചപ്പോഴാണ് വഴിവിട്ട പലതും സിപിഎം ഭൂമി ഇടപാടിൽ നടന്നുവെന്ന സൂചന ലഭിച്ചത്. ആധാരത്തിലെ 34 പേരുടെ സാന്നിധ്യമായിരുന്നു ആദ്യ സംശയത്തിന് കാരണം. ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനം അഞ്ചു കൊല്ലത്തെ പ്രവർത്തനാനുമതിയുമായി തുടങ്ങിയതാണെന്നും രേഖകളിൽ പറയുന്നു.

അഞ്ചു കൊല്ലം കഴിയുമ്പോൾ ഈ സ്ഥാപനത്തിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകേണ്ടതാണ്. അഞ്ചു കൊല്ലത്തിനു ശേഷം രജിസ്‌ട്രേഷൻ പുതുക്കിയുമില്ല. അതായത് നിയമ പ്രകാരം ഈ സ്ഥാപനത്തിന് നലനിൽപ്പില്ലാത്ത കാലത്താണ് കോടതിയിൽ നിന്നും ജപ്തി നടപടികളിലൂടെ ഈ വസ്തു ആ സ്ഥാപനം സ്വന്താക്കിയത്. അതു തന്നെ നിയമവിരുദ്ധമാണെന്നാണ് ഉയരുന്ന വിലയിരുത്തൽ. കോടതിയിൽ രജിസ്‌ട്രേഷൻ വിവരങ്ങൾ മറച്ചു വച്ചതു കൊണ്ടാകാം വസ്തു ഈ സ്ഥാപനത്തിന്റേ പേരിലേക്ക് മാറുന്ന അവസ്ഥയുണ്ടായതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

തിരുവനന്തപുരത്തെ സിപിഎം ബന്ധമുള്ള പ്രമുഖ അഭിഭാഷകനാണ് ഈ പ്രമാണം തയ്യാറാക്കിയതും മറ്റും. പങ്കാളിത്ത സ്ഥാപനത്തിന്റെ പേരിലേക്ക് കോടതിയിൽ നിന്നും ലേല നടപടികളിലൂടെ വാങ്ങിയെടുത്ത വസ്തു രജിസ്‌ട്രേഷൻ പ്രകാരം സ്ഥാപനത്തിന്റെ ഭാഗമല്ലാത്തവർ എങ്ങനെ സിപിഎമ്മിന് വിൽപ്പന നടത്തുമെന്നതാണ് ഉയരുന്ന ചോദ്യം. ഈ ഇടപാടുകളെ കോടതിയിൽ ചോദ്യം ചെയ്യാൻ വസ്തു പണം വച്ച് സാമ്പത്തിക സഹായം നേടിയ ആൾ ശ്രമിച്ചാൽ സിപിഎമ്മിന്റെ പുതിയ വസ്തുവാങ്ങൽ അസാധുവാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP