Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിളർപ്പിന്റെ പേരിൽ കാൻസർ ബാധിതനായ ടിവിയെ ആശുപത്രിയിൽ പോയി കാണുന്നതിന് ഗൗരിയമ്മയെ വിലക്കിയ സിപിഎം; പുന്നപ്ര വയലാർ സമര സേനാനി വർഗീസ് വൈദ്യനെ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കുന്ന വിഷയം വന്നപ്പോൾ 'ഞങ്ങൾക്കൊന്ന് ആലോചിക്കണമെന്ന് പറഞ്ഞവർ: കെ വി തോമസിനെ വിലക്കി എന്ന് പറഞ്ഞ് പുകിലുണ്ടാക്കുന്നവരുടെ കഥ

പിളർപ്പിന്റെ പേരിൽ കാൻസർ ബാധിതനായ ടിവിയെ ആശുപത്രിയിൽ പോയി കാണുന്നതിന് ഗൗരിയമ്മയെ വിലക്കിയ സിപിഎം; പുന്നപ്ര വയലാർ സമര സേനാനി വർഗീസ് വൈദ്യനെ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കുന്ന വിഷയം വന്നപ്പോൾ 'ഞങ്ങൾക്കൊന്ന് ആലോചിക്കണമെന്ന് പറഞ്ഞവർ: കെ വി തോമസിനെ വിലക്കി എന്ന് പറഞ്ഞ് പുകിലുണ്ടാക്കുന്നവരുടെ കഥ

എം എസ് സനിൽകുമാർ

തിരുവനന്തപുരം : സി പി എമ്മിന്റെ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് കെ.വി. തോമസിനെ കോൺഗ്രസ് നേതൃത്വം വിലക്കിയത് വൻ വിവാദമായിരിക്കയാണ്. കോൺഗ്രസ് നേതൃത്വം മഹാ അപരാധമാണ് ചെയ്തതെന്ന് വിളിച്ചു കുവുന്ന സി പി എം നേതാക്കൾ പിന്നിലേക്കൊന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

1976 ൽ സിപിഐ നേതാവും വ്യവസായ മന്ത്രിയുമായിരുന്ന ടി.വി.തോമസ് കാൻസർ ബാധിതനായി ബോംബെ ടാറ്റ മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടി വി യുടെ ഭാര്യ കെ.ആർ ഗൗരിയമ്മ അദ്ദേഹവുമായി പിണങ്ങിത്താമസിക്കയായിരുന്നു. അക്കാലത്ത് ഗൗരിയമ്മ സി പി എം നിയമസഭാ കക്ഷി ഉപനേതാവായിരുന്നു. ടി വി യുടെ ആരോഗ്യ നില അതീവഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി ചോദിച്ചെങ്കിലും പാർട്ടിയിലെ സർവ്വ ശക്തനായ ഇ എം എസ് നമ്പൂതിരിപ്പാട് അനുമതി നൽകിയില്ല. പാർട്ടി തന്നോട് ചെയ്ത നന്ദികേടിനെക്കുറിച്ച് , പ്രത്യേകിച്ച് ഇ എം എസ് കാണിച്ച ക്രൂരതയെപ്പറ്റി ഗൗരിയമ്മ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.

'ബോംബെ ആശുപത്രിയിൽ കാൻസർ ബാധിതനായി കിടന്ന നേരം ടിവിയെ കാണുന്നതിനായി ഞാൻ പാർട്ടിയുടെ അനുവാദം ചോദിച്ചു. എന്നാൽ പിളർപ്പ് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ കാണാൻ പാർട്ടി അനുവദിച്ചില്ല. ഇ എം എസിന്റെ കടുംപിടുത്തമാ യിരുന്നു കാരണം.
അവസാനം രണ്ടാഴ്ച ക്കാലം അദ്ദേഹത്തി നൊപ്പം ചെലവഴിക്കാൻ പാർട്ടി അനുവദിച്ചു. തിരികെപ്പോരാൻ നേരം ടിവി പൊട്ടിക്കരഞ്ഞു. എന്നാൽ ഞാൻ കരഞ്ഞില്ല. അതിനുശേഷം തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ മൃതദേഹം എത്തിക്കുമ്പോഴാണ് അദ്ദേഹത്തെ അവസാനമായി കാണുന്നത്. കളക്ടർ ഓമനക്കുഞ്ഞമ്മ ഉറക്കെ കരയുന്നുണ്ടായിരുന്നു. എന്നിട്ടും ഞാൻ കരഞ്ഞില്ല. എന്നാൽ എന്റെയുള്ളിന്റെ ആഴങ്ങളിൽ വേദനയുണ്ടായിരുന്നു.' എന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്.

രോഗിയായ ഭർത്താവിനെ കാണുന്നതിൽ നിന്ന് ഭാര്യയെ വിലക്കിയ പാർട്ടിയാണ് ഇപ്പോൾ തത്വം പറയുന്നത്. ഏത് പ്രവർത്തിയേയും വെള്ള പൂശി പാർട്ടി തീരുമാനമായി വ്യാഖ്യാനിക്കാനുള്ള അപാരമായ തൊലിക്കട്ടി ഈ പാർട്ടിക്കുണ്ട്. ടി വി തോമസിന്റെ ആത്മ സുഹ്‌റുത്തും അടിമുടി കമ്യൂണിസ്റ്റ് കാരനുമായിരുന്ന ടി.കെ. വർഗീസ് വൈദ്യന്റെ ശവത്തിനോടു പോലും പ്രതികാരം ചെയ്യാൻ മടിക്കാത്ത കുട്ടരായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റ്കാരെന്ന് അദ്ദേഹത്തിന്റെ മകൻ ചെറിയാൻ പിതാവിനെ ക്കുറിച്ചെഴുതിയ ഓർമ്മ പുസ്തകത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്.

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ എക്കാലത്തേയും തലയെടുപ്പുള്ള നേതാക്കളിൽ പ്രമുഖ നായിരുന്നു ടി.കെ. വർഗീസ് വൈദ്യൻ. കുട്ടനാട്ടിലും ആലപ്പുഴ യിലും പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് ഒരു വലിയ പ്രസ്ഥാനമാക്കിയ നേതാവായിരുന്നു അദ്ദേഹം. ടി വി തോമസിന്റെ സന്തത സഹചാരി . പുന്നപ്ര വയലാർ സമര സേനാനി. തിരുവിതാം കൂർ പൊലീസിന്റ അതിക്രൂരമായ മർദ്ദനങ്ങൾക്കിരയായ വൈദ്യൻ ഏഴ് വർഷം ജയിലിലും മുന്ന് വർഷം ഒളിവിലും കഴിഞ്ഞിട്ടുണ്ട്. കുടുംബം പുലർത്താനായി 1958 ൽ പാർട്ടിയിൽ നിന്ന് ലീവെടുത്ത് കരാർ പണികളിൽ ഏർപ്പെട്ടു. 1964ൽ പാർട്ടി പിളർന്നപ്പോൾ സിപിഐ ക്കൊപ്പം നിലകൊണ്ടു. ഒടുവിൽ അവരുമായി തെറ്റിപ്പിരിഞ്ഞ് 1979ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവായ എസ്. എ ഡാങ്കെക്കൊപ്പം ഓൾ ഇന്ത്യ കമ്യൂണിസ്റ്റ് പാർട്ടിയിൽ (എ ഐ സി പി ) ചേർന്നു.

1989 ഓഗസ്റ്റ് 9 ന് ഹൃദയ സ്തംഭനം മൂലം വൈദ്യൻ നിര്യാതനായി. ജീവിതകാലം മുഴുവൻ തികഞ്ഞ ആദർശ ശുദ്ധിയോടെ ,യഥാർത്ഥ കമ്യൂണിസ്റ്റായി ജീവിച്ച ആ മനുഷ്യനോട് അദ്ദേഹത്തിന്റെ പാർട്ടിയും സഹപ്രവർത്തകരും, നേതാക്കളും കാണിച്ച വഞ്ചനയും അവഗണനയും പൊറുക്കാവതല്ല. തന്റെ പിതാവിനോട് ഇരു കമ്യൂണിസ്റ്റ് പാർട്ടികളും കാണിച്ച നന്ദികേടിനെക്കുറിച്ച് വൈദ്യന്റെ മകനും തിരക്കഥാകൃത്തുമായ ചെറിയാൻ കൽപ്പകവാടി 'വർഗീസ് വൈദ്യന്റെ ജീവചരിത്രത്തിൽ ' എഴുതിയിട്ടുണ്ട്. വൈദ്യന്റ ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രമാണ് ലാൽസലാം.

പുന്നപ്ര വയലാർ സമര സേനാനി എന്ന നിലയിൽ വലിയ ചുടുകാട്ടിലായിരുന്നു യഥാർത്ഥത്തിൽ അദ്ദേഹത്തെ അടക്കേണ്ടിയിരുന്നത്. ഡാങ്കേയോടൊപ്പമായിരുന്ന വൈദ്യന്റെ രാഷ്ടീയത്തോട് വിയോജിപ്പു ണ്ടായിരുന്ന ഇരു കമ്യൂണിസ്റ്റ് പാർട്ടിയിലേയും നേതാക്കൾ വലിയ ചുടുകാട്ടിൽ അദ്ദേഹത്തിന്റെ സംസ്‌കാരം നടത്താൻ അനുവദിച്ചില്ല. ഞങ്ങൾക്ക് അതേക്കുറിച്ച് ഒന്നാലോചിക്കണമെന്ന് പറഞ്ഞ് ഉരുണ്ട് കളിച്ചുവെന്നാണ് ചെറിയാൻ രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ഇരുകമ്യൂണിസ്റ്റ് പാർട്ടികളും നേതാക്കളും തന്റെ പിതാവിനോട് കാണിച്ച വഞ്ചനയെക്കുറിച്ച് അത്യന്തം വേദനയോടെ ചെറിയാൻ കൽപ്പകവാടി എഴുതിയത് വായിക്കുമ്പോൾ പാർട്ടിയുടെ പകയുടേയും ക്രൂരതയുടെയും ആഴങ്ങൾ തിരിച്ചറി യാനാവും. മനുഷ്യത്വ ത്തേക്കാൾ നേതാക്കളുടെ പകയ്ക്കാണ് കമ്യൂണിസ്റ്റുകാർ എന്നും പ്രാധാന്യം നൽകുന്നത്. സാമൂഹ്യ ജീവിയായ മനുഷ്യനെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാർട്ടി കമ്യൂണിസ്റ്റുകാരാണ്, പ്രത്യേകിച്ച് കേരളത്തിലെ സി പി എമ്മാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. ഇരു പാർട്ടിക്കാരിൽ നിന്ന് ഒരു പാട് ഒറ്റപ്പെടൽ നേരിട്ട മനുഷ്യനായിരുന്നു വർഗീസ് വൈദ്യൻ., അദ്ദേഹത്തിന്റെ മൃതദേഹത്തോട് പോലും പക വെച്ച് പുലർത്തിയ അധമൻ മാരാണിവർ. 'മരണം വരെയും സഖാവ്' എന്ന അധ്യായത്തിൽ ചെറിയാൻ കൽപ്പകവാടി എഴുതിയിട്ടുണ്ട് ..

'വർഗീസ് വൈദ്യൻ മരിക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ ഇരിക്കുകയാണ്. പി എസ് ശ്രീനിവാസൻ മാത്രമാണ് സ്റ്റേറ്റ് വണ്ടിയിൽ വന്നത്. മറ്റാരും അതിനുള്ള ധൈര്യം കാണിച്ചില്ല. മരിച്ചതിന്റെ പിറ്റേന്ന് എല്ലാവരും വന്നു. വൈദ്യൻ ഇവിടെ മരിച്ചു കിടക്കുമ്പോൾ എനിക്ക് അഭിപ്രായ വ്യത്യാസം നോക്കാനാകില്ല. അത്ര മാനസിക അടുപ്പമുള്ള, അത്രയ്ക്ക് വലിയ നേതാവായിരുന്നു വൈദ്യൻ. ഇവിടെ വരാതിരിക്കാനാവില്ല ' എന്നായിരുന്നു മന്ത്രി പി. എസ്. ശ്രീനിവാസൻ പറഞ്ഞത്.

പിതാവിന്റെ മൃതദേഹത്തോട് കമ്യൂണിസ്റ്റ്കാർ കാണിച്ച ക്രൂരതയുടെ കഥ ചെറിയാൻ തുടരുന്നു....

'മരിച്ചു കഴിഞ്ഞപ്പോൾ സത്യത്തിൽ വർഗീസ് വൈദ്യനെ അടക്കേണ്ടത് പുന്നപ്ര വയലാർ ശ്മശാനത്തിലാണ്. എന്നാൽ ഡാങ്കെ ലൈൻ എടുത്ത് മാറി നിന്നതിനാൽ വൈദ്യനപ്പോൾ സി പി എമ്മിലും സിപിഐയിലുമല്ല. അതു കൊണ്ട് അവിടെ അടക്കണമോ വേണ്ടയോ എന്ന് വിളിച്ചു ചോദിച്ചപ്പോൾ ഞങ്ങൾക്കൊന്ന് ചർച്ച ചെയ്യണം എന്നാണ് പാർട്ടി പറഞ്ഞത്. അന്നത്തെ മാനസികാവസ്ഥയിൽ ചർച്ച ചെയ്യണം എന്ന് പറഞ്ഞത് ഉൾകൊള്ളാനായില്ല. കാത്ത് നിൽക്കാനുള്ളൊരു സമയമില്ല. വൈദ്യൻ പള്ളിയിൽ പോകാത്ത ആളാണ്. പള്ളി പണിയാനും മറ്റുമുള്ള കാര്യങ്ങളിലൊക്കെ അവരുമായി നന്നായി സഹകരിക്കാറുള്ളതുകൊണ്ട് സഭയുമായി നല്ല ബന്ധമുണ്ട്. തേവലക്കരയിൽ കുടുംബ പള്ളിയുണ്ട്. വൈദ്യന്മാരുടെ കുടുംബ പള്ളി. ആ കുടുംബത്തിന്റെ മാത്രമായി കല്ലറയുമുണ്ട്. പക്ഷേ, അവരുമായി ഒന്ന് ചോദിക്കേണ്ടെ? ഇവിടെ ചർച്ച ചെയ്തിട്ട് ഉച്ചകഴിയുമ്പോ പറ്റില്ലെന്ന് പറഞ്ഞാൽ അവിടേയും ഒരുക്കങ്ങൾ ചെയ്യാനുള്ള സാവകാശം കിട്ടാതാകും - അതു കൊണ്ട് അപ്പോൾ തന്നെ അവിടെ അന്വേഷിച്ചു. അവർ സസന്തോഷം സമ്മതിച്ചു. തേവലക്കരയിലെ എല്ലാ മരണങ്ങൾക്കും കല്യാണത്തിനും ഒക്കെ ചെല്ലാറുള്ളതിനാൽ അവർ ഞങ്ങളുടെ വൈദ്യൻ എന്നു പറയാനുള്ള സ്‌നേഹ ബന്ധം പള്ളിയുമായിട്ടും അവിടുത്തെ അച്ചനുമായിട്ടും നാട്ടുകാരും വീട്ടുകാരുമായിട്ടും ഉണ്ടായിരുന്നു. അടക്കുന്നതിന് എന്ത് അഭിപ്രായ വ്യത്യാസം എന്നാണ് ചോദിച്ചത്.കമ്യൂണിസ്റ്റ് കാരനാണെന്നുള്ളത് വേറെ കാര്യം. വൈദ്യൻ പള്ളിയെ എതിർത്തി ട്ടില്ലല്ലോ. ഭാര്യയേയും കൂട്ടികളേയുമൊക്കെ പള്ളിയിൽ വിടുന്നുമുണ്ട്. അതു കൊണ്ട് അവിടെ അടക്കാം എന്നവർ സമ്മതിച്ചു. അപ്പോൾ ത്തന്നെ കുടുംബക്കല്ലറ തയ്യാറാക്കി. കുടുംബാംഗങ്ങളുടേയും വമ്പിച്ച ജനാവലിയുടേയും കുട്ടി സഖാക്കളുടേയും മുന്നിൽ വെച്ച് തേവലക്കര യാക്കോബായാ പള്ളിയിലെ വൈദ്യൻ കുടുംബക്കാരുടെ കല്ലറയിൽ വർഗീസ് വൈദ്യനെ അടക്കി. ചരിത്രത്തിന്റെ രേഖകളിൽ സ്വന്തം ശരികളിൽ ഒറ്റയ്ക്കു നടന്നു പോയ ഒരു ഒറ്റയാൻ കമ്യൂണിസ്റ്റ് കാരനായി വർഗീസ് വൈദ്യൻ അവിടെ അന്ത്യവിശ്രമം കൊള്ളുന്നു.' (വർഗീസ് വൈദ്യന്റെ ആത്മകഥ - ചെറിയാൻ കല്പകവാടി - പേജ് 95/96)

പത്ത് വർഷം മുമ്പ് സി പി എമ്മുകാർ അതിക്രൂരമായി കൊലപ്പെടുത്തിയ ടി പി ചന്ദ്രശേഖരന്റെ വിധവയോടും അദ്ദേഹത്തിന്റെ പ്രതിമയോടു പോലും പക വീട്ടുന്നവരാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കെ.വി തോമസിനെ കോൺഗ്രസ് പാർട്ടി അനുവദിക്കാത്തതിൽ പ്രതിഷേധമു യർത്തുന്നത്. കേരളത്തിലെ സി പി എമ്മുകാർക്ക് അവർക്കൊപ്പമുള്ള കമ്യൂണിസ്റ്റ്കാരോട് പോലും ക്രൂരത ചെയ്യാൻ മന:സാക്ഷിക്കുത്തില്ലാത്തവരാണ്. മുൻ മുഖ്യമന്ത്രി അച്ചുതമേനോൻ മരിച്ച ദിവസം അദ്ദേഹത്തിന്റെ ശരീരം ഒന്നു പോയി കാണാൻ പോലും പോകാതെ മേനോനെ അധിക്ഷേപിച്ചു കൊണ്ട് ദേശാഭിമാനിയിൽ ലേഖനമെഴുതിയ ഇ എം എസിന്റെ പിന്മുറക്കാരിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കെ വി തോമസ് വിഷയത്തിൽ ഉയരുന്ന ആക്ഷേപം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP