Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആഴ്‌ച്ചകൾക്കുള്ളിൽ യുക്രെയിൻ യൂറോപ്യൻ യൂണിയന്റെ ഭാഗമാവും; ഇനി ഒറ്റക്കാവില്ല; റഷ്യ കൂട്ടക്കൊല നടത്തിയ യുക്രെയിൻ പ്രദേശത്തെത്തി യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് പറഞ്ഞത് ഇങ്ങനെ; കാത്തിരിക്കുന്നത് മൂന്നാം ലോക മഹായുദ്ധം

ആഴ്‌ച്ചകൾക്കുള്ളിൽ യുക്രെയിൻ യൂറോപ്യൻ യൂണിയന്റെ ഭാഗമാവും; ഇനി ഒറ്റക്കാവില്ല; റഷ്യ കൂട്ടക്കൊല നടത്തിയ യുക്രെയിൻ പ്രദേശത്തെത്തി യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് പറഞ്ഞത് ഇങ്ങനെ; കാത്തിരിക്കുന്നത് മൂന്നാം ലോക മഹായുദ്ധം

മറുനാടൻ മലയാളി ബ്യൂറോ

യുക്രെയിന് യൂറോപ്യൻ യൂണിയനിൽ അംഗത്വം ലഭിക്കാൻ ഇനി ഏതാനും ആഴ്‌ച്ചകൾ മാത്രം കാത്തിരുന്നാൽ മതി. നേരത്തേ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നതുപോലെ അതിനായി വർഷങ്ങളൊന്നും കാക്കേണ്ടതായി വരില്ല. റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യൂറോപ്യൻ യൂണീയനിൽ ചേരാനുള്ള യുക്രെയിന്റെ അപേക്ഷ അതിവേഗത്തിൽ പരിഗണിക്കുമെന്ന് യൂണിയൻ പ്രസിഡണ്ട് ഉർസ്വല വോൺ ഡേർ ലെയെൻ പറഞ്ഞു.

യുക്രെയിൻ സന്ദർശനത്തിനിടെ കീവിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ വെച്ച് യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള ഒരു ഔദ്യോഗിക ചോദ്യാവലി അവർ യുക്രെയിൻ പ്രസിഡണ്ട് സെലെൻസ്‌കിക്ക് കൈമാറുകയും ചെയ്തു. പുടിനെയും പുടിനുമായി അടുത്ത ബന്ധം പുലർത്തുന്നവരേയും പ്രകോപിപ്പിക്കാനുള്ള ഒരു നടപടിയായിട്ടാണ് സ്വതന്ത്ര നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

സാധാരണ ഗതിയിൽ ഒരു രാജ്യത്തിന്, യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ വർഷങ്ങളോളം സമയമെടുക്കും. അതിന്റെ ഭാഗമായി നിരവധി തവണ അപേക്ഷകൾ നൽകേണ്ടതുണ്ട്. അതോടൊപ്പം മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നു തുടങ്ങി നിരവധി പരിശോധനകളും ഉണ്ട്. അതെല്ലാം പൂർത്തിയായ ശേഷം ആ രാജ്യവുമായി ചർച്ച ചെയ്ത്, നിബന്ധനകൾ പാലിക്കപ്പെടും എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമായിരിക്കും അംഗത്വം നൽകുക.

യൂണിയനിൽ ചേരുവാൻ യുക്രെയിൻ ഏറെക്കാലമായി ആഗ്രഹിക്കുന്നതായിരുന്നു. 2021-ലെ യുക്രെയിൻ സ്വാതന്ത്ര്യ ദിനത്തിൽ മോൾഡോവ, ജോർജിയ, യുക്രെയിൻ തുടങ്ങിയ രാജ്യങ്ങളെ കൂടി യൂറോപ്യൻ യൂണിയനിൽ ചേർക്കണമെന്ന് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2014-ൽ റഷ്യ യുക്രെയിൻ ആക്രമിച്ച് ക്രെമിയ കൈവശപ്പെടുത്തിയതു മുതൽക്കാണ് യുക്രെയിൻ യൂറോപ്യൻ യൂണിയനിൽ അംഗത്വം എടുക്കണം എന്ന ആവശ്യം ശക്തമാകുന്നത്.

ഇപ്പോൾ തന്നെ യൂറോപ്യൻ യൂണിയന്റെ കിഴക്കൻ പങ്കാളിത്ത കൂട്ടായ്മായിൽ യുക്രെയിൻ അംഗമാണ്. അതുപോലെ യൂറോപ്യൻ നൈബർഹുഡ് പോളിസിയിലും അംഗമാണ്. റഷ്യ നടത്തുന്നത് കേവലം യുക്രെയിൻ എന്ന ഒരു രാജ്യത്തിന്റെ നേരെയുള്ള ആക്രമണമല്ലെന്നും, മുഴുവൻ യൂറോപ്പിനും എതിരെയുള്ള ഒരു പ്രത്യക്ഷ സമരമാണെന്നും സെലെൻസ്‌കി പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെയാണ് വോൺ ഡെർ ലെയെൻ യുക്രെയിൻ സന്ദർശിക്കുന്നത്.

സാധാരണ ഇ യു വിൽ അംഗത്വം ലഭിക്കാൻ വർഷങ്ങളോളം എടുക്കും. എന്നാൽ, യുക്രെയിനെ സംബന്ധിച്ചിടത്തോളം അത് ഏതാനും ആഴ്‌ച്ചകളുടെ പ്രശ്നം മാത്രമായിരിക്കും എന്നായിരുന്നു വോൺ ഡെർ ലെയെൻ യുക്രെയിൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. പുടിനെ ഏതു വിധത്തിലും തോൽപിക്കണമെന്ന് പറഞ്ഞ അവർ റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പത്രസമ്മേളനത്തിനെത്തും മുൻപ് ലോകത്തിന്റെ കണ്ണുനീരായി മാറിയ ബുച്ച നഗരം അവർ സന്ദർശിച്ചു. കൂട്ടക്കൊലയും കൊള്ളിവയ്പും ബലാത്സംഗവുമായി റഷ്യൻ സൈനികർ അഴിഞ്ഞാടിയ നഗരത്തിന്റെ ബാക്കിപത്രങ്ങൾ സന്ദർശിച്ച അവർ റഷ്യൻ ആക്രമണത്തിന്റെ ഭീകരത നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടുവെന്നും പറഞ്ഞു. അതിനൊപ്പം ഇന്നലെ ക്രാമറ്റോസ്‌ക് റെയിൽവേസ്റ്റേഷനിൽ നടത്തിയ ആക്രമണത്തെയും പരാമർശിച്ചുകൊണ്ട് ഇത്തരത്തിലുള്ള ക്രൂരമായ ആക്രമണ രീതികൾക്ക് ലോകം ഒരിക്കലും അംഗീകാരം നൽകില്ലെന്നും അവർ പറഞ്ഞു.

കീവിനടുത്തുള്ള ബുച്ചയിൽ നടന്ന കാട്ടാള സമാനമായ രീതിയെ യുദ്ധക്കുറ്റം എന്നായിരുന്നു പാശ്ചാത്യ ലോകം വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ഇതിലും ഭീകരമായ സ്ഥിതിവിശേഷമാണ് പുടിന്റെ പട്ടാളം കീവിന് വടക്ക് പടിഞ്ഞാറുള്ള ബോറോഡ്യാങ്കയിൽ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇപ്പോൾ പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നു. ബുച്ചയിലേതിനേക്കാൾ ദാരുണമായ അവസ്ഥയാണെന്ന് കഴിഞ്ഞ ദിവസം സെലെൻസ്‌കിയും പറഞ്ഞിരുന്നു. ബോംബിംഗിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഒരാഴ്‌ച്ചയിലധികം കാലമാണ് പല മൃതദേഹങ്ങളും കിടന്നിരുന്നത്.

ചീഞ്ഞഴുകുന്ന മനുഷ്യമാംസത്തിന്റെ ഗന്ധമാണ് ഇന്നവിടത്തെ അന്തരീക്ഷത്തിലുള്ളത്. വോൺ ഡെർ ലെയെൻ ബുച്ച സന്ദർശിക്കുമ്പോൾ യൂറോപ്യൻ യൂണിയൻ വിദേശകാര്യ തലവൻ ജോസഫ് ബോറെലും കൂടെയുണ്ടായിരുന്നു. വരുന്ന തിങ്കളാഴ്‌ച്ച യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഉൾപ്പടെയുള്ളവ നിർത്തി വയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലക്സംബർഗിലാൺ! ഈ യോഗം നടക്കുന്നത്.

കീവിൽ നിന്നും പരാജയം രുചിച്ചു മടങ്ങിയ റഷ്യൻ സൈന്യം ഇപ്പോൾ യുക്രെയിന്റെ കിഴക്കൻ മേഖലയിൽ കേന്ദ്രീകരിക്കുകയാണ്. ഡോൺബാസ് മേഖല കീഴടക്കുക എന്നതാണ് ഇപ്പോൾ അവരുടെ ലക്ഷ്യം. അതേസമയം, പാശ്ചാത്യ ശക്തികൾ യുക്രെയിന് കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിനൊപ്പം റഷ്യയ്ക്കെതിരെയുള്ള ഉപരോധം കടുപ്പിക്കുകയുമാണ്. അതേസമയം ബുച്ചയിലെ കൂട്ടക്കൊലയെ കുറിച്ച് ഫൊറെൻസിക് വിദഗ്ദർ അന്വേഷണം ആരംഭിച്ചതായി വോൺ ഡെർ ലെയെൻ അറിയിച്ചു. ഇതിനോടകം തന്നെ അവർ കണ്ടെത്തിയ കാര്യങ്ങൾ മനസ്സാക്ഷിയെ നടുക്കുന്നതാണെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP