Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗുജറാത്ത് മോഡൽ ചർച്ചയാക്കി പ്രധാനമന്ത്രിയായ മോദി; കേരളാ മോഡൽ വികസനം ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിച്ച് സിപിഎമ്മിനെ വീണ്ടും വളർത്താൻ മുഖ്യമന്ത്രി പിണറായി; പാർട്ടി കോൺഗ്രസിൽ നിറഞ്ഞത് കേരളം മാത്രം; തുടർഭരണം സിപിഎമ്മിൽ പിണറായിയെ കരുത്തനാക്കിയപ്പോൾ

ഗുജറാത്ത് മോഡൽ ചർച്ചയാക്കി പ്രധാനമന്ത്രിയായ മോദി; കേരളാ മോഡൽ വികസനം ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിച്ച് സിപിഎമ്മിനെ വീണ്ടും വളർത്താൻ മുഖ്യമന്ത്രി പിണറായി; പാർട്ടി കോൺഗ്രസിൽ നിറഞ്ഞത് കേരളം മാത്രം; തുടർഭരണം സിപിഎമ്മിൽ പിണറായിയെ കരുത്തനാക്കിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഗുജറാത്തിലെ മോദി മോഡൽ പി ആർ പ്രവർത്തനം ഇനി കേരളവും ഏറ്റെടുക്കും. ഗുജറാത്ത് മോഡൽ ചർച്ചയാക്കിയാണ് മോദി പ്രധാനമന്ത്രി കസേരയിലെത്തി. ഇതേ പോലെ ഇനി കേരളാ മോഡലും ചർച്ചയാക്കും. പെട്രോളിനും ഡീസലിനും വില കൂടിയിട്ടും നികുതി കുറയ്ക്കാത്ത മോഡലാണ് കേരളത്തിന്റേത്. ആരോഗ്യ കേരളമെന്ന എൺപതുകളിലെ ചർച്ചയും കോവിഡിൽ പ്രതിരോധത്തിലായി. കടം എടുത്തു മുടിയുന്നതാണ് ഇപ്പോഴത്തെ കേരളാ മോഡൽ. എന്നാൽ ഇതൊന്നും ഉയർത്തിക്കാട്ടാതെ നല്ലതു മാത്രം ദേശീയ തലത്തിൽ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി പത്രപരസ്യങ്ങളും നൽകും.

ഇടതുമുന്നണി സർക്കാരിന്റെ വികസന, സാമൂഹ്യക്ഷേമ പദ്ധതികളെ കേരള മോഡൽ വികസന മാതൃകയായി ദേശീയതലത്തിൽ ഉയർത്തിക്കാട്ടാനാണ് സിപിഎം തീരുമാനം. കേരള മോഡൽ പരിപാടികളെ ദേശീയതലത്തിൽ ഉയർത്തിക്കാട്ടണമെന്ന് ചർച്ചയിൽ നിർദ്ദേശിച്ചത് ഹിമാചലിൽ നിന്നുള്ള രാകേഷ് സിൻഹയാണ്. രാഷ്ട്രീയപ്രമേയത്തിൽ പ്രത്യേകമായി കേരള മോഡലിനെ എടുത്തുകാട്ടിക്കൂടേയെന്നും ചിലർ ചോദിച്ചു. ഇതിൽ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പുതിയ പ്രചരണത്തിന്റെ വിത്ത് കിട്ടിയത്.

കേരള മോഡൽ ദേശീയ തലത്തിൽ പ്രചാരണ വിഷയം ആക്കുമെന്ന് പിബി അംഗം വൃന്ദാ കാരാട്ടും വ്യക്തമാക്കി. കരട് രാഷ്ട്രീയപ്രമേയത്തിൽ രണ്ടാം അധ്യായത്തിൽ 150 മുതൽ 153 വരെ ഭാഗങ്ങൾ കേരളത്തെക്കുറിച്ചാണ്. 'എൽഡിഎഫ് സർക്കാരിന്റെ മാതൃകാപരമായ പ്രവർത്തനം ജനജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻ എൽഡിഎഫ് സർക്കാർ സാമൂഹ്യസുരക്ഷാ പദ്ധതികൾ ശരിയായ രീതിയിൽ നടപ്പാക്കി.

ഒരു സംസ്ഥാന സർക്കാരിന് ഫെഡറൽ സംവിധാനത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുതന്നെ എന്തൊക്കെ ചെയ്യാനാകുമെന്ന് ജനകീയമായ ബദൽ നയങ്ങൾ തെളിയിച്ചു. സമുദായമൈത്രിയുടെ അടിത്തറയിൽ എല്ലാ ജനവിഭാഗങ്ങൾക്കും സംരക്ഷണം നൽകി. പ്രധാനമായി ആർഎസ്എസ്, ബിജെപി ഉയർത്തുന്ന അപകടസാധ്യതയ്‌ക്കെതിരായ പോരാട്ടത്തിലും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ബിജെപിയുമായുള്ള നീക്കുപോക്കിനെ തുറന്നു കാട്ടുന്നതിലും ഊന്നിയുള്ള വ്യക്തമായ രാഷ്ട്രീയലൈൻ 2021ലെ അഭൂതപൂർവമായ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തെ സഹായിച്ചു'- പ്രമേയം പറയുന്നു.

പ്രതിനിധി ചർച്ചയിൽ തമിഴ്‌നാട്, കർണാടകം, ഒഡിഷ, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കേരളസർക്കാരിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ച് സംസാരിച്ചത്. ബംഗാളും ത്രിപുരയും മൗനം കാട്ടി. നിലവിലെ സാഹചര്യത്തിൽ ബംഗാളിനും ത്രിപുരയ്ക്കും സിപിഎമ്മിൽ കരുത്ത് ചോർന്നിട്ടുണ്ട്. അധികാര നഷ്ടമാണ് ഇതിന് കാരണം. ഈ സാഹചര്യം കേരളാ ഘടകം പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

എല്ലാ അർത്ഥത്തിലും പാർട്ടിയിൽ പിടി മുറുക്കി. ഇതിന്റെ പ്രതിഫലനമാണ് കേരളാ മോഡൽ ചർച്ച. കേരളത്തിലെ ഭരണം നിലനിർത്താനുള്ള സാഹചര്യം ഇനിയും ഉണ്ടാകുമെന്നാണ് പാർട്ടി കോൺഗ്രസ് വിലയിരുത്തൽ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP