Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

27 പന്തിൽ 64 റൺസ്; സീസണിലെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചുറിയുമായി ലിയാം ലിവിങ്സ്റ്റൺ; പഞ്ചാബിനെതിരെ ഗുജറാത്തിന് 190 റൺസ് വിജയലക്ഷ്യം

27 പന്തിൽ 64 റൺസ്;  സീസണിലെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചുറിയുമായി ലിയാം ലിവിങ്സ്റ്റൺ; പഞ്ചാബിനെതിരെ ഗുജറാത്തിന് 190 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 190 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 189 രൺസെടുത്തു. സീസണിലെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചുറി നേടിയ ലിയാം ലിവിങ്സ്റ്റണിന്റെ ബാറ്റിങ് കരുത്തിലാണ് പഞ്ചാബ് 190 റൺസ് വിജയലക്ഷ്യമുയർത്തിയത്.

ക്യാപ്റ്റൻ മയാങ്ക് അഗർവാൾ (ഒൻപതു പന്തിൽ അഞ്ച്), ജോണി ബെയർ‌സ്റ്റോ (എട്ട് പന്തിൽ എട്ട്) എന്നിവർ തിളങ്ങാതെ പോയപ്പോൾ ലിവിങ്സ്റ്റണും ശിഖർ ധവാനുമാണു പഞ്ചാബിന്റെ സ്‌കോറുയർത്തിയത്.

27 പന്തിൽ 64 റൺസെടുത്താണു ലിവിങ്സ്റ്റൺ പുറത്തായത്. നാല് സിക്‌സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 21 പന്തുകളിൽ നിന്ന് ലിവിങ്സ്റ്റൺ അർധസെഞ്ചുറി തികച്ചു. ഐപിഎൽ 2022 സീസണിലെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയാണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പാറ്റ് കമ്മിൻസ് മുംബൈ ഇന്ത്യൻസിനെതിരെ 14 പന്തുകളിൽനിന്ന് അർധസെഞ്ചുറി തികച്ചതാണ് ഒന്നാമത്. 30 പന്തിൽ 35 റൺസുമായി ഓപ്പണർ ശിഖർ ധവാനും പഞ്ചാബിനായി തിളങ്ങി.

പവർ പ്ലേയിൽ രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ മായങ്ക് അഗർവാളെ നഷ്ടമായി. ഒമ്പത് പന്തിൽ അഞ്ച് റൺസെടുത്ത മായങ്ക് അഗർവാളിനെ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ റാഷിദ് ഖാൻ കൈയിലൊതുക്കി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ജോണി ബെയർ‌സ്റ്റോയും ധവാനും ഷമിയെ മൂന്നാം ഓവറിൽ ഓരോ തവണ ബൗണ്ടറി കടത്തിയതോടെ പഞ്ചാബ് സ്‌കോർ ബോർഡിന് അനക്കം വെച്ചു.

അഞ്ചാം ഓവറിൽ ലോക്കി ഫെർഗൂസനെ ശിഖർ ധവാൻ രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും അഞ്ചാം പന്തിൽ ജോണി ബെയർ‌സ്റ്റോയെ(8 പന്തിൽ 8) ഷോർട്ട് തേർഡ് മാനിൽ രാഹുൽ തെവാട്ടിയയുടെ കൈകകളിലെത്തിച്ച് ഫെർഗൂസൻ പഞ്ചാബിന് രണ്ടാം പ്രഹരമേൽപ്പിച്ചു.

മൂന്നാം വിക്കറ്റിൽ ലിവിങ്സ്റ്റണും ശിഖർ ധവാനും ചേർന്ന് 52 റൺസടിച്ച് പഞ്ചാബ് സ്‌കോറിന് മാന്യത നൽകി. കൂട്ടത്തിൽ ലിവിങ്സ്റ്റൺ ആയിരുന്നു ആക്രമണകാരി. പത്താം ഓവറിൽ ധവാനെ(30 പന്തിൽ 35) മടക്കി റാഷിദ് ഖാൻ ഗുജറാത്തിന് മേൽക്കൈ നൽകി. എന്നാൽ ധവാന് പകരമെത്തിയ ജിതേഷ് ശർമ ലിവിങ്സ്റ്റണ് ഒത്ത പങ്കാളിയായതോടെ പഞ്ചാബ് 12-ാം ഓവറിൽ 100 കടന്നു.

രാഹുൽ തെവാട്ടിയിയ എറിഞ്ഞ പതിമൂന്നാം ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറും അടക്കം 24 റൺസടിച്ച് പഞ്ചാബ് ടോപ് ഗിയറിലായി. 21 പന്തിൽ അർധസെഞ്ചുറി തികച്ച ലിവിങ്സ്റ്റൺ പഞ്ചാബിന് പ്രതീക്ഷയായി. പതിനാലാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ജിതേഷ് ശർമയെയും(11 പന്തിൽ 23), ഒഡീൻ സ്മിത്തിനെയും(0) മടക്കി ദർശൻ നാൽക്കണ്ഡെ പഞ്ചാബിന് ഇരുട്ടടി നൽകി.

പതിനാറാം ഓവർ എറിയാനെത്തിയ റാഷിദ് ഖാനെ സിക്‌സടിക്കാൻ ശ്രമിച്ച ലിവിങ്സ്റ്റൺ ബൗണ്ടറിയിൽ ഡേവിഡ് മില്ലറുടെ കൈകളിലൊതുങ്ങിയതോടെ 200 കടക്കാമെന്ന പഞ്ചാബിന്റെ മോഹം പൊലിഞ്ഞു. ആ ഓവറിലെ അഞ്ചാം പന്തിൽ അവസാന പ്രതീക്ഷയായ ഷാരൂഖ് ഖാനെ(15) റാഷിദ് വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ 200 കടക്കുമെന്ന് കരുതിയ പഞ്ചാബ് സ്‌കോർ 189 റൺസിലൊതുങ്ങി.

15 ഓവറിൽ 152 റൺസിലെത്തിയ പഞ്ചാബിന് അവസാന അഞ്ചോവറിൽ 37 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അവസാന വിക്കറ്റിൽ 27 റൺസടിച്ച രാഹുൽ ചാഹറും(14 പന്തിൽ 22*) അർഷദീപ് സിംഗും(5 പന്തിൽ 10*) ചേർന്നാണ് പഞ്ചാബിന് മാന്യമായ സ്‌കോർ ഉറപ്പാക്കിയത്.

ജിതേഷ് ശർമ (11 പന്തിൽ 23), ഒഡിൻ സ്മിത്ത് (പൂജ്യം), ഷാറൂഖ് ഖാൻ (എട്ട് പന്തിൽ 15), കഗിസോ റബാദ (ഒന്ന്), വൈഭവ് അറോറ (ആറ് പന്തിൽ രണ്ട്), രാഹുൽ ചാഹർ (14 പന്തിൽ 22), അർഷ്ദീപ് സിങ് (അഞ്ച് പന്തിൽ 10) എന്നിങ്ങനെയാണു മറ്റ് പഞ്ചാബ് ബാറ്റർമാരുടെ പ്രകടനങ്ങൾ. പതിനാറാം ഓവറിൽ ആറിന് 153 എന്ന നിലയിൽനിന്ന് 9 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണു പഞ്ചാബ് വലിച്ചെറിഞ്ഞത്. അവസാന ഓവറുകളിൽ രാഹുൽ ചാഹർ ബൗണ്ടറികൾ കണ്ടെത്തിയതോടെ പഞ്ചാബ് സ്‌കോർ 180 പിന്നിട്ടു.

ഗുജറാത്തിനായി റാഷിദ് ഖാൻ മൂന്നു വിക്കറ്റ് വീഴ്‌ത്തി. ദർശൻ നൽകണ്ടെ രണ്ടു വിക്കറ്റും മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പഞ്ചാബിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

പരുക്കേറ്റ വിജയ് ശങ്കറും വരുൺ ആരോണും ഗുജറാത്തിനായി ഇന്ന് കളിക്കുന്നില്ല. പകരം സായ് സുദർശനും ദർശനും ടീമിലെത്തി. പഞ്ചാബ് ടീമിൽ ഒരു മാറ്റമാണുള്ളത്. ലങ്കൻ താരം ഭാനുക രജപക്‌സെയ്ക്കു പകരം ജോണി ബെയർ‌സ്റ്റോ സീസണിലെ ആദ്യ മത്സരം കളിക്കുന്നു. ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഗുജറാത്ത് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരാണ്. രണ്ട് ജയവും ഒരു തോൽവിയുമുള്ള പഞ്ചാബ് അഞ്ചാമതും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP