Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ.വി.തോമസ്, കോൺഗ്രസിനെ ചതിച്ച വഞ്ചകനാണെന്ന് സെബാസ്റ്റ്യൻ പോൾ; 1998 ലെ എറണാകുളം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ലിനോ ജേക്കബിനെ കാലുവാരി 2001 ലെ സീറ്റുറപ്പിച്ചു; അരൂരിൽ ഷാനിമോളെ തോൽപ്പിക്കാനും ചരട് വലിച്ചു; തോമസ് മാഷിന്റെ ചില തിരഞ്ഞെടുപ്പ് കഥകൾ

കെ.വി.തോമസ്, കോൺഗ്രസിനെ ചതിച്ച വഞ്ചകനാണെന്ന് സെബാസ്റ്റ്യൻ പോൾ; 1998 ലെ എറണാകുളം നിയമസഭാ  ഉപതിരഞ്ഞെടുപ്പിൽ ലിനോ ജേക്കബിനെ കാലുവാരി 2001 ലെ സീറ്റുറപ്പിച്ചു; അരൂരിൽ ഷാനിമോളെ തോൽപ്പിക്കാനും ചരട് വലിച്ചു; തോമസ് മാഷിന്റെ ചില തിരഞ്ഞെടുപ്പ് കഥകൾ

എം എസ് സനിൽകുമാർ

തിരുവനന്തപുരം : 'ഇന്നലെ പൊട്ടിമുളച്ചതല്ല ഞാൻ, പാർട്ടി കുടുംബത്തിൽ ജനിച്ച് ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചാണ് സ്ഥാനമാനങ്ങളിൽ എത്തിയത്. എന്നെ ഒഴിവാക്കാൻ പറഞ്ഞ മാനദണ്ഡങ്ങൾ മറ്റുള്ളവർക്കും ബാധകമല്ലേ '- കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.വി. തോമസ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയർത്തിയ ചോദ്യങ്ങളാണ്. അപമാനിക്കാവുന്നതിന്റെ അങ്ങേയറ്റം തന്നെ അപമാനിച്ചു. ഒരു കോൺഗ്രസുകാരനും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല. തിരുത തോമ എന്ന് വരെ ആക്ഷേപിച്ചു. ഈ പാർട്ടിയെ ഉപയോഗിച്ച് പത്ത് പൈസ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വളരെ വികാരഭരിതനായി പറഞ്ഞു.

ഈ 'നിർമ്മല ഹൃദയനായ ' തോമസ് മാഷിനെക്കുറിച്ച് സി പി എമ്മിന്റെ എംപിയും എം എൽ എ യുമായിരുന്ന സെബാസ്റ്റ്യൻ പോൾ തന്റെ ആത്മകഥയിൽ പറയുന്നത് കൂടി വായിച്ചാൽ ഇദ്ദേഹം കോൺഗ്രസ് പാർട്ടിയെ വഞ്ചിച്ച കഥ മനസിലാവും

എറണാകുളത്തെ നിയസഭാംഗമായിരുന്ന ജോർജ് ഈഡൻ 1998ൽ ലോക്‌സഭയിലേക്ക് മത്സരിച്ച ഒഴിവിൽ വന്ന ഉപതിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസിന്റെ ലിനോ ജേക്കബായിരുന്നു എതിരാളി. കൊച്ചി കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസിന്റെ മികച്ച സംഘാടകനുമായിരുന്നു. ആയിടക്കാണ് കെ വി തോമസ് ഫ്രഞ്ച് ചാരക്കേസിൽ നിന്ന് കുറ്റവിമുക്തനായത്. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ അദ്ദേഹം ചരട് വലിച്ചെങ്കിലും നറുക്ക് വീണത് ലിനോയ്ക്കായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു - തന്റെ വിജയത്തെക്കുറിച്ച് സെബാസ്റ്റ്യൻ പോൾ ഇങ്ങനെ വിവരിക്കുന്നുണ്ട്- ' ലിനോയെ പരാജയപ്പെടുത്തിയത് ഞാനല്ല. കെ വി തോമസ് ആയിരുന്നു. 1998 ജുൺ അഞ്ചിന് 3940 വോട്ടിന് ഞാൻ ജയിച്ചപ്പോൾ 2001 ലെ തിരഞ്ഞെടുപ്പിന് കെ.വി. തോമസിന് സീറ്റുറപ്പിക്കയായിരുന്നു.

( എന്റെ കാലം എന്റെ ലോകം Page 226)

ഇതും പോരാഞ്ഞു ലിനോയെ വ്യക്തിഹത്യ ചെയ്യുന്ന നോട്ടീസും തിരഞ്ഞെടുപ്പു കാലത്ത് പ്രചരിച്ചിരുന്നു. ലിനോയെ തോൽപിക്കാൻ താൽപര്യമുള്ള വ്യക്തിയാണ് നോട്ടീസ് അടിച്ചിറക്കിയതെന്ന് സെബാസ്റ്റ്യൻ പോൾ ആത്മകഥയിൽ കുമ്പസാരിക്കുന്നുണ്ട്. കുറേ നാൾ കഴിഞ്ഞ് ലിനോയ്‌ക്കെതിരെ നോട്ടീസിറക്കിയ വ്യക്തിയുടെ കൈപ്പടയിലെഴുതിയ കയ്യെഴുത്തുപ്രതി ഈ വ്യക്തിയുടെ ശിങ്കിടി തന്നെ ലിനോയ്ക്ക് കൊടുത്ത കാര്യവും സെബാസ്റ്റ്യൻ പോൾ വിസ്തരിച്ചിട്ടുണ്ട്. 2001 ൽ അതേ നോട്ടീസ് തനിക്കെതിരേയും പ്രയോഗിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്.

രാഷ്ട്രീയ എതിരാളികളെയും സ്വന്തം പാർട്ടിക്കാരനേയും തേജോവധം ചെയ്യാൻ എന്ത് കളിയും കളിക്കാൻ മടിയില്ലാത്ത രാഷ്ടീയക്കാരനാണ് കെ.വി.തോമസ് എന്നതിന്റെ സാക്ഷ്യപത്രമാണ് സെബാസ്റ്റ്യൻ പോളിന്റെ തുറന്ന് പറച്ചിൽ. ഇപ്പോൾ സി പി എമ്മിലേക്ക് പുതിയ മേച്ചിൽപ്പുറം തേടിപ്പോവുന്ന കെ വി തോമസിന്റെ പ്രവർത്തികളാണിതെല്ലാം. അധികാരത്തിന് വേണ്ടി എന്ത് നികൃഷ്ട പ്രവർത്തിയും ചെയ്യാൻ ഈ മാഷിന് മടിയില്ലായിരുന്നു. സ്വന്തം മുന്നണിയിലെ സ്ഥാനാർത്ഥികളെ കാലുവാരി തറയിലടിക്കുന്നത് അദ്ദേഹത്തിന് ഒരു തരം ഹരമാണ്. അത്തരമൊരു അനുഭവം ആലപ്പുഴ യിലെ യുഡിഎഫ് - കോൺഗ്രസ് നേതാക്കൾക്ക് പറയാനുണ്ട്.

അരൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം തന്റെ നേട്ടമാണന്നാണ് കെ.വി. തോമസ് അവകാശപ്പെടുന്നത്. യത്ഥാർത്ഥത്തിൽ കെ.വി.തോമസ് അവസാന നിമിഷവും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് എങ്ങനെ പാര പണിയാം എന്ന ഗവേഷണത്തിലായിരുന്നു.അരൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചാർജ്ജ് അന്തരിച്ച പിടി തോമസ് എംഎൽഎ യ്ക്കും യുഡിഎഫിന്റെ ചാർജ്ജ് ഷിബു ബേബി ജോണിനും ആയിരുന്നു.

എൽ.ഡി.എഫിന്റെ കുത്തക മണ്ഡലത്തിൽ രാവും പകലും എന്നില്ലാതെ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പി.ടി.തോമസിന്റെയും ഷിബു ബേബി ജോണിന്റേയും നേതൃത്വത്തിൽ നടന്നു. കെആർ ഗൗരിയമ്മയ്ക്ക് പോലും കാലിടറിയ കടുത്ത സിപിഎം മണ്ഡലമായ അരൂരിൽ പിടി തോമസ് സ്‌കൂൾ ഹെഡ്‌മാസ്റ്ററെ പോലെയും, ഷിബു ബേബി ജോൺ ചടുല നീക്കങ്ങൾ കരുപ്പിടിപ്പിച്ചും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നു.

ഈ രണ്ട് നേതാക്കളുടെ പ്രവർത്തനത്തിൽ യുഡിഎഫ് ക്യാമ്പ് വളരെ ആവേശത്തിലായി. ഇത് മൂലം ജില്ലയിലെ യുഡിഎഫ് നേതൃത്വവും അണികളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാനിടയായി. തീരദേശത്തിന് വലിയ പ്രാധാന്യമുള്ള മണ്ഡലമാണ് അരൂർ. അതുകൊണ്ട് കൊട്ടിക്കലാശത്തിന് ദിവസം മുൻപ് ഒരു തീരദേശ റാലി വേണമെന്ന് ഷിബു ബേബി ജോണും പിടി തോമസും ചേർന്ന് പെട്ടെന്ന് തീരുമാനിച്ചു. അടുത്ത ദിവസം കാൽനടയായി നാടിനെ ഇളക്കി മറിക്കുന്ന യുഡിഎഫ് റാലി വരുന്നെന്ന് കേട്ടപ്പോൾ എൽഡിഎഫ് ക്യാമ്പ് പോലും ഞെട്ടി, കാരണം അവർക്ക് പിന്നെ അവിടെ കൗണ്ടർ ഇടാൻ സമയമോ ദിവസമോ ഇല്ലായിരുന്നു.

തീരദേശ റാലിയിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് കെവി തോമസും, യുഡിഎഫിന്റെ ഭാഗത്തുനിന്നും ഷിബു ബേബി ജോണും ചേർന്ന് ജാഥ നയിക്കാനായിരുന്നു തീരുമാനം. റാലി അനൗൺസ് ചെയ്ത് രാവിലെ മുതൽ തീരദേശമാകെ കാത്തിരിക്കുന്നു. റാലി തുടങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ആകാശം ഇരുണ്ട് മഴയുടെ ലക്ഷണം. ഒരുതുള്ളി മഴപോലും വീഴും മുൻപ് മഴ നനയാൻ പറ്റില്ലെന്ന് പറഞ്ഞു കെവി തോമസ് റാലിയിൽ നിന്ന് പിന്മാറി. മഴ തുടങ്ങിയാൽ കൂടെ കുട പിടിച്ചു തരാം അല്ലെങ്കിൽ അപ്പോൾ വണ്ടിയിൽ കയറി മടങ്ങിക്കോ എന്നൊക്കെ പ്രവർത്തകർ പറഞ്ഞതിനോട് പോലും പ്രതികരിക്കാതെ കെവി തോമസ് തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് കയറിപോയി. സ്ഥാനാർത്ഥി അഡ്വ ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെ പ്രവർത്തകർ എല്ലാരും സ്തബ്ധരായി നിന്നപ്പോൾ ആറടി മൂന്നിഞ്ച് പൊക്കമുള്ള ഷിബു ബേബി ജോണിന്റെ ഉറച്ച ശബ്ദം, എന്തു പ്രശ്‌നം വന്നാലും ഇവിടെയിനി പെരുമഴതന്നെ പെയ്താലും നമ്മൾ ഈ തീരദേശ റാലി നടത്തും.

ചെണ്ടയും ആളും ആരവുമായി, ആവേശം വിതറി തീരദേശത്തെ ഇളക്കി മറിച്ചുകൊണ്ട് ആ റാലി തുടങ്ങി, ഏകദേശം അരമണിക്കൂർ പിന്നിട്ടപ്പോൾ മഴ തുടങ്ങി, പറഞ്ഞ വാക്കിൽ പാറപോലെ ഉറച്ച് ഷിബു ബേബി ജോൺ മഴയും നനഞ്ഞ് മുന്നിൽ നടന്നു. ഉത്സവ മേളമായ ആ തീരദേശ റാലി വലിയ വിജയം ആയി.തീരദേശത്തിന്റെ ഓളം പിടിച്ച് അഞ്ച് പതിറ്റാണ്ടിന് ശേഷം അരൂരിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ചു.

കോൺഗ്രസ് പാർട്ടിയെ കൊണ്ട് എംഎൽഎ, സംസ്ഥാന മന്ത്രി, എംപി, കേന്ദ്ര മന്ത്രി ഒക്കെയായി കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിന്റെ എല്ലാ സുഖവും പത്തുനാല്പത് വർഷം അനുഭവിച്ച കെവി തോമസിന് നിർണ്ണായകമായ ഒരു ഉപതെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് വേണ്ടി ഒന്ന് മഴ നനയാനോ, കുറച്ചു നടക്കാനോ വയ്യ, അതാണ് അദ്ദേഹത്തിന്റെ പാർട്ടി കൂറ്. എന്നാൽ മുന്നണിക്ക് വേണ്ടി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ മഴയിൽ കുളിച്ചു ആദ്യാവസാനം കൂടെ നടന്നൂ എന്നത് കാലം സാക്ഷി. പാർട്ടി സെമിനാറിൽ പങ്കെടുക്കുമെന്ന കെ.വി തോമസിന്റെ പ്രഖ്യാപനം കേട്ടപ്പോൾ അരൂരിലെ കോൺഗ്രസ് പ്രവർത്തകരുടേയും യു.ഡി എഫ് പ്രവർത്തകരുടേയും മനസിലേക്ക് ഓടിയെത്തിയത് തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ കെ.വി.തോമസ് ചെയ്ത ചതിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP