Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇപ്പോൾ കമ്മ്യുണിസ്റ്റ് ആകുന്നതുപോലെ തന്നെയാണ് പണ്ട് തോമസ് മാഷ് കോൺഗ്രസ്സ് ആയതും; കൊച്ചിക്കായലിൽ തിരുത പൊങ്ങുന്നത് പോലെ പൊങ്ങി; ലീഡറുടെ വലയിൽ പെട്ടു അടിതടകൾ പഠിച്ചു; രാഷ്ട്രീയത്തിന് പുറത്ത് ശത്രുക്കൾ ഉണ്ടാകാതിരിക്കാനും മാഷിന് പൊടിക്കഷായം ഉണ്ട്; തോമസിന്റെ രാഷ്ട്രീയ മെയ് വഴക്ക കഥ

ഇപ്പോൾ കമ്മ്യുണിസ്റ്റ് ആകുന്നതുപോലെ തന്നെയാണ് പണ്ട് തോമസ് മാഷ് കോൺഗ്രസ്സ് ആയതും; കൊച്ചിക്കായലിൽ തിരുത പൊങ്ങുന്നത് പോലെ പൊങ്ങി; ലീഡറുടെ വലയിൽ പെട്ടു അടിതടകൾ പഠിച്ചു; രാഷ്ട്രീയത്തിന് പുറത്ത് ശത്രുക്കൾ ഉണ്ടാകാതിരിക്കാനും മാഷിന് പൊടിക്കഷായം ഉണ്ട്; തോമസിന്റെ രാഷ്ട്രീയ മെയ് വഴക്ക കഥ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: ഇന്ന് കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായിരിക്കുന്ന കെ.വി. തോമസിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പിന്നീടുള്ള മുന്നോട്ടു പോക്കുകളെ കുറിച്ചും വിശദീകരിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും ജനശക്തി മാസികയുടെ എഡിറ്ററുമായി ജി. ശക്തിധരൻ. കെ.വി. തോമസ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് ആകുന്നത് പോലെയാണ് അന്ന് കോൺഗ്രസായതെന്ന് ഓർമ്മപ്പെടുത്തുകയാണ് ജി. ശക്തിധരൻ. കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ജനപ്രതിനിധിയായിരുന്നപ്പോഴും കെ വി തോമസിന് സിപിഎമ്മിലെ ഉന്നതരുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചും ശക്തിധരൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.

തോമസ് മാഷിനെ കമ്മ്യുണിസ്റ്റ് ആക്കിയാൽ

കേരള രാഷ്ട്രീയത്തിലെ എല്ലാ മാലിന്യങ്ങളും ഒരു പുരുഷായുസിൽ അടിഞ്ഞുകൂടിയാൽ അത് നമ്മുടെ ചില വിവാദ നേതാക്കളുടെ മുഖത്തോടു സാദൃശ്യം ഉണ്ടാകുന്നതു യാദൃശ്ചികം. രാഷ്ട്രീയത്തിലെ നന്മയുടെ പൂമരങ്ങളെ പ്രകൃതി തന്നെ ശീർഷാസനത്തിൽ നിർത്തുന്നതാവാം. രാഷ്ട്രീയത്തിൽ കാലുകുത്തിയ കാലം മുതൽ 'അസൽ' കോൺഗ്രസുകാരനായ ശ്രീ കെ വി തോമസിനെ ഇപ്പോൾ കേരളത്തിലെ മാധ്യമവിദ്രോഹികൾ തലയിലേറ്റി 'കമ്മ്യുണിസ്റ്റ്' ആക്കിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം കണ്ണൂരിലേക്ക് പോകാൻ ഒരു കാറിൽ കയറിയപാടെ മാധ്യമങ്ങൾ എഴുതി കമ്മ്യുണിസ്റ്റ് ആകാനുള്ള പോക്കാണ് എന്ന്. അദ്ദേഹത്തെ കോൺഗ്രസ്സ് തറവാട്ടിൽ നിന്ന് ഇറക്കിവിട്ട് പെരുവഴിയിലാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് മാധ്യമ 'വിദ്രോഹികൾ'. എന്ത് കഷ്ടം! ഇപ്പോൾ കമ്മ്യുണിസ്റ്റ് ആകുന്നതുപോലെ തന്നെയാണ് അദ്ദേഹം പണ്ട് കോൺഗ്രസ്സ് ആയതും എന്നത് അവർ ഓർക്കുന്നില്ലെന്ന് ശക്തിധരൻ പറയുന്നു. കൊച്ചിക്കായലിൽ തിരുത പൊങ്ങുന്നത് പോലെ പൊങ്ങി.

ലീഡറുടെ വലയിൽ പെട്ടു. കുറേക്കാലം അദ്ദേഹം കൊണ്ടു നടന്നു. രാഷ്ട്രീയത്തിലെ അടിയും തടവുമെല്ലാം പഠിപ്പിച്ചു. സോപ്പ് കുമിളപോലെ ഊതിവീർപ്പിച്ചു. 'തിരുത തോമസ്' എന്ന വിളിപ്പേര് കേൾക്കുമ്പോൾ തോമസ് മാഷിന് ഇപ്പോൾ അലർജിയാണ്. പണ്ട് അങ്ങനെയായിരുന്നില്ല. നാട്ടുകാരുടെ ചെല്ലപ്പേര് സാക്ഷാൽ ലീഡർ, തോമസ് മാഷിന്റെ മുന്നിൽ വെച്ച് വിളിച്ചു ഒന്ന് കണ്ണിറുക്കിയാൽ തോമസ് മാഷിന്റെ മുഖത്ത് വിടരുന്ന നാണം എന്തൊരു ചേലായിരുന്നു. ലീഡറുടെ കണ്ണുചിമ്മിയുള്ള ഒരു ചിരികൂടി മൊട്ടിട്ടാൽ തോമസ് മാഷിന്റെ പ്രായം പാതി കുറയും. ലീഡർ നർമ്മത്തിൽ അഗ്രഗാമിയായിരുന്നുവല്ലോ. ഇപ്പോൾ മാഷിനെ ആരെങ്കിലും തിരുത തോമസ് എന്ന് വിളിച്ചാൽ കളി മാറും. തിരുതയോ? ഏതു തിരുതാ .എന്ത് തിരുതാ! അതാണ് ലീഡറുടെ ശിഷ്യത്വം കൊണ്ടുള്ള ഗുണം.

മാഷിന് കോൺഗ്രസിന് പുറത്തു ശത്രുക്കൾ ഇല്ലായിരുന്നു. ശത്രുക്കൾ ഉണ്ടാകേണ്ടത് പ്രതിപക്ഷത്തു നിന്നാണല്ലോ. അത് സംഭവിക്കാതിരിക്കാൻ തോമസ് മാഷിന്റെ കയ്യിൽ ഒരു പൊടികഷായം ഉണ്ട്. പ്രതിപക്ഷം കൂടുതൽ കരുത്താർജ്ജിക്കാൻ വേണ്ട സാരോപദേശങ്ങൾ അദ്ദേഹം നിരന്തരം കൊടുത്തുകൊണ്ടിരിക്കും. ഭരണം ഇതുക്കും മേലേ കൊണ്ടുപോകാൻ പിബിയിൽ ഉള്ളവരേക്കാൾ മിഴിവോടെ കാര്യങ്ങൾ തോമസ് മാഷ് പറഞ്ഞുകൊടുക്കും. മാഷിന് രാഷ്ട്രീയം എന്നും ഒരു രസതന്ത്രമാണ്. അത് നടക്കാതെ പോയത് രാഹുൽജിയോട് മാത്രം. എട്ടുവർഷമല്ലേ തൃക്കൺ പാർക്കാൻ അവസരം നൽകാത്തത്. അതിന് രാഹുൽജി അനുഭവിക്കുന്നുമുണ്ട് .

പണ്ട് 'തിരുത തോമസ്' ലോക്‌സഭാ സ്ഥാനാർത്ഥിയാണെന്നു അറിഞ്ഞപ്പോൾ എറണാകുളം ഞെട്ടി. ചുമരെഴുത്തെല്ലാം തോമസ് മാഷിന്റെ പേരിലായിരുന്നെങ്കിലും യഥാർത്ഥത്തിൽ മത്സരിച്ചത് സാക്ഷാൽ ലീഡർ ആയിരുന്നു. കോൺഗ്രസ്സ് പറയുന്നിടത്ത് വോട്ട് കുത്തുന്ന ജനസഞ്ചയം ഉൾക്കൊള്ളുന്ന ലോക്സഭാ മണ്ഡലം. അത് മുതലാക്കി തോമസ് മാഷ് ആ സീറ്റിന്റെ കൈവശാവകാശിയായി. കയ്യിലിരുപ്പ് ദുസ്സഹമായതോടെ ജനങ്ങൾ തിരിച്ചു ചിന്തിച്ചു തുടങ്ങിയപ്പോൾ തോമസ് മാഷ് ഒരു പാലം സിപിഎമ്മിലേക്കും ഇട്ടു. അത് തോമസ് മാഷിനു നല്ല വരിശുള്ള സമയമായിരുന്നു. ഓരോ തെരെഞ്ഞെടുപ്പ് വരുമ്പോഴും സിപിഎം എറണാകുളത്ത് നിർത്തുന്ന സ്ഥാനാർത്ഥി പഞ്ചായത്തിൽ പോലും മത്സരിച്ചാൽ കെട്ടിവെച്ച പണം കിട്ടാത്ത ആളായത് അങ്ങിനെയാണ്. അതിലൊരു അപവാദം ശ്രീമതി സിന്ധുജോയി മത്സരിച്ചപ്പോഴാണ്. സിപിഎം തോൽക്കുമെന്ന് ഉറപ്പോടെ നിർത്തിയ ഈ സ്ഥാനാർത്ഥി വെച്ചടി വെച്ചടി കേറി. അവസാനം കാരണഭൂതൻ എറണാകുളത്തു നേരിട്ടെത്തി പടം വലിച്ചു താഴെയിട്ടു. മെർക്കുറി കുതിച്ചു കയറിയപോലെ താഴോട്ട് ഇറങ്ങി. തോമസ് മാഷിന് അപ്പോളാണ് ശ്വാസം നേരെ വീണത്. അതാണ് അതിന്റെ രസതന്ത്രം.

മാഷ് ഇതെങ്ങനെ ഒപ്പിച്ചു എന്നതാണ് ഇപ്പോഴും ഉത്തരം കിട്ടാത്ത പ്രഹേളിക.ഒരു തെരെഞ്ഞെടുപ്പിൽ അല്ല എല്ലാ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയുടെ പേര് പുറത്തുവരുമ്പോൾ എൽഡിഎഫ് കാർ തന്നെ മൂക്കത്ത് വിരൽവെക്കുന്നു. സിപിഎം എന്തിനാണ് ഇത്തരത്തിൽ തോമസ് മാഷിനുവേണ്ടി എറണാകുളം സീറ്റിൽ ഒളിച്ചുകളി നടത്തുന്നത് എന്നത് ജനത്തിനോ പ്രധാന രാഷ്ട്രീയ നേതാക്കൾക്കോ അറിയില്ല.അതൊരു പഞ്ചതന്ത്ര കഥയാണ്. അത് മുഴുവൻ ഇവിടെ എഴുതിയാൽ സ്ഥലം പോരാതെവരും. മാത്രമല്ല അരാഷ്ട്രീയക്കാർക്ക് പിടികിട്ടത്തുമില്ല.എന്തായാലും, മണിച്ചിത്ര താഴ് അൽപ്പം തുറന്ന് വെക്കാം. സത്യവിരുദ്ധമായി ഇന്നോളം ഒന്നും ഇവിടെ എഴുതിയിട്ടില്ല. ഇ കഥയിൽ ദൃക്‌സാക്ഷിയോ സഹചാരിയോ മാപ്പുസാക്ഷിയോ ആണെന്ന് കരുതിക്കോളൂ.

യു പി എ കേന്ദ്രത്തിൽ ഭരണം കയ്യാളിയ കാലം. കേരളത്തിൽ രണ്ടു സീനിയർ കോൺഗ്രസ് എം പി മാർ ചേർന്ന് കേരളത്തിലെ പ്രഗത്ഭ സിപിഎം അഭിഭാഷകനെക്കൊണ്ട് തയ്യാറാക്കിച്ച സുപ്രധാന കത്ത് സോണിയാ ഗാന്ധിയുടെ സവിധത്തിൽ എത്തുന്നു. കത്ത് പറഞ്ഞപോലെ ഡൽഹിയിൽ എത്താത്തതിൽ ഏറെ അസ്വസ്ഥനായിരുന്നു കാരണഭൂതൻ. അതൊരു ബോംബായിരുന്നു. പ്രഗത്ഭ അഭിഭാഷകൻ എറണാകുളത്തെ കിഴക്കൻ മേഖലയിലെ ആയുർവേദ ചികിത്സാലയത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

കടലാസും എഴുത്തു സാമഗ്രികളും ലാപ്ടോപ്പും കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ നിന്ന് ചികിത്സാലയത്തിലെത്തി. ആ അഭിഭാഷകൻ ഇന്നില്ല. ആ രണ്ട് മുൻ എം പി മാരും ഇപ്പോഴും സജീവമായുണ്ട്. ഒരാൾ ബിജെപിയിലേക്ക് കാൽ വെച്ചെങ്കിലും പിന്നീട് കാൽ പിൻവലിച്ചു. കത്തിന് ഫലമുണ്ടായോ എന്ന് ചോദിച്ചാൽ അർദ്ധ അതിവേഗത്തിൽ നിന്ന് സാധാരണ വേഗത്തിലാക്കപ്പെട്ടു എന്ന് പറയാം. പക്ഷെ ഈ രണ്ട് മുൻ എം പിമാരും വിചാരിക്കുന്ന എന്ത് കാര്യവും സിപിഎമ്മിൽ നടക്കും. അപ്പോൾ ഒരിക്കലും തോമസ് മാഷ് വഴിയാധാരമാകില്ല. ശ്രീ കെ സുധാകരന്റെയോ ശ്രീ വി ഡി സതീശന്റെയോ ഓലപാമ്പൊന്നും തോമസ് മാഷോട് വേണ്ട എന്നർത്ഥം.

ചിലർ ഫാമിലി ട്രീ യുടെ ചിത്രം വരച്ചു കുടുംബ മഹത്വം ആസ്വദിക്കാറില്ലേ.അതുപോലെ ഒരു ട്രീ യുടെ ചിത്രം വരയ്ക്കൂ. ഏറ്റവും മുകളിൽ ശ്രീ രമൺ ശ്രീവാസ്തവ,പിന്നെ ശ്രീ ലോക്നാഥ് ബെഹ്റ അങ്ങിനെ അങ്ങിനെ വരയ്ക്കുമ്പോൾ രണ്ട് മുൻ എം പി മാർക്കും അതിൽ ഇടമുണ്ട്. സെക്രട്ടറിയേറ്റിലെ ഒരു ബ്ലോക്കിലെ മരക്കസേരകൾ എല്ലാം അവർക്കായി റിസർവ് ചെയ്തിരിക്കുകയാണ്. ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സഹായിച്ചതിന് പ്രതിഫലമായി, സ്വന്തം സഹോദരിയെ മാറ്റി സ്വയം മരക്കസേര കൈക്കലാക്കിയ മഹാൻ ഭാര്യക്കും ഒരു ഭാഷാ മരക്കസേര ഒപ്പിച്ചെങ്കിലും ഇപ്പോൾ നാണം കെട്ടു ഇറങ്ങിപ്പോകേണ്ടിവന്നു. മനസിലാകുന്നവർ മനസിലാക്കിയാൽ മതി. എന്തായാലും ശ്രീ തോമസ് മാഷ് കമ്മ്യുണിസ്റ്റ് ആകട്ടെ!ഒരേ കൂടയിൽ കയറേണ്ടവർ അങ്ങിനെ ഇരിക്കട്ടെ... ശക്തിധരൻ കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP