Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി നിന്ന് വന്നപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ചു; സിപിഎം ഏരിയാ കമ്മറ്റിയംഗവും മുന്നാക്ക സമുദായ കമ്മിഷൻ അംഗവുമാക്കി; കാലാവധി കഴിഞ്ഞപ്പോൾ തിരികെ ബിജെപിയിലേക്ക് ചേക്കേറാൻ എ ജി ഉണ്ണികൃഷ്ണൻ; ആദ്യവെടി സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഓമല്ലൂർ ശങ്കരന് എതിരേ

ബിജെപി നിന്ന് വന്നപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ചു; സിപിഎം ഏരിയാ കമ്മറ്റിയംഗവും മുന്നാക്ക സമുദായ കമ്മിഷൻ അംഗവുമാക്കി;  കാലാവധി കഴിഞ്ഞപ്പോൾ തിരികെ ബിജെപിയിലേക്ക് ചേക്കേറാൻ എ ജി ഉണ്ണികൃഷ്ണൻ; ആദ്യവെടി സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഓമല്ലൂർ ശങ്കരന് എതിരേ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ബിജെപി സംസ്ഥാന സെക്രട്ടറിയായിരിക്കേ സിപിഎമ്മിൽ ചേരുകയും ഏരിയാ കമ്മറ്റിയംഗവും കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റും മുന്നാക്ക സമുദായ കമ്മിഷൻ അംഗവുമായി പെട്ടെന്ന് തന്നെ ഉയരുകയും ചെയ്ത എ ജി ഉണ്ണിക്കൃഷ്ണൻ ബിജെപിയിലേക്ക് മടങ്ങുന്നുവെന്ന് സൂചന. ഇതിന് മുന്നോടിയെന്നോണം സിപിഎം ഭരിക്കുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ഓമല്ലൂർ ശങ്കരനെതിരേ ഫേസ്‌ബുക്കിൽ കുറിപ്പിട്ട് ഉണ്ണിക്കൃഷ്ണൻ ആദ്യ വെടി പൊട്ടിച്ചു. ഇരുവരും ഓമല്ലൂർക്കാരാണ്. മാനസിക അകൽച്ചയിലുമാണ്.

കുമ്മനം രാജശേഖരൻ ബിജെപി അധ്യക്ഷനായപ്പോഴാണ് ഉണ്ണികൃഷ്ണന് അവഗണന നേരിട്ടത്. ആർഎസ്എസിനും ഇദ്ദേഹത്തോട് താൽപര്യമില്ലായിരുന്നു.
ഉണ്ണികൃഷ്ണന്റെ അസംതൃപ്തി മനസിലാക്കിയ സിപിഎം ജില്ലാ നേതൃത്വം പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ജില്ലയിലെ ഒരു കൂട്ടം പ്രമുഖ നേതാക്കൾക്കൊപ്പം ഉണ്ണിക്കൃഷ്ണൻ സിപിഎമ്മിലേക്ക് ചേരുന്നുവെന്നായിരുന്നു പ്രചാരണം. എന്നാൽ, ഏഴു വർഷം മുൻപ് ഉണ്ണികൃഷ്ണനൊപ്പം സിപിഎമ്മിലെത്തിയത് ഏതാനും യുവമോർച്ച പ്രവർത്തകർ മാത്രമായിരുന്നു. ഇവർ മാസങ്ങൾക്ക് ശേഷം തിരികെ ബിജെപിയിലേക്കും യുവമോർച്ചയിലേക്കും മടങ്ങി.

സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു മുൻകൈയെടുത്താണ് ഉണ്ണികൃഷ്ണനെ പാർട്ടിയിൽ കൊണ്ടു വന്നത്. മറ്റൊരു മുതിർന്ന നേതാവായ ഓമല്ലൂർ ശങ്കരനെ വെട്ടുകയെന്ന ഹിഡൺ അജണ്ടയും ഇതിന് പിന്നിലുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്റെ വരവ് തടയാൻ ശങ്കരൻ ശ്രമിച്ചെങ്കിലും നടന്നില്ല. സിപിഎമ്മിൽ ചേർന്ന ഉടനെ തന്നെ ഓമല്ലൂർ ആസ്ഥാനമാക്കി ശബരിഗിരി സോഷ്യൽ വെൽഫയർ സൊസൈറ്റി എന്നൊരു സഹകരണ സംഘം ഉണ്ണിക്കൃഷ്ണൻ തുടങ്ങി. ഓമല്ലൂർ ശങ്കരൻ പ്രസിഡന്റായ ഓമല്ലൂർ സർവീസ് സഹകരണ ബാങ്കിന് വലിയ തിരിച്ചടിയാണ് ഈ സഹകരണ സംഘം നൽകിയത്. ഒരു ശാഖയും പത്തോളം സ്ഥാപനങ്ങളുമായി ശബരിഗിരിയുടെ വളർച്ച പെട്ടെന്നായിരുന്നു. 40 കോടി രൂപയുടെ നഷ്ടത്തിൽ ശങ്കരന്റെ ബാങ്ക് കിതച്ചപ്പോൾ ശബരിഗിരി എല്ലാ വർഷവും കൃത്യമായി ലാഭവിഹിതം ഓഹരിയുടമകൾക്ക് നൽകി. നാട്ടിലെ അമ്പതോളം ചെറുപ്പക്കാർക്ക് തൊഴിലും ലഭിച്ചു.

ഇതോടെ ഉണ്ണികൃഷ്ണനെ പാർട്ടിയും ഗൗനിച്ചു തുടങ്ങി. ആ സമയത്ത് തന്നെ പാർട്ടിയിലേക്ക് വന്ന വീണാ ജോർജ്, പീലിപ്പോസ് തോമസ് എന്നിവർക്കൊപ്പം ഡിസി ബ്രാഞ്ചിൽ ഉണ്ണികൃഷ്ണനും അംഗത്വം നൽകി. തൊട്ടുപിന്നാലെ പത്തനംതിട്ട ഏരിയാ കമ്മറ്റിയംഗവും കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റുമാക്കി. ഓമല്ലൂർ ശങ്കരനായിരുന്നു കർഷക സംഘത്തിന്റെ ജില്ലാ പ്രസിഡന്റ്. ഇതിന് ശേഷമാണ് മുന്നാക്ക സമുദായ കമ്മിഷൻ അംഗമാക്കിയത്. സർക്കാരിന്റെ ബോർഡ് വച്ച കാറിൽ ഉണ്ണിക്കൃഷ്ണൻ വിലസിയപ്പോൾ പാർട്ടിയിൽ പ്രവർത്തിച്ച് പതിറ്റാണ്ടുകളായി ഒന്നുമാകാതെ പോയ നേതാക്കൾ വായും പൊളിച്ചു നിന്നു.

കമ്മിഷൻ അംഗമായതോടെ ഉണ്ണിക്കൃഷ്ണൻ പാർട്ടിയിലെ സ്ഥാനങ്ങൾ രാജി വച്ച് കത്തു കൊടുത്തു. അത് സ്വീകരിച്ചില്ലെന്ന് പറയുന്നു. കഴിഞ്ഞ ഏരിയാ സമ്മേളനത്തിൽ ഉണ്ണികൃഷ്ണനെതിരേ സമ്മേളന പ്രതിനിധികൾ വിമർശനമുയർത്തി. ഇതോടെ ഏരിയാ കമ്മറ്റിയിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കി. അടുത്തയിടെ മുന്നാക്ക സമുദായ കമ്മിഷനംഗം എന്ന നിലയിലുള്ള കാലാവധിയും പൂർത്തിയായി. അതിന് ശേഷമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വിമർശിച്ചു കൊണ്ടുള്ള എഫ്ബി പോസ്റ്റ് വന്നതെന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ ബിജെപിയുടെ മുതിർന്ന നേതാവ് പി പി മുകുന്ദനുമായി ഉണ്ണിക്കൃഷ്ണൻ രഹസ്യ ചർച്ച നടത്തുകയും ചെയ്തു. ആർഎസ്എസുമായി അടുത്ത് ബന്ധമുള്ള നേതാവാണ് മുകുന്ദൻ. കുമ്മനം പ്രസിഡന്റായിരിക്കുമ്പോൾ ആർഎസ്എസ് കൂടി ഇടപെട്ടാണ് ഉണ്ണികൃഷ്ണനെ അവഗണിച്ചത്. ആർഎസ്എസിന്റെ അതൃപ്തി നീക്കിയാൽ ബിജെപിയിലേക്ക് തിരിച്ചെത്താൻ അനുകൂല സാഹചര്യമാണ് ഉണ്ണികൃഷ്ണനുള്ളത്. നേരത്തേ കൃഷ്ണദാസ് പക്ഷമായിരുന്ന ഉണ്ണിക്കൃഷ്ണൻ പിന്നീട് മുരളീധരൻ പക്ഷത്തേക്ക് മാറിയിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായും അടുപ്പം പുലർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉണ്ണിക്കൃഷ്ണൻ ബിജെപിയിൽ തിരിച്ചെത്തുമെന്ന് തന്നെയാണ് സൂചന.

സിപിഎമ്മിലെ വിഭാഗീയത മൂലം ഓമല്ലൂർ ശങ്കരനെ വെട്ടിനിരത്തുന്നതിന് വേണ്ടിയാണ് ഓമല്ലൂരിൽ നിന്നുള്ള നേതാവെന്ന നിലയിൽ ഉണ്ണികൃഷ്ണനെ വളർത്തിക്കൊണ്ടു വരാൻ ഉദയഭാനു പക്ഷം തീരുമാനിച്ചത്. ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഇനി ഉണ്ണിക്കൃഷ്ണൻ ബിജെപിയിലേക്ക് മടങ്ങിയാൽ അത് ഏറ്റവും തിരിച്ചടിയാകുന്നത് ഉദയഭാനുവിനായിരിക്കും.

പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് നേതൃത്വം സമ്പൂർണ പരാജയമാണെന്നാണ് ഉണ്ണിക്കൃഷ്ണൻ ഫേസ് ബുക്കിൽ കുറിച്ചത്. പദ്ധതി വിനിയോഗത്തിൽ ജില്ലാ 14-ാം സ്ഥാനത്താണ്. ജനക്ഷേമകരമായ പദ്ധയി നടപ്പിലാക്കുന്നതിൽ ജില്ലാ പഞ്ചായത്ത് ഒരിഞ്ചു പോലും മുന്നോട്ട് പോയിട്ടില്ല. പ്രസിഡന്റിന്റെ ഏകാധിപത്യവും ഉദ്യോഗഭരണവുമാണ് ഇപ്പോൾ നടക്കുന്നത്. അംഗങ്ങൾ വെറും കാഴ്ചക്കാർ മാത്രമാണ്. അരമീറ്റർ റോഡ് ടാർ ചെയ്തതിന്റെയും വെണ്ട കൃഷിയുടേയും ഉദഘാടനവും ഫ്ളക്സ് ബോർഡും നെടുങ്കൻ പ്രസംഗവും ശിൽപശാലയും മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇതല്ല ജനങ്ങളുടെ ആവശയം.

ജനങ്ങൾക്ക് കുടിവെള്ളം നൽകുന്ന കേന്ദ്ര-കേരള പദ്ധതിയായ ജലജീവൻ കടലാസിൽ മാത്രം. എങ്ങുമെത്തിയില്ല. ജനക്ഷേമ പദ്ധതികൾ എങ്ങനെ നടപ്പിലാക്കാമെന്ന് ചിന്തിക്കുന്നതിന് പകരം നിയമവും ചട്ടവും അനാവശ്യ തടസങ്ങളുമുപയോഗിച്ച് നടപ്പിലാക്കാൻ ബാധ്യതപ്പെട്ടവർ തടസം നിൽക്കുന്നു. മർമം അറിയുന്നവന്റെ കൈയിൽ വടി കൊടുക്കില്ലെന്നും ഉണ്ണികൃഷ്ണന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു. ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഉണ്ണിക്കൃഷ്ണൻ വ്യക്തമായ മറുപടി നൽകിയിട്ടില്ല. 2400 രൂപ ലെവി അടച്ച് താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഉണ്ണികൃഷ്ണന്റെ വിമർശനത്തിലുമുണ്ട് കാര്യം...

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ഉണ്ണിക്കൃഷ്ണൻ നടത്തിയ വിമർശനത്തിൽ കഴമ്പുണ്ട്. പ്രസിഡന്റ് ഏകാധിപത്യ പരമായി പെരുമാറുന്നുവെന്നാണ് ആക്ഷേപം. ഇത് ഏറെക്കുറെ ശരി വയ്ക്കുന്ന തരത്തിലാണ് പഞ്ചായത്തിൽ കാര്യങ്ങൾ നടക്കുന്നത്. തനിക്ക് മേൽ ഒരംഗവും പോകരുതെന്ന കാര്യത്തിൽ പ്രസിഡന്റിന് നിർബന്ധമുണ്ട്. ശങ്കരൻ പ്രസിഡന്റായതിന് ശേഷം രണ്ടു ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ആദ്യ വർഷം വൈസ് പ്രസിഡന്റ് സിപിഐയിലെ രാജി പി. രാജപ്പനും നിലവിൽ ജനതാദളിലെ സാറാ തോമസുമാണ്. ഇവർ രണ്ടു പേരും ബജറ്റ് അവതരിപ്പിച്ചത് മാധ്യമങ്ങളെ അറിയിക്കാൻ പ്രസിഡന്റ് തയാറായില്ല. ബജറ്റ് ദിവസം വൈസ് പ്രസിഡന്റുമാർ ഷൈൻ ചെയ്യുന്നത് തടയുക എന്ന ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നിലെന്നാണ് പറയുന്നത്. സിപിഎമ്മിലെ വിഭാഗീയത കാരണം മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും അഞ്ചു വർഷവും തികച്ച് പ്രസിഡന്റ് സ്ഥാനം ശങ്കരന് ലഭിക്കില്ല. രണ്ടര വർഷത്തിന് ശേഷം ഒഴിഞ്ഞ് സിപിഐയ്ക്കും കേരളാ കോൺഗ്രസിനും സ്ഥാനം കൈമാറണമെന്ന് ധാരണയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP